Wednesday, January 13, 2021

സഹകരണ ബാങ്കുകള്‍ ആദായനികുതി നല്‍കേണ്ട: സുപ്രീംകോടതി ; ഹൈക്കോടതി വിധി റദ്ദാക്കി

സഹകരണ ബാങ്കുകളുടെ വരുമാനത്തിൽനിന്ന് ആദായ നികുതി നൽകേണ്ടതില്ലെന്ന്‌ സുപ്രീംകോടതി. ഇതുസംബന്ധിച്ച ഹൈക്കോടതി വിധി റദ്ദാക്കുകയും ചെയ്തു. സഹകരണസ്ഥാപനങ്ങൾ‌ക്ക്‌ ഏറെ  ആശ്വാസമേകുന്ന വിധി, ഈ മേഖലയെ തകർക്കാനുള്ള  ആസൂത്രിതനീക്കത്തിനേറ്റ കനത്ത  തിരിച്ചടിയുമായി.

സഹകരണ ബാങ്കുകൾക്ക്‌ ആദായനികുതി ഏർപ്പെടുത്തിയ ആദായനികുതി വകുപ്പിന്റെ‌ നടപടി അംഗീകരിച്ച്‌ 2019 മാർച്ച്‌ 19നാണ്‌ കേരള ഹൈക്കോടതി ഫുൾബെഞ്ച്‌ വിധി പ്രസ്‌താവിച്ചത്‌. ഇതിനെതിരെ  മാവിലായി സർവീസ്‌ സഹകരണ ബാങ്കും മറ്റ്‌ സഹകരണ ബാങ്കുകളും സുപ്രീംകോടതിയിൽ അപ്പീൽ നൽകുകയായിരുന്നു. ജസ്‌റ്റിസുമാരായ റോഹിന്റൺ നരിമാൻ,  കെ എം ജോസഫ്, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ്‌ വിധി.

കേന്ദ്രസർക്കാർ 2007ൽ ധനബില്ലിൽ കൊണ്ടുവന്ന ഭേദഗതിയെ തുടർന്നാണ്‌ ആദായനികുതി വകുപ്പ്‌ സഹകരണ ബാങ്കുകളും നികുതി നൽകണമെന്ന ആവശ്യം ഉന്നയിച്ചത്‌. കാർഷിക വായ്പാസംഘങ്ങളും കാർഷിക ഗ്രാമവികസന ബാങ്കുകളും പ്രവർത്തനലാഭത്തിന് നികുതി നൽകേണ്ടതില്ലെന്ന്‌ ആദായനികുതി നിയമത്തിലെ 80 പി വകുപ്പ് വ്യക്തമാക്കുന്നുണ്ട്‌. സംസ്ഥാനത്തെ സർവീസ്‌ സഹകരണ ബാങ്കുകൾ  സഹകരണ നിയമപ്രകാരം പ്രാഥമിക കാർഷിക വായ്‌പാ സംഘങ്ങളായാണ്‌ പ്രവർത്തിക്കുന്നത്‌. ഇവ അതത്‌ വർഷംതന്നെ നിയമപരമായി ലാഭവിഭജനം നടത്തി അംഗങ്ങൾക്കും സാമൂഹ്യക്ഷേമ സുരക്ഷാ പദ്ധതികൾക്കും സ്റ്റാറ്റ്യൂട്ടറിയായി സർക്കാരിലേക്കും ലാഭം മാറ്റിവയ്‌ക്കുന്നുണ്ട്‌.

മാവിലായി ഉൾപ്പെടെ സംസ്ഥാനത്തെ 13 സർവീസ് സഹകരണ ബാങ്കുകളാണ് കോടതിയെ സമീപിച്ചത്. കേരള സഹകരണ ക്ഷേമ സംരക്ഷണ സമിതിയാണ് കേസ് നടത്തിയത്‌. ഹൈക്കോടതിയിൽ ഈ കേസിൽ പെരിന്തൽമണ്ണ, ചിറക്കൽ കേസുകളിൽ രണ്ട് വ്യത്യസ്ത ഡിവിഷൻ ബെഞ്ച് വിധികൾ ഉണ്ടായതിനെതുടർന്ന് കേസ് പരിഗണിച്ച ഫുൾ ബെഞ്ച്‌ ആദായനികുതി വകുപ്പിന്റെ വാദം ശരിവയ്‌ക്കുകയായിരുന്നു. ഈ വിധിയാണ്‌ സുപ്രീംകോടതി അസ്ഥിരപ്പെടുത്തിയത്‌.

സഹകരണ ബാങ്കുകൾക്കുവേണ്ടി അഭിഭാഷകരായ ശ്യാം ദിവാൻ, അരവിന്ദ് ഖട്ടാർ,  എം ഗിരീഷ്‌കുമാർ, എസ്‌ അരുൺരാജ്, രഞ്‌ജിത്ത് ബി മാരാർ, അൻകൂർ എസ് കുൽക്കർണി, റിച്ച ഭരത്‌രാജ്, ലക്ഷ്മി എൻ കൈമൾ എന്നിവർ ഹാജരായി.

No comments:

Post a Comment