രണ്ടു നയങ്ങളും സമീപനങ്ങളും തമ്മിലുള്ള പോരാട്ടം -3
ഒന്നാം ഭാഗം രണ്ടാം ഭാഗം
എല്ലാവര്‍ക്കും പാര്‍പ്പിടം എന്ന ലക്ഷ്യത്തോടെ ഭവന നിര്‍മ്മാണരംഗത്ത് ഇടതു ജനാധിപത്യ മുന്നണി സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ക്ക് ജനങ്ങളുടെ അകമഴിഞ്ഞ പിന്തുണയും സഹായവും നേടാന്‍ കഴിഞ്ഞിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്.
സ. എം എന്‍ ഗോവിന്ദന്‍നായരുടെ നേതൃത്വത്തില്‍ പാവപ്പെട്ടവര്‍ക്ക് നിര്‍മ്മിച്ചു നല്‍കിയ ലക്ഷം വീടുകള്‍ നവീകരിക്കുന്നതിന് എം എന്‍ ലക്ഷംവീട് പുനര്‍നിര്‍മ്മാണ പദ്ധതി നടപ്പിലാക്കി. ഭവനനിര്‍മ്മാണ ബോര്‍ഡിന്റെയും നിര്‍മ്മിതി കേന്ദ്രയുടെയും പ്രവര്‍ത്തനം കാര്യക്ഷമമാക്കി. 5 ലക്ഷം കുടുംബങ്ങള്‍ക്ക് വീട് നല്‍കുന്നതിനുള്ള സമഗ്രപദ്ധതിയായ ഇഎംഎസ് ഭവനപദ്ധതിയും സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചു. സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ആറുതവണ ഒറ്റത്തവണത്തീര്‍പ്പാക്കല്‍പദ്ധതി നടപ്പിലാക്കുകയുണ്ടായി. എറണാകുളത്തും നെടുമങ്ങാട്ടും റവന്യൂടവര്‍, നഗരത്തിന് പുറത്ത് താമസിക്കുന്ന പാവപ്പെട്ട തൊഴിലാളികള്‍ക്ക് നഗരാതിര്‍ത്തിയില്‍ കഴിയുന്നതിന് ഇന്നോവേറ്റീവ് ഹൗസിംഗ് സ്‌കീം എന്നിവ നടപ്പാക്കിയതും എല്‍ ഡി എഫ് സര്‍ക്കാരാണ്.
വനം-പ്രകൃതി സംരക്ഷണത്തിന് പ്രതിജ്ഞാബദ്ധമായ നടപടികളാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. സര്‍ക്കാരിന്റെ ശക്തമായ നടപടികള്‍മൂലം വനംകൊള്ളക്കാരുടെ അഴിഞ്ഞാട്ടം അവസാനിപ്പിക്കാനായി. ചന്ദനമാഫിയകളെയും കഞ്ചാവ് കൃഷിക്കാരെയും കര്‍ശന നടപടികളിലൂടെ ഒതുക്കാനായി. വനസംരക്ഷണത്തിന് വളരെയേറെ പ്രാധാന്യം നല്‍കിയാണ് സര്‍ക്കാര്‍ വനനയത്തിന് രൂപം നല്‍കിയത്. നമ്മുടെ മരം, ഹരിതതീരം, വഴിയോരത്തണല്‍, തെരുവിന് തണലായി തൊഴിലാളി, ഹരിത കേരളം തുടങ്ങിയ പദ്ധതികളെല്ലാം ജനകീയ പങ്കാളിത്തത്തോടെയാണ് നടപ്പിലാക്കിയത്.
പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും കര്‍ഷകരുടെ സാമ്പത്തിക നില മെച്ചപ്പെടുത്തുന്നതിനും മൃഗസംരക്ഷണ മേഖലയില്‍ സമഗ്രമായ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കി. 48 പുതിയ മൃഗാശുപത്രികള്‍ ആരംഭിച്ചു. ക്ഷീരകര്‍ഷകര്‍ക്കായി ക്ഷേമനിധി ഏര്‍പ്പെടുത്തി. 25,000 ക്ഷീരകര്‍ഷകര്‍ക്ക് 300 രൂപ വീതം പ്രതിമാസ പെന്‍ഷന്‍ അനുവദിച്ചു. പാലിന്റെ ഉല്‍പ്പാദനം ഗണ്യമായി വര്‍ദ്ധിപ്പിക്കാന്‍ ഈ നടപടികള്‍ ഇടയാക്കി. പ്രതിദിനം 50,000 ലിററര്‍ പാലിന്റെ വര്‍ദ്ധനവാണ് ഉണ്ടായത്. 25,000 കറവപ്പശുക്കളെ മറുനാട്ടില്‍നിന്ന് കേരളത്തിലെത്തിക്കാനും കഴിഞ്ഞു.
പ്രതിവര്‍ഷം അരലക്ഷം ഇറച്ചിക്കോഴികളെ വളര്‍ത്താനുള്ള പദ്ധതിയും ആരംഭിച്ചു. ചാലക്കുടിയില്‍ ഹൈടെക് മാംസോത്പാദന യൂണിറ്റ്, എറണാകുളത്ത് അന്താരാഷ്ട്ര നിലവാരത്തില്‍ സീഫുഡ് ടെസ്റ്റ് ലാബ് എന്നിവയും ആരംഭിക്കുകയാണ്. ഇതിന്റെയെല്ലാം ഫലമായി പാല്‍, മുട്ട, ഇറച്ചി ഉല്‍പ്പാദനത്തില്‍ വന്‍പുരോഗതിയാണ് നേടാനായത്.
യു.ഡി.എഫ് ഭരണകാലത്ത് ഗുണ്ടാ - മാഫിയ സംഘങ്ങളുടെ വിളയാട്ട ഭൂമിയായിരുന്നു കേരളം. ഇന്നാകട്ടെ ക്രമസമാധാനപരിപാലനത്തില്‍ ഇന്ത്യയില്‍ ഒന്നാമത്തേതാണ് സംസ്ഥാനം. ഗുണ്ടകളെയും ക്വട്ടേഷന്‍ സംഘങ്ങളെയും അടിച്ചമര്‍ത്താന്‍ ഫലപ്രദമായ നിയമംതന്നെയുണ്ടാക്കി.
അതോടൊപ്പം വര്‍ഗ്ഗീയ ശക്തിക്കള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സര്‍ക്കാര്‍ സ്വീകരിക്കുകയും ചെയ്തു. യു ഡി എഫ് ഭരണകാലത്ത് വര്‍ഗ്ഗീയ ശക്തികള്‍ അഴിഞ്ഞാടുന്ന കാഴ്ചയാണ് കേരളം കണ്ടത്. സര്‍ക്കാരിന്റെ നിലപാടുകളാണ് അതിന് വഴിയൊരുക്കിയത്. ഒന്നാം മാറാടും രണ്ടാം മാറാടും യു ഡി എഫ് ഭരണത്തിലെ ദു:ഖസ്മരണകളാണ്. വര്‍ഗ്ഗീയമായ അസ്വാരസ്യങ്ങള്‍ ഉണ്ടാക്കാന്‍പോലും ഛിദ്രശക്തികളെയും ദേശദ്രോഹശക്തികളെയും അനുവദിക്കില്ലെന്ന എല്‍ ഡി എഫ് സര്‍ക്കാരിന്റെ ഉറച്ച നിലപാട് സമാധാനപരമായ ജീവിതം ഉറപ്പാക്കി.
മതസൗഹാര്‍ദ്ദം സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധതയോടെയുള്ള നടപടികളാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്.
കഴിഞ്ഞ നാലരവര്‍ഷങ്ങള്‍ക്കിടയില്‍ ടൂറിസം രംഗത്തും വന്‍നേട്ടങ്ങളാണ് കേരളം കൈവരിച്ചത്. പതിമൂന്ന് ലക്ഷത്തോളം പേര്‍ക്ക് പ്രത്യക്ഷമായും അതിലേറെപേര്‍ക്ക് പരോക്ഷമായും തൊഴില്‍ നല്‍കാന്‍ ഇന്നീ മേഖലയ്ക്ക് കഴിയുന്നുണ്ട്.
കഴിഞ്ഞ യു ഡി എഫ് ഭരണം വന്‍ സാമ്പത്തിക പ്രതിസന്ധിയിലാണ് അവസാനിച്ചത്. പൂട്ടിക്കെട്ടിയ ട്രഷറികളും നിത്യനിദാന ചെലവുകള്‍ക്ക് പണമില്ലായ്മയും മറ്റും കാരണം ജനജീവിതമാകെ ദു:സ്സഹമാക്കി. എല്‍ ഡി എഫ് ഭരണത്തിലേറിയപ്പോള്‍ ദീര്‍ഘ വീക്ഷണത്തോടെ ബദല്‍ സംവിധാനങ്ങള്‍ ഉയര്‍ത്തിക്കൊണ്ടാണ് സാമ്പത്തിക നയത്തിന് രൂപം നല്‍കിയത്.
സേവനമേഖലക്കും അടിസ്ഥാന മേഖലക്കും സര്‍ക്കാര്‍ പ്രത്യേക പ്രാധാന്യം നല്‍കി. ആദ്യപടിയായി കോണ്‍ട്രാക്ടര്‍മാര്‍ക്കും, പെന്‍ഷന്‍കാര്‍ക്കും മറ്റും കുടിശ്ശികകളെല്ലാം കൊടുത്തുതീര്‍ത്തു. ട്രഷറിക്ക് നിയന്ത്രണമേര്‍പ്പെടുത്തുകയോ പൂട്ടുകയോ ചെയ്തില്ല. രാഷ്ട്രീയ ഇച്ഛാശക്തിയോടെ സ്വീകരിച്ച നടപടികള്‍ വരുമാനത്തില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടാക്കിയത്. വാര്‍ഷിക നികുതിയിനത്തിലും വന്‍ വര്‍ദ്ധനവുണ്ടായി. 2005-06 ല്‍ നികുതി വരുമാനം 6983 കോടിയായിരുന്നത് 2008-2010 ല്‍ 13194 കോടിയായി ഉയര്‍ന്നു. മൂല്യ വര്‍ദ്ധിത നികുതി 3321.9 കോടിയില്‍ നിന്ന് 6945.41 കോടിയായി.
സാമൂഹ്യ സുരക്ഷാ മേഖലകളില്‍ നിന്ന് പിന്‍മാറുന്ന നിലപാടായിരുന്നു യു ഡി എഫിന്. അവരുടെ ഭരണകാലത്ത് ക്ഷേമ പെന്‍ഷനുകള്‍ നാമമാത്രമായിരുന്നു. അതിലും കുടിശ്ശിക വരുത്തിയിരുന്നു. എല്‍ ഡി എഫ് ആകട്ടെ പെന്‍ഷന്‍ 110 രൂപയില്‍നിന്ന് 300 രൂപയാക്കി ഉയര്‍ത്തി. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്കും 65 വയസ്സ് കഴിഞ്ഞാല്‍ വാര്‍ദ്ധക്യകാല അലവന്‍സായി 100 രൂപ നല്‍കാനും തീരുമാനിച്ചു. മദ്രസാ അദ്ധ്യാപകര്‍ക്ക് ക്ഷേമനിധിയും പെന്‍ഷനും നടപ്പിലാക്കി. പട്ടിക ജാതി-പട്ടിക വര്‍ഗ്ഗ ജനവിഭാഗങ്ങളുടെ ക്ഷേമത്തിന് ഒട്ടേറെ പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയത്. ഇത്തരം ക്ഷേമ പ്രവര്‍ത്തനങ്ങളിലൂടെ സാമൂഹ്യ സുരക്ഷ സംരക്ഷിക്കുന്ന ദേശീയ ബദലിനാണ് കേരളും രൂപം നല്‍കിയത്.
സ്ത്രീ ശാക്തീകരണത്തിനുള്ള നടപടിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 50% സംവരണം സ്ത്രീകള്‍ക്കുവേണ്ടി നടപ്പിലാക്കിയത് ഇന്ത്യയില്‍ ആദ്യമായി കേരളത്തിലാണ്. ജനസംഖ്യയുടെ പകുതിയോളംവരുന്ന സ്ത്രീകളെ സജീവമായി പ്രവര്‍ത്തന രംഗത്തിറക്കാന്‍ ഇതിലൂടെ കഴിയുന്നു. ഇതിന്റെ സദ്ഫലങ്ങള്‍ സ്ത്രീ സമൂഹത്തെ അഭ്യുന്നതിയിലേക്ക് നയിച്ചുകൊണ്ടിരിക്കുകയാണ്.
1957 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്നപ്പോള്‍ ആരോഗ്യ- വിദ്യാഭ്യാസ മേഖലയ്ക്ക് ഊന്നല്‍ നല്‍കുന്ന വികസന കാഴ്ചപ്പാടിനായിരുന്നു രൂപം നല്‍കിയത്. കേരളത്തിന് ഈ രംഗങ്ങളില്‍ ലോക ശരാശരിയോടൊപ്പമെത്താന്‍ ഇതിലൂടെയാണ് കഴിഞ്ഞത്.
യു ഡി എഫ് ഭരണം ആരോഗ്യമേഖലയെ തകര്‍ക്കുന്ന നിലപാടാണ് സ്വീകരിച്ചുവന്നിരുന്നത്. എന്നാല്‍ എല്‍ ഡി എഫ് ആരോഗ്യ സാമൂഹ്യ ക്ഷേമ മേഖലയില്‍ വന്‍വികസനപദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്.
പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്ന തിനും പാഠ്യപദ്ധതി മെച്ചപ്പെടുത്തി പഠന നിലവാരം ഉയര്‍ത്തുന്നതിനും സര്‍ക്കാരിന് കഴിഞ്ഞു. പിന്നോക്കാവസ്ഥ നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ കൂടുതല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകള്‍ തുടങ്ങി. യു ഡി എഫ് ഭരണത്തില്‍ ഗുരുതരമായ പ്രതിസന്ധി നേരിട്ട വിദ്യാഭ്യാസ മേഖല പുന:സംവിധാനം ചെയ്യാനും മുന്നോട്ട് പോകാനും നാലു വര്‍ഷംകൊണ്ടു കേരളത്തിന് കഴിഞ്ഞു.
കുടിവെള്ളം, വൈദ്യുതി മേഖലകളില്‍ മികവാര്‍ന്ന നേട്ടങ്ങളാണ് കേരളം ഇപ്പോള്‍ കൈവരിച്ചിരിക്കുന്നത്. ജല വിനിയോഗവും സംരക്ഷണവും ഉറപ്പ് വരുത്തുന്ന ജലനയത്തിന് രൂപം നല്‍കി. 2006 മുതല്‍ ഇതുവരെ 47 വന്‍കിട പദ്ധതികളും 190 ചെറുകിട ശുദ്ധജല വിതരണ പദ്ധതികളും പൂര്‍ത്തിയാക്കി.
പവര്‍കട്ടും ലോഡ് ഷെഡിംഗും ഇല്ലാത്ത നാലര വര്‍ഷമാണ് കേരളത്തില്‍ കടന്നുപോയത്. പ്രതിസന്ധിയിലായിരുന്ന വൈദ്യുതിമേഖലയില്‍ നല്ല മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞു. വൈദ്യുതി ഉല്പാദനം വര്‍ദ്ധിപ്പിക്കാന്‍ ശ്രമകരമായ പ്രവര്‍ത്തനമാണ് നടത്തിയത്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ വൈദ്യുതി ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് ഒട്ടേറെ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുകയുണ്ടായി.
സഹകരണമേഖലയും എല്‍ ഡി എഫ് ഭരണത്തില്‍ കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുകയായിരുന്നു. സഹകരണ മേഖലയിലെ നിക്ഷേപം 20287.23 കോടിയില്‍നിന്ന് 60085.34 കോടിയായി. വിലക്കയറ്റം തടഞ്ഞു നിര്‍ത്തുന്നതില്‍ ഫലപ്രദമായ ഇടപെടലാണ് സഹകരണ മേഖല നടത്തിവരുന്നത്.
പിന്നിട്ട നാലര വര്‍ഷം ആഗോളവല്‍ക്കരണത്തിനെതിരായ ദേശീയ ബദലാണ് കേരളം ഉയര്‍ത്തിയത്. സാമൂഹ്യ സേവനമേഖലയ്ക്ക് ഊന്നല്‍ നല്‍കുന്ന, പൊതുമേഖല സംരക്ഷിക്കുകയും പൊതുനിക്ഷേപം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന രാഷ്ട്രീയ ബദല്‍ കാഴ്ചപ്പാടാണ് ഇവിടെ നടപ്പാക്കിയത്. ഉല്പാദന വര്‍ദ്ധനവിന് ഊന്നല്‍ നല്കി. ക്ഷേമ പദ്ധതികളുടെ നേട്ടങ്ങള്‍ സമൂഹത്തില്‍ എല്ലാവര്‍ക്കും ലഭിക്കുന്ന സാഹചര്യമുണ്ടായി. കേരള വികസനത്തിന്റെ സമഗ്രമായ കാഴ്ചപ്പാട് അവതരിപ്പിച്ചുകൊണ്ടാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. 1957 ല്‍ അധികാരത്തില്‍വന്ന കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റ് സാമൂഹ്യ നീതി, സമഗ്ര വികസനം എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പ്രവര്‍ത്തിച്ചത്. ഇടതു ജനാധിപത്യ മുന്നണിയും സാമൂഹ്യനീതി ഉറപ്പുവരുത്തുന്ന വികസന നയമാണ് കൈക്കൊള്ളുന്നത്. അധികാരവികേന്ദ്രീകരണത്തിനുള്ള നടപടികള്‍ ഒന്നാമത്തെ കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റ് ആരംഭിച്ചിരുന്നുെവങ്കിലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. കമ്മ്യൂണിസ്റ്റ്കാര്‍ക്ക് മുന്‍കൈയുള്ള സര്‍ക്കാറുകള്‍ അധികാരത്തില്‍ വന്നപ്പോഴെല്ലാം അധികാര വികേന്ദ്രീകരണത്തിന് ഊന്നല്‍ നല്‍കുന്ന നടപടികള്‍ കേരളത്തില്‍ സ്വീകരിച്ചിട്ടുണ്ട്. 1987 ല്‍ അധികാരത്തില്‍ വന്ന ജില്ലാ കൗണ്‍സിലും ഗ്രാമതലംവരെ അധികാര വികേന്ദ്രീകരണ നടപടികളാണ് സ്വീകരിച്ചത്. തുടര്‍ന്ന് അധികാരത്തിലെത്തിയ യു ഡി എഫ് അധികാര വികേന്ദ്രീകരണ സംവിധാനത്തെ നോക്കുകുത്തിയാക്കുകയായിരുന്നു. എന്നാല്‍ 1996 ല്‍ അധികാരത്തില്‍ വന്ന എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാര വികേന്ദ്രീകരണം അര്‍ത്ഥവത്താക്കി. ഇതോടെ ഗ്രാമ വികസനത്തിന്റെ പുതിയൊരു അദ്ധ്യായം ആരംഭിക്കുകയായിരുന്നു. 1996-2001 ഒമ്പതാം പദ്ധതിക്കാലത്ത് സംസ്ഥാന പദ്ധതിയുടെ മൂന്നില്‍ ഒന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കി. പണം നല്‍കുന്നതോടൊപ്പം അധികാരവും. ഇതേത്തുടര്‍ന്ന് വികസനത്തില്‍ ജനകീയ പങ്കാളിത്തം ഉറപ്പ് വരുത്താന്‍ കഴിഞ്ഞു.
എല്‍ ഡി എഫ് സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളെ പ്രാദേശിക സര്‍ക്കാരുകളായാണ് കണ്ടത്. അധികാര വികേന്ദ്രീകരണത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന സംസ്ഥാനത്തിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ അവാര്‍ഡ് കേരളത്തിനാണ് ലഭിച്ചത്. നാലുവര്‍ഷം കൊണ്ട് 6497 കോടി രൂപയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക വിഹിതം നല്‍കിയത്.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് രണ്ട് നയങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണ്. ജനക്ഷേമത്തിന്റെ നയമാണ് എല്‍ ഡി എഫ് ഉയര്‍ത്തിയിരിക്കുന്നതെങ്കില്‍ ജനദ്രോഹ നിലപാടിന്റെ സംരക്ഷകരായി യു ഡി എഫ് നിലകൊള്ളുന്നു. എല്‍ ഡി എഫ് മുന്നോട്ടുവയ്ക്കുന്ന നയത്തിന് ജനങ്ങളുടെ വര്‍ദ്ധിതമായ പിന്‍തുണ ലഭിക്കും എന്നതില്‍ യാതൊരു സംശയവുമില്ല. വ്യക്തമായ പരിപാടികളാണ് എല്‍ ഡി എഫ് ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുന്നത്. യു ഡി എഫ് ആകട്ടെ ജനകീയ പ്രശ്‌നങ്ങളില്‍ നിന്ന് ഒളിച്ചോടാനും വിലകുറഞ്ഞ വിവാദങ്ങള്‍ ഉണ്ടാക്കി ജനശ്രദ്ധ തിരിച്ചുവിടാനുമാണ് ശ്രമിക്കുന്നത്.
ശക്തമായ ജനമുന്നേറ്റത്തിന്റെ ചരിത്രമാവര്‍ത്തിക്കാന്‍ എല്‍ ഡി എഫ് വീണ്ടും തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോള്‍ പിന്‍ബലമേകുന്നത് കഴിഞ്ഞ നാലര വര്‍ഷത്തെ സാര്‍ത്ഥകമായ ഭരണംതന്നെയാണ്.
തിരഞ്ഞെടുപ്പു പോരാട്ടത്തില്‍ രാഷ്ട്രീയ ചൂതാട്ടത്തിനാണ് കോണ്‍ഗ്രസ്സ്, ലീഗ് ഉള്‍പ്പെടുന്ന യു ഡി എഫ് തയ്യാറാകുന്നത്. ഇടുക്കി ജില്ലയില്‍ ഇതിനകം എന്‍ ഡി എഫി നെ കോണ്‍ഗ്രസ് കൂടെനിര്‍ത്തിയിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലയില്‍ പലയിടങ്ങളിലും കോണ്‍ഗ്രസ്സിന്റെയും ലീഗിന്റെയും സഖ്യകക്ഷി ആര്‍ എസ് എസും ബി ജെ പിയുമാണ്. വര്‍ഗ്ഗീയ-തീവ്രവാദ ശക്തികള്‍ യു ഡി എഫിനൊപ്പം അണിനിരക്കുന്നു എന്നാണ് ഇത് വ്യക്തമാക്കുന്നത്. 1991 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍ എസ് എസിനെ കൂടെനിര്‍ത്തി, കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് എന്‍ ഡി എഫിനെയും ഒന്നിച്ചുനിര്‍ത്തിയാണ് എല്‍ ഡി എഫിനെ അവര്‍ നേരിട്ടത്. ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയതക്ക് മാന്യതയുടെ മുഖാവരണം അണിയിക്കുന്ന നിലപാടാണ് യു ഡി എഫ് സ്വീകരിച്ചത്.
മതസൗഹാര്‍ദ്ദവും സമാധാനവും ആഗ്രഹിക്കുന്ന കേരള ജനത യു ഡി എഫിന്റെ വര്‍ഗ്ഗീയ-തീവ്രവാദ കൂട്ടുകെട്ടിനെ പരാജയപ്പെടുത്തും എന്നത് നിസ്തര്‍ക്കമാണ്.
സി എന്‍ ചന്ദ്രന്‍ ജനയുഗം
എല്ലാവര്‍ക്കും പാര്‍പ്പിടം എന്ന ലക്ഷ്യത്തോടെ ഭവന നിര്‍മ്മാണരംഗത്ത് ഇടതു ജനാധിപത്യ മുന്നണി സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ക്ക് ജനങ്ങളുടെ അകമഴിഞ്ഞ പിന്തുണയും സഹായവും നേടാന്‍ കഴിഞ്ഞിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്.
ReplyDelete