തിരുവനന്തപുരം> കോവിഡ് വ്യാപന നാളുകളില്‍ പ്രഖ്യാപിച്ച 100 ദിന പരിപാടി ഉദ്ദേശിച്ചതില്‍ കവിഞ്ഞ വിജയത്തില്‍ പര്യവസാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടാം ഘട്ടം 100 ദിന പരിപാടി പ്രഖ്യാപിച്ച് അതിന്റെ പ്രവര്‍ത്തനം നടന്നുവരുന്നു. പുതുവല്‍സര നാളില്‍ സംസ്ഥാനത്തെ സാധാരണ ജനങ്ങള്‍ക്ക് വേണ്ടി 10 കാര്യങ്ങള്‍ പ്രഖ്യാപിക്കാന്‍ ഉദ്ദേശിക്കുകയാണ്. ഇത് സമയബന്ധിതമായി നടപ്പില്‍ വരുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേരള സമൂഹത്തില്‍ വയോജനങ്ങളുടെ എണ്ണം കൂടിവരികയാണ്.നമ്മുടെ ജനസംഖ്യാഘടനയുടെ സ്വാഭാവിക പരിണാമമാണത്. പലരുടേയും മക്കളും ബന്ധുക്കളും അടുത്തില്ല. സര്‍ക്കാരില്‍ നിന്നും ആനുകൂല്യം ലഭിക്കാനോ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാനോ സര്‍ക്കാര്‍ ഓഫീസിലേക്ക് നേരിട്ടെത്തേണ്ടാത്ത രീതിയില്‍ ക്രമീകരിക്കും. ജനുവരി 10 ന് മുമ്പ് വിജ്ഞാപനം ചെയ്യുന്ന 5 സേവനങ്ങള്‍ ആദ്യഘട്ടത്തില്‍ ഇതില്‍ ഉള്‍പ്പെടുത്തും.
മസ്റ്ററിംഗ്, ലൈഫ് സര്‍ട്ടിഫിക്കറ്റ്, സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ അപേക്ഷ, സിഎംഡിആര്‍എഫിലെ സഹായം, അത്യാവശ്യ ജീവന്‍ രക്ഷാ മരുന്നുകള്‍ എന്നിവയാണ് ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടുത്തുക. ക്രമേണ, വേണ്ട എല്ലാ സേവനവും വീട്ടില്‍ തന്നെ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും. ഓണ്‍ലൈനായി അപേഷിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് വീട്ടില്‍ ചെന്ന് പരാതി സ്വീകരിച്ച് അധികാരികള്‍ക്ക് എത്തിച്ച് തുടര്‍നടപടികളുടെ വിവരം വിളിച്ചറിയിക്കുന്ന സംവിധാനം ഉണ്ടാകും.
അതിന് സാമൂഹ്യ സന്നദ്ധസേനാംഗങ്ങളെുടെ സേവനം തദ്ദേശ സ്ഥാപനം വഴി വിനിയോഗിക്കും. 65 വയസിന് മുകളില്‍ പ്രായമുള്ളതും, പ്രത്യേകിച്ച് മറ്റുള്ളവരുടെ സഹായമില്ലാതെ താമസിക്കുന്നവര്‍ , ഭിന്നശേഷിക്കാര്‍ അങ്ങനെയുള്ളവരുടെ വീടുകളുടെ വിവരം തദ്ദേശ സ്ഥാപനങ്ങള്‍ ആ പ്രദേശത്തെ സന്നദ്ധ സേനാംഗങ്ങളെ അറിയിക്കും. ഭവന സന്ദര്‍ശനത്തിലൂടെ സര്‍ക്കാര്‍ സേവനത്തിന്റെ ആവശ്യമുണ്ടോ എന്നന്വേഷിച്ച് മേല്‍പ്പറഞ്ഞ സേവനം ലഭ്യമാക്കാനുള്ള തുടര്‍ നടപടി സ്വീകരിക്കും. ഇത് ജനുവരി 15 ന് ആരംഭിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി
No comments:
Post a Comment