Friday, January 15, 2021

കോവിഡാനന്തര കേരളത്തിന് ഉണർവേകുന്ന ബജറ്റ്‌ ; സാമൂഹിക നീതി ഉറപ്പാക്കും: ധനമന്ത്രി

തിരുവനന്തപുരം> കോവിഡാനന്തര കേരളത്തിന് ഉണര്‍വേകുന്നതാകും സംസ്ഥാന ബജറ്റെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്ക് പറഞ്ഞു. രാവിലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തിന് ഇനി കൊവിഡ് തകര്‍ച്ചയില്‍ നിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കണം. പുതിയ തൊഴിലുണ്ടാകണം. തൊഴില്‍ അവസരം ഉണ്ടാകണം അതിനുള്ള പദ്ധതികള്‍ ബജറ്റിലുണ്ടാകും. സാമൂഹിക നീതിയും സാമ്പത്തിക വളര്‍ച്ചയും ഉറപ്പാക്കും.

സംസ്ഥാനത്ത് ക്ഷേമ പദ്ധതികള്‍ ഉറപ്പാക്കാന്‍ സാധിച്ചിട്ടുണ്ട്‌. പശ്ചാത്തല സൗകര്യങ്ങളും  വര്‍ധിച്ചു.  അഞ്ച് വര്‍ഷംകൊണ്ട് ചെയ്തുതീര്‍ക്കാനാകുന്ന പദ്ധതികളാണ് പുതിയ ബജറ്റിൽ ആവിഷ്‌കരിക്കകയെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനങ്ങള്‍ക്ക് എത്രത്തോളം വായ്പയെടുക്കാന്‍ സാധിക്കുമെന്നതിന് നിയമമുണ്ട്. കടം കൂടിയോ ഇല്ലയോ എന്ന് അറിയുന്നതിന് സാമ്പത്തിക ശാസ്ത്രത്തില്‍ ഫോര്‍മുലകളുണ്ട്. വായ്പയെടുക്കുന്നതിനേക്കാള്‍ വേഗത്തിലാണ് സാമ്പത്തിക വളര്‍ച്ചയെങ്കില്‍ ആശങ്കപ്പെടേണ്ടതില്ല.

കടം മേടിച്ച് കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ ജനങ്ങള്‍ പട്ടിണികിടക്കേണ്ടിവരും. കടം വാങ്ങി സമ്പദ്ഘടനയെ ഉത്തേജിപ്പിക്കുകയാണ് വേണ്ടത്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിടാന്‍ അടിയന്തര പദ്ധതികളുണ്ടാകും. ദീര്‍ഘകാലത്തേക്ക് കേരളത്തെ പരിവര്‍ത്തനം ചെയ്യുന്നതിനുള്ള ബജറ്റാണിത്. ഇടതുപക്ഷത്തിന്റെ കേരള ബദലായിരിക്കും ബജറ്റെന്നും  മന്ത്രി പറഞ്ഞു.

കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിൽ ; സാമ്പത്തിക വളർച്ച യുഡിഎഫ്‌ കാലത്തേക്കാൾ മെച്ചം

തുടർ പ്രളയത്തിനു പിന്നാലെ കോവിഡ്‌ മഹാമാരിയും നേരിട്ട കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ ശക്തമായ തിരിച്ചുവരവിന്റെ പാതയിൽ.  കേരളത്തിന്റെ സമ്പദ്‌ വ്യവസ്ഥ ഇതര സംസ്ഥാനങ്ങളെക്കാൾ വേഗത്തിൽ തിരിച്ചു വരികയാണെന്ന്‌ 2020 ലെ സാമ്പത്തിക സർവേ റിപ്പോർട്ട്‌ നിയമസഭയിൽവച്ച ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ ധനമന്ത്രി ഡോ.  ടി എം തോമസ്‌ ഐസക്‌  പറഞ്ഞു.

കോവിഡ്‌ മൂലം സമ്പദ്‌വ്യവസ്ഥയിൽ‌ 1.56 ലക്ഷം കോടി രൂപയുടെ വരുമാന നഷ്ടമുണ്ടായി. സർക്കാരിന്റെ നികുതി, നികുതിയിതര വരുമാനം ഇടിഞ്ഞെങ്കിലും ജനക്ഷേമ പദ്ധതികളിൽ ഒരു കുറവും വരുത്തിയില്ല.  ഭക്ഷ്യധാന്യ കിറ്റ്‌ വിതരണം തുടരുന്നു. പെൻഷൻതുകയും വർധിപ്പിച്ചു. പശ്ചാത്തല സൗകര്യ വികസനത്തിലെ വമ്പൻ പദ്ധതികൾ  ഒന്നു പോലും തടസ്സപ്പെട്ടില്ല.

കഴിഞ്ഞ ബജറ്റ്‌ തയ്യാറാക്കുമ്പോൾ ഇക്കണോമിക്സ്‌ ആൻഡ്‌ സ്റ്റാറ്റിസ്റ്റിക്സ്‌ വകുപ്പിന്റെ മതിപ്പു കണക്കുപ്രകാരം  സംസ്ഥാന വരുമാനം 9.78 ലക്ഷം കോടിയായിരുന്നു. എന്നാൽ ഉണ്ടായത്‌ 8.22 ലക്ഷം കോടി മാത്രം. 2019–-20നെ അപേക്ഷിച്ച്‌  വരുമാനം 3.8 ശതമാനം കുറഞ്ഞു. എന്നാലും യുഡിഎഫ്‌ ഭരിച്ച 2011–-12, 15–-16 വർഷങ്ങളെ അപേക്ഷിച്ച്‌ സാമ്പത്തിക വളർച്ച മെച്ചപ്പെട്ടു.  കഴിഞ്ഞ നാലു വർഷത്തെ ശരാശരി   ജിഡിപി വളർച്ച 5.9 ശതമാനമാണ്‌.  അതിനു മുമ്പ്‌ അഞ്ചു വർഷത്തെ യുഡിഎഫ്‌ ഭരണ കാലത്ത്‌ 4.9ഉം.

രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക്‌ കൂപ്പുകുത്തുന്നതിനിടെയാണ്‌ കോവിഡ്‌ വ്യാപനമുണ്ടായത്‌.   2019–-20ൽ തന്നെ രാജ്യത്തിന്റെ ജിഡിപി 6.12 ശതമാനത്തിൽനിന്ന്‌ 4.18 ആയി കുറഞ്ഞിരുന്നു. കേരളത്തിന്റേത്‌ 6.49ൽ നിന്ന്‌ 3.45 ആയി. തുടർ പ്രളയങ്ങളാണ്‌ ഇതിന്‌‌ പ്രധാന കാരണം.  ഗൾഫിൽ നിന്നുള്ള മലയാളികളുടെ മടക്കവും വരുമാന നഷ്ടത്തിന്‌ കാരണമായി. കാർഷിക മേഖലയുടെ വളർച്ച കുറഞ്ഞെങ്കിലും കൃഷിഭൂമിയുടെ അളവും നെല്ലിന്റെയും പച്ചക്കറിയുടെയും  ഉൽപ്പാദനവും കൂടി എന്നത് നേട്ടമായി . വിലക്കയറ്റം പിടിച്ചു നിർത്താൻ സാധിച്ചു. 

ശമ്പളം, പലിശ, പെൻഷൻ ചെലവ് എന്നിവ ഉയർന്നു. റവന്യൂചെലവിന്റെ  74. 7 6 ശതമാനവും ശമ്പളത്തിനും പെൻഷനുമാണ്‌.  സംസ്ഥാനത്തിന്റെ കടബാധ്യത 2,60,311 കോടി രൂപയായി. എന്നാൽ കടത്തിന്റെ വാർഷിക വളർച്ച നിരക്ക്‌ കുറഞ്ഞു.

ബജറ്റ് ഇവിടെ വായിക്കാം

No comments:

Post a Comment