Wednesday, December 29, 2010

പെട്രോള്‍ വില വീണ്ടും കൂടും

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വീണ്ടുമുയര്‍ന്നു. ഇതോടെ അടുത്ത ദിവസമുണ്ടാവുന്ന ഡീസല്‍, പാചക വാതക, വില വര്‍ധനയ്‌ക്കൊപ്പം പെട്രോളിന്റെ വിലയും വീണ്ടും കൂട്ടിയേക്കും. ഇതോടൊപ്പം റയില്‍വേ ചരക്കുകൂലി വര്‍ധന പ്രാബല്യത്തില്‍ വന്നത് അവശ്യവസ്തുവില വീണ്ടും കുതിച്ചുയരാന്‍ ഇടയാക്കും.

പാര്‍ലമെന്റ് സമ്മേളനം അവസാനിച്ചയുടന്‍ എണ്ണ കമ്പനികള്‍ പെട്രോള്‍ വില വര്‍ധിപ്പിച്ചിരുന്നു. ഈ മാസം അവസാനത്തോടെ ഡീസല്‍, പാചക വാതകം എന്നിവയുടെ വിലയും വര്‍ധിപ്പിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചന നല്‍കിയിട്ടുണ്ട്. ഡീസല്‍ വില വര്‍ധന ഒഴിവാക്കണമെങ്കില്‍, പൊതു മേഖലാ എണ്ണ കമ്പനികള്‍ക്കുണ്ടാകുന്ന നഷ്ടം നികത്താന്‍ ധനമന്ത്രാലയം തയ്യാറാവണമെന്ന് പെട്രോളിയം മന്ത്രി മുരളി ദേവ്‌റ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ധനമന്ത്രാലയം ഇതിനോടു പുറംതിരിഞ്ഞു നില്‍ക്കുകയാണ്. നിലവില്‍ നല്‍കുന്ന സബ്‌സിഡിക്കപ്പുറം പണം നല്‍കാനാകില്ലെന്നാണ് ധനമന്ത്രാലയത്തിന്റെ നിലപാട്. ഈ സാഹചര്യം നിലനില്‍ക്കുമ്പോഴാണ് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില 26 മാസത്തെ ഉയര്‍ന്ന നിരക്കായ ബാരലിന് 92 ഡോളറില്‍ എത്തിയിരിക്കുന്നത്. ഇതോടെ ഡീസല്‍, പാചക വാതകവിലയ്‌ക്കൊപ്പം പെട്രോള്‍ വിലയിലും വീണ്ടും വര്‍ധനയുണ്ടാവുമെന്ന് കമ്പനി വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഡീസല്‍, പാചക വില സംബന്ധിച്ച് തീരുമാനമെടുക്കാന്‍ കേന്ദ്ര മന്ത്രിസഭാ ഉപസമിതി ചേരേണ്ടതുണ്ട്. കഴിഞ്ഞയാഴ്ച ചേരാനിരുന്ന സമിതി ചില മന്ത്രിമാരുടെ അസാന്നിധ്യം നിമിത്തം ഈയാഴ്ചയിലേക്കു മാറ്റുകയായിരുന്നു. പെട്രോള്‍ വില നിയന്ത്രണം എടുത്തുകളഞ്ഞ സാഹചര്യത്തില്‍ കമ്പനികള്‍ക്ക് സ്വന്തം നിലയ്ക്ക് വില വര്‍ധിപ്പിക്കാം. ഡീസല്‍ വില വര്‍ധിപ്പിക്കുന്ന സര്‍ക്കാര്‍ തീരുമാനത്തിനൊപ്പം പെട്രോള്‍ വിലയും പുതുക്കാനാണ് കമ്പനികളുടെ നീക്കം. പെട്രോളിയം മന്ത്രാലയവുമായി അനൗപചാരിക ചര്‍ച്ച നടത്തിയാണ് കമ്പനികള്‍ പെട്രോള്‍ വിലയില്‍ തീരുമാനമെടുക്കുന്നത്. വില വര്‍ധിപ്പിക്കുന്നതിനോട് മന്ത്രാലയം എതിര്‍പ്പൊന്നും പ്രകടിപ്പിച്ചിട്ടില്ലെന്നാണ് സൂചനകള്‍.

ഡീസല്‍, പാചക വാതക, മണ്ണെണ്ണ വില വര്‍ധന സംബന്ധിച്ച് മന്ത്രി സഭാ സമിതി ഉടന്‍ യോഗം ചേരുമെന്ന് കേന്ദ്ര ധനമന്ത്രി പ്രണബ് കുമാര്‍ മുഖര്‍ജി അറിയിച്ചിട്ടുണ്ട്. വിലവര്‍ധനയല്ലാതെ മറ്റ് മാര്‍ഗമില്ലെന്നും വര്‍ധന ഉടന്‍ നടപ്പിലാക്കണമെന്നും പൊതുമേഖലാ എണ്ണ കമ്പനികള്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. ആഗോള വിപണിയിലെ വില വര്‍ധനയോടെ ഡീസലിന് ലിറ്ററിന് 5.41 രൂപയും മണ്ണെണ്ണയ്ക്ക് 16.88 രൂപയും പാചക വാതക സിലിണ്ടറിന് 272 രൂപയും എണ്ണ കമ്പനികള്‍ക്ക് നഷ്ടമുണ്ടെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്.

അമേരിക്ക ഉള്‍പ്പെടെ മിക്ക രാജ്യങ്ങളും അതിശൈത്യത്തിന്റെ പിടിയിലായതിനാല്‍ ഉപഭോഗവും ഡിമാന്റും വര്‍ധിച്ചതാണ് ക്രൂഡ് വില വീണ്ടുമുയര്‍ത്തിയതെന്ന് രാജ്യാന്തര വിപണി വൃത്തങ്ങള്‍ പറയുന്നു. ഡിമാന്റ് വര്‍ധിച്ച് വില 26 മാസത്തെ ഉയര്‍ന്ന നിരക്കില്‍ എത്തിയിട്ടും ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ തയ്യാറല്ലെന്ന നിലപാടാണ് ഒപെക് രാഷ്ട്രങ്ങള്‍ സ്വീകരിച്ചിരിക്കുന്നത്. 2008 ഒക്‌ടോബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. ഒപെക് രാഷ്ട്രങ്ങള്‍ ഉല്‍പ്പാദനം കൂട്ടാതിരിക്കുകയും ശൈത്യം തുടരുകയും ചെയ്താല്‍ ക്രൂഡ് ഓയില്‍ വില വീണ്ടും ഉയര്‍ന്നേക്കും. ആഗോള വിപണിയില്‍ എത്തുന്ന ക്രൂഡ് ഓയിലിന്റെ 40 ശതമാനവും ഓപെക് രാഷ്ട്രങ്ങളുടെ നിയന്ത്രണത്തിലാണ്.

ഇന്ധന വില വര്‍ധന രാജ്യത്ത് വീണ്ടും വിലക്കയറ്റത്തിന് വഴിവെയ്ക്കും. ഇതിന് പുറമെ പണപ്പെരുപ്പം നിയന്ത്രിക്കാന്‍ റിസര്‍വ് ബാങ്ക് നിരക്കുകള്‍ വര്‍ധിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനു പുറമെയാണ് റയില്‍വേ ചരക്കുകൂലിയില്‍ ഇന്നലെ നടത്തിയ വര്‍ധന. പെട്രോളിയത്തിന്റെയും അവശ്യവസ്തു അടക്കമുള്ള മറ്റു ചരക്കുകളുടെയും കടത്തുകൂലിയാണ് റയില്‍വേ നാലു ശതമാനം കൂട്ടിയിരിക്കുന്നത്. ഭക്ഷ്യവിലപ്പെരുപ്പം രൂക്ഷമാക്കാന്‍ ഇടവയ്ക്കുന്നതാണ് സര്‍ക്കാര്‍ നടപടി.

ജനയുഗം 281210

1 comment:

  1. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വീണ്ടുമുയര്‍ന്നു. ഇതോടെ അടുത്ത ദിവസമുണ്ടാവുന്ന ഡീസല്‍, പാചക വാതക, വില വര്‍ധനയ്‌ക്കൊപ്പം പെട്രോളിന്റെ വിലയും വീണ്ടും കൂട്ടിയേക്കും. ഇതോടൊപ്പം റയില്‍വേ ചരക്കുകൂലി വര്‍ധന പ്രാബല്യത്തില്‍ വന്നത് അവശ്യവസ്തുവില വീണ്ടും കുതിച്ചുയരാന്‍ ഇടയാക്കും.

    ReplyDelete