കേന്ദ്രനിയമം ഭേദഗതിചെയ്താല്‍ ലോട്ടറിപ്രശ്നം തീരും: പിണറായി
അന്യസംസ്ഥാന ലോട്ടറി വേണ്ടെന്ന കാര്യത്തില്‍ എല്‍ഡിഎഫിനും യുഡിഎഫിനും ഏകാഭിപ്രായമുള്ള സാഹചര്യത്തില്‍ നിയമദേദഗതിക്ക് കേന്ദ്രം തയ്യാറായാല്‍ ലോട്ടറിപ്രശ്നം തീരുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ലോട്ടറിവിഷയത്തില്‍ ധനമന്ത്രി തോമസ് ഐസക് ഒരു വീഴ്ചയും വരുത്തിയിട്ടില്ലെന്നും തിരുവനന്തപുരം പ്രസ്ക്ളബിന്റെ മുഖാമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.
കേരളത്തില്‍ സംസ്ഥാന ഭാഗ്യക്കുറി മാത്രം മതി. അന്യസംസ്ഥാന ഭാഗ്യക്കുറി നിരോധിക്കാനുള്ള നിയമാധികാരം സംസ്ഥാനങ്ങള്‍ക്ക് നല്‍കി കേന്ദ്രം നിയമഭേദഗതി കൊണ്ടുവരണം. അതു കൊണ്ടുവരാത്തത് കേന്ദ്രത്തിന് ചില താല്‍പ്പര്യങ്ങളുള്ളതുകൊണ്ടാണ്. സാന്റിയാഗോ മാര്‍ട്ടിനും അതിനും അപ്പുറം മണികുമാര്‍ സുബ്ബയുമുണ്ട്. സുബ്ബ കോണ്‍ഗ്രസിന്റെ പണസമ്പാദകനും നേതാവുമാണ്. ഈ ബന്ധങ്ങള്‍ നോക്കാതെ ലോട്ടറിനയം ഇനിയെങ്കിലും കേന്ദ്രം സ്വീകരിച്ചാല്‍ പ്രശ്നപരിഹാരമാകും. ഇപ്പോള്‍ കുറ്റവാളി കേന്ദ്രസര്‍ക്കാരാണ്.
തദ്ദേശഭരണതെരഞ്ഞെടുപ്പില്‍ ഇതിനകം തന്നെ ചിത്രം തെളിഞ്ഞു. എല്‍ഡിഎഫ് നല്ല വിജയം നേടും. ഇതിന്റെ അങ്കലാപ്പിലാണ് ബിജെപി-സിപിഐ എം ധാരണയെന്ന അസംബന്ധവാര്‍ത്ത. ബിജെപി ഉള്‍പ്പെടെ ഒരു വര്‍ഗീയശക്തിയുടെയും പിന്തുണ ആവശ്യമില്ലെന്ന ഉറച്ച നിലപാടാണ് സിപിഐ എമ്മിന് ഉള്ളത്. ക്രൈസ്തവസഭ എടുത്തിരിക്കുന്ന ഇടതുപക്ഷവിരുദ്ധ നിലപാട് എല്‍ഡിഎഫ് വിജയത്തെ ബാധിക്കില്ലേയെന്ന് ആരാഞ്ഞപ്പോള്‍ ക്രൈസ്തവസഭ പൊതുവില്‍ ഇങ്ങനെയൊരു നിലപാട് എടുത്തിട്ടില്ലെന്ന് വ്യക്തമാക്കി. ചില കത്തോലിക്കപുരോഹിതന്മാര്‍ക്ക് നല്ല രാഷ്ട്രീയമുണ്ട്. പുരോഹിതര്‍ ആശീര്‍വദിച്ചതുകൊണ്ടല്ല സിപിഐ എമ്മിനു പിന്നില്‍ വിശ്വാസികള്‍ നില്‍ക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനവും വിലയിരുത്തുന്നതാണ് ഈ തെരഞ്ഞെടുപ്പെന്ന് പിണറായി പറഞ്ഞു. രണ്ടാം യുപിഎ സര്‍ക്കാരിന്റേതുപോലെ ജനവിരുദ്ധപാതയിലല്ല, ബദല്‍നയമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. കേന്ദ്രം പൊതുമേഖലാസ്ഥാപനങ്ങളെ തകര്‍ക്കുകയും ഓഹരി വില്‍ക്കുകയും ചെയ്യുമ്പോള്‍ ഇവിടെ എല്ലാ പൊതുമേഖലസ്ഥാപനങ്ങളെയും ലാഭത്തിലാക്കി. ലാഭവിഹിതം കൊണ്ട് പുതിയ വ്യവസായം തുടങ്ങുന്നു. 41 ലക്ഷം കുടുംബങ്ങള്‍ക്ക് രണ്ടു രൂപയ്ക്ക് അരി കൊടുക്കുന്നു. പൊതുവിതരണ സമ്പ്രദായത്തിന് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ അഞ്ചാണ്ടില്‍ നല്‍കിയത് 35 കോടി രൂപ. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷം മാത്രം എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കിയത് 200 കോടി രൂപ. സാധനവിലക്കയറ്റത്തില്‍ നിന്ന് സാധാരണക്കാരെ രക്ഷിക്കാനായിരുന്നു ഇത്. ദേശീയമായി കാര്‍ഷിക വളര്‍ച്ച മുരടിച്ചു. എന്നാല്‍ കേരളത്തില്‍ മൂന്നു ശതമാനം കാര്‍ഷിക വളര്‍ച്ചയുണ്ടായി.
ഇങ്ങനെ ജനങ്ങള്‍ക്കും നാടിനും ഗുണം ചെയ്യുന്ന അഭിമാനാര്‍ഹമായ പ്രവര്‍ത്തനം നടത്തുന്ന സര്‍ക്കാരാണ് കേരളത്തിലേത്. യുപിഎ സര്‍ക്കാരിനെതിരെ കോണ്‍ഗ്രസിനു പിന്നില്‍ അണിനിരന്ന തൊഴിലാളികളടക്കം ദേശീയ പണിമുടക്കു നടത്തി. ഇനി പാര്‍ലമെന്റ് മാര്‍ച്ചിനു തയ്യാറെടുക്കുകയാണ്. എന്തുകൊണ്ട് ഈ സ്ഥിതി വന്നുവെന്ന് കോണ്‍ഗ്രസ് ആലോചിക്കണം. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ പാര്‍ടി പിബിയില്‍ ഉള്‍പ്പെടുത്തുമോയെന്ന് ചോദിച്ചപ്പോള്‍ സംഘടനാകാര്യങ്ങള്‍ ചര്‍ച്ചചെയ്യേണ്ട വേദി ഇതല്ലെന്ന് പിണറായി മറുപടി നല്‍കി.
മേഘ അംഗീകൃത ഏജന്‍സിയെന്ന് ചിദംബരത്തിന്റെ കത്ത്
മേഘ ഡിസ്ട്രിബ്യൂട്ടേഴ്സ് ഭൂട്ടാന്‍ ലോട്ടറിയുടെ കേരളത്തിലെ അംഗീകൃത പ്രൊമോട്ടറാണെന്ന് കേന്ദ്രസര്‍ക്കാര്‍. 2005 മുതല്‍ മേഘ അംഗീകൃത പ്രൊമോട്ടറും സബ് ഏജന്റുമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. ഭൂട്ടാന്‍ ലോട്ടറി നടത്തിപ്പു സംബന്ധിച്ച വിവരങ്ങള്‍ ആവശ്യപ്പെട്ട് കേരളം നല്‍കിയ കത്തിനു മറുപടിയായാണ് സെപ്തംബര്‍ 29ന് ആഭ്യന്തരമന്ത്രാലയം ഇക്കാര്യമറിയിച്ചത്. കത്തിലെ വാദംതന്നെയാണ് കോണ്‍ഗ്രസ് ദേശീയ വക്താവ് അഭിഷേക് സിങ്വി ഹൈക്കോടതിയില്‍ വാദിച്ചത്. മേഘ ഭൂട്ടാന്‍ സര്‍ക്കാരിന്റെ അംഗീകൃത ഏജന്‍സിയാണെന്ന കാര്യത്തില്‍ സംശയമുണ്ടെന്നും ആവശ്യമായ രേഖകള്‍ ഹാജരാക്കിയിട്ടില്ലെന്നും സംസ്ഥാനസര്‍ക്കാര്‍ കഴിഞ്ഞ ദിവസവും ഹൈക്കോടതിയെ ധരിപ്പിച്ചിരുന്നു. എന്നാല്‍, കേന്ദ്രത്തിന് ഇക്കാര്യത്തില്‍ സംശയമേയില്ല. അന്യസംസ്ഥാന ലോട്ടറി വിഷയത്തില്‍ കെപിസിസിക്കും ഹൈക്കമാന്‍ഡിനും ഒരേ നിലപാടാണെന്ന രമേശ് ചെന്നിത്തലയുടെയും ഉമ്മന്‍ചാണ്ടിയുടെയും അവകാശവാദത്തിന് ആഭ്യന്തരമന്ത്രാലയത്തിന്റെ കത്ത് തിരിച്ചടിയായി.
2005ല്‍ യുഡിഎഫ് ഭരണകാലത്താണ് മേഘയ്ക്ക് കേരളത്തില്‍ രജിസ്ട്രേഷന്‍ ലഭിച്ചതെന്ന് വ്യക്തമാക്കിയ ആഭ്യന്തരമന്ത്രാലയം സെക്യൂരിറ്റി പ്രസിലാണോ ടിക്കറ്റ് അച്ചടിക്കുന്നതെന്ന സംസ്ഥാന സര്‍ക്കാരിന്റെ ചോദ്യം കേട്ട ഭാവം നടിച്ചില്ല. മോണിക്ക ഏജന്‍സിയും മേഘയും തമ്മിലുള്ള ബന്ധമടക്കം കൃത്യമായി വിവരിച്ച ആഭ്യന്തരമന്ത്രാലയം ഇതേക്കുറിച്ച് മൌനം പാലിച്ചത് ലോട്ടറിമാഫിയയുമായുള്ള ഒത്തുകളിയുടെ ഭാഗമായാണെന്നു വ്യക്തം. രാജ്യത്തെ മൊത്തവിതരണ ഏജന്‍സികളെ ഭൂട്ടാന്‍ സര്‍ക്കാര്‍ ഇടയ്ക്ക് മാറ്റിയിട്ടുണ്ടെങ്കിലും കേരളത്തില്‍ 2005 മുതല്‍ മേഘ പ്രൊമോട്ടറും ഏജന്‍സിയുമായി തുടരുകയാണ്. മോണിക്ക ഏജന്‍സീസാണ് ഭൂട്ടാന്‍ ലോട്ടറിയുടെ രാജ്യത്തെ അംഗീകൃത മൊത്തവിതരണ ഏജന്‍സി. മോണിക്കയും ഭൂട്ടാന്‍ സര്‍ക്കാരുമായി കരാറുണ്ടാക്കിയിട്ടുണ്ട്. അതിനാല്‍ അവര്‍ക്ക് സബ് ഏജന്റുമാരെ വയ്ക്കാം. അത് മേഘയാണ്- കത്തില്‍ പറഞ്ഞു. റോയല്‍ ഭൂട്ടാന്‍ സര്‍ക്കാരും കേന്ദ്രസര്‍ക്കാരുമായുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയില്‍ ഭൂട്ടാന്‍ ലോട്ടറി വില്‍പ്പന നടത്തുന്നത്. അത് ചോദ്യംചെയ്യാനോ കരാറിന്റെ ഉള്ളടക്കം വെളിപ്പെടുത്താനോ സാധ്യമല്ലെന്ന് കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ കത്ത്.
സിങ്വി വ്യക്തിപരമായാണ് വന്നതെന്ന വാദം തട്ടിപ്പാണെന്ന് കേന്ദ്രത്തിന്റെ കത്ത് വിളിച്ചുപറയുന്നു. സിങ്വി തല്‍ക്കാലം മാധ്യമപ്രവര്‍ത്തകരെ കാണേണ്ടെന്ന നിര്‍ദേശം അച്ചടക്കനടപടിയെന്ന് കൊട്ടിഘോഷിക്കുന്ന കോണ്‍ഗ്രസ് നേതൃത്വം മേഘയെ ന്യായീകരിക്കുന്ന ചിദംബരത്തിനെതിരെ നടപടി ആവശ്യപ്പെടുമോയെന്ന ചോദ്യവും ഉയരുന്നു. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെയാണ് 2005ല്‍ ഒരു രേഖയുമില്ലാതെ മേഘയ്ക്ക് കേരളത്തില്‍ രജിസ്ട്രേഷന്‍ നല്‍കുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ ഉടന്‍ അന്യസംസ്ഥാന ലോട്ടറി നടത്തിപ്പിനെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തി. മേഘ അടക്കമുള്ള ഏജന്‍സികളുടെ രജിസ്ട്രേഷന്‍ റദ്ദാക്കി. എന്നാല്‍, ഹൈക്കോടതി ഇത് തടഞ്ഞു. മുന്‍കൂര്‍ നികുതി സ്വീകരിക്കില്ലെന്ന തീരുമാനവും കേന്ദ്രനിയമം ചൂണ്ടിക്കാട്ടി കോടതി തടഞ്ഞു.
(കെ എം മോഹന്‍ദാസ്)
ദേശാഭിമാനി 08102010
അന്യസംസ്ഥാന ലോട്ടറി വേണ്ടെന്ന കാര്യത്തില്‍ എല്‍ഡിഎഫിനും യുഡിഎഫിനും ഏകാഭിപ്രായമുള്ള സാഹചര്യത്തില്‍ നിയമദേദഗതിക്ക് കേന്ദ്രം തയ്യാറായാല്‍ ലോട്ടറിപ്രശ്നം തീരുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ലോട്ടറിവിഷയത്തില്‍ ധനമന്ത്രി തോമസ് ഐസക് ഒരു വീഴ്ചയും വരുത്തിയിട്ടില്ലെന്നും തിരുവനന്തപുരം പ്രസ്ക്ളബിന്റെ മുഖാമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.
ReplyDelete