Saturday, January 16, 2021

വിജ്ഞാന സമൂഹത്തിലേക്ക്‌ ; വൈതരണികളെ അവസരമാക്കി കേരളത്തെ വിജ്ഞാന സമ്പദ്‌ഘടനയാക്കി മാറ്റാനുള്ള കർമപദ്ധതിയുമായി ബജറ്റ്‌

കോവിഡ്‌ സൃഷ്‌ടിച്ച വൈതരണികളെ അവസരമാക്കി, കേരളത്തെ വിജ്ഞാന സമ്പദ്‌ഘടനയാക്കി മാറ്റാനുള്ള  കർമപദ്ധതിയുമായി പിണറായി വിജയൻ സർക്കാരിന്റെ ആറാം ബജറ്റ്‌ നിയമസഭയിൽ. ഉന്നതവിദ്യാഭ്യാസം, കൃഷി, നൈപുണി  വികസനം, തൊഴിലവസരങ്ങളുടെ സൃഷ്‌ടി എന്നിവയ്‌ക്കാണ്‌ ഊന്നൽ. തദ്ദേശതെരഞ്ഞെടുപ്പിലെ  ജനവിധിയുടെ കരുത്തിൽ  അടുത്ത അഞ്ചുവർഷം കേരളത്തെ മുന്നോട്ടുനയിക്കാനുള്ള ഭാവനാപൂർണമായ നിർദേശങ്ങളാണ്‌ ബജറ്റിലുള്ളത്‌. നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും നീണ്ട പ്രസംഗത്തിലൂടെ ധനമന്ത്രി തോമസ്‌ ഐസക്‌ അവതരിപ്പിച്ച  -2021–-22 ലെ ബജറ്റ്‌ കോവിഡാനന്തര കേരളത്തിന്റെ ക്ഷേമവും കരുതലും  വികസനവും ഉറപ്പാക്കുന്നു. 

സ്‌കൂൾകുട്ടികളുടെ  കഴിവും ഭാവനയും ഭാവി കേരളത്തിന്റെ കരുത്തായി കവിതയായും ചിത്രമായും ഉൾച്ചേർത്ത തന്റെ 12–-ാമത്തെ  ബജറ്റ്‌ അവതരണത്തിൽ ഐസക്‌ കേന്ദ്രസര്‍ക്കാരിന്റെ നിലപാടുകളെ ശക്തമായി വിമര്‍ശിക്കുകയും ചെയ്‌തു. ജിഎസ്ടി കുടിശ്ശിക വൈകിപ്പിച്ചതും വായ്പയെടുക്കുന്നതിലെ നിബന്ധനകളും സര്‍ക്കാരിനെ പ്രതികൂലമായി ബാധിച്ചു.

പതിനഞ്ചാം ധന കമീഷന്റെ സമീപനം സംസ്ഥാനത്തിന്റെ ധനസ്ഥിതിയിൽ ഡെമോക്ലസിന്റെ വാളുപോലെ അനിശ്ചിതാവസ്ഥ സൃഷ്ടിക്കുന്നുണ്ടെന്നും തോമസ് ഐസക് പറഞ്ഞു.  കോവിഡ്‌ മഹാമാരിക്കും കേന്ദ്രസർക്കാരിന്റെ അവഗണനക്കും ഇടയിൽ ക്ഷേമത്തിനും വികസനത്തിനും കൂടുതൽ പരിഗണന നൽകിയിരിക്കയാണ്‌ ബജറ്റ്. സാമ്പത്തിക വളർച്ചയ്ക്കും സാമൂഹ്യ സമത്വത്തിനും തുല്യ പ്രാധാന്യം നൽകുന്നു.‌ കേരളത്തിന്റെ ഇന്നത്തെ ആവശ്യങ്ങളേയും ഭാവിയേയും  കണ്ടുള്ളതും  പാർശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളോടുള്ള കരുതലും ഈ ബജറ്റിന്റെ പ്രത്യേകതയാണ്‌.

എല്ലാ മേഖലകൾക്കും തുല്യപ്രാധാന്യം നൽകുന്നതാണ്‌ നിർദേശങ്ങൾ. 27.68 കോടി രൂപയുടെ കമ്മി ബജറ്റിൽ പുതിയ നികുതി നിർദേശങ്ങളൊന്നുമില്ല. 191 കോടിയുടെ ഇളവുകളുണ്ട്‌. പ്രളയ സെസ്‌ ജൂലൈയിൽ അവസാനിപ്പിക്കും. വ്യാപാരികളുടെ നികുതി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി തുടരും.

കേന്ദ്ര അവഗണനയ്‌ക്കിടയിലും പതറിയില്ല

കേന്ദ്രസർക്കാരിന്റെ അവഗണനയ്‌ക്കും കോവിഡ്‌ മഹാമാരിക്കും ഇടയിൽ ക്ഷേമത്തിനും വികസനത്തിനും കൂടുതൽ പരിഗണന നൽകിയ ബജറ്റ്‌ രാജ്യത്തിന്‌ മാതൃക. സാമ്പത്തികമായി ശ്വാസം മുട്ടിക്കുന്നതിനൊപ്പം കേന്ദ്ര അന്വേഷണ ഏജൻസികൾ കേരളത്തിന്റെ അഭിമാന വികസന പദ്ധതികൾക്കു മുകളിൽ വട്ടമിട്ട്‌ പറന്നു. ഏറ്റവും ഒടുവിൽ കിഫ്‌ബിയെ തകർക്കാനും ശ്രമിച്ചു. ഇതിലൊന്നും ജനകീയ സർക്കാർ പതറിയില്ല.  കിഫ്‌ബിക്ക്‌ കൂടുതൽ കരുത്ത്‌ പകരുന്നതാണ്‌ ബജറ്റ്‌. എല്ലാ പ്രതിസന്ധികളും ഇച്ഛാശക്തിയോടെ സർക്കാർ നേരിട്ടപ്പോൾ വിജയിച്ചത്‌ കേരള ജനതയും തോറ്റത്‌ കേന്ദ്ര സർക്കാരും കേരളത്തിലെ പ്രതിപക്ഷവുമാണ്‌.

കേരളം പങ്കുവയ്ക്കുന്നത്‌ ആത്മവിശ്വാസത്തിന്റെ ഉന്മേഷമാണെന്നാണ്‌‌ ധനമന്ത്രി ടി എം തോമസ്‌ ഐസക്‌ ബജറ്റ്‌ പ്രസംഗത്തിൽ പറഞ്ഞത്‌‌. കിഫ്ബി ഫണ്ടിങ്‌ ഉപയോഗപ്പെടുത്തി നടപ്പാക്കപ്പെടുന്നത്‌ 60000 കോടി രൂപയുടെ ഉത്തേജകപാക്കേജാണ്‌. കിഫ്ബിക്കെതിരെ സംഘടിതമായ നീക്കങ്ങൾ ചില കേന്ദ്രങ്ങൾ അണിയറയിൽ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ്, 1999 മുതൽ നിലവിലുള്ളതും സഭ പാസാക്കിയതുമായ നിയമത്തെ 2019–-20ലെ ഫിനാൻസ് അക്കൗണ്ട്‌സ്‌ റിപ്പോർട്ടിൽ ഭരണഘടനാവിരുദ്ധമെന്ന് വിശേഷിപ്പിച്ചത്. ഇത്തരം പരാമർശങ്ങൾ കരട് റിപ്പോർട്ടിൽ ഉണ്ടായിരുന്നില്ല. സംസ്ഥാന സർക്കാരിനു വിശദീകരണത്തിന് അവസരം നിഷേധിച്ചത് രാജ്യത്ത് നിലവിലുള്ള ഓഡിറ്റ് മാർഗനിർദേശങ്ങൾക്കു വിരുദ്ധമാണ്. തിരുവിതാംകൂർ ഇന്ത്യൻ യൂണിയനിൽ ലയിച്ച കാലംമുതൽ നമ്മുടെ പൈതൃകമായി നിലനിന്നുവന്ന ട്രഷറി സേവിങ്‌സ്‌ ബാങ്കിനെതിരെയും ഇതേ കോണുകളിൽനിന്ന് നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇവയെല്ലാം കേരളം ഒറ്റക്കെട്ടായി പ്രതിരോധിക്കേണ്ടതുണ്ടെന്നും ധനമന്ത്രി പറഞ്ഞു.

വിദ്യാലയ വികസനത്തിന്‌ 120 കോടി ; ഐടി അധിഷ്ഠിത അധ്യയനത്തിൽ ഊന്നിക്കൊണ്ടുള്ള അധ്യാപക പരിശീലനം

■ പുതിയ കെട്ടിടങ്ങളിൽ പുതിയ ഫർണിച്ചറിനുവേണ്ടിയുള്ള ഒരു സ്കീമിന് രൂപം നൽകും. പഴയ ഫർണിച്ചറുകൾ പുതുക്കി പുനരുപയോഗിക്കും. 

■ മുഴുവൻ സ്കൂളിലും സൗരോർജ പാനലുകൾ സ്ഥാപിക്കും.നിലവാരമുയർത്താൻ  73 കോടി

■ ഐടി അധിഷ്ഠിത അധ്യയനത്തിൽ ഊന്നിക്കൊണ്ടുള്ള അധ്യാപക പരിശീലനം.

■ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കും മേഖലകൾക്കും വേണ്ടിയുള്ള ശ്രദ്ധപോലുള്ള പരിപാടികൾ.

■ ശ്രുതിപാഠം, ഇന്ത്യൻ ആംഗ്യഭാഷയിൽ പരിശീലനം, തേൻകൂട് പോലുള്ള ഭിന്നശേഷിക്കാർക്കുവേണ്ടിയുള്ള സ്കീമുകൾ,

■ അധ്യയനത്തിൽ മികവ്‌ പ്രകടിപ്പിക്കുന്ന കുട്ടികൾക്കുവേണ്ടിയുള്ള പ്രത്യേക പരിപാടികൾ.

■ കുട്ടികളുടെ അഭിരുചി തിരിച്ചറിയുന്നതിനുള്ള കെ -ഡാറ്റ് ഓൺലൈൻ അഭിരുചി പരീക്ഷ.

■  ഐടി സൗകര്യങ്ങളുടെ പൂർണവിനിയോഗം ഉറപ്പാക്കാൻ കൈറ്റിന് 30 കോടി.

■ സ്കൂൾ യൂണിഫോമിന് 105 കോടി രൂപയും ഉച്ചഭക്ഷണ വിതരണത്തിന് 526 കോടിയും വകയിരുത്തി.

■ സാക്ഷരതാ മിഷന് 18 കോടി രൂപ

■ വൊക്കേഷണൽ/ ഹയർ സെക്കൻഡറി മേഖലയ്ക്ക് 111 കോടി രൂപ 

■ എല്ലാ സ്‌കൂളിലും കൗൺസലർ

■ കൗൺസലേഴ്സിന്റെ ഓണറേറിയം 24000 രൂപയായി ഉയർത്തി

■പ്രീ-പ്രൈമറി അധ്യാപകർ/ആയമാരിൽ 10 വർഷത്തിൽ താഴെയുള്ളവരുടെ അലവൻസിൽ 500 രൂപ വീതവും  മുകളിലുള്ളവരുടേത് 1000 രൂപ വീതവും വർധന

■കഴക്കൂട്ടത്തെ സൈനിക സ്കൂളിന്റെ ചെലവ്‌ സംസ്ഥാനം ഏറ്റെടുക്കും

No comments:

Post a Comment