Friday, October 8, 2010

പ്ളാച്ചിമട കോളനിക്കാര്‍ക്ക് ഇന്നും ഓലക്കുടിലുകള്‍

ആഗോളഭീമനായ കൊക്കകോളയുടെ ജലചൂഷണത്തിനെതിരെ അടി പതറാതെ പോരാടിയ പ്ളാച്ചിമട കോളനിനിവാസികള്‍ക്ക് തല ചായ്ക്കാന്‍ ഇന്നും ഓലക്കുടിലുകള്‍. കുടിവെള്ളത്തിന് ജീവിതംതന്നെ സമരാധയുധമാക്കിയ ഇവര്‍ക്ക് വീട് ലഭിക്കണമെങ്കില്‍ വിമതജനതാദളിന്റെ പ്രാദേശികനേതാവ് മുതല്‍ സെക്രട്ടറി ജനറല്‍വരെയുള്ളവര്‍ കനിയണം.

പ്ളാച്ചിമട കോളനിയില്‍ 80 കഴിഞ്ഞ അനാഥയായ ലക്ഷ്മിക്ക് ജീവിക്കണമെങ്കില്‍ കൂലിപ്പണിക്ക് പോവേണ്ട സ്ഥിതിയാണ്. പഞ്ചായത്തിന്റെ ഒരു ആനുകൂല്യവും ഇവര്‍ക്ക് ലഭിച്ചിട്ടില്ല. ചോര്‍ന്നൊലിക്കുന്ന ഓലക്കുടിലിലാണ് ഇവര്‍ താമസിക്കുന്നത്. വീടിനുവേണ്ടി പലതവണ പഞ്ചായത്ത് ഓഫീസില്‍ അപേക്ഷിച്ചിട്ടും വീട് നല്‍കിയിട്ടില്ല. വാര്‍ധക്യകാല പെന്‍ഷന്‍പോലും നല്‍കാന്‍ വിമതദള്‍നേതൃത്വത്തിലുള്ള ഭരണസമിതിക്ക് കഴിഞ്ഞിട്ടില്ല. ആദിവാസികള്‍ ഉള്‍പ്പെടെ പ്ളാച്ചിമട കോളനിയില്‍മാത്രം 300 ഓളം വീടുകളുണ്ട്. ഇതില്‍ 50ല്‍ താഴെമാത്രമാണ് ഓടിട്ട വീടുകള്‍. നാഗരാജ്, മണി, ചിന്നാന്‍ തുടങ്ങി നിരവധി ആദിവാസികള്‍ ഓലക്കുടിലാണ് 25 വര്‍ഷമായി താമസിക്കുന്നത്. പ്ളാച്ചിമടയിലെ നാരായണനും കാഞ്ചനയും കുടുംബവും താമസിക്കുന്നത് ചെറിയ കുടിലിലാണ്. പത്തുതവണ പഞ്ചായത്തില്‍ വീടിന് അപേക്ഷിച്ചെങ്കിലും ലഭിച്ചിട്ടില്ല. ഇ എംഎസ് ഭവനപദ്ധതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. പഞ്ചായത്തിലെ അന്തിമലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോഴും ഇവര്‍ക്ക് വീടില്ല. രാമസ്വാമി, പ്രിയ എന്നിവര്‍ 23 വര്‍ഷമായി ഇവിടെ താമസിക്കുന്നത്. ഇന്നുതന്നെ ഒരു ആനുകൂല്യവും പഞ്ചായത്തില്‍നിന്ന് ലഭിച്ചിട്ടില്ല. കൂലിപ്പണിക്കാരനായ ഇവര്‍ക്ക് ഒരു വീട് എന്ന സ്വപ്നം ഇന്നും അകലെയാണ്.

മഴക്കാലത്തുപോലും ടാങ്കര്‍ലോറി വെള്ളത്തെ ആശ്രയിച്ചാണ് ഈ കോളനിനിവാസികള്‍ കഴിയുന്നത്. കുടിവെള്ളമെത്തിക്കാന്‍ പൈപ്പ്ലൈനും ടാങ്കും സര്‍ക്കാര്‍ സജ്ജമാക്കിയെങ്കിലും വിമതദളിന്റെ പഞ്ചായത്ത്അംഗങ്ങളുടെ നേതൃത്വത്തില്‍ പൈപ്പ്ലൈനും ടാങ്കും തല്ലിത്തകര്‍ക്കുകയും കുടിവെള്ളം നിഷേധിക്കുകയും ചെയ്തു. ഇതിനെതിരെ പരാതി പറയാന്‍ പഞ്ചായത്തിലെത്തിയ ആദിവാസികളെ മര്‍ദിക്കുകയും വീടുകള്‍ തല്ലിത്തകര്‍ക്കുകയും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരെ മര്‍ദിക്കുകയും ചെയ്തു. പ്ളാച്ചിമട കോളനിയില്‍ വെളിച്ചമെത്തിയത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ സമ്പൂര്‍ണ വൈദ്യുതീകരണപദ്ധതിയിലൂടെയാണ്.

ഇതുപോലെത്തന്നെയാണ് രാജീവ് നഗര്‍, വിജയനഗര്‍, കുഞ്ചുമേനോന്‍പതി, മാധവന്‍നായര്‍കോളനി പ്രദേശത്തേയും സ്ഥിതി. എന്നാല്‍, അര്‍ഹരായ ഈ പാവങ്ങള്‍ക്ക് കിട്ടേണ്ട പല ആനുകൂല്യങ്ങളും വിമതദള്‍നേതൃത്വം തട്ടിയെടുക്കുകയാണ്. അര്‍ഹമായ ആനുകൂല്യങ്ങള്‍ക്കായി വര്‍ഷങ്ങളായി കാത്തിരിക്കുമ്പോള്‍ അര്‍ഹരല്ലാത്ത പലരും പഞ്ചായത്ത്പഞ്ചായത്ത്ഭരണസ്വാധീനത്തില്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റുകയാണ്.

deshabhimani 08102010

2 comments:

  1. ആഗോളഭീമനായ കൊക്കകോളയുടെ ജലചൂഷണത്തിനെതിരെ അടി പതറാതെ പോരാടിയ പ്ളാച്ചിമട കോളനിനിവാസികള്‍ക്ക് തല ചായ്ക്കാന്‍ ഇന്നും ഓലക്കുടിലുകള്‍. കുടിവെള്ളത്തിന് ജീവിതംതന്നെ സമരാധയുധമാക്കിയ ഇവര്‍ക്ക് വീട് ലഭിക്കണമെങ്കില്‍ വിമതജനതാദളിന്റെ പ്രാദേശികനേതാവ് മുതല്‍ സെക്രട്ടറി ജനറല്‍വരെയുള്ളവര്‍ കനിയണം.

    ReplyDelete
  2. ഇക്കാര്യം പൊതു ജന ശ്രദ്ധയില്‍ പെടുത്തിയതിനു നന്ദി. തുടര്‍ന്നും ആദിവാസി ദളിത്‌ വിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ സത്യാ സന്ധമായി റിപ്പോര്‍ട്ട്‌ ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു.

    ReplyDelete