Friday, October 8, 2010

അര്‍ഹമായ നഷ്ടപരിഹാരം നല്‍കാതെ കേന്ദ്രം

പ്രകൃതിദുരന്തംമൂലമുണ്ടാവുന്ന നാശനഷ്ടങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാതെ കേന്ദ്രം കേരളത്തെ അവഗണിക്കുന്നത് തുടര്‍ക്കഥയാവുന്നു. നാശനഷ്ടത്തിന്റെ യഥാര്‍ഥ കണക്ക് സമര്‍പ്പിച്ച് ഏറെ നാളുകള്‍ക്കു ശേഷം കേന്ദ്രം നല്‍കുന്ന സഹായമാണെങ്കില്‍ യഥാര്‍ഥ നഷ്ടത്തിന്റെ അടുത്തെങ്ങും എത്താറുമില്ല. വരള്‍ച്ചാ ദുരിതാശ്വാസത്തിന് ഈ വര്‍ഷം 164 കോടി രൂപ ആവശ്യപ്പെട്ട കേരളത്തിന് കേന്ദ്രസംഘം ശുപാര്‍ശ ചെയ്തത് വെറും 40 കോടി രൂപ. ഇതു ലഭിച്ചിട്ടുമില്ല. കാലവര്‍ഷത്തെ തുടര്‍ന്ന് 2009 ല്‍ 600 കോടിയിലധികം രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായതായി സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചിരുന്നു. എന്നാല്‍ സഹായമൊന്നും ലഭിച്ചില്ല. 2008 മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ വേനല്‍മഴക്കെടുതിയെ തുടര്‍ന്ന് 214.88 കോടിയുടെ ധനസഹായം ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. 2007 ല്‍ കാലവര്‍ഷക്കെടുതിയില്‍ 641.29 കോടിയുടെ നാശനഷ്ടത്തിന്റെ കണക്ക് സമര്‍പ്പിച്ചപ്പോള്‍ കേന്ദ്രസംഘം ശുപാര്‍ശ ചെയ്തത് 50.81 കോടിയാണ്.

ഈ വര്‍ഷം ജൂണ്‍ മുതലുള്ള കാലവര്‍ഷക്കെടുതിയില്‍ കൃഷിനാശവും വീടുകള്‍ തകര്‍ന്നതും പൊതുമുതലുകളുടെ നാശവും ഉള്‍പ്പെടെ 80 കോടിയിലധികം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക വിവരം. നാശനഷ്ടം വിലയിരുത്താനെത്തുന്ന കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനം പലപ്പോഴും വഴിപാടായി മാറുന്നു. വരള്‍ച്ച ദുരിതാശ്വാസത്തിന് അപേക്ഷ നല്‍കിയാല്‍ കേന്ദ്രസംഘം വെള്ളപ്പൊക്കക്കാലത്ത് എത്തും. മഴക്കെടുതി വിലയിരുത്താനാകട്ടെ വരള്‍ച്ചക്കാലത്തുമാണ് എത്തുക. ഇത്തവണയും ഇതു തന്നെയാണ് സംഭവിച്ചത്. വരള്‍ച്ചക്കെടുതികള്‍ വിലയിരുത്താന്‍ കേന്ദ്രകൃഷിവകുപ്പ് ജോയിന്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം മെയ് 17 മുതല്‍ 20 വരെ കേരളം സന്ദര്‍ശിച്ചിരുന്നു. ഈ സമയം കേരളത്തില്‍ കനത്ത മഴ പെയ്യുകയായിരുന്നു.
(അഞ്ജുനാഥ്)

deshabhimani 08102010

1 comment:

  1. പ്രകൃതിദുരന്തംമൂലമുണ്ടാവുന്ന നാശനഷ്ടങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാതെ കേന്ദ്രം കേരളത്തെ അവഗണിക്കുന്നത് തുടര്‍ക്കഥയാവുന്നു. നാശനഷ്ടത്തിന്റെ യഥാര്‍ഥ കണക്ക് സമര്‍പ്പിച്ച് ഏറെ നാളുകള്‍ക്കു ശേഷം കേന്ദ്രം നല്‍കുന്ന സഹായമാണെങ്കില്‍ യഥാര്‍ഥ നഷ്ടത്തിന്റെ അടുത്തെങ്ങും എത്താറുമില്ല. വരള്‍ച്ചാ ദുരിതാശ്വാസത്തിന് ഈ വര്‍ഷം 164 കോടി രൂപ ആവശ്യപ്പെട്ട കേരളത്തിന് കേന്ദ്രസംഘം ശുപാര്‍ശ ചെയ്തത് വെറും 40 കോടി രൂപ. ഇതു ലഭിച്ചിട്ടുമില്ല. കാലവര്‍ഷത്തെ തുടര്‍ന്ന് 2009 ല്‍ 600 കോടിയിലധികം രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായതായി സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചിരുന്നു. എന്നാല്‍ സഹായമൊന്നും ലഭിച്ചില്ല. 2008 മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ വേനല്‍മഴക്കെടുതിയെ തുടര്‍ന്ന് 214.88 കോടിയുടെ ധനസഹായം ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. 2007 ല്‍ കാലവര്‍ഷക്കെടുതിയില്‍ 641.29 കോടിയുടെ നാശനഷ്ടത്തിന്റെ കണക്ക് സമര്‍പ്പിച്ചപ്പോള്‍ കേന്ദ്രസംഘം ശുപാര്‍ശ ചെയ്തത് 50.81 കോടിയാണ്.

    ReplyDelete