ന്യൂഡല്‍ഹി: പെട്രോള്‍ വിലക്കയറ്റത്തിനുപിന്നാലെ പാചകവാതകവിലയും കുത്തനെ വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. സിലിണ്ടറിന് 50 രൂപയില്‍ കുറയാതെ വര്‍ധിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് പൊട്രോളിയം മന്ത്രാലയവൃത്തങ്ങള്‍ പറഞ്ഞു. ഡീസല്‍വില വര്‍ധിപ്പിക്കുന്ന കാര്യം തീരുമാനിക്കാന്‍ ബുധനാഴ്ച ധനമന്ത്രി പ്രണബ് മുഖര്‍ജിയുടെ അധ്യക്ഷതയില്‍ മന്ത്രിതലസമിതി യോഗം ചേരും. പാചകവാതക വിലവര്‍ധനയ്ക്ക് അനുമതി തേടി പെട്രോളിയം മന്ത്രാലയം കത്തുനല്‍കിയ സാഹചര്യത്തില്‍ യോഗം ഇക്കാര്യവും പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഡിസംബര്‍ 14 മുതല്‍ എണ്ണക്കമ്പനികള്‍ പെട്രോളിന് 2.96 രൂപ വര്‍ധിപ്പിച്ചിരുന്നു.
വിലനിയന്ത്രണത്തിനുള്ള അധികാരം വിട്ടുകൊടുത്തതിനാല്‍ പെട്രോള്‍ വിലവര്‍ധനയ്ക്ക് സര്‍ക്കാരിന്റെ അനുവാദം ആവശ്യമില്ല. എന്നാല്‍ ഡീസല്‍, മണ്ണെണ്ണ, പാചകവാതകം എന്നിവയുടെ വിലവര്‍ധനയ്ക്ക് തീരുമാനം എടുക്കേണ്ടത് സര്‍ക്കാരാണ്. കഴിഞ്ഞ ജൂണില്‍ ഡീസല്‍, എല്‍പിജി വില വര്‍ധിപ്പിച്ചിരുന്നു.
(വിജേഷ് ചൂടല്‍)
ഡല്‍ഹിയില്‍ ഉള്ളിക്ക് 100
ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ സവാളവില കുതിച്ചുയരുന്നു. തിങ്കളാഴ്ച മൊത്തവിപണിയില്‍ ഉള്ളി കിലോയ്ക്ക് നൂറ് രൂപയായി. തിങ്കളാഴ്ച രാവിലെ 80 രൂപയ്ക്കാണ് തലസ്ഥാനത്ത് സവാള വിറ്റത്. ഉച്ചയോടെ ഇത് 90 രൂപയായും വൈകിട്ട് നൂറ് രൂപയായും ഉയര്‍ന്നു. അടുത്ത ദിവസങ്ങളില്‍ വില ഇനിയും കുതിച്ചേക്കും. മഴയെതുടര്‍ന്ന് കൃഷി നശിച്ചതാണ് സവാളവില ഉയരാനിടയാക്കിയതെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും കരിഞ്ചന്തയും പൂഴ്ത്തിവയ്പുമാണ് റെക്കോഡ് വിലക്കയറ്റത്തിന് ഇടയാക്കിയതെന്നാണ് വിലയിരുത്തല്‍. 35 മുതല്‍ 40 രൂപവരെയുണ്ടായിരുന്ന വില പൊടുന്നനെയാണ് കുതിച്ചുയര്‍ന്നത്.
വിലക്കയറ്റത്തെ ന്യായീകരിച്ച് കോണ്‍ഗ്രസ്
ബുറാഡി (ഡല്‍ഹി): പൊറുതിമുട്ടിക്കുന്ന വിലക്കയറ്റത്തെ ന്യായീകരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം പുതിയ വാദങ്ങള്‍ നിരത്തുന്നു. ബുറാഡില്‍ എഐസിസി സമ്പൂര്‍ണ സമ്മേളനത്തില്‍ അവതരിപ്പിച്ച സാമ്പത്തികപ്രമേയത്തിലാണ് പുതിയ ന്യായീകരണങ്ങള്‍ കണ്ടെത്തുന്നത്. ഉല്‍പ്പാദനവും ലഭ്യതയും തമ്മിലുള്ള അന്തരം, അന്താരാഷ്ട്ര വിപണിയിലെ ഉയര്‍ന്നവില, കാര്‍ഷികോല്‍പ്പന്നങ്ങളുടെ താങ്ങുവിലയിലെ വര്‍ധന, ചരക്ക്-സേവന ഉല്‍പ്പാദകര്‍ക്ക് ന്യായമായ വരുമാനം ഉറപ്പാക്കേണ്ട സാഹചര്യം എന്നീ നാലു കാരണമാണ് വിലക്കയറ്റത്തിന് ഇടയാക്കുന്നതെന്ന് പ്രമേയം പറയുന്നു. ഇതിന് ഒരേസമയം പരിഹാരം കണ്ടെങ്കില്‍ മാത്രമേ വിലക്കയറ്റം നിയന്ത്രിക്കാനാകൂ. ആറരവര്‍ഷം ഭരിച്ചിട്ടും ഇവയ്ക്ക് എന്തുകൊണ്ട് പരിഹാരം കണ്ടില്ലെന്ന് പ്രമേയത്തിലില്ല. വിലക്കയറ്റം രൂക്ഷമാക്കാന്‍ വഴിയൊരുക്കിയ ഇന്ധനവില വര്‍ധനയെക്കുറിച്ചും പ്രമേയം മൌനം പാലിക്കുന്നു. ഇന്ധന, വളം സബ്സിഡികള്‍ വലിയ ആശ്വാസമാണെന്ന് പ്രമേയം പ്രശംസിക്കുന്നു. സബ്സിഡി അധികമെന്ന കാരണത്താല്‍ പാചകവാതക-മണ്ണെണ്ണ വില കൂട്ടിയതും വളംവില വര്‍ധിപ്പിച്ചതും സബ്സിഡി വെട്ടി ചുരുക്കിയതും പ്രമേയത്തില്‍ മറച്ചുവയ്ക്കുന്നു.
കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്നവില നല്‍കുന്നതില്‍ അമര്‍ഷം പ്രകടിപ്പിക്കരുതെന്ന് ഉപയോക്താക്കളെ ഉപദേശിക്കുന്നുണ്ട്. കര്‍ഷകര്‍ക്ക് ന്യായവില നല്‍കുന്നതുകൊണ്ടു മാത്രമാണ് വിലക്കയറ്റമെന്ന ധ്വനിയാണ് പ്രമേയത്തില്‍. പൂഴ്ത്തിവയ്പ്പിനും കരിഞ്ചന്തയ്ക്കുമെതിരെ സംസ്ഥാനങ്ങള്‍ നടപടിയെടുക്കണമെന്ന് ഉപദേശിക്കുന്ന കോണ്‍ഗ്രസ് വിലക്കയറ്റത്തിന് മുഖ്യകാരണമായ അവധിവ്യാപാരത്തെ കുറിച്ച് പരാമര്‍ശിക്കുന്നില്ല. സാമ്പത്തികവര്‍ഷാവസാനത്തോടെ പണപ്പെരുപ്പം ആറു ശതമാനമായി കുറയുമെന്നാണ് പ്രതീക്ഷ. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തുടര്‍ന്നും നടപടി സ്വീകരിക്കണം-പ്രമേയം ആവശ്യപ്പെട്ടു. പൊതുമേഖലാ വില്‍പ്പനയടക്കമുള്ള സാമ്പത്തിക പരിഷ്കാരനടപടികളെ പിന്തുണയ്ക്കുന്ന പ്രമേയം സേവനമേഖലകളിലടക്കം നേരിട്ടുള്ള വിദേശനിക്ഷേപത്തെ സ്വാഗതം ചെയ്യുന്നു. ഭക്ഷ്യാവകാശനിയമത്തെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ടെങ്കിലും നിയമം എന്നുനടപ്പാക്കുമെന്ന സൂചനയില്ല.
2011-20ല്‍ നടപ്പാക്കേണ്ട പത്തിന സാമൂഹ്യ-സാമ്പത്തിക അജന്‍ഡയും പ്രമേയത്തിലുണ്ട്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സമഗ്രഭരണം, കര്‍ഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും വായ്പ ഉറപ്പാക്കുന്ന നടപടികള്‍, എല്ലാവര്‍ക്കും ആരോഗ്യം, വിദ്യാഭ്യാസം, എല്ലാ ജനവാസ മേഖലയിലും കുടിവെള്ളം, റോഡ്, വൈദ്യുതി, ആദിവാസിക്ഷേമം, ഭക്ഷ്യസുരക്ഷ, സാമൂഹ്യസുരക്ഷ, എല്ലാവര്‍ക്കും തൊഴില്‍ എന്നീ കാര്യങ്ങളാണ് പത്തിന അജന്‍ഡയില്‍.
തൃണമൂലിനെ പ്രകോപിപ്പിച്ച് പ്ളീനറി പ്രമേയം
കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ അക്രമങ്ങള്‍ക്ക് തൃണമൂല്‍ കോണ്‍ഗ്രസിനും ഉത്തരവാദിത്തമുണ്ടെന്ന എഐസിസി പ്ളീനറി യിലെ പ്രമേയത്തിലെ പരാമര്‍ശം കോണ്‍ഗ്രസും തൃണമൂലും തമ്മിലുള്ള ബന്ധം ഉലയ്ക്കുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസ്സിലായില്ലെന്നും അവരോട് കൂടുതല്‍ വിശദീകരണം തേടുമെന്നും തൃണമൂല്‍ നേതാവ് സുദീപ് ബന്ദോപാധ്യായ പ്രതികരിച്ചു. ധനമന്ത്രി പ്രണബ് മുഖര്‍ജിയാണ് പ്ളീനറിയില്‍ തൃണമൂലിനെ കുറ്റപ്പെടുത്തുന്ന പ്രമേയം അവതരിപ്പിച്ചത്.
ചിലപ്രദേശങ്ങള്‍ ആക്രമിച്ചു പിടിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തനരീതി പ്രോത്സാഹിപ്പിക്കാനാകില്ലെന്നാണ് പ്രമേയത്തില്‍ പറയുന്നത്. സിപിഐ എമ്മും തൃണമൂലും ഇതില്‍ തുല്യ ഉത്തരവാദികളെന്ന പരാമര്‍ശമാണ് തൃണമൂലിനെ പ്രകോപിപ്പിച്ചത്. ജംഗല്‍മഹലില്‍ കേന്ദ്രസേനയെ സിപിഐ എം ദുരുപയോഗം ചെയ്യുന്നെന്നും സേനയെ പിന്‍വലിക്കണമെന്നും തൃണമൂല്‍ നേതാവ് മമത ബാനര്‍ജി മുഖര്‍ജിയോട് ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് പ്രമേയം അവതരിപ്പിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ് പറയുന്നതുകേട്ട് ജംഗല്‍മഹലില്‍നിന്ന് കേന്ദ്രസേനയെ പിന്‍വലിക്കരുതെന്ന് പശ്ചിമബംഗാള്‍ പിസിസി പ്രസിഡന്റ് മനാസ് ഭുനിയ പ്ളീനറിയില്‍ ആവശ്യപ്പെട്ടിരുന്നു. മുന്നണിമര്യാദ പാലിക്കാത്ത പാര്‍ടിയാണ് തൃണമൂലെന്നാണ് ദീപ ദാസ് മുന്‍ഷി എംപി അഭിപ്രായപ്പെട്ടത്. കഴിഞ്ഞയാഴ്ച റെയില്‍വേ സംഘടിപ്പിച്ച പരിപാടി പ്രണബ് മുഖര്‍ജി ബഹിഷ്കരിച്ചിരുന്നു. പരിപാടിയില്‍നിന്ന് മറ്റ് കോണ്‍ഗ്രസ് എംപിമാരെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചായിരുന്നു ഇത്.
(വി ജയിന്‍)
ദേശാഭിമാനി 211210
പെട്രോള്‍ വിലക്കയറ്റത്തിനുപിന്നാലെ പാചകവാതകവിലയും കുത്തനെ വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. സിലിണ്ടറിന് 50 രൂപയില്‍ കുറയാതെ വര്‍ധിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് പൊട്രോളിയം മന്ത്രാലയവൃത്തങ്ങള്‍ പറഞ്ഞു. ഡീസല്‍വില വര്‍ധിപ്പിക്കുന്ന കാര്യം തീരുമാനിക്കാന്‍ ബുധനാഴ്ച ധനമന്ത്രി പ്രണബ് മുഖര്‍ജിയുടെ അധ്യക്ഷതയില്‍ മന്ത്രിതലസമിതി യോഗം ചേരും. പാചകവാതക വിലവര്‍ധനയ്ക്ക് അനുമതി തേടി പെട്രോളിയം മന്ത്രാലയം കത്തുനല്‍കിയ സാഹചര്യത്തില്‍ യോഗം ഇക്കാര്യവും പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഡിസംബര്‍ 14 മുതല്‍ എണ്ണക്കമ്പനികള്‍ പെട്രോളിന് 2.96 രൂപ വര്‍ധിപ്പിച്ചിരുന്നു.
ReplyDelete