28 മെഗാവാട്ടിന്റെ മൂന്ന് ചെറുകിട ജലവൈദ്യുത പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കാനും ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണ നടപടികള്‍ ആരംഭിക്കാനും വൈദ്യുതി ബോര്‍ഡ് തീരുമാനിച്ചു.
പെരുവണ്ണാമൂഴി 6 മെഗാവാട്ട്, തൂമ്പുര്‍മൂഴി 7 മെഗാവാട്ട്, പഴശിസാഗര്‍ 15 മെഗാവാട്ട് എന്നീ മൂന്ന് ചെറുകിട ജലവൈദ്യുത പദ്ധതികള്‍ക്ക് ബോര്‍ഡ് യോഗം ഭരണാനുമതി നല്‍കി.
കോഴിക്കോട് കുറ്റിയാടി നദീതടത്തില്‍ 67 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന പെരുവണ്ണാമൂഴി പദ്ധതിയില്‍ നിന്ന് പ്രതിവര്‍ഷം 24.7 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനാകും.
ചാലക്കുടി നദീതടത്തില്‍ സ്ഥാപിക്കുന്ന 7 മെഗാവാട്ടിന്റെ തുമ്പൂര്‍മൂഴി പദ്ധതിക്ക് 68.37 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 19.77 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാവുന്ന ഈ പദ്ധതി ചാലക്കുടി നദീതടത്തിലെ നാലാമത്തെ പദ്ധതിയാണ്.
15 മെഗാവാട്ടിന്റെ പഴശിസാഗര്‍ പദ്ധതി കണ്ണൂര്‍ ജില്ലയില്‍ ആരംഭിക്കുന്ന രണ്ടാമത്തെ പദ്ധതിയാണ്. 42.14 ദശലക്ഷം യൂണിറ്റ് പ്രതിവര്‍ഷ ഉല്‍പാദനം ലക്ഷ്യമിടുന്ന പദ്ധതിയുടെ ചെലവ് 133.91 കോടി രൂപയാണ്.
50 മെഗാവാട്ടിന്റെ ഷോളയാര്‍ പദ്ധതിയുടെ പുനരുദ്ധാരണത്തിനും ആധുനികവല്‍ക്കരണത്തിനുമായി 199 കോടി രൂപയുടെ ഭരണാനുമതി നല്‍കി.
മാങ്കുളം 40 മെഗാവാട്ട്, ആഢ്യന്‍പാറ 3.5 മെഗാവാട്ട്, കക്കയം (ചെറുകിട) 3 മെഗാവാട്ട്, പൊരിങ്ങല്‍ക്കുത്ത് (ചെറുകിട) 24 മെഗാവാട്ട്, വെള്ളത്തൂവല്‍ 3.6 മെഗാവാട്ട്, ചിമ്മിണി 2.5 മെഗാവാട്ട് തുടങ്ങിയ 76.6 മെഗാവാട്ടിന്റെ പദ്ധതികളുടെ ടെണ്ടര്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാകും.
പാലക്കാട് ജില്ലയില്‍ രാജീവ്ഗാന്ധി ഗ്രാമീണ്‍ വൈദ്യുതീകരണ്‍ യോജന നടപ്പാക്കാനായി 12.23 കോടി രൂപയുടെ കരാര്‍ അരാവലി ഇന്‍ഫ്രാപവര്‍, ഡല്‍ഹി എന്ന സ്ഥാപനത്തിന് നല്‍കാന്‍ തീരുമാനമായി. ജില്ലയിലെ 144 ഗ്രാമങ്ങളിലായി നൂറ്റി മുപ്പത്തേഴ് 25 കെ വി എ ട്രാന്‍സ്‌ഫോര്‍മറുകള്‍ സ്ഥാപിക്കുകയും 190 കിലോമീറ്റര്‍ 11 കെവി ലൈന്‍, 165 കിലോ മീറ്റര്‍ വിതരണ ലൈന്‍ എന്നിവ നിര്‍മിക്കുകയും ചെയ്ത് ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള 3955 കുടുംബങ്ങള്‍ക്ക് പുതുതായി വൈദ്യുതി ലഭ്യമാക്കുന്നതാണ് ഈ പദ്ധതി.
ഉപഭോക്താക്കള്‍ക്ക് മോഡല്‍ സെക്ഷനുകളിലൂടെ മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി 870 ഓവര്‍സീയര്‍മാരുടെയും 243 ലൈന്‍മാന്‍മാരുടെയും തസ്തികകള്‍ അധികമായി സൃഷ്ടിക്കാനും തീരുമാനിച്ചു.ബോര്‍ഡ് ജീവനക്കാരുടെ പുതിയ ശമ്പള പരിഷ്‌കരണ നടപടികള്‍ ആരംഭിക്കുന്നതിനായി നാലംഗ സമിതിയെ ചുമതലപ്പെടുത്തി. മൂന്ന് ആഴ്ചകള്‍ക്കുള്ളില്‍ തന്നെ പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കും. നിലവിലുള്ള സേവന വേതന വ്യവസ്ഥയുടെ കാലാവധി 2008 ജൂലൈയില്‍ അവസാനിച്ചിരുന്നു.
5.85 കോടി രൂപ ചെലവില്‍ പത്തനംതിട്ടയില്‍ വൈദ്യുതി ഭവനത്തിന്റെ നിര്‍മാണത്തിന് പെരുമ്പാവൂര്‍ ആര്യാക്കോണ്‍ കോണ്‍ട്രാക്‌ടേഴ്‌സിന് കരാര്‍ നല്‍കാനും ബോര്‍ഡ് യോഗം തീരുമാനിച്ചു.
janayugom 221210
No comments:
Post a Comment