കട്ടപ്പന: വിശേഷങ്ങള്‍ ഏറെയുള്ള കോഴിമല രാജ്യത്തെ ജനങ്ങള്‍ ഉത്സവഛായയിലാണ്. തദ്ദേശ ഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് രാജസ്ഥാനത്തെ ആദിവാസി സമൂഹം. ഇ എം എസ് ഭവന പദ്ധതിയിലൂടെ കുടിയിലെ എല്ലാ ആദിവാസി കുടുംബങ്ങള്‍ക്കും വീട് ലഭിച്ചു എന്നത് ജനാധിപത്യത്തില്‍ തങ്ങള്‍ക്കുള്ള അംഗീകാരമാണെന്ന് കോഴിമലരാജാവും പ്രജകളും ഒരേ സ്വരത്തില്‍ പറയുന്നു. അതുകൊണ്ടുതന്നെ ഈ തിരഞ്ഞെടുപ്പിലും തങ്ങളുടെ മനസ്സ് ഇടതുമുന്നണിക്കൊപ്പമാണെന്ന് രാജാവ് അരിയാന്‍ രാജമന്നാന്‍.
രാജാവും മന്ത്രിമാരും പൊലീസും കുറ്റവാളികളും എല്ലാമുണ്ട് ഈ രാജ്യത്ത്. കാനേഷുമാരി നടത്താറില്ലെങ്കിലും രാജാവിന് അറിയാം പ്രജകള്‍ അമ്പതിനായിരത്തിലധികം വരുമെന്ന്. നാല്‍പ്പത്തിയാറ് പുത്രികാ രാജ്യങ്ങളിലായി (കുടികള്‍) ഏഴായിരത്തോളം കുടുംബങ്ങളാണുള്ളത്. സമ്പൂര്‍ണ്ണ സാക്ഷരതയൊന്നും അവകാശപ്പെടുന്നില്ല. അതുകൊണ്ടു തന്നെ രാജകല്‍പ്പനയത്രയും വാമൊഴികളിലാണ് ജനങ്ങളെ അറിയിക്കുന്നത്. എന്നാല്‍ ഭക്ഷ്യോല്‍പ്പാദനത്തില്‍ ഈ രാജ്യം സ്വയം പര്യാപ്തമാണ്. ജനങ്ങള്‍ക്ക് സ്വകാര്യ സ്വത്ത് പാടില്ല. ഇതൊരു പൂര്‍ണ്ണ സോഷ്യലിസ്റ്റ് രാജ്യമാണ്.
ഏത് ഭൂഖണ്ഡത്തിലാണ് ഈ രാജ്യമെന്ന ആശയക്കുഴപ്പം വേണ്ട. ഇടുക്കി ജില്ലയിലെ കട്ടപ്പനയില്‍ നിന്നും പതിനെട്ട് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കോഴിമല രാജ്യത്തെത്താം. കാഞ്ചിയാര്‍ പഞ്ചായത്തിലാണ് ഈ ആദിവാസി രാജ്യം. രാജാവിന്റെ പേര് അരിയാന്‍ രാജമന്നാന്‍. കേരളത്തിലെ മുപ്പത്തലഞ്ചിലധികം വരുന്ന ആദിവാസി വര്‍ഗങ്ങളിലൊന്നായ മന്നാന്‍ സമുദായത്തിന്റെ രാജസ്ഥാനമാണിത്. സ്വസമുദായാംഗങ്ങള്‍ക്കിടയില്‍ സര്‍വ്വവിധ അധീശാധികാരങ്ങളുമുണ്ട് ഈ രാജാവിന്. ഭരണ നിര്‍വ്വഹണത്തിനായി മന്ത്രിമുഖ്യനും 8 മന്ത്രിമാരും 'തണ്ടക്കാരന്‍' എന്ന പൊലീസ് സേനയും രാജാവിനുണ്ട്. നിലവിലെ രാജാവിന്റെ പ്രായം 27 വയസ് മാത്രം. പക്ഷെ ഒരു സങ്കടം മാത്രം. രാജാവിന് കൊട്ടാരമില്ല. മുരിക്കാട്ടുകുടിയില്‍ കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്ത് നിര്‍മ്മിച്ചു നല്‍കിയ വീട്ടിലാണ് ആടയാഭരണങ്ങളുടെ വര്‍ണ്ണപകിട്ടില്ലാതെ രാജാവ് അധിവസിക്കുന്നത്. എന്നാല്‍ രാജാവിന് സ്വന്തമായി മൊബൈല്‍ ഫോണുണ്ട്.
തൃശൂര്‍ ജില്ലയിലെ അറയ്ക്കപ്പായം മുതല്‍ ഇടുക്കിയിലെ കുമളിവരെയുള്ള വനമേഖലയിലായി കിടക്കുന്ന ഈ മന്നാന്‍ രാജ്യത്തെ വീണ്ടും നാലായി തിരിച്ചാണ് ഭരണം. തെക്കോട്, നടുക്കുളം, ആത്താല്‍ഒരുപുറം, ചെങ്കനാട്ട് മല എന്നിങ്ങനെയാണ് വിഭജനം.
സമുദായത്തിന്റെ കൂട്ടായ്മ സംരക്ഷിക്കുക, തനത് ആചാരങ്ങളെയും കലകളെയും സംരക്ഷിക്കുക അവകാശങ്ങള്‍ നേടിയെടുക്കാന്‍ സമ്മര്‍ദ്ദങ്ങള്‍ ചെലുത്തുക എന്നിവയില്‍ ഒതുങ്ങിയിരിക്കുകയാണ് ജനാധിപത്യത്തില്‍ രാജാധികാരം. നിലനില്‍പ്പിനായി പോരാടുന്ന സമൂഹത്തെ മുന്നില്‍ നിന്ന് നയിക്കുകയെന്ന ഉത്തരവാദിത്വം അരിയാന്‍ രാജമന്നാന്‍ ഏറ്റെടുത്തത് 2007-ലാണ്. മരുമക്കത്തായം പിന്‍തുടരുന്ന സമുദായത്തില്‍ അന്നത്തെ രാജാവ് തേവന്‍ രാജമന്നാന്റെ മരണശേഷമായിരുന്നു അധികാരം അരിയാനിലെത്തിയത്.
ഇടതുപക്ഷ സര്‍ക്കാരിന്റെ ഭരണത്തിന്‍കീഴില്‍ ആദിവാസി സമൂഹത്തിന് ഏറെ നേട്ടങ്ങളുണ്ടായി. ഇക്കോ ഡവലപ്‌മെന്റ് കമ്മറ്റികളിലൂടെ കാടിന്റെയും വനവിഭവങ്ങളുടെയും സംരക്ഷണവും സര്‍ക്കാര്‍ ആദിവാസികളെ ഏല്പിക്കുകയായിരുന്നു. ഇതിലൂടെ ഒരു വരുമാനമാര്‍ഗ്ഗമാണ് ആദിവാസികള്‍ക്കുണ്ടായത്. ഇടുക്കി ജലാശയത്തില്‍ നിന്നും മീന്‍പിടിക്കുന്നതിനുള്ള അവകാശം ആദിവാസികള്‍ക്ക് നല്‍കിയതും നേട്ടമായി.
സൗജന്യറേഷന്‍ മുടക്കംകൂടാതെ എത്തിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞുവെന്നും കുടുംബശ്രീ പ്രവര്‍ത്തനംമൂലം ഏറ്റവുമധികം ഗുണമുണ്ടായത് ആദിവാസി സമൂഹത്തിനാണെന്നും ആദിവാസിജനത ചൂണ്ടിക്കാട്ടുന്നു. വിദ്യാഭ്യാസരംഗത്ത് ഏറെ മുന്നേറാനും നിരവധി പേര്‍ക്ക് സര്‍ക്കാര്‍ ജോലികളിലേക്ക് എത്തിപ്പെടാനും ഇക്കാലത്ത് കഴിഞ്ഞു.
മന്നാന്‍ സമുദായത്തിന്റെ രാജസ്ഥാനമായ കോഴിമല പ്രദേശം ഉള്‍പ്പെടുന്ന കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്തില്‍ എല്‍ഡിഎഫ് ഭരണസമിതിയാണ് അധികാരത്തിലുണ്ടായിരുന്നത്. ഇക്കുറിയും അതിന് മാറ്റംവരില്ലെന്നാണ് ത്രിതല പഞ്ചായത്തിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥികള്‍ക്ക് രാജാവും പ്രജകളും നല്‍കുന്ന ഉറപ്പ്.
പി കെ അജേഷ് janayugom 121010
വിശേഷങ്ങള്‍ ഏറെയുള്ള കോഴിമല രാജ്യത്തെ ജനങ്ങള്‍ ഉത്സവഛായയിലാണ്. തദ്ദേശ ഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് രാജസ്ഥാനത്തെ ആദിവാസി സമൂഹം. ഇ എം എസ് ഭവന പദ്ധതിയിലൂടെ കുടിയിലെ എല്ലാ ആദിവാസി കുടുംബങ്ങള്‍ക്കും വീട് ലഭിച്ചു എന്നത് ജനാധിപത്യത്തില്‍ തങ്ങള്‍ക്കുള്ള അംഗീകാരമാണെന്ന് കോഴിമലരാജാവും പ്രജകളും ഒരേ സ്വരത്തില്‍ പറയുന്നു. അതുകൊണ്ടുതന്നെ ഈ തിരഞ്ഞെടുപ്പിലും തങ്ങളുടെ മനസ്സ് ഇടതുമുന്നണിക്കൊപ്പമാണെന്ന് രാജാവ് അരിയാന്‍ രാജമന്നാന്‍.
ReplyDelete