Sunday, October 3, 2010

യെദ്യൂരപ്പസര്‍ക്കാര്‍ 500 ഏക്കര്‍ ഭൂമി മറിച്ചുനല്‍കി: ജെഡിഎസ്

ബംഗളൂരു ഡെവലപ്മെന്റ് അതോറിറ്റി ഏറ്റെടുത്ത ഭൂമി മക്കള്‍ക്ക് പതിച്ചുനല്‍കിയെന്ന ആക്ഷേപത്തിനുപിന്നാലെ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയ്ക്കെതിരെ ഗുരുതരമായ പുതിയ ആരോപണവുമായി ജെഡിഎസ് രംഗത്ത്. വിവിധ ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഏറ്റെടുത്ത 500 ഏക്കറോളം ഭൂമി ബിജെപി സര്‍ക്കാര്‍ പലപ്പോഴായി മറിച്ചുവില്‍ക്കാന്‍ അവസരമൊരുക്കിയെന്നാണ് ആരോപണം. 5000 കോടി രൂപയുടെ കൈമാറ്റമാണ് ഇതിനായി നടന്നത്. പാര്‍പ്പിടസമുച്ചയമുണ്ടാക്കാനായി റെയ്ച്ചനഹള്ളിയില്‍ ഏറ്റെടുത്ത 6.35 ഏക്കര്‍ ഭൂമി ബിജെപി സര്‍ക്കാര്‍ നിയമവിരുദ്ധമായി ഡീനോട്ടിഫൈചെയ്ത് മറിച്ചുനല്‍കിയെന്ന് ജെഡിഎസ് സംസ്ഥാന പ്രസിഡന്റും മുന്‍മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമി പറഞ്ഞു.

അര്‍ക്കാവതി ലേഔട്ടിനുവേണ്ടി ബംഗളൂരു ഡെവലപ്മെന്റ് അതോറിറ്റി (ബിഡിഎ) ഏറ്റെടുത്ത് പണി ആരംഭിച്ച ഭൂമിയാണ് സര്‍ക്കാര്‍ പുനര്‍വിജ്ഞാപനത്തിലൂടെ മറിച്ചുനല്‍കിയത്. മുഖ്യമന്ത്രിയുടെ മകന്‍ രാഘവേന്ദ്ര അടക്കമുള്ളവര്‍ക്കാണ് ഇതിന്റെ ഗുണം ലഭിച്ചത്. ബിജെപി സര്‍ക്കാരിന്റെ ഭൂമി കുംഭകോണത്തെക്കുറിച്ച് ജെഡിഎസ് ലോകായുക്തയ്ക്ക് തിങ്കളാഴ്ച സത്യവാങ്മൂലം സമര്‍പ്പിക്കും. ഭൂമി കുംഭകോണത്തില്‍ നടപടി എടുക്കണമെന്ന് ഗവര്‍ണറോട് നേരിട്ട് ആവശ്യപ്പെടുമെന്നും കുമാരസ്വാമി പറഞ്ഞു. നഗരത്തില്‍ സ്വന്തമായി വീടുണ്ടായിരിക്കെ വീടില്ലെന്ന് കള്ളസത്യവാങ്മൂലം നല്‍കി യെദ്യൂരപ്പയുടെ മകന്‍ ബി വൈ രാഘവേന്ദ്ര ബിഡിഎവഴി ഭൂമി സ്വന്തമാക്കിയതിന്റെ രേഖകളും കുമാരസ്വാമി ഹാജരാക്കി.

മകന് ഭൂമി നല്‍കാനുള്ള ഫയലില്‍ മുഖ്യമന്ത്രി വ്യത്യസ്തമായ ഒപ്പാണ് ഇട്ടത്. സാധാരണ കന്നടയില്‍ പേരെഴുതി ഒപ്പിടാറുള്ള മുഖ്യമന്ത്രി വിവാദഫയലില്‍ ബി എസ് എന്ന് ഇംഗ്ളീഷിലാണ് ഒപ്പിട്ടത്. സ്ഥലം കൈമാറ്റം വിവാദമായാല്‍ കള്ളരേഖയാണെന്ന് വാദിക്കാന്‍വേണ്ടിയാണ് മുഖ്യമന്ത്രി ഈ തട്ടിപ്പ് നടത്തിയതെന്ന് കുമാരസ്വാമി ആരോപിച്ചു. പുനര്‍വിജ്ഞാപനസമിതിയുടെ അനുമതി തേടാതെയാണ് മുഖ്യമന്ത്രി നേരിട്ട് ഫയലില്‍ തീര്‍പ്പുകല്‍പ്പിച്ചത്. ബിഡിഎ ഏറ്റെടുത്ത 1.2 ഏക്കര്‍ ഭൂമി മക്കളായ ബി വൈ രാഘവേന്ദ്ര, ബി വൈ വിജയേന്ദ്ര എന്നിവര്‍ക്ക് മുഖ്യമന്ത്രി പതിച്ചുനല്‍കിയെന്നായിരുന്നു ജെഡിഎസിന്റെ ആദ്യ ആരോപണം. ഇതിന് തൃപ്തികരമായ മറുപടി നല്‍കാന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടില്ല. വിവരാവകാശപ്രകാരം ലഭിച്ച രേഖകളുടെ അടിസ്ഥാനത്തില്‍ ഈ ഭൂമികൈമാറ്റത്തിന് മുഖ്യമന്ത്രി നേരിട്ട് ഇടപെടല്‍ നടത്തിയെന്ന് വ്യക്തമായി.

കോണ്‍ഗ്രസ്, ജെഡിഎസ് നേതാക്കള്‍ക്കും ഭൂമി നല്‍കി: മുഖ്യമന്ത്രി

സര്‍ക്കാരിന്റെ ഭവനപദ്ധതിപ്രകാരം നഗരത്തില്‍ കോണ്‍ഗ്രസ്, ജെഡിഎസ് നേതാക്കള്‍ക്കും വീടുവയ്ക്കാന്‍ ഭൂമി നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ. ജെഡിഎസ് എംഎല്‍എമാര്‍ക്ക് ഭൂമി നല്‍കിയതിനെ എതിര്‍ക്കാത്ത കുമാരസ്വാമി താന്‍ മകന് ഭൂമി നല്‍കിയതിനെ ചോദ്യംചെയ്യുന്നത് നന്നല്ലെന്നും ആരോപണങ്ങളോട് മുഖ്യമന്ത്രി പ്രതികരിച്ചു ഏറ്റവും കൂടുതല്‍ സര്‍ക്കാര്‍ഭൂമി ഡീനോട്ടിഫൈചെയ്തത് കുമാരസ്വാമി മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ്. അടിസ്ഥാനരഹിതമായ ആരോപണമാണ് കുമാരസ്വാമി ഉയര്‍ത്തുന്നതെന്നും യെദ്യൂരപ്പ പറഞ്ഞു.

deshabhimani 03102010

1 comment:

  1. ബംഗളൂരു ഡെവലപ്മെന്റ് അതോറിറ്റി ഏറ്റെടുത്ത ഭൂമി മക്കള്‍ക്ക് പതിച്ചുനല്‍കിയെന്ന ആക്ഷേപത്തിനുപിന്നാലെ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയ്ക്കെതിരെ ഗുരുതരമായ പുതിയ ആരോപണവുമായി ജെഡിഎസ് രംഗത്ത്. വിവിധ ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഏറ്റെടുത്ത 500 ഏക്കറോളം ഭൂമി ബിജെപി സര്‍ക്കാര്‍ പലപ്പോഴായി മറിച്ചുവില്‍ക്കാന്‍ അവസരമൊരുക്കിയെന്നാണ് ആരോപണം. 5000 കോടി രൂപയുടെ കൈമാറ്റമാണ് ഇതിനായി നടന്നത്. പാര്‍പ്പിടസമുച്ചയമുണ്ടാക്കാനായി റെയ്ച്ചനഹള്ളിയില്‍ ഏറ്റെടുത്ത 6.35 ഏക്കര്‍ ഭൂമി ബിജെപി സര്‍ക്കാര്‍ നിയമവിരുദ്ധമായി ഡീനോട്ടിഫൈചെയ്ത് മറിച്ചുനല്‍കിയെന്ന് ജെഡിഎസ് സംസ്ഥാന പ്രസിഡന്റും മുന്‍മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമി പറഞ്ഞു.

    ReplyDelete