Wednesday, December 29, 2010

ചിദംബരത്തിന് മറുപടി നല്‍കി: ബുദ്ധദേവ്

കൊല്‍ക്കത്ത: ജംഗല്‍മഹലില്‍ സിപിഐ എം പ്രവര്‍ത്തകര്‍കേന്ദ്രസേനയെ ദുരുപയോഗംചെയ്ത് എതിരാളികളെ ആക്രമിക്കുകയാണെന്നാരോപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം അയച്ച കത്തിന് പശ്ചിമബംഗാള്‍ സര്‍ക്കാര്‍ മറുപടി നല്‍കി. മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍, ഫാക്സ് മുഖേന അയച്ച മറുപടിയുടെ ഉള്ളടക്കം അദ്ദേഹം വെളിപ്പെടുത്തിയില്ല. ഡിസംബര്‍ 21ന് ഡല്‍ഹിയില്‍നിന്ന് ചിദംബരം അയച്ച കത്ത് 27നാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയത്. അതിനുമുമ്പ് കത്തിന്റെ ഉള്ളടക്കം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തിരുന്നു.

തൃണമൂല്‍ നേതാവ് മമതാ ബാനര്‍ജിയെ പ്രീണിപ്പിക്കാനുള്ള ശ്രമമാണ് ചിദംബരത്തിന്റെ കത്തിലുള്ളതെന്ന് മന്ത്രിസഭാ യോഗം വിലയിരുത്തി. കോണ്‍ഗ്രസ്- തൃണമൂല്‍ ബന്ധം വഷളായ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പുസഖ്യം ഉറപ്പിക്കാനുള്ള ശ്രമമാണിതെന്ന് മന്ത്രിസഭാ യോഗത്തിനുശേഷം പൊതുമരാമത്ത് മന്ത്രി ക്ഷിതി ഗോസ്വാമി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. പി ചിദംബരം മുഖ്യമന്ത്രിക്ക് കത്തയച്ചത് ശരിയായ നടപടിയാണെന്നും ജംഗല്‍മഹലില്‍ ക്രമസമാധാനനില തകര്‍ന്നുവെന്നും പിസിസി പ്രസിഡന്റ് മനാസ് ഭുനിയ പറഞ്ഞു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂലുമായി സഖ്യമുണ്ടാക്കി ഇടതുമുന്നണിയെ തോല്‍പ്പിക്കുകയാണ് ലക്ഷ്യം- ഭുനിയ പറഞ്ഞു.

കഴിഞ്ഞ ദിവസത്തെ വാര്‍ത്തകള്‍

ചിദംബരത്തിന്റെ കത്ത് തൃണമൂല്‍ താല്‍പ്പര്യത്തിന്: സിപിഐ എം

ന്യൂഡല്‍ഹി/കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ സര്‍ക്കാരിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അയച്ച കത്ത് തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയതാല്‍പ്പര്യം സംരക്ഷിക്കാനാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു. ആഭ്യന്തരവകുപ്പ് അയച്ചകത്തിന്റെ ഉള്ളടക്കം മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യക്ക് ലഭിക്കുംമുമ്പ് മാധ്യമങ്ങളില്‍ വന്നതെങ്ങനെയെന്ന് ചിദംബരം വിശദീകരിക്കണമെന്ന് പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു. തികച്ചും പക്ഷപാതപരമാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സമീപനം. സിപിഐ എം സായുധകേഡര്‍മാരെ ഉപയോഗിക്കുന്നതായി ആരോപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി ബംഗാള്‍ മുഖ്യമന്ത്രിക്ക് അയച്ച കത്തിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ വിശദമായി റിപ്പോര്‍ട്ട് ചെയ്തിരിക്കയാണ്. മുഖ്യമന്ത്രിക്ക് കത്ത് ലഭിക്കുന്നതിന് മുമ്പുതന്നെ ഉള്ളടക്കം പത്രങ്ങളില്‍ വന്നു. ഇതൊരു അസാധാരണ ആശയവിനിമയമാണ്. കേന്ദ്രസര്‍ക്കാരിന്റെ ഭാഗമായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനാണ് കത്തയച്ചതെന്ന് ഇതില്‍നിന്ന് വ്യക്തമാണെന്ന് പിബി പറഞ്ഞു. ചിദംബരം അയച്ച കത്ത് തിങ്കളാഴ്ച രാവിലെ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ ഓഫീസിലെത്തി. കത്തിന് ഉചിതമായ സമയത്ത് മറുപടി നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

മറനീക്കിയത് കോണ്‍ഗ്രസ്- തൃണമൂല്‍ ഒത്തുകളി


കൊല്‍ക്കത്ത: പശ്ചിമ ബംഗാളിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെട്ട് കേന്ദ്രആഭ്യന്തരമന്ത്രി പി ചിദംബരം കത്തയച്ചതിന് പിന്നില്‍ കോണ്‍ഗ്രസും തൃണമൂലും തമ്മിലുള്ള ഒത്തുകളി. സിപിഐ എം പ്രവര്‍ത്തകര്‍ നിയമം കൈയിലെടുക്കുന്നുവെന്നും സിപിഐ എമ്മിന്റെ സായുധസംഘങ്ങളെ പിരിച്ചുവിടണമെന്നുമാണ് കത്തില്‍ പറയുന്നത്. ജംഗല്‍മഹലില്‍നിന്ന് കേന്ദ്രസേനയെ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടും സിപിഐ എം കേന്ദ്രസേനയെ ദുരുപയോഗിക്കുന്നുവെന്ന് ആരോപിച്ചും തൃണമൂല്‍ കോണ്‍ഗ്രസ് പ്രധാനമന്ത്രിക്ക് നിവേദനം നല്‍കിയതിനു പിന്നാലെയാണ് ഈ കത്ത്. കത്ത് ബംഗാളിലെത്തിയ ദിവസംതന്നെ ലാല്‍ഗഢില്‍ സിപിഐ എം സോണല്‍ കമ്മിറ്റിയംഗം രജിത് അധികാരിയുടെ വീടും നയാഗ്രാമിലെ സിപിഐ എം ഓഫീസും മാവോയിസ്റുകള്‍ തീയിട്ടു. ഡിസംബര്‍ 21ന് ഡല്‍ഹിയില്‍നിന്ന് അയച്ച കത്ത് 27ന് കൊല്‍ക്കത്തയില്‍ എത്തുംമുമ്പേ ഉള്ളടക്കം മാധ്യമങ്ങളില്‍ വന്നു. പക്ഷേ, ഇതിനുമുമ്പ് 24ന് കത്ത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തു. ഇതില്‍ ഗൂഢാലോചനയുണ്ടെന്നും എങ്ങനെയാണ് സംസ്ഥാന മുഖ്യമന്ത്രിക്ക് കത്ത് കിട്ടുന്നതിനുമുമ്പ് മാധ്യമങ്ങള്‍ക്ക് കത്ത് കിട്ടിയതെന്ന് വിശദീകരിക്കേണ്ട ബാധ്യത ചിദംബരത്തിനുണ്ടെന്നും ഇടതുമുന്നണി ചെയര്‍മാന്‍ ബിമന്‍ബസു പത്രസമ്മേളനത്തില്‍ പറഞ്ഞു.

കത്തിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളാണുള്ളത്. സിപിഐ എമ്മിനെതിരെ തൃണമൂല്‍ ഉപയോഗിക്കുന്ന പദപ്രയോഗങ്ങളാണ് കേന്ദ്രമന്ത്രിയും ഉപയോഗിച്ചത്. കോണ്‍ഗ്രസും തൃണമൂലും ഒത്തുകളിച്ചെന്ന് വ്യക്തം. മാവോയിസ്റ് ആക്രമണങ്ങള്‍മൂലം സ്വന്തം വീടുകളില്‍ കിടന്നുറങ്ങാന്‍ കഴിയാത്ത സിപിഐ എം പ്രവര്‍ത്തകരെയും കുടുംബാംഗങ്ങളെയും പാര്‍പ്പിക്കുന്ന ക്യാമ്പുകള്‍മാത്രമേ ജംഗല്‍മഹലില്‍ സിപിഐ എം നടത്തുന്നുള്ളൂ. തൃണമൂല്‍ പിന്തുണയോടെ മാവോയിസ്റുകള്‍ നടത്തുന്ന ആക്രമണംമൂലമാണ് ഇത്തരം ക്യാമ്പുകള്‍ നടത്തേണ്ടിവരുന്നത്. വീടുകളില്‍ താമസിച്ചാല്‍ ജീവന്‍ നഷ്ടപ്പെടുമെന്ന് ഭീതിയുള്ള ജനങ്ങള്‍ക്ക് താമസിക്കാന്‍ സൌകര്യവും ഭക്ഷണവും നല്‍കുന്ന ക്യാമ്പുകളെ അക്രമികളുടെ ക്യാമ്പുകള്‍ എന്നു വിളിക്കുന്നത് അക്രമികളെ സംരക്ഷിക്കാനാണെന്ന് ബസു പറഞ്ഞു. തൃണമൂലിനെ സന്തോഷിപ്പിക്കാനാണ് ചിദംബരം കത്തയച്ചതെന്ന് മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ പറഞ്ഞു. ഡംഡമില്‍ ഇടതുമുന്നണി റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാവോയിസ്റുകളുമായി ചേര്‍ന്ന് മനുഷ്യക്കുരുതി നടത്തുന്നത് തൃണമൂല്‍ കോണ്‍ഗ്രസാണ്. അവരെ പിന്തുണയ്ക്കുന്ന കോണ്‍ഗ്രസിന്റെ പോക്ക് രാജ്യത്തെ നാശത്തിലേക്ക് നയിക്കും-അദ്ദേഹം പറഞ്ഞു.
(വി ജയിന്‍)

deshabhimani 281210&291210

1 comment:

  1. കേന്ദ്രമന്ത്രി ചിദംബരം അയച്ച കത്തിലെ മോശം പദപ്രയോഗങ്ങളില്‍ ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ പ്രതിഷേധിച്ചു. സിപിഐ എം പ്രവര്‍ത്തകര്‍ വാടക കൊലയാളികളാണെന്ന പരാമര്‍ശം ആഭ്യന്തരമന്ത്രി ചിദംബരം നടത്തിയതിനെതിരെയാണ് മുഖ്യമന്ത്രി രൂക്ഷമായി പ്രതികരിച്ചത്. തൃണമൂല്‍ കോഗ്രസ് പ്രചരിപ്പിക്കുന്ന വൃത്തികെട്ട വാക്കാണ് അദ്ദേഹം പ്രയോഗിച്ചതെന്ന് ബുദ്ധദേവ് സൂചിപ്പിച്ചു. തൃണമൂല്‍ കോഗ്രസിനാണ് നക്സലുകളുമായി ബന്ധമുള്ളതെന്നും കഴിഞ്ഞ ദിവസമയച്ച മറുപടിയില്‍ അദ്ദേഹം വ്യക്തമാക്കി. നേരത്തെ രഹസ്യമായുണ്ടായിരുന്ന ബന്ധം ഇപ്പോള്‍ പരസ്യമായാണ്. മൂന്നു ജില്ലകളിലെ 28 പൊലീസ് സ്റ്റേഷനുകളില്‍ മാവോയിസ്റ്റുകള്‍ക്കെതിരെയുള്ള പ്രവര്‍ത്തനം ശക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകളുടെ പ്രവര്‍ത്തനഫലമായി ഈ മേഖലകളിലെ ജനജീവിതം സാധാരണനിലയിലേക്കു വരുന്നതായും ബുദ്ധദേവ് കത്തില്‍ വ്യക്തമാക്കി.

    ReplyDelete