തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് ഒക്‌ടോബര്‍ 23, 25 തീയതികളില്‍ നടക്കുന്ന തിരഞ്ഞെടുപ്പിനെ കേരളം വലിയ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്. ആറ് മാസത്തിനു ശേഷം നടക്കാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി നടക്കുന്ന ഈ തിരഞ്ഞെടുപ്പ് ജനവികാരം പ്രതിഫലിപ്പിക്കുന്ന ഒരു ദിശാസൂചിക കൂടിയാണ്.
978 ഗാമപഞ്ചായത്തുകളിലേയ്ക്കും 152 ബ്ലോക്ക് പഞ്ചായത്തുകളിലേയ്ക്കും 14 ജില്ലാ പഞ്ചായത്തുകളിലേയ്ക്കും 59 മുനിസിപ്പാലിറ്റികളിലേയ്ക്കും അഞ്ചു കോര്‍പ്പറേഷനുകളിലേയ്ക്കുമായി 21612 ജനപ്രതിനിധികളെയാണ് ഇത്തവണ തിരഞ്ഞെടുക്കുക. ഒക്‌ടോബര്‍ 27-ന് ഫലപഖ്യാപനം കഴിയുന്നതോടെ നവംബര്‍ 1-ന് പുതിയ ഭരണസമിതികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില് നിലവില്‍ വരും.
സാര്‍വ്വദേശീയ സംഭവങ്ങള്‍, ദേശീയതലത്തില്‍ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ തുടരുന്ന ജനദ്രോഹ നയങ്ങള്‍ എന്നീ വിഷയങ്ങളെല്ലാം ഈ തിരഞ്ഞെടുപ്പില് സജീവമായി ചര്‍ച്ച ചെയ്യപ്പെടും. എല്‍ ഡി എഫിന്റെ കഴിഞ്ഞ നാലര വര്‍ഷത്തെ ജനകീയ ഭരണവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടന്ന പ്രാദേശിക വികസനങ്ങളും എന്നപോലെ മേല്‍പ്പറഞ്ഞ രണ്ട് നയങ്ങളും സമീപനങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലുമായിരിക്കും ഈ തിരഞ്ഞെടുപ്പ്.
സാധാരണക്കാരുടെ താല്‍പര്യം ഉയര്‍ത്തിപ്പിടിച്ച് ജനക്ഷേമനടപടികള്‍ കൈക്കൊള്ളുന്ന എല്ഡി എഫ്. നയസമീപനമാണ് ഒന്ന്. രണ്ടാമത്തേത് കുത്തകമുതലാളിമാ രുടെയും പൊതുവില് സമ്പന്നവര്‍ഗ്ഗത്തിന്റെയും താല്‍പര്യം സംരക്ഷിക്കുന്ന കോണ്‍ഗ്രസ്സും യു ഡി എഫും കൈക്കൊള്ളുന്ന നയസമീപനവും.
സാധാരണക്കാരനിലേയ്ക്ക് ഭരണത്തിന്റെ ഗുണഫലങ്ങള്‍ എത്തിക്കുന്നതിന് അധികാരവികേന്ദ്രീകരണം ശക്തിപ്പെടുത്താന്‍ എക്കാലത്തും മുന്‍കൈയെടുത്തിട്ടുള്ളത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും എല്ഡി എഫുമാണ്. 1957-ല്‍ അധികാരത്തില്‍ വന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സര്‍ക്കാര്‍ അധികാരവികേന്ദ്രീകരണം ലക്ഷ്യം വച്ചുളള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഇടതുജനാധിപത്യമുന്നണിയും അധികാരത്തില്‍ വന്നപ്പോഴെല്ലാം ഈ പ്രവര്‍ത്തനം കൂടുതല്‍ കൂടുതല്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്.
1996 - 2001 ലെ ഒന്‍പതാം പദ്ധതിക്കാലത്താണ് സംസ്ഥാന പദ്ധതിയുടെ മൂന്നിലൊന്നും കൂടുതല്‍ അധികാരവും തദ്ദേശഭരണസമിതികള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചത്. അങ്ങനെ അധികാരവും ധനവും താഴെത്തട്ടിലേയ്ക്ക് എത്തിയതോടെ വികസനത്തിന്റെ ഒഴുക്ക് ഗ്രാമീണ തലത്തില്‍ കേരളത്തില്‍ കൂടുതല് സംജാതമായി. 13 വര്‍ഷം കൊണ്ട് 16495 കോടി രൂപയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ലഭിച്ചത്. അടിസ്ഥാന സൗകര്യവികസനത്തില്‍ ഒരു കുതിച്ചുചാട്ടത്തിനാണ് ഇത് വഴിയൊരുക്കിയത്.
എന്നാല്‍ രാജ്യത്തിന്റെ സ്വാശ്രയത്വവും പരമാധികാരവും അടിയറ വെയ്ക്കുന്ന നിലപാടാണ് രണ്ടാം യു പി എ സര്‍ക്കാര്‍ തുടരുന്നത്. ഈ പ്രവണതയുടെ അവസാനത്തെ ഉദാഹരണമാണ് അമേരിക്കയുമായി ആണവകരാര്‍ ഉണ്ടാക്കാന്‍ കാട്ടിയ വ്യഗ്രത. ദേശീയ താല്‍പര്യങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് യു പി എ സര്‍ക്കാര്‍ രാജ്യത്തെ ഇത്തരമൊരു കരാറില്‍ കുടുക്കിയത്. കരാറിന്റെ അനുബന്ധമായി വന്ന ആണവദുരന്ത ബാധ്യതാബില്ലിന്റെ കാര്യത്തില്‍ ആത്മഹത്യാപരമായ സമീപനമാണ് കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഒന്നാം യു പി എ സര്‍ക്കാരിന്റെ കാലത്ത് ഇടതുപക്ഷ ശക്തികളുടെ കര്‍ശന നിലപാട് കാരണമാണ് ഇത്തരം രാജ്യദ്രോഹ നിലപാടുകളില്‍ നിന്ന് പിന്തിരിയാന്‍ സര്‍ക്കാര്‍ അന്ന് നിര്‍ബന്ധിതമായത്.
ജനജീവിതം ദുസ്സഹമായാലും ആഗോളവത്ക്കരണ നയങ്ങളോടുള്ള അമിത വിധേയത്വത്തില്‍ നിന്ന് പിന്മാറില്ലെന്ന വാശിയിലാണ് കേന്ദ്രസര്‍ക്കാര്‍. രാജ്യത്ത് വിലക്കയറ്റം സൃഷ്ടിക്കുന്നത് ഇത്തരം കേന്ദ്രനയങ്ങളാണ്. അവധിവ്യാപാരവും ഊഹക്കച്ചവടവും കമ്പോളത്തെ നിയന്ത്രിക്കുന്നു. ഇന്ത്യന്‍ കമ്പോളം ഇന്ന് ഊഹക്കച്ചവടക്കാരുടെയും അവധി വ്യാപാരക്കാരുടെയും ചൂതാട്ടകേന്ദ്രമായി മാറിയിരിക്കുകയാണ്. ഒരു വര്‍ഷത്തിനിടയില് 15 ലക്ഷം കോടി രൂപ അവധിവ്യാപാരത്തിലൂടെയും ഊഹക്കച്ചവടത്തിലൂടെയും ലഭിച്ചതായി കണക്കാക്കുന്നു. കുത്തകകളും കോര്‍പറേറ്റുകളും കമ്പോളം കൈയ്യടക്കുകയാണ്. പൊതുവിതരണം എന്ന തത്വം തന്നെ ഉപേക്ഷിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.
പെട്രോളിയം ഉല്‍പന്നങ്ങളുടെ വില വര്‍ധിപ്പിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് രാജ്യത്ത് നിയന്ത്രണാതീതമായ വിലക്കയറ്റത്തിനാണ് വഴിവെച്ചത്. രണ്ടാം യു പി എ സര്‍ക്കാര്‍ ഒരു വര്‍ഷത്തില് മൂന്ന്് തവണയിലേറെ പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലകൂട്ടി. ഒടുവില്‍ വില നിയന്ത്രിക്കുന്നതിനുളള ഉത്തരവാദിത്വം തന്നെ സ്വകാര്യ കുത്തക എണ്ണകമ്പനികളെ ഏല്‍പ്പിക്കുകയും ചെയ്തു. പിന്നാലെ സര്‍ക്കാര്‍ സബ്‌സിഡിയും പിന്‍വലിച്ചു. പൊതുമേഖലാ എണ്ണക്കമ്പനികളുടെ നഷ്ടം നികത്താനാണ് വിലവര്‍ധിപ്പിക്കുന്നതെന്ന വാദം വാസ്തവവിരുദ്ധമാണ്. കാരണം 2009 - 2010 കാലയളവില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ലാഭം 10224 കോടി രൂപയാണ്. കേന്ദ്രസര്‍ക്കാരിന്റെ ഏറ്റവും പ്രധാന ധനസ്രോതസ്സാണ് സര്‍ക്കാര്‍ കൈയ്യൊഴിയുന്നത്. ഇത് എല്ലാ മേഖലയില്നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങുകയെന്ന ആഗോളീകരണനയത്തിന്റെ ഭാഗമാണ്. റേഷന്‍ സംവിധാനം പോലും പരിമിതപ്പെടുത്താനും അര്‍ഹതപ്പെട്ടവര്‍ക്കുപോലും ആനുകൂല്യം നിഷേധിക്കാനുമുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമം ഈ സ്വാധീനത്തിന്റെ ഫലമാണ്.
ജനസംഖ്യയില്‍ 78 ശതമാനം പേരും ദിവസം ഇരുപത് രൂപയ്ക്ക് താഴെ വരുമാനമുളളവരായ, ദരിദ്ര ജനകോടികള്‍ അധിവസിക്കുന്ന ഇന്ത്യയില് കേന്ദ്ര സര്‍ക്കാര്‍ നിലപാട് ജനങ്ങളുടെ ജീവിത ദുരിതം വര്‍ധിപ്പിക്കുകയാണ്. മൂന്ന് കോടി ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ മിച്ചം സ്റ്റോക്കുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കേന്ദ്രത്തിന്റെ കരുതല്‍ ശേഖരത്തില്‍ മിച്ചമുള്ള ഭക്ഷ്യധാന്യങ്ങള്‍ പൊതുവിതരണ സംവിധാനം വഴി വിലകുറച്ച് വിതരണം ചെയ്യുകയും കമ്പോളത്തില് ഇടപെടുകയുമാണ് ഭരണാധികാരികള്‍ ചെയ്യേണ്ടത്.
രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ പോലും അപകടത്തിലാക്കുന്ന നിലപാടാണ് കാര്‍ഷിക മേഖലയില് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. വിത്തിനും വളത്തിനും നല്‍കിയിരുന്ന സബ്‌സിഡി എടുത്തുകളഞ്ഞു. വന്‍കിട കുത്തകകള്‍ക്കെല്ലാം ആനുകൂല്യങ്ങള്‍ വാരിക്കോരി നല്‍കുന്ന സമീപനമാണ് കേന്ദ്രം അവലംബിച്ചത്. അഞ്ചു ലക്ഷം കോടി രൂപയുടെ സൗജന്യങ്ങളാണ് കുത്തകകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കിയത്.
കാര്‍ഷിക മേഖലയില് രൂപം കൊണ്ടï പ്രതിസന്ധികള്‍ കാരണം ലക്ഷക്കണക്കിന് കര്‍ഷകരാണ് ഇന്ത്യയില്‍ സമീപകാലത്ത് ആത്മഹത്യ ചെയ്തത്. കേന്ദ്രത്തിന്റെ കര്‍ഷക വിരുദ്ധനയമാണ് ഈ ദുരന്തത്തിന് ഇടയാക്കിയത്. സബ്‌സിഡി, സംഭരണം, വിതരണം, ന്യായവില തുടങ്ങിയ കര്‍ഷകാഭിമുഖ്യമുള്ള നടപടികള്‍ കേന്ദ്രം ഉപേക്ഷിച്ചു. കാര്‍ഷികോല്‍പാദന മേഖലയില്‍ കുത്തകകള്‍ക്ക് അനിയന്ത്രിതമായി സ്വാധീനം ചെലുത്താനും വിഹരിക്കാനും കേന്ദ്ര സര്‍ക്കാര്‍ നടപടി വഴി വെച്ചു. വിഷ വഴുതനങ്ങ പോലുള്ള അന്തകവിത്തുകള്‍ കെട്ടിയേല്‍പ്പിക്കാന്‍ നടന്ന ശ്രമങ്ങളും തിരിച്ചറിയേണ്ടതുണ്ട്.
റബറിന്റെ ഇറക്കുമതി ചുങ്കം 20 ശതമാനം കുറയ്ക്കാനുള്ള തീരുമാനം ഏറ്റവും പ്രതികൂലമായി ബാധിച്ചത് കേരളത്തിലെ കര്‍ഷകരെയാണ്. ആസിയാന്‍ കരാറിന്റെ മറ്റൊരുദുരന്തമാണിത്. നിയന്ത്രണമില്ലാത്ത ഇറക്കുമതി ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് നേരത്തെ ഇടതു പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പൊതുമേഖലാ വ്യവസായങ്ങളുടെ സ്വകാര്യവല്‍ക്കരണ പ്രക്രിയയ്ക്ക് ഇപ്പോള്‍ യാതൊരു നിയന്ത്രണവുമില്ല. 'ജനകീയ ഉടമസ്ഥത'യുടെ പേര് പറഞ്ഞ് പൊതുമുതല്‍ കുത്തകമുതലാളിമാരെ ഏല്‍പിക്കുന്നതിനാണ് കേന്ദ്രത്തിലിരിക്കുന്നവര്‍ക്ക് തിടുക്കം.
തിരഞ്ഞെടുക്കപ്പെടുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പനയിലൂടെ 40,000 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യം വെയ്ക്കുന്നത്. ഓയില് ഇന്ത്യ ഉള്‍പ്പെടെ പ്രധാനപ്പെട്ട പല സ്ഥാപനങ്ങളുടെയും ഓഹരി വിറ്റുകഴിഞ്ഞു. സെയില്‍, ബി എസ് എന്‍ എല്‍ ഉള്‍പ്പെടെ 60 പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പനയ്ക്കുളള നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്്. 2007 - 2008 -ല്‍ കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങള്‍ ഡിവിഡന്റായി ഖജനാവി ലേയ്ക്ക് നല്‍കിയത് 19423 കോടി രൂപയാണ്. സര്‍ക്കാര്‍ ഖജനാവിലേയ്ക്ക് വരേണ്ട ഈ റവന്യൂ വരുമാനം ഓഹരി വിറ്റതിലൂടെ നഷ്ടമാവുകയാണ്.
ഈ സാമ്പത്തിക നയങ്ങളും ആഗോള സാമ്പത്തിക പ്രതിസന്ധിയും ചേര്‍ന്ന് അന്‍പത് ലക്ഷം പേര്‍ തൊഴില്‍ രഹിതരാകുന്ന സാഹചര്യമാണ് നാട്ടിലുണ്ടാക്കിയത്. ഇതിനെതിരെ ഉയര്‍ന്നുവന്ന അതിശക്തമായ പോരാട്ടത്തില്‍ ഐ എന്‍ ടി യു സി യടക്കമുള്ള ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങള്‍ അണിനിരന്നു. സെപ്തംബര്‍ 7-ന് രാജ്യവ്യാപകമായി നടന്ന ദേശീയ പണിമുടക്കില്‍ സ്വതന്ത്ര ഇന്ത്യയില്ആദ്യമായി ഐ എന്‍ ടി യു സി യും പങ്കെടുത്തു എന്നത് ശ്രദ്ധേയമാണ്. ഈ പ്രക്ഷോഭം ശക്തിപ്പെടുത്തി മുന്നോട്ട് പോകുന്നതിനാണ് ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി തയ്യാറാകുന്നത്.
സി എന്‍ ചന്ദ്രന്‍ ജനയുഗം
രണ്ടാം ഭാഗം മൂന്നാം ഭാഗം
സാര്‍വ്വദേശീയ സംഭവങ്ങള്‍, ദേശീയതലത്തില്‍ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ തുടരുന്ന ജനദ്രോഹ നയങ്ങള്‍ എന്നീ വിഷയങ്ങളെല്ലാം ഈ തിരഞ്ഞെടുപ്പില് സജീവമായി ചര്‍ച്ച ചെയ്യപ്പെടും. എല്‍ ഡി എഫിന്റെ കഴിഞ്ഞ നാലര വര്‍ഷത്തെ ജനകീയ ഭരണവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടന്ന പ്രാദേശിക വികസനങ്ങളും എന്നപോലെ മേല്‍പ്പറഞ്ഞ രണ്ട് നയങ്ങളും സമീപനങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലുമായിരിക്കും ഈ തിരഞ്ഞെടുപ്പ്.
ReplyDelete