Thursday, October 7, 2010

ബിജെപിയുമായി സഖ്യമെന്ന പ്രചാരണം വന്‍ ഗൂഢാലോചന

കൊല്ലം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ സിപിഐ എമ്മും എല്‍ഡിഎഫും ബിജെപിയുമായി സഖ്യത്തിലാകുന്നെന്ന ചില കേന്ദ്രങ്ങളില്‍നിന്നുള്ള പ്രചാരണം വന്‍ ഗൂഢാലോചനയുടെ ഭാഗമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ആരുകേട്ടാലും പരിഹസിക്കുന്ന ഈ കള്ളപ്രചാരണത്തിന് അല്‍പ്പനിമിഷംമാത്രമാണ് ആയുസ്സ്. നാല് വോട്ടിനോ താല്‍ക്കാലിക ലാഭത്തിനോവേണ്ടി നയപരമായ കാര്യത്തില്‍ സിപിഐ എമ്മോ എല്‍ഡിഎഫോ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. വര്‍ഗീയതയെ ചെറുത്തുതോല്‍പ്പിക്കുകയെന്ന തെളിമയാര്‍ന്ന നിലപാടില്‍നിന്ന് ഒരടിപോലും പിന്നോട്ടില്ലെന്നും പിണറായി വ്യക്തമാക്കി. സിഐടിയു കൊല്ലം ജില്ലാ കമ്മിറ്റി ഓഫീസ് കെട്ടിടം (സ: സി പി കരുണാകരന്‍പിള്ള സ്മാരകമന്ദിരം) ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.

സഖ്യവാദവുമായി ബിജെപിയുടെ ചില നേതാക്കളാണ് രംഗത്തുവന്നിരിക്കുന്നത്. സാധാരണ നിലയ്ക്ക് ബിജെപിയുടെ ആദരണീയ നേതാവ് ഒ രാജഗോപാല്‍തന്നെ, സംസ്ഥാനതലത്തില്‍ ഇത്തരമൊരു ആലോചനയുണ്ടെന്നു പറഞ്ഞിരിക്കുന്നു. ഇതിനുപിന്നില്‍ വന്‍ ഗൂഢാലോചനയുണ്ട്. തെരഞ്ഞെടുപ്പിനുമുമ്പുതന്നെ ഞങ്ങള്‍ നിലപാട് വ്യക്തമാക്കിയതാണ്. വര്‍ഗീയവികാരം ഇളക്കിവിട്ട് ജനകീയ ഐക്യം തകര്‍ക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നവരാണ് ആര്‍എസ്എസും സംഘപരിവാറും ബിജെപിയും. ഇവരുമായി ഒരുതരത്തിലും ഞങ്ങള്‍ക്ക് ബന്ധപ്പെടാനാകില്ല. ഇക്കാര്യത്തില്‍ ആര്‍ക്കും സംശയംവേണ്ട. തെരഞ്ഞെടുപ്പില്‍ പലയിടത്തും ബിജെപിയുമായി യുഡിഎഫ് പരസ്യ ബാന്ധവത്തിലാണ്. ബിജെപി നേതാക്കള്‍ യുഡിഎഫ് സ്ഥാനാര്‍ഥികളായി മത്സരിക്കുന്നു. യുഡിഎഫിനെ ബിജെപി തിരിച്ചും സഹായിക്കുന്നു. എല്ലാ തെരഞ്ഞെടുപ്പിലും പണത്തിനുവേണ്ടി വോട്ട് മറിച്ചുനല്‍കുന്ന പാര്‍ടിയാണ് ബിജെപി. അവരില്‍നിന്ന് കോണ്‍ഗ്രസും യുഡിഎഫും വോട്ട് വാങ്ങും. ആത്മാഭിമാനമുള്ള ബിജെപിക്കാര്‍ക്ക് അതില്‍ നല്ല മനോവിഷമമുണ്ട്.

ബിജെപി സംസ്ഥാന പ്രസിഡന്റ് മുമ്പൊരിക്കല്‍ വോട്ട് മറിച്ചുനല്‍കുന്നതിനെ ന്യായീകരിച്ചു. 'ശത്രുവിന്റെ ശത്രു മിത്രം' എന്നതാണത്രേ വോട്ടുമറിക്കലിനു പിന്നിലെ തന്ത്രം. അങ്ങനെ വോട്ട് മറിക്കുന്നതില്‍ തെറ്റില്ലെന്നാണ് അവരുടെ ന്യായം. നാണംകെട്ട നിലപാടാണത്. ഞങ്ങള്‍ അതിനെ ശക്തമായി വിമര്‍ശിച്ചു. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലും പുത്തിഗെ, ദേലംപാടി പഞ്ചായത്തുകളിലും കോണ്‍ഗ്രസ് -ബിജെപി സഖ്യം ഇന്നും തുടരുന്നു. 2005ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ചിലയിടങ്ങളില്‍ ഞങ്ങള്‍ക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്ത നില വന്നു. എന്നാല്‍, കക്ഷിനിലയില്‍ സിപിഐ എമ്മായിരുന്നു മുന്നില്‍. പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അപൂര്‍വം ചിലയിടങ്ങളില്‍ ബിജെപിയുടെ ഒന്നു രണ്ട് അംഗങ്ങള്‍ ഞങ്ങളുടെ സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തു. ഞങ്ങളുടെ സ്ഥാനാര്‍ഥികള്‍ വിജയിച്ചു. എന്നാല്‍, ബിജെപി സഹായത്തോടെ ഒരു സ്ഥാനവും വെണ്ടെന്ന നിലപാടില്‍ തല്‍സ്ഥാനം രാജിവച്ചു. ഇത് തെളിമയുള്ള നിലപാടാണ്- പിണറായി പറഞ്ഞു.

സിപിഐ എമ്മുമായി ഒരു സഖ്യവുമില്ല: വി മുരളീധരന്‍

തൃശൂര്‍: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ സിപിഐ എം ഉള്‍പ്പെടെ ഒരു കക്ഷിയുമായും സഖ്യമില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ വ്യക്തമാക്കി. ബിജെപിക്ക് സിപിഐ എമ്മുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്ന കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയെ അതു തെളിയിക്കാന്‍ വെല്ലുവിളിക്കുന്നതായും മുരളീധരന്‍ പറഞ്ഞു. ന്യൂനപക്ഷ വോട്ട് നേടാനുള്ള യുഡിഎഫിന്റെ തന്ത്രമാണിതെന്ന് തൃശൂരില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.

ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റിന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നു. സഖ്യമുണ്ടാക്കാന്‍ ജില്ലാ ഘടകങ്ങള്‍ക്ക് അനുമതിയില്ല. കഴിഞ്ഞ ദിവസം ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. ബി ഗോപാലകൃഷ്ണന്‍ പ്രസ് ക്ളബ്ബില്‍ നടത്തിയ മുഖാമുഖത്തില്‍, പാര്‍ടി മത്സരിക്കാത്ത വാര്‍ഡുകളില്‍ വികസനത്തിന് അനുയോജ്യരായവര്‍ക്ക് പിന്തുണ നല്‍കുമെന്ന് പറഞ്ഞിരുന്നു. ഇവിടങ്ങളില്‍ യുഡിഎഫും എല്‍ഡിഎഫുമായി യോജിക്കാന്‍ തയ്യാറാണെന്നും സൂചിപ്പിച്ചു. ഇതു വളച്ചൊടിച്ച്, ബിജെപി- സിപിഐ എം ബന്ധം എന്ന് ചില മാധ്യമങ്ങള്‍ ചിത്രീകരിക്കുകയായിരുന്നു.

നാടിന്റെ വികസനത്തിന് ഏതു രാഷ്ട്രീയകക്ഷിയുമായും സഹകരിക്കാന്‍ തയ്യാറാണെന്ന് മുതിര്‍ന്ന ബിജെപി നേതാവ് ഒ രാജഗോപാല്‍ കൊച്ചി പ്രസ്ക്ളബ്ബിന്റെ 'ത്രിതലം 2010' പരിപാടിയില്‍ പറഞ്ഞു. തൃശൂര്‍ ജില്ലാ പ്രസിഡന്റിന്റെ പ്രസ്താവനയില്‍ അപാകതയില്ല. അത് പാര്‍ടി സംസ്ഥാന സമിതിയുടെ തീരുമാനംതന്നെയാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് കേരളത്തിന്റെ സമഗ്രവികസനത്തിന്റെ വിലയിരുത്തലാകുമെന്നും രാജഗോപാല്‍ പറഞ്ഞു.

deshabhimani 07102010

1 comment:

  1. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ സിപിഐ എമ്മും എല്‍ഡിഎഫും ബിജെപിയുമായി സഖ്യത്തിലാകുന്നെന്ന ചില കേന്ദ്രങ്ങളില്‍നിന്നുള്ള പ്രചാരണം വന്‍ ഗൂഢാലോചനയുടെ ഭാഗമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ആരുകേട്ടാലും പരിഹസിക്കുന്ന ഈ കള്ളപ്രചാരണത്തിന് അല്‍പ്പനിമിഷംമാത്രമാണ് ആയുസ്സ്. നാല് വോട്ടിനോ താല്‍ക്കാലിക ലാഭത്തിനോവേണ്ടി നയപരമായ കാര്യത്തില്‍ സിപിഐ എമ്മോ എല്‍ഡിഎഫോ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. വര്‍ഗീയതയെ ചെറുത്തുതോല്‍പ്പിക്കുകയെന്ന തെളിമയാര്‍ന്ന നിലപാടില്‍നിന്ന് ഒരടിപോലും പിന്നോട്ടില്ലെന്നും പിണറായി വ്യക്തമാക്കി. സിഐടിയു കൊല്ലം ജില്ലാ കമ്മിറ്റി ഓഫീസ് കെട്ടിടം (സ: സി പി കരുണാകരന്‍പിള്ള സ്മാരകമന്ദിരം) ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.

    ReplyDelete