Wednesday, November 10, 2010

ഒബാമയുടെ സന്ദര്‍ശനവും പതിയിരിക്കുന്ന അപകടങ്ങളും

അത്യാകര്‍ഷകമായ പ്രഭാഷണശൈലിയുടെ ഉടമ മാത്രമല്ല, ഒന്നാംതരം കച്ചവടക്കാരനുമാണ് താനെന്ന് തെളിയിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് ഇന്ത്യാ സന്ദര്‍ശനവേളയില്‍ കഴിഞ്ഞു. കഴിവുള്ള കച്ചവടക്കാരന്റെ വിലപേശല്‍ തന്ത്രെമല്ലാം ഇന്ത്യയോട് പ്രയോഗിച്ച ഒബാമ അതില്‍ നല്ല വിജയം നേടുകയും ചെയ്തു. മൂന്നു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ ലക്ഷ്യങ്ങള്‍ ഒബാമ മറച്ചുവെച്ചിരുന്നില്ല. അക്കാര്യത്തില്‍ അദ്ദേഹം സത്യസന്ധത കാണിച്ചുവെന്നു സമ്മതിക്കണം. ഇന്ത്യയുടെ വിപണി അമേരിക്കയ്ക്ക് തുറന്നുതരണം, അമേരിക്കയില്‍ ഇന്ത്യയുടെ നിക്ഷേപം (ഇന്ത്യയിലെ വന്‍കിട മുതലാളിമാരുടെ) വര്‍ധിപ്പിക്കണം. അമേരിക്കയുടെ ദേശീയതാല്‍പര്യങ്ങള്‍ക്കനുരോധമായി ഇന്ത്യയുടെ വിദേശനയം മാറ്റണം. ഈ ലക്ഷ്യങ്ങള്‍ നേടാനുള്ള ദൗത്യവുമായാണ് ഒബാമ ഇന്ത്യയിലെത്തിയത് എന്ന് സന്ദര്‍ശനം വ്യക്തമാക്കി.

അമേരിക്ക സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കഴിയാതെ പെടാപാടുപെടുകയാണ്. ഇതിന്റെ പ്രത്യക്ഷ തെളിവാണ് വര്‍ധിച്ചുവരുന്ന അമേരിക്കയിലെ തൊഴിലില്ലായ്മ. ലക്ഷക്കണക്കിനു തൊഴിലാളികള്‍ക്ക് സാമ്പത്തിക പ്രതിസന്ധിയില്‍ തൊഴില്‍ നഷ്ടപ്പെട്ടു. ലക്ഷം കോടി ഡോളറോളം ചെലവഴിച്ച രക്ഷാ പാക്കേജുകള്‍ അമേരിക്കന്‍ കമ്പനികളെ പ്രതിസന്ധിയില്‍ നിന്നും പൂര്‍ണമായി രക്ഷിച്ചില്ല. ഇതിലുള്ള ജനങ്ങളുടെ പ്രതിഷേധം പ്രതിനിധിസഭയിലേയ്ക്കും സെനറ്റിലേയ്ക്കും നടന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ അമേരിക്കയിലെ ജനങ്ങള്‍ പ്രകടിപ്പിച്ചു. ഒബാമയുടെ ഡമോക്രാറ്റിക് പാര്‍ട്ടിക്ക് കനത്ത തിരിച്ചടി ഏറ്റു. അമേരിക്കന്‍ സമ്പദ്ഘടനയ്ക്ക് ഉത്തേജനം നല്‍കാനും തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും അമേരിക്കയിലെ കമ്പനികള്‍ക്ക് പുതിയ ഓര്‍ഡറുകള്‍ വേണം. അവയുടെ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യ വന്‍തോതില്‍ വാങ്ങിക്കണം. ഒബാമ ഇന്ത്യയില്‍ കാലുകുത്തിയ അന്നു തന്നെ 44,000 കോടി രൂപയുടെ കരാറാണ് മുംബൈയില്‍ ഒപ്പുവെച്ചത്. അതുവഴി അമേരിക്കയില്‍ പുതുതായി അരലക്ഷം പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്ന് ഒബാമ തന്നെ പറഞ്ഞു. അമേരിക്കയില്‍ വന്‍തോതില്‍ മൂലധന നിക്ഷേപത്തിനു ഇന്ത്യയിലെ വന്‍കിട വ്യവസായികള്‍ സമ്മതിക്കുകയും ചെയ്തു. ഇപ്പോള്‍ തന്നെ അമേരിക്കയിലെ വിദേശ നിക്ഷേപത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തിയിട്ടുണ്ട്. ഇന്ത്യന്‍ മുതലാളിമാരുടെ മൂലധനനിക്ഷേപം അമേരിക്കയില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും. ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയില്‍ അമേരിക്കയില്‍ നിന്നും കൂടുതല്‍ ആയുധങ്ങളും പ്രതിരോധ സാമഗ്രികളും വാങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ സമ്മതിക്കുകയും ചെയ്തു. 22,000 ത്തില്‍പരം കോടി രൂപയുടെ ഇടപാടുകള്‍ക്കാണ് രൂപം നല്‍കിയത്. അതുവഴി കാല്‍ലക്ഷം തൊഴില്‍ അവസരങ്ങള്‍ അമേരിക്കയില്‍ സൃഷ്ടിക്കപ്പെടും. ആണവ കരാറിന്റെ തുടര്‍ച്ചയായി കോടാനുകോടി രൂപയുടെ ആണവ റിയാക്ടറുകള്‍ അമേരിക്കയില്‍ നിന്നു വാങ്ങാനും ധാരണയായിട്ടുണ്ട്. ന്യൂക്ലിയര്‍ സപ്ലൈയേഴ്‌സ് ഗ്രൂപ്പില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തുന്നതിനുള്ള ഉപാധിയായാണ് അമേരിക്കയില്‍ നിന്നും വന്‍തോതില്‍ റിയാക്ടറുകള്‍ വാങ്ങുന്നത്. പല രാജ്യങ്ങളും ആണവ നിലയങ്ങള്‍ പ്രോത്സാഹിപ്പിക്കാത്തതുമൂലം കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി അമേരിക്കയിലെ റിയാക്ടര്‍ നിര്‍മാതാക്കള്‍ക്ക് പുതിയ ഓര്‍ഡറുകള്‍ ലഭിക്കുന്നില്ല. അവിടെ കെട്ടിക്കിടക്കുന്ന റിയാക്ടറുകള്‍ക്കുള്ള വിപണിയായി ഇന്ത്യ മാറുകയാണ്. ആണവ കരാറുകൊണ്ട് ഇന്ത്യയ്ക്ക് പൂര്‍ണ പ്രയോജനം ലഭിക്കണമെങ്കില്‍ ഇന്ധന പുനസംസ്‌കരണ സാങ്കേതികവിദ്യ കൈമാറണം. ഇക്കാര്യത്തില്‍ ഒരു ഉറപ്പും ഒബാമ നല്‍കിയിട്ടില്ല.
അമേരിക്കയിലെ ബഹുരാഷ്ട്ര കമ്പനികള്‍ കണ്ണുവെയ്ക്കുന്ന മേഖലകളാണ് ചില്ലറ വ്യാപാരവും ബാങ്കിംഗ്, ഇന്‍ഷ്വറന്‍സ് രംഗങ്ങളും കൃഷിയും. വാള്‍മാര്‍ട്ട് പോലുള്ള ബഹുരാഷ്ട്ര കമ്പനികള്‍ക്കായി ചില്ലറ വ്യാപാരം പര്‍ണമായി തുറന്നുകൊടുക്കണമെന്ന അമേരിക്കയുടെ ആവശ്യത്തോട് യു പി എ സര്‍ക്കാര്‍ അനുഭാവ പൂര്‍ണമായ സമീപനമാണ് സ്വീകരിച്ചത്. ബാങ്കിംഗ്, ഇന്‍ഷ്വറന്‍സ് മേഖലകളും ഇന്ത്യ തുറന്നുകൊടുക്കും. അമേരിക്കന്‍ വിത്തു കമ്പനികള്‍ക്കായി ഇന്ത്യന്‍ കാര്‍ഷിക രംഗത്തെ സമര്‍പ്പിക്കുവാനും പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് സമ്മതം മൂളിയിട്ടുണ്ട്.

അമേരിക്കയില്‍ കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുന്നതിനാവശ്യമായതെല്ലാം ചെയ്തു കൊടുക്കാന്‍ യു പി എ സര്‍ക്കാര്‍ സമ്മതിച്ചപ്പോള്‍, നമ്മുടെ ഐ ടി മേഖലയ്ക്ക് കനത്ത ആഘാതം ഏല്‍പിക്കുന്ന പുറം ജോലി കരാര്‍ നിരോധനത്തിന്റെ കാര്യത്തില്‍ ഒരു ഉറപ്പും നല്‍കാന്‍ ഒബാമ തയ്യാറായില്ല. ഒബാമയില്‍ നിന്നും ഇതുസംബന്ധിച്ച വാഗ്ദാനം നേടാന്‍പോലും യു പി എ സര്‍ക്കാരിനു കഴിഞ്ഞില്ല.

യു എന്‍ രക്ഷാ സമിതിയില്‍ സ്ഥിരാംഗത്വം നേടാനുള്ള ഇന്ത്യയുടെ ശ്രമത്തിനു പിന്തുണ നല്‍കുമെന്ന വാഗ്ദാനം ഇന്ത്യയുടെ വന്‍നേട്ടമായാണ് വ്യാഖ്യാനിക്കപ്പെടുന്നത്. ഈ വാഗ്ദാനം തന്നെ ഉപാധികളോടെയുള്ളതാണെന്ന യാഥാര്‍ഥ്യം പലരും വിസ്മരിക്കുന്നു. ഇപ്പോള്‍ രക്ഷാ സമിതിയില്‍ ഇന്ത്യയ്ക്ക് താല്‍ക്കാലിക അംഗത്വമുണ്ട്. രണ്ടു വര്‍ഷമാണ് കാലാവധി. ഈ കാലയളവിലെ ഇന്ത്യയുടെ പ്രകടനം നോക്കിയായിരിക്കും
സ്ഥിരാംഗത്വത്തിനുള്ള യോഗ്യത തീരുമാനിക്കുക എന്നാണ് ഒബാമ സൂചിപ്പിച്ചത്. ഇറാന് എതിരായ ഉപോരോധത്തില്‍ ഇന്ത്യ പങ്കാളിയാവണമെന്നത് ഒരു ഉപാധിയായിതന്നെ ഒബാമ ഉന്നയിച്ചു. അഫ്ഗാനിസ്ഥാനിലെ ഇന്ത്യയുടെ പങ്കാളിത്തമാണ് മറ്റൊരു ഉപാധി. അമേരിക്കയും നാറ്റോയും ഇപ്പോള്‍ അഫാഗാനിസ്ഥാനില്‍ വെള്ളം കുടിക്കുകയാണ്. അവരോടൊപ്പമുള്ള ഇന്ത്യയുടെ സൈനിക സാന്നിധ്യമാണ് അമേരിക്ക ലക്ഷ്യംവെയ്ക്കുന്നത് എന്ന് വ്യക്തം.

മുംബൈ ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരണമെന്നും പാകിസ്ഥാന്റെ മണ്ണ് ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കരുതെന്നും പറഞ്ഞത് ഇന്ത്യയുടെ നിലപാടിനുള്ള അംഗീകാരമാണ്. എന്നാല്‍ ഇക്കാര്യങ്ങളില്‍ ഒബാമയുടെ വാക്കും പ്രവര്‍ത്തിയും തമ്മില്‍ വലിയ അന്തരമുണ്ട്. മുംബൈ ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരണമെന്ന പ്രഖ്യാപനത്തില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ ആക്രമണത്തിന്റെ സൂത്രധാരരിലൊരാളായ ഹെഡ്‌ലിയെ വിചാരണ ചെയ്യാന്‍ ഇന്ത്യയ്ക്കു വിട്ടുതരാന്‍ സമ്മതിക്കേണ്ടതാണ്.
മ്യാന്‍മാറിലെ മനുഷ്യാവകാശ ലംഘനങ്ങളെയും ജനാധിപത്യ വിരുദ്ധ ഭരണത്തെയും ഇന്ത്യ എതിര്‍ക്കുന്നില്ലെന്നു പറഞ്ഞ ഒബാമ, പക്ഷേ പലസ്തീന്‍ ജനതയ്ക്ക് എതിരെ ഇസ്രായേല്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് മിണ്ടിയില്ല. ഇറാഖില്‍ പതിനായിരക്കണക്കിനു മനുഷ്യരെ കൊന്നുതള്ളുകയും അതിപുരാതനമായ ആ രാജ്യത്തെ തകര്‍ക്കുകയും ചെയ്തതുവഴി ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനം നടത്തിയ രാജ്യത്തിന്റെ തലവനാണ് ലോകത്താകെ മനുഷ്യാവകാശ സംരക്ഷകനായി ചമയുന്നത്.

ഒബാമയുടെ സന്ദര്‍ശനം അദ്ദേഹത്തിനും അമേരിക്കയ്ക്കും നല്ല നേട്ടമാണ്. ഇന്ത്യയ്ക്ക് ലഭിച്ചത് കുറേ വാഗ്ദാനങ്ങള്‍ മാത്രം. അമേരിക്കയുടെ ആഗോള ആധിപത്യ പദ്ധതിയില്‍ ഇന്ത്യ പങ്കാളിയാവുന്നതിന്റെ വ്യക്തമായ ചുവടുവെയ്പ്പാണ് ഈ സന്ദര്‍ശനം. ഇതിന്റെ അപകടങ്ങള്‍ വരും നാളുകളില്‍ വ്യക്തമാകും.

ജനയുഗം മുഖപ്രസംഗം 101110

1 comment:

  1. അത്യാകര്‍ഷകമായ പ്രഭാഷണശൈലിയുടെ ഉടമ മാത്രമല്ല, ഒന്നാംതരം കച്ചവടക്കാരനുമാണ് താനെന്ന് തെളിയിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് ഇന്ത്യാ സന്ദര്‍ശനവേളയില്‍ കഴിഞ്ഞു. കഴിവുള്ള കച്ചവടക്കാരന്റെ വിലപേശല്‍ തന്ത്രെമല്ലാം ഇന്ത്യയോട് പ്രയോഗിച്ച ഒബാമ അതില്‍ നല്ല വിജയം നേടുകയും ചെയ്തു. മൂന്നു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ ലക്ഷ്യങ്ങള്‍ ഒബാമ മറച്ചുവെച്ചിരുന്നില്ല. അക്കാര്യത്തില്‍ അദ്ദേഹം സത്യസന്ധത കാണിച്ചുവെന്നു സമ്മതിക്കണം. ഇന്ത്യയുടെ വിപണി അമേരിക്കയ്ക്ക് തുറന്നുതരണം, അമേരിക്കയില്‍ ഇന്ത്യയുടെ നിക്ഷേപം (ഇന്ത്യയിലെ വന്‍കിട മുതലാളിമാരുടെ) വര്‍ധിപ്പിക്കണം. അമേരിക്കയുടെ ദേശീയതാല്‍പര്യങ്ങള്‍ക്കനുരോധമായി ഇന്ത്യയുടെ വിദേശനയം മാറ്റണം. ഈ ലക്ഷ്യങ്ങള്‍ നേടാനുള്ള ദൗത്യവുമായാണ് ഒബാമ ഇന്ത്യയിലെത്തിയത് എന്ന് സന്ദര്‍ശനം വ്യക്തമാക്കി.

    ReplyDelete