Wednesday, November 10, 2010

ലോട്ടറി: കേരളത്തിന്റെ വാദം കേന്ദ്രം ശരിവച്ചു

ഭൂട്ടാന്‍ ലോട്ടറിക്കെതിരായ കേരളത്തിന്റെ വാദം ഒടുവില്‍ കേന്ദ്രസര്‍ക്കാര്‍ ശരിവച്ചു. ലോട്ടറി വിഷയത്തില്‍ 2004 മുതല്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് അയക്കുന്ന കത്തുകള്‍ക്ക് ആദ്യമായി കഴിഞ്ഞ തിങ്കളാഴ്ച മറുപടി ലഭിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഡയറക്ടര്‍ നീരജ് കന്‍സലില്‍ നിന്ന് തിങ്കളാഴ്ച നികുതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി മാരപാണ്ഡ്യന് ലഭിച്ച കത്ത് (വി-17014/1/2010-സിഎസ്ആര്‍), ലോട്ടറി വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ വാദങ്ങള്‍ പൂര്‍ണമായും ശരിവയ്ക്കുന്നതാണ്. കഴിഞ്ഞ ആഗസ്ത് 18ന് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച രേഖകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്രം മറുപടി അയച്ചത്.

സംസ്ഥാനസര്‍ക്കാര്‍ ഉന്നയിച്ച വാദങ്ങള്‍ അംഗീകരിച്ച്, ഭൂട്ടാന്‍ സര്‍ക്കാരില്‍നിന്ന് വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണെന്ന് കേന്ദ്രത്തിന്റെ കത്തില്‍ പറയുന്നു. ഭൂട്ടാന്‍ സര്‍ക്കാരും ഇന്ത്യയിലെ വിതരണ ഏജന്‍സിയും തമ്മിലുള്ള കരാറില്‍ ചില വകുപ്പുകള്‍ 2010 ഏപ്രില്‍ ഒന്നിന് നിലവില്‍ വന്ന ലോട്ടറി നിയന്ത്രണ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഇത് തിരുത്തേണ്ടതുണ്ടെന്നും കത്തിലുണ്ട്. ഭൂട്ടാന്‍ ലോട്ടറിയുടെ ചില പദ്ധതികളും ലോട്ടറി നിയന്ത്രണ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. ഇവ ഭൂട്ടാന്‍ സര്‍ക്കാരും വില്‍പ്പന നടത്തുന്ന ഏജന്റും തമ്മിലുള്ള കരാറില്‍നിന്ന് നീക്കണം. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള പ്രസുകളില്‍ അല്ല ഭൂട്ടാന്‍ ലോട്ടറി ടിക്കറ്റുകള്‍ അച്ചടിക്കുന്നത്. ഇത് തിരുത്തണം. ഒന്ന്, രണ്ട്, മൂന്ന് അക്ക ലോട്ടറികള്‍ ലോട്ടറി നിയന്ത്രണ ചട്ടങ്ങള്‍ അനുസരിച്ച് നിരോധിച്ചിട്ടുള്ളതാണ്. ഇതും ശ്രദ്ധിക്കണം. ദിനംപ്രതിയുള്ള നറുക്കെടുപ്പുകള്‍ക്കും നിയന്ത്രണമുണ്ട് എന്നാല്‍, ഭൂട്ടാന്‍ലോട്ടറി കൂടുതല്‍ നറുക്കെടുപ്പുകള്‍ നടത്തുന്നുണ്ട്. ഇത് തിരുത്തണം. ഭൂട്ടാന്‍ സര്‍ക്കാര്‍ അധികാരപ്പെടുത്തിയതിനേക്കാളധികം ലോട്ടറികള്‍ പലപ്പോഴും അച്ചടിക്കുന്നുണ്ട്. ഇത് പരിശോധിക്കണം. ഭൂട്ടാന്‍ ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം മറ്റ് ലോട്ടറികള്‍ക്ക് ഒപ്പമല്ലാതെ പ്രത്യേകമായി പ്രസിദ്ധീകരിക്കണം. ഇത് പരിശോധിച്ച് തിരുത്തേണ്ടതാണ്. ഭൂട്ടാന്‍ ലോട്ടറി നറുക്കെടുപ്പ് തെറ്റായ രീതിയിലാണ് നടക്കുന്നതെന്ന കാര്യവും പരിശോധിക്കണം. വിദേശ മന്ത്രാലയവും ഭൂട്ടാന്‍ അംബാസഡറും തമ്മിലാണ് ലോട്ടറിക്കാര്യത്തില്‍ ചര്‍ച്ച നടത്തിയത്. ലോട്ടറി നടത്തിപ്പിലെ ചില വസ്തുതകള്‍ ഭൂട്ടാന്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ കൊടുത്ത കേസിന്റെ കാര്യവും അറിയിച്ചതായി കത്തില്‍ പറയുന്നു.
(അഞ്ജുനാഥ്)

ദേശാഭിമാനി 101110

1 comment:

  1. ഭൂട്ടാന്‍ ലോട്ടറിക്കെതിരായ കേരളത്തിന്റെ വാദം ഒടുവില്‍ കേന്ദ്രസര്‍ക്കാര്‍ ശരിവച്ചു. ലോട്ടറി വിഷയത്തില്‍ 2004 മുതല്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് അയക്കുന്ന കത്തുകള്‍ക്ക് ആദ്യമായി കഴിഞ്ഞ തിങ്കളാഴ്ച മറുപടി ലഭിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഡയറക്ടര്‍ നീരജ് കന്‍സലില്‍ നിന്ന് തിങ്കളാഴ്ച നികുതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി മാരപാണ്ഡ്യന് ലഭിച്ച കത്ത് (വി-17014/1/2010-സിഎസ്ആര്‍), ലോട്ടറി വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ വാദങ്ങള്‍ പൂര്‍ണമായും ശരിവയ്ക്കുന്നതാണ്. കഴിഞ്ഞ ആഗസ്ത് 18ന് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച രേഖകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്രം മറുപടി അയച്ചത്.

    ReplyDelete