Monday, December 20, 2010

പണമൊഴുക്കും ചാക്കിട്ടുപിടിത്തവും വ്യാപകം

യൂത്ത്കോണ്‍ഗ്രസ് ഭാരവാഹി തെരഞ്ഞെടുപ്പ് ചൊവ്വാഴ്ച നടക്കാനിരിക്കെ വിജയം ഉറപ്പാക്കാന്‍ ഇരുഗ്രൂപ്പും അരയും തലയും മുറുക്കി സജീവമായി. തെരഞ്ഞെടുപ്പോടെ ഗ്രൂപ്പ്പോര് തെരുവുകളിലേക്ക് വ്യാപിക്കുമെന്നാണ് സൂചന.

കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ ആശീര്‍വാദത്തില്‍ വിശാല ഐഗ്രൂപ്പും ഉമ്മന്‍ചാണ്ടി പിന്തുണയ്ക്കുന്ന എ ഗ്രൂപ്പും തമ്മിലാണ് പ്രധാനമത്സരം. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് എ ഗ്രൂപ്പ് പ്രതിനിധിയായി പി സി വിഷ്ണുനാഥും വിശാല ഐ ഗ്രൂപ്പിനെ പ്രതിനിധാനംചെയ്ത് എം ലിജുവുമാണ് മത്സരിക്കുന്നത്. വിഷ്ണുനാഥിന് ടൂത്ത് ബ്രഷും ലിജുവിന് കത്തുന്ന ടോര്‍ച്ചുമാണ് ചിഹ്നം. വോട്ടുനേടാന്‍ പ്രതിനിധികളെ പണവും വാഗ്ദാനങ്ങളും നല്‍കി ചാക്കിട്ടുപിടിക്കുന്നത് വ്യാപകമാണ്. 2800 പേരുടെ വോട്ടര്‍പട്ടികയാണ് തയ്യാറാക്കിയിരുന്നതെങ്കിലും അവസാന പട്ടികയില്‍ 1600 വോട്ടര്‍മാരേയുള്ളൂ. ഗ്രൂപ്പുതിരിച്ച് പ്രതിനിധികളെ ഒഴിവാക്കിയെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് കൂടുതല്‍ സീറ്റ് പിടിച്ചുവാങ്ങുന്നതിനുള്ള ചവിട്ടുപടിയായാണ് ഇരുഗ്രൂപ്പും തെരഞ്ഞെടുപ്പിനെ കാണുന്നത്. യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി രാജീവ് സാത്തൌവും എന്‍എസ്യു അഖിലേന്ത്യാ നേതൃത്വത്തില്‍നിന്നുള്ള പ്രതിനിധിയും നിരീക്ഷകരായി എത്തും. ചൊവ്വാഴ്ച കൊച്ചിയില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ആറ് ജനറല്‍ സീറ്റിലേക്കും രണ്ട് വനിതാ സംവരണ സീറ്റിലേക്കും ഒരു എസ്സി-എസ്ടി വനിതാ സീറ്റിലേക്കും ഒരു എസ്സി ജനറല്‍ സീറ്റിലേക്കുമായി 15 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. ചൊവ്വാഴ്ചതന്നെ ഫലപ്രഖ്യാപനവുമുണ്ടാകും.

ഗ്രൂപ്പുകള്‍ക്ക് തുണയേകാന്‍ ക്വട്ടേഷന്‍- ഗുണ്ടാസംഘങ്ങളും

യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിന്റെ പേരില്‍ കോണ്‍ഗ്രസിലെ വിവിധ ഗ്രൂപ്പുകള്‍ ക്വട്ടേഷന്‍ സംഘത്തെയും ഗുണ്ടാസംഘത്തെയും തെരുവിലിറക്കുന്നത് ജനങ്ങളുടെ സ്വൈരജീവിതത്തിനു ഭീഷണിയാകുന്നു. ക്രമസമാധാനം തകര്‍ത്തും ജനജീവിതത്തിന് ഭീഷണി ഉയര്‍ത്തിയും അക്രമികള്‍ തെരുവുകള്‍ കൈയടക്കുന്നു. എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ഗാന്ധി നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ അനുസരിച്ചു നടക്കുന്ന തെരഞ്ഞെടുപ്പില്‍ യൂത്ത് കോണ്‍ഗ്രസില്‍ ആധിപത്യം ഉറപ്പിക്കാനാണ് കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ ശ്രമിക്കുന്നത്. ഇതിനായി കോണ്‍ഗ്രസിലെ എല്ലാ ഗ്രൂപ്പുകളും ഇപ്പോള്‍ അരയുംതലയും മുറുക്കി രംഗത്തുണ്ട്. യൂത്ത് കോണ്‍ഗ്രസ് പിടിച്ചെടുത്താല്‍ കോണ്‍ഗ്രസ് കൈപ്പിടിയിലാകുമെന്നു ഗ്രൂപ്പുകള്‍ കരുതുന്നു. ഇതിനായി എതിര്‍ഗ്രൂപ്പുകള്‍ക്കെതിരെ ചതുരുപായങ്ങളും ഓരോഗ്രൂപ്പും പ്രയോഗിക്കുന്നു. തങ്ങളുടെ ഇഷ്ടത്തിനനുസരിച്ചു നില്‍ക്കാത്ത ഗ്രൂപ്പുകള്‍ക്കും തങ്ങള്‍ക്ക് ഭീഷണിയാകുന്ന ഗ്രൂപ്പുകള്‍ക്കും എതിരെ എല്ലാ മാര്‍ഗങ്ങളും ഇക്കൂട്ടര്‍ പയറ്റുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ തെരുവുഗുണ്ടകളെയും ക്വട്ടേഷന്‍ സംഘങ്ങളെയും സംഘടന പിടിക്കാന്‍ രംഗത്തിറക്കിയിട്ടുള്ളത്. ഇക്കാര്യത്തില്‍ ഗ്രൂപ്പുകള്‍ തമ്മില്‍ മത്സരമുണ്ടെന്നും ഇതിനായി എത്ര പണം ചെലവിടാനും കോണ്‍ഗ്രസ് ഗ്രൂപ്പുനേതാക്കള്‍ക്കു മടിയില്ലെന്നും അവരുടെ നേതാക്കള്‍തന്നെ തുറന്നു സമ്മതിക്കുന്നു.

ആലപ്പുഴ നഗരത്തില്‍ കഴിഞ്ഞരാത്രി ഡിസിസി പ്രസിഡന്റ് എ എ ഷുക്കൂര്‍ എംഎല്‍എയുടെ അനുജന്‍ സീവ്യൂ വാര്‍ഡില്‍ കുരുമ്പയില്‍ സുനിലിനെ നാലംഗസംഘം വളഞ്ഞിട്ടു തല്ലിയതും വലതുകൈയ്ക്കു കുത്തി പരിക്കേല്‍പ്പിച്ചതുമാണ് ഈ ശ്രേണിയിലെ ഏറ്റവും ഒടുവിലത്തെ സംഭവം. ഡിസിസി ഓഫീസിനു മുന്നിലായിരുന്നു ഈ ആക്രമണം. തിങ്കളാഴ്ച യൂത്ത് കോണ്‍ഗ്രസ് ജില്ലാസെക്രട്ടറിയും ആലപ്പുഴ മുനിസിപ്പല്‍ കൌസിലറും എ ഗ്രൂപ്പുനേതാവുമായ ഒ കെ ഷഫീക്കിനെ ഐ ഗ്രൂപ്പുകാര്‍ വാടക ഗുണ്ടകളെ ഉപയോഗിച്ച് മൃഗീയമായി തല്ലിച്ചതച്ചതാണ് മറ്റൊന്ന്. മര്‍ദ്ദനത്തില്‍ തളര്‍ന്നു ഉടുമുണ്ടില്ലാതെ ഇറങ്ങിയോടിയ നേതാവിനെ ഒരുകിലോമീറ്ററോളം ഓടിച്ചിട്ടുതല്ലി. നഗരത്തിലെ കല്യാണി ഓഡിറ്റോറിയത്തിലായിരുന്നു യൂത്ത് കോണ്‍ഗ്രസ് 'മര്‍ദനപരേഡ്' അരങ്ങേറിയത്. ആലപ്പുഴ നഗരസഭാ തെരഞ്ഞെടുപ്പിനെ തുടര്‍ന്നു കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ടി ലീഡറെ നിശ്ചയിക്കുന്നതിന് ഡിസിസി ഓഫീസില്‍ യോഗം ചേര്‍ന്നു. അവിടെയും ഐ-എ ഗ്രൂപ്പ് ചേരിതിരിഞ്ഞു തല്ലി. ഇക്കൂട്ടത്തില്‍ ഷെഫീക്കുമുണ്ടായിരുന്നു. പക തീര്‍ക്കാന്‍ അവസരം പാര്‍ത്തിരിക്കുകയായിരുന്നു ഐ ഗ്രൂപ്പ്. ആദ്യം കിട്ടിയ അവസരമായിരുന്നു കഴിഞ്ഞ ദിവസത്തെ ബ്ളോക്ക് സംഘടനാ തെരഞ്ഞെടുപ്പ്. അന്നുതന്നെ കണക്കു തീര്‍ത്തു.

ബൂത്ത്, മണ്ഡലം, ബ്ളോക്കുതലങ്ങളിലെ തെരഞ്ഞെടുപ്പാണ് ഇതിനകം പൂര്‍ത്തിയായത്. ജില്ല, സംസ്ഥാന കമ്മിറ്റികളുടെയും ഭാരവാഹികളുടെയും തെരഞ്ഞെടുപ്പു വരാനിരിക്കുന്നതേയുള്ളൂ. താഴേത്തട്ടില്‍ ഇതാണു സ്ഥിതിയെങ്കില്‍ ഇനി നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലെ സംഭവപരമ്പരകള്‍ പറഞ്ഞറിയിക്കാനാവില്ലതന്നെ.

ദേശാഭിമാനി 201210

2 comments:

  1. യൂത്ത്കോണ്‍ഗ്രസ് ഭാരവാഹി തെരഞ്ഞെടുപ്പ് ചൊവ്വാഴ്ച നടക്കാനിരിക്കെ വിജയം ഉറപ്പാക്കാന്‍ ഇരുഗ്രൂപ്പും അരയും തലയും മുറുക്കി സജീവമായി. തെരഞ്ഞെടുപ്പോടെ ഗ്രൂപ്പ്പോര് തെരുവുകളിലേക്ക് വ്യാപിക്കുമെന്നാണ് സൂചന.

    ReplyDelete
  2. കഷ്ടം !എന്ത് പറയാന്‍? എ ഐ സി സി സമ്മേളനത്തില്‍ പോലും അടിയല്ലായിരുന്നോ?മഹാത്മാ ഗാന്ധിയുടെ പാത പിന്തുടരെണമെന്ന് പറഞ്ഞു യുവാക്കളെ ഉദ്ബോധിപ്പിച്ചു നാക്ക് വായിലിടും മുന്‍പേ എ ഐ സി സി യില്‍ അടി നടന്നു.
    അഴിമതിയില്‍ മുങ്ങി നില്‍ക്കുന്ന ദേശീയ കൊണ്ഗ്രെസ്സ് മാഡത്തിനു അഞ്ചു വര്‍ഷത്തെ കാലാവധി നീട്ടിക്കൊടുത്തു ആ സ്ഥാനത്തേയ്ക്കുള്ള അടി തല്ക്കാലം ഒഴിവാക്കി.എന്തായാലും കേരളത്തില്‍ നമുക്ക് അടിയും മുണ്ട് പറിക്കലും മറ്റു കലാ പരിപാടികളും കുറച്ചു കാലത്തേയ്ക്ക് എങ്കിലും കാണാം.

    ReplyDelete