Wednesday, November 10, 2010

കമ്യൂണിറ്റി പൊലീസിങ് കേരളംതന്നെ മാതൃക

കേരളത്തിലെ ആഭ്യന്തരവകുപ്പിന്റെ തൊപ്പിയില്‍ തിളങ്ങുന്ന ഒരു തൂവല്‍കൂടി തുന്നിച്ചേര്‍ത്തുകൊണ്ട് കൊച്ചിയില്‍ നടന്ന ആഗോള കമ്യൂണിറ്റി പൊലീസിങ് സമ്മേളനം കടന്നുപോയി. നവംബര്‍ 3, 4 തീയതികളില്‍ സമ്മേളനത്തില്‍ 42 രാജ്യത്തുനിന്ന് 130 പ്രതിനിധികള്‍ പങ്കെടുത്തതുതന്നെ സമ്മേളനത്തിന്റെ പ്രാധാന്യവും ഗൌരവവും ബോധ്യപ്പെടുത്തുന്നതാണ്. ക്രമസമാധാനപാലനത്തില്‍ കേരളം വളരെ മുന്നിലാണെന്ന് ഇതിനകം അംഗീകരിക്കപ്പെട്ട കാര്യമാണ്. ഇന്ത്യാടുഡെ നടത്തിയ സര്‍വേ ഇക്കാര്യം അംഗീകരിക്കുകയും ആഭ്യന്തരവകുപ്പിന് പുരസ്കാരം നല്‍കാന്‍ തീരുമാനിക്കുകയും ചെയ്തത് ഓര്‍ക്കേണ്ടതാണ്. കേരളത്തിലെ ആഭ്യന്തരമന്ത്രി ഡല്‍ഹിയില്‍ കേന്ദ്രമന്ത്രി പ്രണബ്കുമാര്‍ മുഖര്‍ജിയില്‍നിന്ന് പുരസ്കാരം ഏറ്റുവാങ്ങുകയുണ്ടായി. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ഭരണകാലത്ത് വിവിധ വകുപ്പുകള്‍ കാണിച്ച കാര്യക്ഷമതയ്ക്ക് പുരസ്കാരങ്ങള്‍ തുടരെ തുടരെ ഏറ്റുവാങ്ങാന്‍ ഇടയായപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസ് എംപിമാര്‍ പരിഭ്രാന്തരായി. കേന്ദ്രമന്ത്രി വയലാര്‍ രവിയുടെ നേതൃത്വത്തില്‍ അവര്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയെയും പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെയും കണ്ട് മേലില്‍ ഇത്തരം പുരസ്കാരങ്ങള്‍ കേരളത്തിന് നല്‍കരുതെന്ന് കേണപേക്ഷിച്ചത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണ്. ഒന്നേകാല്‍ നൂറ്റാണ്ടിന്റെ മഹത്തായ പാരമ്പര്യം അവകാശപ്പെടുന്ന കോണ്‍ഗ്രസ് നേതൃത്വത്തിന് ഇതിലധികം നിലവാരത്തകര്‍ച്ച ഉണ്ടാകാനില്ല. ഈ സാഹചര്യത്തിലാണ് വീണ്ടും കേരളത്തിലെ ആഭ്യന്തരവകുപ്പിന് കമ്യൂണിറ്റി പൊലീസിങ്ങിന്റെ കാര്യത്തില്‍ പ്രശംസ ലഭിക്കുന്നത്.

കേരളത്തിലെ കമ്യൂണിറ്റി പൊലീസിങ്ങിനെപ്പറ്റി കേന്ദ്ര ആഭ്യന്തരമന്ത്രി പ്രകടിപ്പിച്ച അഭിപ്രായം ശ്രദ്ധേയമാണ്. അദ്ദേഹത്തിന്റെ പ്രസംഗത്തിലെ പ്രസക്തഭാഗം ഇവിടെ ഉദ്ധരിക്കുന്നത് ഉചിതമായിരിക്കും. "പല സമൂഹങ്ങളും ഭയത്തോടെയാണ് പൊലീസിനെ സമീപിക്കുന്നതെന്നും ഇതിന് പരിഹാരമാണ് കമ്യൂണിറ്റി പൊലീസെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി ചിദംബരം പറഞ്ഞു. ഇതില്‍ കേരളത്തിന്റെ നേട്ടം മാതൃകാപരമാണ്. കൊച്ചിയില്‍ ഗ്ളോബല്‍ കമ്യൂണിറ്റി പൊലീസിങ് കോക്ളേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.'' പൊലീസ് സേന ജനങ്ങളുടെ ശത്രുക്കളല്ല. മിത്രങ്ങളാണെന്ന ശരിയായ ധാരണ പൊതുജനങ്ങളില്‍ സൃഷ്ടിക്കുകയെന്നതാണ് ലക്ഷ്യമാക്കുന്നത്. ജനങ്ങളെ ഭയപ്പെടുത്തി അകറ്റി നിര്‍ത്താനുള്ളതല്ല പൊലീസ് സേന. ജനങ്ങളും പൊലീസും തമ്മിലുള്ള പാലമാണ് കമ്യൂണിറ്റി പൊലീസിങ് എന്നത് മനസ്സിലാക്കേണ്ടതുണ്ട്. പൊലീസ് എന്ന ഇംഗ്ളീഷ് വാക്കിന് വിപുലമായ അര്‍ഥമുണ്ട്. 'പി' എന്ന അക്ഷരം പൊളൈറ്റ്നസ് (മര്യാദ) എന്നും 'ഒ' എന്നത് ഒബീഡിയന്‍സ് (അനുസരണം) എന്നും 'എല്‍' എന്നത് ലോയല്‍റ്റി (കൂറ്) എന്നും 'ഐ' എന്നത് ഇന്റലിജന്‍സ് (ബുദ്ധിശക്തി) എന്നും 'സി' എന്നത് ക്യാരക്ടര്‍ (സ്വഭാവഗുണം) എന്നും 'ഇ' എന്നത് എഡ്യൂക്കേഷന്‍ (വിദ്യാഭ്യാസം) എന്നും അര്‍ഥമാക്കുന്നുവെന്നാണ് പറയുന്നത്. പൊലീസ് സേനയെപ്പറ്റിയുള്ള ശരിയായ ധാരണ ഇതാണെന്നുവരുന്നു. എന്നാല്‍, വര്‍ഗവിഭജിതമായ സമൂഹത്തില്‍ ഒരു വര്‍ഗം മറ്റൊരു വര്‍ഗത്തെ അടിച്ചമര്‍ത്താനുള്ള ഉപകരണമായിട്ടാണ് പൊലീസിനെ ഉപയോഗപ്പെടുത്തുന്നതെന്നതും ഒരു നിമിഷംപോലും മറക്കാന്‍ പാടുള്ളതല്ല.

പൊലീസ് സേനയില്‍ അടിസ്ഥാനപരമായ ചില പരിഷ്കാരങ്ങള്‍ വരുത്താനാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെയാണ് കമ്യൂണിറ്റി പൊലീസിങ് ഇവിടെ നടപ്പാക്കാനും പടിപടിയായി വ്യാപിപ്പിക്കാനും തീരുമാനിച്ചത്. കമ്യൂണിറ്റി പൊലീസിങ് എന്ന് കേട്ടപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ രാഷ്ട്രീയം ആരോപിച്ച് എതിര്‍പ്പുമായി രംഗത്തുവന്നിരുന്നു. കേന്ദ്രമന്ത്രി ചിദംബരം പറയുന്നത് കേട്ടപ്പോള്‍ അവരുടെ തെറ്റിദ്ധാരണ നീങ്ങിയെന്നുമാണ് പറയുന്നത്. അതത്രയും നല്ലതെന്നേ പറയാനുള്ളൂ. എല്‍ഡിഎഫ് സര്‍ക്കാര്‍ എത്ര നല്ലകാര്യം ചെയ്താലും എതിര്‍ക്കണമെന്ന പ്രതിപക്ഷത്തിന്റെ തെറ്റായ കാഴ്ചപ്പാടില്‍ മാറ്റംവരുത്താന്‍ ഇത് പ്രേരണ ചെലുത്തുമെങ്കില്‍ സ്വാഗതാര്‍ഹമാണ്. പ്രതിപക്ഷത്തിന്റെ ഇതേവരെയുള്ള സമീപനം പരിശോധിക്കുമ്പോള്‍ അത്തരം ഒരു പ്രതീക്ഷ അസ്ഥാനത്തായിരിക്കുമെന്നാണ് തോന്നുന്നത്. ഏത് നല്ല കാര്യവും എതിര്‍ക്കുക എന്നതാണ് യുഡിഎഫിന്റെ സമീപനം. രാജ്യത്ത് പല സംസ്ഥാനങ്ങളിലും പൊലീസ് കൊളോണിയല്‍ സമ്പ്രദായത്തിന്റെ രീതി വിട്ടിട്ടില്ലെന്നും ക്രമസമാധാനം നടപ്പാക്കല്‍മാത്രമാണ് കടമയെന്ന് പൊലീസ് കരുതുന്നതായും മനുഷ്യാവകാശങ്ങളും നിയമത്തിന്റെ സത്തയും മറക്കുന്നതായും കേന്ദ്ര ആഭ്യന്തരമന്ത്രി ചിദംബരംതന്നെ സമ്മതിക്കുന്നുണ്ട്. സ്വാതന്ത്യ്രം ലഭിച്ച് 63 നീണ്ട സംവത്സരത്തിനുശേഷമുള്ള ദയനീയാവസ്ഥയിലേക്കാണ് ഈ അഭിപ്രായപ്രകടനം വിരല്‍ചൂണ്ടുന്നത്. ശബ്ദമില്ലാത്ത സമൂഹങ്ങള്‍ അവഗണിക്കപ്പെടുന്നതായും ചിദംബരം ചൂണ്ടിക്കാണിക്കുന്നു. കൊളോണിയലിസത്തിന്റെ അവശിഷ്ടങ്ങള്‍ ഇക്കാര്യത്തില്‍മാത്രമല്ല പല മേഖലയിലും മാറ്റമില്ലാതെ തുടരുന്നതായി കാണാം. ബഹുജനങ്ങളുടെ സംഘടിതവും ശക്തവുമായ സമ്മര്‍ദംകൊണ്ടല്ലാതെ ഈ ദയനീയാവസ്ഥയ്ക്ക് മാറ്റംവരുത്താന്‍ കഴിയുന്നതല്ല. അതെന്തായിരുന്നാലും ആന്ധ്രപ്രദേശില്‍ പരീക്ഷിച്ച് വിജയിച്ചതായി കണ്ടെത്തിയ കമ്യൂണിറ്റി പൊലീസിങ് കേരളത്തില്‍ പ്രാവര്‍ത്തികമാക്കാനുള്ള ആത്മാര്‍ഥമായ സമീപനം തികച്ചും സ്വാഗതാര്‍ഹമാണ്. പൊലീസ് സ്റേഷനില്‍ പരാതിയുമായി ചെല്ലുന്നവരെ സ്വീകരിച്ചിരുത്തുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ കാണാന്‍ സൌകര്യമൊരുക്കുകയും പൊലീസ് സ്റേഷനില്‍നിന്ന് സൌഹാര്‍ദപരമായ പെരുമാറ്റം പരാതിക്കാര്‍ക്ക് ലഭിക്കുകയുംചെയ്താല്‍തന്നെ ജനങ്ങള്‍ക്ക് ആശ്വാസമാണ്. കമ്യൂണിറ്റി പൊലീസിങ്, വിദ്യാര്‍ഥി പൊലീസ് തുടങ്ങിയ പരിഷ്കാരങ്ങളൊക്കെ ജനങ്ങള്‍ക്കിടയില്‍ ആത്മവിശ്വാസം വീണ്ടെടുക്കാന്‍ സഹായകമായിരിക്കുമെന്നതില്‍ സംശയമില്ല. ആ നിലയ്ക്ക് കൊച്ചിയില്‍ ചേര്‍ന്ന ആഗോള പൊലീസിങ് സമ്മേളനത്തിന്റെ സന്ദേശവും തീരുമാനങ്ങളും ശ്രദ്ധേയമാണ്.

ദേശാഭിമാനി മുഖപ്രസംഗം 101110

1 comment:

  1. കേരളത്തിലെ ആഭ്യന്തരവകുപ്പിന്റെ തൊപ്പിയില്‍ തിളങ്ങുന്ന ഒരു തൂവല്‍കൂടി തുന്നിച്ചേര്‍ത്തുകൊണ്ട് കൊച്ചിയില്‍ നടന്ന ആഗോള കമ്യൂണിറ്റി പൊലീസിങ് സമ്മേളനം കടന്നുപോയി. നവംബര്‍ 3, 4 തീയതികളില്‍ സമ്മേളനത്തില്‍ 42 രാജ്യത്തുനിന്ന് 130 പ്രതിനിധികള്‍ പങ്കെടുത്തതുതന്നെ സമ്മേളനത്തിന്റെ പ്രാധാന്യവും ഗൌരവവും ബോധ്യപ്പെടുത്തുന്നതാണ്. ക്രമസമാധാനപാലനത്തില്‍ കേരളം വളരെ മുന്നിലാണെന്ന് ഇതിനകം അംഗീകരിക്കപ്പെട്ട കാര്യമാണ്. ഇന്ത്യാടുഡെ നടത്തിയ സര്‍വേ ഇക്കാര്യം അംഗീകരിക്കുകയും ആഭ്യന്തരവകുപ്പിന് പുരസ്കാരം നല്‍കാന്‍ തീരുമാനിക്കുകയും ചെയ്തത് ഓര്‍ക്കേണ്ടതാണ്. കേരളത്തിലെ ആഭ്യന്തരമന്ത്രി ഡല്‍ഹിയില്‍ കേന്ദ്രമന്ത്രി പ്രണബ്കുമാര്‍ മുഖര്‍ജിയില്‍നിന്ന് പുരസ്കാരം ഏറ്റുവാങ്ങുകയുണ്ടായി. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ഭരണകാലത്ത് വിവിധ വകുപ്പുകള്‍ കാണിച്ച കാര്യക്ഷമതയ്ക്ക് പുരസ്കാരങ്ങള്‍ തുടരെ തുടരെ ഏറ്റുവാങ്ങാന്‍ ഇടയായപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസ് എംപിമാര്‍ പരിഭ്രാന്തരായി. കേന്ദ്രമന്ത്രി വയലാര്‍ രവിയുടെ നേതൃത്വത്തില്‍ അവര്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയെയും പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെയും കണ്ട് മേലില്‍ ഇത്തരം പുരസ്കാരങ്ങള്‍ കേരളത്തിന് നല്‍കരുതെന്ന് കേണപേക്ഷിച്ചത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണ്. ഒന്നേകാല്‍ നൂറ്റാണ്ടിന്റെ മഹത്തായ പാരമ്പര്യം അവകാശപ്പെടുന്ന കോണ്‍ഗ്രസ് നേതൃത്വത്തിന് ഇതിലധികം നിലവാരത്തകര്‍ച്ച ഉണ്ടാകാനില്ല. ഈ സാഹചര്യത്തിലാണ് വീണ്ടും കേരളത്തിലെ ആഭ്യന്തരവകുപ്പിന് കമ്യൂണിറ്റി പൊലീസിങ്ങിന്റെ കാര്യത്തില്‍ പ്രശംസ ലഭിക്കുന്നത്.

    ReplyDelete