രണ്ടു നയങ്ങളും സമീപനങ്ങളും തമ്മിലുള്ള പോരാട്ടം -2
ഒന്നാം ഭാഗം ഇവിടെ
ജനദ്രോഹ നയങ്ങള്‍ക്കെതിരെ ജനങ്ങളുടെ വളരുന്ന യോജിപ്പ് തകര്‍ക്കാനാണ് വര്‍ഗ്ഗീയ ശക്തികള്‍ ഒളിഞ്ഞും തെളിഞ്ഞും ശ്രമിക്കുന്നത്. ഭൂരിപക്ഷ - ന്യൂനപക്ഷ വര്‍ഗ്ഗീയതയെ തരാതരം പോലെ പ്രീണിപ്പിച്ച് വോട്ടു ബാങ്കുകള്‍ ഉറപ്പാക്കുന്ന പ്രതിലോമശക്തികളുടെ തന്ത്രങ്ങളായിരുന്നു അയോധ്യാ പ്രശ്‌നം അപകടകരമായ സ്ഥിതി വിശേഷങ്ങളിലെത്തിച്ചത്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ്സ് നേതൃത്വം കൈക്കൊണ്ട സമീപനങ്ങള്‍ പ്രശ്‌നത്തെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയായിരുന്നു.
സാമ്രാജ്യത്വ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി വിദേശരംഗത്തും ആഭ്യന്തര രംഗത്തും കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ സ്വീകരിക്കുന്ന നയങ്ങള്‍ ജനജീവിതം ഒന്നിനൊന്ന് പ്രയാസം നിറഞ്ഞതാക്കി. സമ്പന്നവര്‍ഗ്ഗത്തിന്റെ താല്‍പര്യം സംരക്ഷിച്ചു നടപ്പാക്കിക്കൊണ്ടിരിക്കുന്ന ആഗോളീകരണനയം നാടിന്റെ സ്വാതന്ത്ര്യവും പരമാധികാരവും അടിയറവ് വെയ്ക്കുന്ന അവസ്ഥയിലേയ്ക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ഈ നയങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നുവരുന്നത്. കേന്ദ്രം പ്രാവര്‍ത്തികമാക്കിക്കൊണ്ടിരിക്കുന്ന നയങ്ങള്‍ക്കെതിരെ ദേശീയതലത്തില്ശക്തമായ പോരാട്ടം വളര്‍ത്തിക്കൊണ്ടുവരാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉള്‍പ്പെടെയുളള ഇടത് പ്രസ്ഥാനങ്ങള്‍ മുന്‍കൈയെടുക്കുകയാണ്.
ഇതേസമയം, ആഗോളീകരണത്തിനുളള ബദല്‍ ഉയര്‍ത്തി, ഇന്ത്യയ്ക്ക് മാതൃകയായ ജനക്ഷേമ പദ്ധതികളുമായാണ് കേരളത്തില്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. എന്നാല്‍ കേരളത്തോടുള്ള കേന്ദ്ര അവഗണന തുടരുകയാണ്. റേഷന്‍ സംവിധാനം തകര്‍ക്കുന്ന രീതിയില്‍ വരുത്തിയ വെട്ടിക്കുറവ്, പൊതുമേഖല നിക്ഷേപത്തില്‍ ന്യായമായ പരിഗണന നല്‍കാതിരിക്കല്‍, ഇന്ത്യയില്‍ വിദ്യാഭ്യാസരംഗത്ത് മുന്നില്‍ നില്‍ക്കുന്നകേരളത്തിന് ഒരു ഐ ഐ ടി എന്ന ദീര്‍ഘകാല ആവശ്യം അവഗണിക്കല്‍ പ്രകൃതി ദുരന്തനിവാരണത്തിന് ആവശ്യമായ സഹായം നിഷേധിക്കല്‍, റെയില്‍വേ സോണ്‍, കോച്ച് ഫാക്ടറി, കൊച്ചി - മെട്രോ റെയില്‍ പദ്ധതികള്‍ നീട്ടിക്കൊണ്ടു പോകല്‍, പ്രവാസി രംഗത്തിന് കേരളം സമര്‍പ്പിച്ച പദ്ധതികള്‍ അംഗീകരിക്കാതിരിക്കല്‍ തുടങ്ങി അവഗണനയുടെ പട്ടിക നീണ്ടുïപോകുകയാണ്.
കേന്ദ്രം അനുവര്‍ത്തിച്ച ഇതേ ജനവിരുദ്ധ നിലപാടുകള്‍ തന്നെയായിരുന്നു കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരും പിന്‍തുടര്‍ന്നിരുന്നത്. എ കെ ആന്റണിയുടെയും അതിനുശേഷം ഉമ്മന്‍ചാണ്ടിയുടെയും നേതൃത്വത്തില്‍ വന്ന മന്ത്രിസഭകള്‍ തുടര്‍ന്ന നടപടികള്‍ ജനങ്ങളെ കണ്ണീര് കുടിപ്പിച്ചു. കേന്ദ്രം ആഗോളവല്‍ക്കരണ നയങ്ങള്‍ തുടര്‍ന്നുവരുമ്പോള്‍ ഇവിടെയും അതുതന്നെ നടപ്പാക്കാന്‍ അവര്‍ വ്യഗ്രതപൂണ്ടു. ഇതിലൂടെ ജനജീവിതവും അതോടൊപ്പം കേരളത്തിന്റെ വികസനവുമാണ് യു ഡി എഫ് ഭരണത്തില്‍ തകര്‍ത്തെറിയപ്പെട്ടത്. യു ഡി എഫ് ഭരണത്തില് 1500- ഓളം കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്.
യു ഡി എഫ് ഭരണം നിലംപരിശാക്കിയ കാര്‍ഷികമേഖലയെ സംരക്ഷിക്കാനും വന്‍ മുന്നേറ്റമുണ്ടാക്കാനും എല്ഡി എഫിന്കഴിഞ്ഞു. പദ്ധതിവിഹിതം ഉയര്‍ത്തി കാര്‍ഷികമേഖലയുടെ രക്ഷയ്ക്കും ഉല്പാദനവര്‍ദ്ധനവിനും ഉതകുന്ന ശക്തമായ നടപടികള്‍ സ്വീകരിച്ചത് എല്ഡി എഫ് സര്‍ക്കാരാണ്. ഇത് കാര്‍ഷികമേഖലയില്‍ വന്‍ കുതിച്ചുചാട്ടത്തിന് വഴിവെച്ചു. കര്‍ഷകരെ ആത്മഹത്യാ മുനമ്പില്നിന്ന് പിന്‍തിരിപ്പിക്കുന്ന നിലയില്‍ ഒട്ടേറെ ആശ്വാസപദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചു. കാര്‍ഷിക കടം പെരുകി ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കടം എഴുതിത്തള്ളി എന്നത് മാത്രമല്ല അവരുടെ കുടുംബത്തിന് 50,000 രൂപ വീതം സഹായധനമായി സംസ്ഥാന സര്‍ക്കാര്‍ നല്‍കുകയും ചെയ്തു. ഇന്ത്യക്കാകെ മാതൃകയായി നിലവില്വന്നകര്‍ഷക കടാശ്വാസകമ്മീഷന്റെ നടപടിയുടെ ഭാഗമായിരുന്നു ഇത്.
കൂടാതെ പലിശരഹിത വായ്പ നല്‍കി നെല്‍കൃഷിയെ ശക്തിപ്പെടുത്തി. നെല്ലിന് ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന സംഭരണവില നല്‍കി. എല്.ഡി. എഫ് അധികാരത്തില്‍ വരുമ്പോള്‍ 7 രൂപയായിരുന്നത് ഇപ്പോള്‍ 12 രൂപയാക്കി ഉയര്‍ത്തി. കൃഷി ഇന്‍ഷുറന്‍സിനുള്ള പുതിയ പരിപാടിയും ആവിഷ്‌ക്കരിച്ചു. 15000 ഹെക്ടര്‍ തരിശുഭൂമി കൃഷിയോഗ്യമാക്കി നെല്കൃഷി വ്യാപിപ്പിച്ചു.
പച്ചക്കറി ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ ശക്തമായ നടപടികളാണ് സ്വീകരിച്ചത്. ജൈവപച്ചക്കറി ഉല്‍പാദനത്തിന് പ്രത്യേക പരിഗണന നല്‍കി. 5000 ഹെക്ടറില്‍ ജനകീയ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കി. അധികമായി ഒരു ലക്ഷം ടണ്‍ പച്ചക്കറി ഉല്പാദനമാണ് ലക്ഷ്യം.
ഇന്ത്യയില്‍ ആദ്യമായി കര്‍ഷകര്‍ക്ക് പെന്‍ഷന്‍ നടപ്പിലാക്കിയ സംസ്ഥാനം കേരളമാണ്. 15000 കര്‍ഷകര്‍ക്ക് ഇപ്പോള്‍ പെന്‍ഷന്‍ നല്‍കുന്നുണ്ട്. ഉല്‍പാദന മേഖലയെ ശക്തിപ്പെടുത്താനും കാര്‍ഷിക മേഖലയില്‍ വന്‍ മുന്നേറ്റങ്ങള്‍ സൃഷ്ടിക്കാനും സംസ്ഥാനത്തിന് കഴിഞ്ഞു. ഇതില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം വളരെ പ്രധാനമായിരുന്നു. പൊതുവില്‍ കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കുന്ന സമീപനമാണ് എല്‍ ഡി എഫ് സ്വീകരിച്ചത്.
രണ്ടാം യു പി എ സര്‍ക്കാര്‍ അധികാരമേറ്റയുടനെ നടന്ന സംയുക്ത പാര്‍ലമെന്റ് സമ്മേളനത്തെ അഭിസംബോധന ചെയ്യവെ രാഷ്ട്രപതി ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്ന നിയമനിര്‍മ്മാണം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചു. എന്നാല്‍ ഇതുവരെയായിട്ടും ഒന്നും ചെയ്തിട്ടില്ല. പൊതുവിതരണം എന്ന തത്വം കേന്ദ്രത്തില്‍ അധികാരത്തില്‍ ഇരിക്കുന്നവര്‍ ഉപേക്ഷിച്ചിരിക്കുകയാണ്. സംഭരണ -- വിതരണ സംവിധാനം തന്നെ ഒഴിവാക്കുകയുമാണ്. രാഷ്ട്രീയ വൈരനിര്യാതനബുദ്ധിയോടെ കേരളത്തിനുള്ള റേഷന്‍ വെട്ടിക്കുറയ്ക്കാനും പരിമിതപ്പെടുത്താനുമാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചത്. 2006 മുതല്‍ കേന്ദ്രം അരിയും ഗോതമ്പും ഗണ്യമായി വെട്ടിക്കുറച്ചു. അരി ക്വാട്ടയില്‍ 86 ശതമാനമാണ് വെട്ടിക്കുറച്ചത്. ഭക്ഷ്യമന്ത്രി പലതവണ കേന്ദ്രമന്ത്രിമാരെ കണ്ട് ചര്‍ച്ചനടത്തി. മുഖ്യമന്ത്രിയുടെയും പ്രതിപക്ഷനേതാവിന്റെയും നേതൃത്വത്തില്‍ മന്ത്രിമാരും കേരളത്തിലെ എം എല്എ മാരും ജനപ്രതിനിധികളും പ്രധാനമന്ത്രിയെ കണ്ട് ആവശ്യമുന്നയിച്ച് പാര്‍ലമെന്റ് മാര്‍ച്ചും നടത്തി. കേരളത്തില് നിന്ന് 5 മന്ത്രിമാര്‍ കേന്ദ്ര കാബിനറ്റില്‍ ഉണ്ടെങ്കിലും, ഭക്ഷ്യസഹമന്ത്രി തന്നെ കേരളീയനാണെങ്കിലും വെട്ടിക്കുറച്ച റേഷന്‍ വിഹിതം പുനഃസ്ഥാപിക്കാന്‍ യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.
രാജ്യവ്യാപകമായി നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുമ്പോള്‍ വിലക്കയറ്റം തടയുന്നതിന് കേരളം മാതൃക കാട്ടുകയാണ്. നിത്യോപയോഗ സാധനങ്ങള്‍ ന്യായവിലയ്ക്ക് കമ്പോളത്തില്‍ വിതരണം ചെയ്യുന്നതിന് പ്രതിജ്ഞാബദ്ധമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു. അതിശക്തമായ പൊതുവിതരണ സംവിധാനത്തിന്റെ ഇടെപടല്‍ കാരണം ഇന്ത്യയില്‍ നിത്യോപയോഗ സാധനങ്ങള്‍ക്ക് ഏറ്റവും വിലക്കുറവുള്ള സംസ്ഥാനമായി കേരളം. സിവില്സപ്ലൈസ് കോര്‍പ്പറേഷന്റെ വിറ്റുവരവ് 701 കോടിയില് നിന്ന് 2000 കോടിയായി. പ്രതിവര്‍ഷം ഔട്ട്‌ലെറ്റുകളില്‍ എത്തിയിരുന്ന ഉപഭോക്താക്കളുടെ എണ്ണം 32 ലക്ഷത്തില്‍ നിന്ന് ഒരു കോടിയായി വര്‍ദ്ധിച്ചു. കഴിഞ്ഞ ഓണം, റംസാന്‍ ആഘോഷവേളകള്‍ വിലക്കയറ്റത്തിന്റെ പിടിയില്‍ ഞെരുങ്ങാതെ കടന്നുപോയത് ഇത്തരം നടപടികളിലൂടെയാണ്.
'വിലക്കയറ്റം നിയന്ത്രിക്കാന്‍ തന്റെ കൈയ്യില്‍ മാന്ത്രിക വടിയില്ല; കേരളം കൈക്കൊണ്ടï മാതൃക ഇതര സംസ്ഥാനങ്ങളും പിന്തുടരണം' എന്നാണ് കേന്ദ്രമന്ത്രി ചിദംബരം ലോകസഭയില്‍ പ്രസ്താവിച്ചത്.
ചില്ലറ വില്‍പന മേഖലയിലെ കുത്തകകളെ നേരിട്ട് കമ്പോളത്തില്‍ ഇടപെടാനും നിത്യോപയോഗ സാധനങ്ങള്‍ 40 ശതമാനം മുതല്‍ 70 ശതമാനം വരെ വിലകുറച്ച് വിതരണം ചെയ്യാനും കേരളത്തില്‍ കഴിഞ്ഞു.
ഒരു കിലോ അരിയ്ക്ക് 2 രൂപ നിരക്കില്‍ 25 കിലോ വീതം ഏകദേശം 42 ലക്ഷം കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചു. 600 കോടി രൂപയാണ് ഇതിനായി മാറ്റിവെച്ചത്. എന്നാല്‍ യു ഡി എഫ് ഭരണത്തില്‍ പൊതുവിതരണത്തിനായി നീക്കിവെച്ചത് 35 കോടി രൂപയാണ്. സാധാരണ ജനങ്ങളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന വിലക്കയറ്റം തടയാന്‍ സംസ്ഥാനസര്‍ക്കാര്‍ സ്വീകരിക്കുന്നനടപടികള്‍ ദേശീയ ശ്രദ്ധയാകര്‍ഷിക്കുകയാണ്.
നഷ്ടത്തിന്റെ പേരില്‍ പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റുതുലയ്ക്കുന്ന നിലപാടാണ് യു ഡി എഫ് ഭരണം സ്വീകരിച്ചത്. ചൗധരി കമ്മീഷന്‍ റിപ്പോര്‍ട്ട് ഉയര്‍ത്തിക്കാട്ടി നഷ്ടത്തിന്റെ പേര് പറഞ്ഞാണ് ഈ നിലപാടിന് അവര്‍ സന്നദ്ധമായത്. ദേശീയതലത്തില്‍ പൊതുമേഖലയെ വില്‍പന നടത്തുന്ന നടപടിയ്‌ക്കൊപ്പം കേരളവും മാറണമെന്ന് അവര്‍ തീരുമാനിച്ചു. ഈ നയത്തെ ചെറുത്തത് കമ്മ്യൂണിസ്റ്റ്പാര്‍ട്ടിയും ഇടതുപക്ഷവുമാണ്. നഷ്ടത്തിലായ പൊതുമേഖലാ വ്യവസായങ്ങള്‍ എല്‍. ഡി. എഫ് അധികാരത്തില്‍ വന്നതോടെ ലാഭത്തിലാക്കി. ഇപ്പോള്‍ 32 പൊതുമേഖലാസ്ഥാപനങ്ങള്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുകയാണ്. 2008- 2009-ല്‍169.45 കോടി രൂപയും ഈ സാമ്പത്തിക വര്‍ഷം 239.75 കോടി രൂപയും ലാഭമുണ്ടാക്കി. എട്ട് പുതിയ സ്ഥാപനങ്ങള്‍ പൊതുമേഖലയില് ആരംഭിക്കാന്‍ നടപടി സ്വീകരിക്കുകയും ചെയ്തു. നാല് വര്‍ഷത്തിനകം 1714 ചെറുകിട വ്യവസായങ്ങള്‍ ആരംഭിച്ചു. പശ്ചാത്തലസൗകര്യമൊരുക്കി നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റാന്‍ കഴിഞ്ഞതിലൂടെയാണ് ഈ നേട്ടം കൈവരിക്കാനായത്. ഒരു പൊതുമേഖലാ സ്ഥാപനവും സ്വകാര്യവല്‍ക്കരിക്കില്ല എന്നതാണ് എല്‍ ഡി എഫ് നിലപാട്. കേന്ദ്രനയങ്ങള്‍ സൃഷ്ടിക്കുന്ന പ്രതിബന്ധങ്ങള്‍ക്കിടയിലും വ്യാവസായിക രംഗത്ത് വന്‍നേട്ടം ഉണ്ടാക്കാന്‍ കേരളത്തിന് കഴിഞ്ഞു എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
തോട്ടം തൊഴിലാളി മേഖലയില്‍ പട്ടിണിമരണം നടന്ന സമയമായിരുന്നുയു.ഡി.എഫ് ഭരണകാലം. തോട്ടങ്ങള്‍ അടച്ചുപൂട്ടി, മിനിമംകൂലി ലഭിക്കാത്ത സാഹചര്യം ഉണ്ടായിരുന്നു എല്‍ ഡി എഫ് ഭരണത്തില്‍ തോട്ടങ്ങള്‍ തുറന്നു. കൂലി പുതുക്കി നിശ്ചയിച്ചു. പരമ്പരാഗത മേഖലയെ ആശ്രയിക്കുന്ന പാവപ്പെട്ടവരെ സംരക്ഷിക്കാനുളള നടപടികള്‍ സ്വീകരിച്ചു.
മത്സ്യത്തൊഴിലാളി മേഖലയില്‍ ഇന്ത്യയ്ക്കാകെ മാതൃകയാകുന്നപദ്ധതികളാണ് സംസ്ഥാനസര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചത്. കടാശ്വാസകമ്മീഷന്‍, നിര്‍ധനരായ മത്സ്യത്തൊഴിലാളികളുടെ വായ്പ എഴുതിതള്ളല്‍ തുടങ്ങി ആശ്വാസകരമായ ഒട്ടേറെ പദ്ധതികള്‍ ഈ രംഗത്ത് നടപ്പാക്കി.
കയര്‍ മേഖലയിലും നിരവധി ആശ്വാസ പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കിയത്. കടാശ്വാസ പദ്ധതി നടപ്പിലാക്കി, മിനിമംകൂലി വര്‍ദ്ധിപ്പിക്കുന്നതിനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും കഴിഞ്ഞു.
അടച്ചുപൂട്ടിയ കശുഅണ്ടി ഫാക്ടറികള്‍ തൊഴിലാളിതാല്‍പര്യം സംരക്ഷിച്ച് ഈ സര്‍ക്കാര്‍ തുറന്നു. 2009-2010-ല് 284 തൊഴില്ദിനങ്ങള്‍ നല്‍കി. തൊഴിലാളികളുടെ എണ്ണം 3800 നിന്ന് 6000 ആക്കി.
ബീഡിത്തൊഴിലാളികള്‍ക്കും ഒട്ടേറെ ആനുകൂല്യങ്ങളാണ് നല്‍കിയത്. ദിനേശ് ബീഡിയില്‍ 45 വയസ്സില്‍ പിരിയുന്നതിനും 500 രൂപ പെന്‍ഷന്‍ നല്‍കുന്നതിനുമുളള സംവിധാനമുണ്ടാക്കി.
കൈത്തറിത്തുണിത്തരങ്ങള്‍ ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്താനും ലോകാഭിരുചിക്കനുസരിച്ച് ഡിസൈനുകള്‍ മെച്ചപ്പെടുത്താനുമുളള നടപടികള്‍ സ്വീകരിച്ചു.
ചെത്ത്, പനമ്പ്, ഖാദി, ബാംബു, കരകൗശലരംഗത്ത് നവീകരണത്തിനായി ഒട്ടേറെ നടപടികള്‍ സ്വീകരിച്ചു. പരമ്പരാഗത വ്യവസായ മേഖലകളില്‍ ജോലിചെയ്യുന്നവരുടെ തൊഴില്‍സുരക്ഷ ഉറപ്പുവരുത്തുന്നതിനും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുമുളള നടപടികളായിരുന്നു ഇവയെല്ലാം. അതുപോലെ തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമായി സംസ്ഥാനത്ത് നടപ്പിലാക്കാനും സര്‍ക്കാരിന് കഴിഞ്ഞു
ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുന്നതിന് പ്രഥമ പരിഗണനയാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ നല്‍കിയത്. ഇതിനായി 50 പട്ടയ മേളകള്‍ സംഘടിപ്പിച്ചു. 1,20,300 പേര്‍ക്ക് പട്ടയം നല്‍കി. സുനാമി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ചെയ്തുതീര്‍ക്കാന്‍ കഴിഞ്ഞു. സ്ഥലമടക്കം 11,000 വീടുകള്‍ സൗജന്യമായി നല്‍കി. തീരദേശത്ത് 2.50 ലക്ഷം ജനങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാക്കുകയും 880 ചെറുകിടവ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുകയും 714 സ്‌കൂളുകളില്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. പാലങ്ങളില്ലാത്ത കടവുകളില്‍ നദിക്ക് കുറുകെ 495 ചെറിയപാലങ്ങള്‍ നിര്‍മ്മിക്കുന്നതിന് തുടക്കവുമായി. ഭൂമാഫിയയെ കര്‍ശനമായി നേരിടാനും സര്‍ക്കാരിന് കഴിഞ്ഞു. ഭൂമിയുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി ലാന്‍ഡ് ബാങ്ക് സ്ഥാപിച്ചതും ഇക്കാലത്താണ്. 14,048 ആദിവാസി സെറ്റില്‍മെന്റ് കോളനികള്‍ക്ക് കൈവശരേഖകള്‍ നല്‍കി. കണ്ണൂര്‍ ജില്ലയില്‍ ആറളം, ആലക്കോട് എന്നിവിടങ്ങളില്‍ 6000 ആദിവാസികള്‍ക്ക് ഭൂമിയുടെ അവകാശം നല്‍കി. സംസ്ഥാനത്ത് 31,000 ത്തിലധികം ആദിവാസി കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കുന്ന നടപടി പുരോഗമിക്കുന്നു. കൊല്ലം ജില്ലയില്‍ ഇത് പൂര്‍ത്തിയായി. രാജ്യത്ത് ഭൂരഹിത ആദിവാസികളില്ലാത്ത ആദ്യജില്ലയാണ് കൊല്ലം. ഇതേസമയം, മുത്തങ്ങയില്‍ ഭൂമിക്കുവേണ്ടി സമരം ചെയ്ത ആദിവാസികളെ വെടിവച്ചുകൊന്ന നയമായിരുന്നു യു ഡി എഫ് സര്‍ക്കാരിന്റേത്. വനാവകാശനിയമത്തിന്റെ ഭാഗമായി 10,000 ത്തോളം വനാവകാശ രേഖ അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കി. ഇടുക്കിയില്‍ കയ്യേറ്റം ഒഴിപ്പിച്ച് 1044 പേര്‍ക്ക് ഭൂമി നല്‍കുകയും ചെയ്തു. കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചതിലൂടെ 13672 ഏക്കര്‍ ഭൂമി സര്‍ക്കാരിന്റെ കയ്യില്‍ നിന്ന് ഭൂരഹിതര്‍ക്ക് നല്‍കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്.
തൃശൂര്‍, എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ 1977 ജനുവരി 1 ന് മുമ്പ് കുടിയേറിയ മലയോര കര്‍ഷകരുടെ 28,558 ഹെക്ടര്‍ഭൂമിക്ക് ഉപാധികളോടെയുള്ള പട്ടയമാണ് യൂ ഡി എഫിന്റെ കാലത്തുണ്ടായിരുന്നത്. എന്നാല്‍ കൃഷിക്കാരുടെ ചിരകാല സ്വപ്നം പൂവണിയുന്ന ഉപാധിരഹിതപട്ടയം നല്‍കാന്‍ തീരുമാനിച്ചത് എല്‍ ഡി എഫ് സര്‍ക്കാരാണ്. കോണ്‍ഗ്രസ് - കേരളകോണ്‍ഗ്രസ് (എം) നടത്തിയ കര്‍ഷക ദ്രോഹ നടപടി അവസാനിപ്പിക്കാന്‍ ഈ നീക്കത്തിലൂടെ സര്‍ക്കാരിന് കഴിഞ്ഞു.
സി എന്‍ ചന്ദ്രന്‍ ജനയുഗം
മൂന്നാം ഭാഗം
ജനദ്രോഹ നയങ്ങള്‍ക്കെതിരെ ജനങ്ങളുടെ വളരുന്ന യോജിപ്പ് തകര്‍ക്കാനാണ് വര്‍ഗ്ഗീയ ശക്തികള്‍ ഒളിഞ്ഞും തെളിഞ്ഞും ശ്രമിക്കുന്നത്. ഭൂരിപക്ഷ - ന്യൂനപക്ഷ വര്‍ഗ്ഗീയതയെ തരാതരം പോലെ പ്രീണിപ്പിച്ച് വോട്ടു ബാങ്കുകള്‍ ഉറപ്പാക്കുന്ന പ്രതിലോമശക്തികളുടെ തന്ത്രങ്ങളായിരുന്നു അയോധ്യാ പ്രശ്‌നം അപകടകരമായ സ്ഥിതി വിശേഷങ്ങളിലെത്തിച്ചത്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ്സ് നേതൃത്വം കൈക്കൊണ്ട സമീപനങ്ങള്‍ പ്രശ്‌നത്തെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയായിരുന്നു.
ReplyDelete