Saturday, January 16, 2021

5000 പേർക്ക്‌ തൊഴിൽ, 7500 പേർക്ക്‌ വീട്‌ ; നീന്തിക്കയറും മത്സ്യമേഖല

തീരദേശ വികസനത്തിനുമാത്രം ബജറ്റിൽ 1500 കോടി‌ നീക്കിവച്ചു. മത്സ്യമേഖലയിൽ ഈ സാമ്പത്തികവർഷം  5000 പേർക്ക്‌ തൊഴിൽ നൽകും. ലൈഫ് മിഷനിൽനിന്ന് 300 കോടി ചെലവിൽ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക്‌ 7500 വീടും നിർമിക്കും. ഗ്രാമീണ പ്രദേശങ്ങളിലും തൊഴിൽ സൃഷ്ടിക്കാൻ 20000 കുളത്തിൽ ഒരു കോടി മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കും.  അക്വാകൾച്ചറിന് 66 കോടിയും വാർഷികപദ്ധതിയിൽ തീരദേശ വികസനത്തിന്‌  209 കോടിയും വകയിരുത്തി.

കോവിഡ്‌ വന്നതോടെ അടഞ്ഞുപോയ ജീവിതം തിരിച്ചുപിടിക്കാമെന്ന സന്തോഷം പങ്കിടുകയാണ്‌ തിരുവനന്തപുരം പാളയം മീൻ മാർക്കറ്റിലെ ആർ റാണി ഫോട്ടോ: പി ദിലീപ്‌കുമാർ

• കിഫ്ബിയിൽനിന്ന് ഫിഷിങ്‌ ഹാർബറുകൾക്ക് 209 കോടി, കടൽഭിത്തി നിർമാണത്തിന്‌ 109 കോടി, ആശുപത്രികളും സ്കൂളുകൾക്കുമായി 165 കോടി, 65 മാർക്കറ്റിന്‌ 193 കോടി എന്നിങ്ങനെ മൊത്തം 676 കോടിയാണ്‌ മത്സ്യമേഖലയിൽ ചെലവഴിക്കും.

• ചേർത്തല – ചെല്ലാനം പോലുള്ള തീരപ്രദേശങ്ങളിൽ കടൽഭിത്തി സംരക്ഷണത്തിന്‌ കിഫ്ബിയിൽനിന്ന്‌ 100 കോടി. തീരദേശ റോഡുകൾക്കുവേണ്ടി ഹാർബർ എൻജിനിയറിങ്‌ വകുപ്പിന് 100 കോടി.

• 50 മീറ്റർ പരിധിക്കുള്ളിൽ താമസിക്കുന്ന 2500 മത്സ്യത്തൊഴിലാളികളെ 250 കോടി ചെലവിൽ പുനർഗേഹം പദ്ധതിയിലൂടെ പുനരധിവസിപ്പിക്കും.

• ആധുനിക സംവിധാനങ്ങളോടെ 100 ആഴക്കടൽ മത്സ്യബന്ധന യാനങ്ങൾക്ക് വായ്പ അനുവദിക്കും. 25 ശതമാനം സബ്സിഡിയുണ്ടാകും. യൂണിറ്റ് ഒന്നിന് 1.7 കോടി രൂപയാണ് ചെലവ്. 25 കോടി വകയിരുത്തി.

• ഉൾനാടൻ മത്സ്യബന്ധനത്തിനും മത്സ്യക്കൃഷിക്കും  92 കോടി.

• മത്സ്യത്തൊഴിലാളികളുടെ കുട്ടികൾക്ക് പകുതി വിലയ്ക്ക് ലാപ്ടോപ്‌.

• പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് മണ്ണെണ്ണ ലിറ്ററിന് 25 രൂപ നിരക്കിൽ ലഭ്യമാക്കും. 60 കോടി വകയിരുത്തി.

• 10 വർഷത്തിൽ കൂടുതൽ പഴക്കമുള്ള മണ്ണെണ്ണ എൻജിനുകൾ പെട്രോളാക്കാൻ മോട്ടോറൈസേഷൻ സബ്സിഡി നൽകും.

• ചെറുകിട ഇൻബോർഡ് യന്ത്രവൽകൃത വള്ളങ്ങൾക്കും ഇന്ധന സബ്സിഡി നൽകും. 10 കോടി വകയിരുത്തി.

• 2018-–- 19ൽ പലിശ സബ്സിഡി നിലവിൽ വരുന്നതിനുമുമ്പ് നൽകിയിട്ടുള്ളതും നിഷ്ക്രിയാസ്തികളായ വായ്പകളുടെ പലിശയും പിഴപ്പലിശയും ഒഴിവാക്കി ഒറ്റത്തവണ തീർപ്പ് ആവിഷ്കരിക്കും. അഞ്ച്‌ കോടി രൂപ അധികം വകയിരുത്തി.

• ഓൺലൈൻ വ്യാപാരത്തിന് ഇ-ഓട്ടോ വാങ്ങാൻ മത്സ്യഫെഡ് വായ്പ. 25 ശതമാനം സർക്കാർ സബ്സിഡി നൽകും. 10 കോടി രൂപ വകയിരുത്തി.

• മത്സ്യത്തൊഴിലാളികൾക്ക് തൊഴിലുപകരണങ്ങൾ വാങ്ങാൻ മത്സ്യഫെഡ് വഴിയുള്ള വായ്പകൾക്ക് 25 ശതമാനം സബ്സിഡി സർക്കാർ നൽകും.

• കക്ക സംഘങ്ങൾക്ക് പ്രത്യേക ധനസഹായം മൂന്നുകോടി രൂപ.

പ്രതിഭാതീരം പദ്ധതിക്ക്‌ 10 കോടി രൂപ.

• കഴിഞ്ഞ യുഡിഎഫ്‌ സർക്കാർ ഒരു ഹാർബറാണ് പൂർത്തീകരിച്ചത്. എൽഡിഫ്‌ സർക്കാരിന്‌ അഞ്ച്‌ ഹാർബർ പൂർത്തീകരിക്കാനായി. മൂന്നെണ്ണം മാർച്ചിൽ പൂർത്തിയാകും. 13018 വീടും  മത്സ്യമേഖലയിൽ ഇതുവരെ നിർമിച്ചു.

No comments:

Post a Comment