ബുറാഡി (ഡല്‍ഹി): യുപിഎ സര്‍ക്കാരിനെതിരെ ഉയര്‍ന്ന അഴിമതിയാരോപണങ്ങളെ വര്‍ഗീയകാര്‍ഡിറക്കി ചെറുക്കാന്‍ കോണ്‍ഗ്രസ് ശ്രമം. ഭീകരതയ്ക്കെതിരെ ആഞ്ഞടിക്കുന്നുവെന്ന വ്യാജേന മാധ്യമശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമത്തിന് ബുറാഡി പ്ളീനറി വേദിയായി. എന്നാല്‍, ഭൂരിപക്ഷ ഭീകരതയെന്ന പരാമര്‍ശമല്ലാതെ ഹിന്ദുത്വഭീകരതയെന്ന വാക്കുപയോഗിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിലാരും ധൈര്യം കാട്ടിയില്ല.
സോണിയ ഗാന്ധിയുടെ അധ്യക്ഷപ്രസംഗത്തിലും പ്രണബ് മുഖര്‍ജി അവതരിപ്പിച്ച രാഷ്ട്രീയപ്രമേയത്തിലും ന്യൂനപക്ഷ- ഭൂരിപക്ഷ വര്‍ഗീയതകളെ ഒരേപോലെ കാണുമെന്ന പരാമര്‍ശമാണുള്ളത്. അമേരിക്കന്‍ അംബാസഡറുമായി രാഹുല്‍ഗാന്ധി ഭീകരതയെക്കുറിച്ച് നടത്തിയ സംഭാഷണം വിക്കിലീക്സിലൂടെ ചോര്‍ന്ന പശ്ചാത്തലത്തില്‍ നേതൃത്വം ബോധപൂര്‍വമെടുത്ത തീരുമാനപ്രകാരമാണ് ഭൂരിപക്ഷവര്‍ഗീയത ഇതാദ്യമായി കോണ്‍ഗ്രസ് സമ്മേളനത്തില്‍ വിഷയമായത്. രാഹുലിനെ പ്രതിരോധിക്കുക, അഴിമതിവിഷയങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് വര്‍ഗീയകാര്‍ഡ് പ്രയോഗം. എന്നാല്‍, സമ്മേളനത്തില്‍ രാഹുല്‍ഗാന്ധി ഹിന്ദുത്വഭീകരതയെക്കുറിച്ച് ഒരു പരാമര്‍ശവും നടത്തിയില്ല.
പ്രണബ് മുഖര്‍ജി അവതരിപ്പിച്ച രാഷ്ട്രീയപ്രമേയത്തെ പിന്തുണച്ച് സംസാരിച്ച ദ്വിഗ്വിജയ്സിങ്ങാണ് ഭൂരിപക്ഷവര്‍ഗീയതയെയും ആര്‍എസ്എസിനെയും വിമര്‍ശിച്ചത്. എല്ലാ രൂപത്തിലുള്ള വര്‍ഗീയതയെയും കോണ്‍ഗ്രസ് എക്കാലത്തും ചെറുത്തിട്ടുണ്ടെന്ന് സോണിയ പറഞ്ഞു. വര്‍ഗീയതയില്‍ ഏര്‍പ്പെടുന്ന ന്യൂനപക്ഷ- ഭൂരിപക്ഷ സംഘടനകളെ കോണ്‍ഗ്രസ് രണ്ടായി കാണാറില്ല. എല്ലാം അപകടകരമാണ്. എല്ലാ വര്‍ഗീയസംഘടനകളെയും തോല്‍പ്പിക്കേണ്ടതുണ്ട്- സോണിയ പറഞ്ഞു. ആര്‍എസ്എസിനും സഹോദരസംഘടനകള്‍ക്കും തീവ്രവാദികളുമായുള്ള ബന്ധം അന്വേഷിക്കണമെന്ന് രാഷ്ട്രീയപ്രമേയത്തില്‍ ആവശ്യപ്പെട്ടു. ബിജെപി, ആര്‍എസ്എസ് തുടങ്ങിയ സംഘടനകള്‍ മതേതരഘടനയ്ക്ക് ഭീഷണിയാണ്. ഗുജറാത്ത് വംശഹത്യക്ക് ഉത്തരവാദികളായ എല്ലാവരെയും പ്രോസിക്യൂട്ടുചെയ്യണം- രാഷ്ട്രീയപ്രമേയത്തില്‍ പറഞ്ഞു
പ്രതിനിധികളുടെ രോഷം ക്ഷീണം രാഹുലിന്
ന്യൂഡല്‍ഹി: ബുറാഡിയിലെ കോണ്‍ഗ്രസ് സമ്പൂര്‍ണസമ്മേളന വേദിയില്‍ പ്രതിഷേധമുയര്‍ന്നത് മുകുള്‍ വാസ്നിക്കിനെതിരെയെങ്കിലും അത് യഥാര്‍ഥത്തില്‍ ലക്ഷ്യമിട്ടത് രാഹുല്‍ ഗാന്ധിയെ. ബിഹാറില്‍ കഴിഞ്ഞമാസം നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദയനീയമായി തോറ്റതിന് ഉത്തരവാദി കേന്ദ്രമന്ത്രിയും ബിഹാറിന്റെ ചുമതല വഹിച്ച ആളുമായ വാസ്നിക്കാണെന്ന് സംസ്ഥാനത്തുനിന്നുള്ള പ്രതിനിധികള്‍ ആക്ഷേപിക്കുന്നു. അതിനാലാണ് വാസ്നിക്കിനെ സംസാരിക്കാന്‍ അനുവദിക്കാതിരുന്നതെന്ന് അവര്‍ പറയുന്നു.
ജഗദീഷ് ടൈറ്റ്ലറെ മാറ്റി മുകുള്‍ വാസ്നിക്കിന് സംസ്ഥാന കോണ്‍ഗ്രസിന്റെ ചുമതല നല്‍കിയത് രാഹുല്‍ ഗാന്ധിയാണ്. പാരമ്പര്യമുള്ള പ്രവര്‍ത്തകരെ മാറ്റിനിര്‍ത്തി ചെറുപ്പക്കാര്‍ക്ക് സീറ്റു നല്‍കണമെന്ന് ശഠിച്ചതും രാഹുല്‍ തന്നെ. അമ്പതോളം ചെറുപ്പക്കാര്‍ക്കാണ് ഇങ്ങനെ സീറ്റുനല്‍കിയത്. ഭൂരിപക്ഷവും ഡല്‍ഹി, മുംബൈ നിവാസികള്‍. വന്‍കിട ബിസിനസുകാര്‍. പ്രതിസന്ധികാലത്തു പോലും പാര്‍ടിക്കൊപ്പം അടിയുറച്ചു നിന്നവര്‍ അവഗണിക്കപ്പെട്ടു.
ബിഹാറില്‍ തനിച്ചു മത്സരിക്കാനുള്ള തീരുമാനവും 'സൂപ്പര്‍' ജനറല്‍ സെക്രട്ടറി രാഹുലിന്റേതായിരുന്നു. കോണ്‍ഗ്രസ് 1998ല്‍ പച്ച്മാഡിയില്‍ അംഗീകരിച്ചതും (തനിച്ചു മത്സരിക്കുക) പിന്നീട് 2003ലെ സിംല സമ്മേളനത്തില്‍ തിരുത്തിയതുമായ നയമാണ് രാഹുല്‍ ഗാന്ധി ബിഹാറില്‍ അടിച്ചേല്‍പ്പിച്ചത്. മതനിരപേക്ഷ സഖ്യം എന്ന ആശയത്തെയാണ് രാഹുല്‍ ഗാന്ധി ഇവിടെ കാറ്റില്‍ പറത്തിയത്. അതുകൊണ്ടു തന്നെ ബിഹാറിലെ തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നപ്പോള്‍ ലാലുവിനേക്കാള്‍ വലിയ രാഷ്ട്രീയ തിരിച്ചടിയുണ്ടായത് രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനുമാണ്. 243 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിനു ലഭിച്ചത് നാലു സീറ്റ് മാത്രം. 2000ല്‍ 29 സീറ്റ് ലഭിച്ചിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രണ്ടു സീറ്റ് കിട്ടി. ആ പ്രകടനം പോലും നിലനിര്‍ത്താന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കഴിഞ്ഞില്ല.
ബിഹാറിലെ 17 ജില്ലയിലായി 22 മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി ഒരാഴ്ചയെടുത്ത് പ്രചാരണം നടത്തിയെങ്കിലും ജയിച്ചത് ഒരു മണ്ഡലത്തില്‍ മാത്രം. ഗുണ്ടകളെയും ക്രിമിനലുകളെയും കൂട്ടുപിടിക്കാനും കോണ്‍ഗ്രസ് തയ്യാറായി. ഇങ്ങനെ സീറ്റുനല്‍കിയവരെല്ലാം പരാജയപ്പെട്ടു. കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ രാഹുലിനു കഴിയില്ലെന്ന് തീര്‍ത്തും വ്യക്തമാക്കുന്നതാണ് ബിഹാറിലെ ജനവിധി. രാഹുല്‍-മുകുള്‍ വാസ്നിക്ക് കൂട്ടുകെട്ടിനെതിരെയാണ് ബുറാഡിയില്‍ പ്രതിഷേധമുയര്‍ന്നത്.
(വി ബി പരമേശ്വരന്‍)
ജെപിസിയില്ലെന്ന് കോണ്‍ഗ്രസ് സമ്മേളനവും
ബുറാഡി (ഡല്‍ഹി): രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയായ സ്പെക്ട്രം ഇടപാടിനെക്കുറിച്ച് സംയുക്ത പാര്‍ലമെന്ററിസമിതി (ജെപിസി) അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് കോണ്‍ഗ്രസ് സമ്പൂര്‍ണസമ്മേളനം പ്രഖ്യാപിച്ചു. ധനമന്ത്രി പ്രണബ് മുഖര്‍ജി അവതരിപ്പിച്ച രാഷ്ട്രീയപ്രമേയത്തിലാണ് ഈ പ്രസ്താവന. ജെപിസി അന്വേഷണ ആവശ്യം എന്തിനെന്ന് മനസ്സിലാകുന്നില്ലെന്നും കോണ്‍ഗ്രസിന് ഒന്നും ഒളിച്ചുവയ്ക്കാനില്ലെന്നും രാഷ്ട്രീയപ്രമേയം പറയുന്നു. കോണ്‍ഗ്രസും യുപിഎ സര്‍ക്കാരും അഴിമതിക്കെതിരെ നിലപാടെടുക്കുമെന്ന് സോണിയ ഗാന്ധി അധ്യക്ഷപ്രസംഗത്തില്‍ സൂചിപ്പിച്ചെങ്കിലും ജെപിസി അന്വേഷണത്തെക്കുറിച്ചോ സ്പെക്ട്രം, കോമണ്‍വെല്‍ത്ത്, ആദര്‍ശ് ഫ്ളാറ്റ് തുടങ്ങി സര്‍ക്കാരിനെ പിടിച്ചുലച്ച കൊടിയ അഴിമതികളെക്കുറിച്ചോ പരാമര്‍ശമൊന്നും നടത്തിയില്ല. ഇടതുപക്ഷപാര്‍ടികള്‍ ബിജെപിക്കൊപ്പം ചേര്‍ന്ന് കോണ്‍ഗ്രസിനെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും പ്രമേയം കുറ്റപ്പെടുത്തുന്നു. പ്രധാനമന്ത്രിക്ക് പൂര്‍ണപിന്തുണയുമായാണ് സോണിയ സംസാരിച്ചത്.
ദേശാഭിമാനി 201210
യുപിഎ സര്‍ക്കാരിനെതിരെ ഉയര്‍ന്ന അഴിമതിയാരോപണങ്ങളെ വര്‍ഗീയകാര്‍ഡിറക്കി ചെറുക്കാന്‍ കോണ്‍ഗ്രസ് ശ്രമം. ഭീകരതയ്ക്കെതിരെ ആഞ്ഞടിക്കുന്നുവെന്ന വ്യാജേന മാധ്യമശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമത്തിന് ബുറാഡി പ്ളീനറി വേദിയായി. എന്നാല്‍, ഭൂരിപക്ഷ ഭീകരതയെന്ന പരാമര്‍ശമല്ലാതെ ഹിന്ദുത്വഭീകരതയെന്ന വാക്കുപയോഗിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിലാരും ധൈര്യം കാട്ടിയില്ല.
ReplyDelete