Saturday, January 16, 2021

മൂന്ന്‌ വ്യവസായ ഇടനാഴിക്ക്‌ അരലക്ഷം കോടി ; വ്യവസായരംഗത്ത്‌ വൻകുതിപ്പ്

മൂന്ന്‌ വ്യവസായ ഇടനാഴിയുൾപ്പെടെ വ്യവസായരംഗത്ത്‌ വൻകുതിപ്പിന്‌ ഊന്നൽ നൽകിയ ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്‌. 50,000 കോടി രൂപ മുതൽമുടക്കു വരുന്ന‌ ഇടനാഴികൾ 2021--‐22 കാലയളവിൽ നിർമിക്കും 

കൊച്ചി – പാലക്കാട് ഹൈടെക് ഇടനാഴി

ചെന്നൈ ബംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായി കേന്ദ്രം അംഗീകരിച്ചിട്ടുണ്ട്. കേന്ദ്ര -സംസ്ഥാന സർക്കാരുകൾക്ക് 50 ശതമാനം വീതം പങ്കാളിത്തമുള്ള സ്പെഷ്യൽ പർപ്പസ് കമ്പനി പ്രോജക്ട് നടപ്പാക്കും. 10000 കോടി നിക്ഷേപവും 22000 പേർക്ക് നേരിട്ട് ജോലിയും ലഭ്യമാകും. കിഫ്ബി മുഖേന പാലക്കാടും കൊച്ചിയിലും 2321 ഏക്കർ സ്ഥലം ഏറ്റെടുക്കും.  ആദ്യ ഘട്ടം ‘ഗ്ലോബൽ ഇൻഡസ്ട്രിയൽ ഫിനാൻസ് ആൻഡ്‌ ട്രേഡ് സിറ്റി (ഗിഫ്റ്റ് സിറ്റി)’ എന്ന ഹൈടെക് സർവീസുകളുടെയും ഫിനാൻസിന്റെയും ഹബ്ബ് അയ്യമ്പുഴയിൽ 220 ഹെക്ടറിൽ സ്ഥാപിക്കും. ഇതിന്‌ 20 കോടി രൂപ വകയിരുത്തി.

കൊച്ചി – മംഗലാപുരം വ്യവസായ ഇടനാഴി

കണ്ണൂർ വിമാനത്താവള സമീപം 5000 ഏക്കർ ഭൂമി ഏറ്റെടുക്കാൻ 12000 കോടി രൂപ കിഫ്ബിയിൽനിന്ന്‌ അനുവദിച്ചിട്ടുണ്ട്.

തലസ്ഥാന നഗര പ്രാദേശിക വികസന പദ്ധതി

വിഴിഞ്ഞം തുറമുഖത്തോടു ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിനു കിഴക്കു ഭാഗത്തുകൂടെ വിഴിഞ്ഞംമുതൽ നാവായിക്കുളംവരെ 78 കിലോമീറ്ററിൽ ആറുവരി പാതയും ഇരുവശത്തുമായി 10000 ഏക്കറിൽ നോളഡ്‌ജ് ഹബ്ബുകൾ, വ്യവസായ പാർക്കുകൾ, വിനോദ കേന്ദ്രങ്ങൾ, ടൗൺഷിപ്പുകൾ എന്നിവയുടെ ഒരു വമ്പൻ ശൃംഖലയും സ്ഥാപിക്കും. 25000 കോടി രൂപയുടെ നിക്ഷേപവും 2.5 ലക്ഷം പ്രത്യക്ഷ തൊഴിലവസരവും പ്രതീക്ഷിക്കുന്നു. ക്യാപ്പിറ്റൽ സിറ്റി റീജ്യൺ ഡെവലപ്പ്മെന്റ് കമ്പനിക്ക് സീഡ് മണിയായി 100 കോടി രൂപ വകയിരുത്തി.

കെഎസ്ഐഡിസിക്കും കിൻഫ്രയ്ക്കും 401 കോടി

• ‌ 26 ശതമാനം സർക്കാർ ഓഹരിയിൽ 1050 കോടി രൂപ മുതൽമുടക്കിൽ കേരള റബർ ലിമിറ്റഡ് രൂപീകരിക്കും. വെള്ളൂർ ന്യൂസ് പ്രിന്റ് ഫാക്ടറിയുടെ മിച്ചസ്ഥലത്തായിരിക്കും ആസ്ഥാനം.

• കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ വെള്ളൂർ ന്യൂസ് പ്രിന്റ് ഏറ്റെടുക്കാൻ‌ 250 കോടി രൂപ. കമ്പനി രൂപീകരണ പ്രാരംഭ ചെലവുകൾക്ക്‌ 4.5 കോടി രൂപ.

• പാലക്കാട്ടെ  സംയോജിത റൈസ് ടെക്നോളജി പാർക്കിന്‌  20 കോടി രൂപ

• വയനാട്ടെ കാർബൺ ന്യൂട്രൽ കോഫി പാർക്കിന്റെ നിർമാണം കിഫ്ബി ധനസഹായത്തോടെ പൂർത്തിയാക്കാൻ‌ പ്രാരംഭ പ്രവർത്തനങ്ങൾക്ക് 10 കോടി രൂപ

No comments:

Post a Comment