Thursday, December 23, 2010

വീടുനിര്‍മാണം: പ്രയാസം പരിഹരിക്കണം- എല്‍ഡിഎഫ്

വീടുനിര്‍മാണത്തിന് അനുമതി ലഭിക്കാന്‍ ജനങ്ങള്‍ നേരിടുന്ന പ്രയാസം പരിഹരിക്കാനും മണല്‍ ലഭ്യമാക്കാനും അടിയന്തര നടപടി വേണമെന്ന് എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റി യോഗം സര്‍ക്കാരിനോട് ശുപാര്‍ശചെയ്തു. ജനുവരിയോടെ അര്‍ഹരായ എല്ലാവര്‍ക്കും പട്ടയം വിതരണം ചെയ്യണം. വയല്‍നികത്തിയ സ്ഥലത്ത് വീടു വയ്ക്കുന്നതിന് അനുമതി നിഷേധിക്കുന്ന വിധത്തിലുള്ള നിയമം മാറ്റാനും വീട്ടു നമ്പര്‍ നല്‍കുന്നതിലെ തടസ്സം ഒഴിവാക്കാനും യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മുനിസിപ്പല്‍ കെട്ടിടനിര്‍മാണ ചട്ടം പഞ്ചായത്തുകള്‍ക്കും ബാധകമാക്കിയത് ജനങ്ങള്‍ക്ക് വലിയ പ്രയാസങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഇത് പുനഃപരിശോധിച്ച് ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കണമെന്ന് യോഗം നിര്‍ദേശിച്ചതായി എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പഞ്ചായത്ത്, മുനിസിപ്പല്‍, കോര്‍പറേഷന്‍ പ്രദേശങ്ങളില്‍ കെട്ടിടനിര്‍മാണ ലൈസന്‍സ് അപേക്ഷകളില്‍ തീര്‍പ്പുണ്ടാക്കുന്നതിന് അദാലത്ത് നടത്തണം. ജനുവരിയോടെ എല്ലാവര്‍ക്കും പട്ടയം കൊടുക്കുന്നതിന് തടസ്സമുണ്ടായാല്‍ കൈവശാവകാശം നല്‍കണം. വീട്ടുനമ്പര്‍ നല്‍കുന്നതിലും റേഷന്‍കാര്‍ഡും വൈദ്യുതിയും മറ്റും ലഭിക്കുന്നതിനുമുള്ള തടസ്സം നീക്കണം. ആധാരത്തില്‍ നിലം എന്നു രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ വീടുവയ്ക്കാന്‍ അനുമതി നല്‍കാത്ത തരത്തിലാണ് ചട്ടം. അത് മാറ്റണം. പഞ്ചായത്ത് പുറമ്പോക്കില്‍ കഴിയുന്നവര്‍ക്ക് പട്ടയം നല്‍കാന്‍ അടിയന്തര നടപടിവേണം. തദ്ദേശ-റവന്യൂ മന്ത്രിമാരും ഈ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ചര്‍ച്ച ചെയ്ത് ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണം. മണല്‍ക്ഷാമം നിര്‍മാണപ്രവര്‍ത്തനത്തിന് തടസ്സമായിട്ടുണ്ട്. മണലിനായി എത്തുന്നവരെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണം. കടവുകളില്‍ അനധികൃതമായി മണല്‍ വാരുന്നുണ്ടെങ്കില്‍ അവിടെവച്ചുതന്നെ നടപടി സ്വീകരിക്കണം. കടവുകളില്‍ നിന്ന് മണല്‍ വാങ്ങി പോകുന്നവര്‍ക്കെതിരായ നടപടി ഒഴിവാക്കണം. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് നിര്‍മാണാവശ്യത്തിന് മണല്‍ കൊണ്ടുവരുന്നത് തടസ്സപ്പെടുത്തരുത്. ക്വാറികളുടെ പ്രവര്‍ത്തനം നിലച്ചതു മൂലം കരിങ്കല്ല് കിട്ടാത്ത സാഹചര്യമുണ്ട്. ക്വാറികള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പെട്ടെന്ന് നടപടി സ്വീകരിക്കണം. ബിപിഎല്‍ പട്ടിക പുതുക്കല്‍ ജനുവരിയില്‍ത്തന്നെ പൂര്‍ത്തിയാക്കി ലിസ്റ്റ് പ്രസിദ്ധപ്പെടുത്തണം. ഹാരിസണ്‍ മലയാളം പ്ളാന്റേഷന്‍സിന്റെ കൈവശമുള്ള മിച്ചഭൂമി ഉടന്‍ ഏറ്റെടുക്കണമെന്ന് യോഗം ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു.

മൂന്നാറില്‍ കണ്ണന്‍ദേവന്‍ ഹില്‍സ് വില്ലേജിലെ സ്ഥലം ഏറ്റെടുത്ത് മൂന്നാര്‍ പ്രദേശത്തിന്റെ വികസനത്തിനും ടൂറിസം വികസനത്തിനും നടപടി സ്വീകരിക്കണം. ഇതിനായി ആവശ്യമെങ്കില്‍ പുതിയ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുകയോ നിലവിലുള്ള നിയമത്തിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കുകയോ ചെയ്യണം. കെഎസ്ഇബിയുടെ പള്ളിവാസല്‍ ജലവൈദ്യുത പദ്ധതിക്കാവശ്യമായ ഭൂമി കണ്ണന്‍ ദേവന്‍ ഹില്‍സ് വില്ലേജില്‍ നിന്നെടുക്കണം. കെഎസ്ഇബി നടപടികള്‍ പൂര്‍ത്തിയാക്കിയെങ്കിലും സ്ഥലം ഏറ്റെടുക്കുന്നത് നീണ്ടുപോയി. സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിലും ജനക്ഷേമപരിപാടികള്‍ നടപ്പാക്കുന്നതിലും വരുന്ന പോരായ്മ പരിഹരിക്കാനാണ് ഈ തീരുമാനങ്ങളെന്ന് വൈക്കം വിശ്വന്‍ ചോദ്യത്തിന് മറുപടി നല്‍കി.

ദേശാഭിമാനി 231210

1 comment:

  1. വീടുനിര്‍മാണത്തിന് അനുമതി ലഭിക്കാന്‍ ജനങ്ങള്‍ നേരിടുന്ന പ്രയാസം പരിഹരിക്കാനും മണല്‍ ലഭ്യമാക്കാനും അടിയന്തര നടപടി വേണമെന്ന് എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റി യോഗം സര്‍ക്കാരിനോട് ശുപാര്‍ശചെയ്തു. ജനുവരിയോടെ അര്‍ഹരായ എല്ലാവര്‍ക്കും പട്ടയം വിതരണം ചെയ്യണം. വയല്‍നികത്തിയ സ്ഥലത്ത് വീടു വയ്ക്കുന്നതിന് അനുമതി നിഷേധിക്കുന്ന വിധത്തിലുള്ള നിയമം മാറ്റാനും വീട്ടു നമ്പര്‍ നല്‍കുന്നതിലെ തടസ്സം ഒഴിവാക്കാനും യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മുനിസിപ്പല്‍ കെട്ടിടനിര്‍മാണ ചട്ടം പഞ്ചായത്തുകള്‍ക്കും ബാധകമാക്കിയത് ജനങ്ങള്‍ക്ക് വലിയ പ്രയാസങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഇത് പുനഃപരിശോധിച്ച് ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കണമെന്ന് യോഗം നിര്‍ദേശിച്ചതായി എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

    ReplyDelete