Thursday, December 30, 2010

ന്യൂനപക്ഷ ക്ഷേമവകുപ്പും കമീഷനും രൂപീകരിക്കും

സംസ്ഥാനത്ത് ന്യൂനപക്ഷ ക്ഷേമവകുപ്പ് രൂപീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനാവശ്യമായ തസ്തികകളും സൃഷ്ടിക്കും. സംസ്ഥാന ന്യൂനപക്ഷ കമീഷന്‍ രൂപീകരിക്കാനും തീരുമാനിച്ചതായി മന്ത്രിസഭായോഗത്തിനു ശേഷം മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കമീഷന്റെ കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി. ന്യൂനപക്ഷ ക്ഷേമം ഉറപ്പുവരുത്തുകയാണ് വകുപ്പ് രൂപീകരണത്തിന്റെ ലക്ഷ്യം. കേരളത്തിലെ മതന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനാവശ്യമായ നടപടികള്‍ വകുപ്പ് സ്വീകരിക്കും. സച്ചാര്‍ കമീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രൂപീകരിച്ച പാലോളി കമ്മിറ്റി റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദേശങ്ങളിലൊന്നാണ് ന്യൂനപക്ഷ വകുപ്പ് രൂപീകരിക്കുക എന്നത്. പാലോളി കമ്മിറ്റി റിപ്പോര്‍ട്ട് നിര്‍വഹണത്തിനായി ഇതിനകം 52 തസ്തിക അംഗീകരിച്ചിട്ടുണ്ട്. വകുപ്പ് ആസ്ഥാന ഓഫീസിലേക്കായി സൃഷ്ടിക്കുന്ന എട്ട് തസ്തിക ഉള്‍പ്പെടെ 60 തസ്തിക പുതിയ വകുപ്പിന് കീഴില്‍ വരും.

2008ല്‍ പൊതുഭരണവകുപ്പിന് കീഴില്‍ ന്യൂനപക്ഷ സെല്‍ രൂപീകരിച്ചിരുന്നു. ഇതിന്റെ കീഴിലാണ് നിലവില്‍ ന്യൂനപക്ഷ ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഇപ്പോള്‍ ന്യൂനപക്ഷ ക്ഷേമവകുപ്പ് സ്പെഷ്യല്‍ ഓഫീസറുടെ ചുമതലയുള്ള ഗ്രാമവികസനവകുപ്പ് ജോയിന്റ് കമീഷണര്‍ ചക്രവര്‍ത്തി മധോസ് രൂപത്സ് ആയിരിക്കും വകുപ്പ് തലവന്‍. സ്വതന്ത്രചുമതലയുള്ള ഓഫീസ് ഉടനെ പ്രവര്‍ത്തനമാരംഭിക്കും. മെമ്പര്‍ സെക്രട്ടറി ഉള്‍പ്പെടെ മൂന്ന് അംഗങ്ങളാണ് ന്യൂനപക്ഷ കമീഷനിലുണ്ടാവുക. സംസ്ഥാനതലത്തില്‍ ന്യൂനപക്ഷ കമീഷന്‍ രൂപീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ യുഡിഎഫ് ഭരണകാലത്തുതന്നെ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, നടപടിയുണ്ടായില്ല. കമീഷന്റെ ഘടനയും പ്രവര്‍ത്തനവ്യവസ്ഥകളും അടങ്ങുന്ന ബില്ലിനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്. ബില്‍ നിയമസഭ അംഗീകരിക്കുന്നതോടെ കമീഷന്‍ നിലവില്‍വരും.

പെട്രോള്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് ഓട്ടോറിക്ഷ-ടാക്സി തൊഴിലാളികള്‍ നടത്തുന്ന പണിമുടക്ക് ഒത്തുതീര്‍ക്കുന്നതിനായി ചര്‍ച്ച നടത്താന്‍ ഗതാഗതമന്ത്രിയെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ സ്വകാര്യപണമിടപാട് സ്ഥാപനങ്ങളിലും വ്യക്തികളിലുംനിന്ന് എടുത്ത കടങ്ങളില്‍ ജപ്തി അടക്കമുള്ള നടപടികള്‍ക്ക് പ്രഖ്യാപിച്ച മൊറട്ടോറിയം ആറു മാസത്തേക്കുകൂടി ദീര്‍ഘിപ്പിച്ചു. കോഴിക്കോട്ട് സ്ഥിരം അദാലത്തിനും ഇതിലേക്ക് അഞ്ച് തസ്തിക അനുവദിക്കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ നിര്യാണത്തില്‍ മന്ത്രിസഭ അനുശോചിച്ചു.

deshabhimani 301210

1 comment:

  1. സംസ്ഥാനത്ത് ന്യൂനപക്ഷ ക്ഷേമവകുപ്പ് രൂപീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനാവശ്യമായ തസ്തികകളും സൃഷ്ടിക്കും. സംസ്ഥാന ന്യൂനപക്ഷ കമീഷന്‍ രൂപീകരിക്കാനും തീരുമാനിച്ചതായി മന്ത്രിസഭായോഗത്തിനു ശേഷം മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കമീഷന്റെ കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി. ന്യൂനപക്ഷ ക്ഷേമം ഉറപ്പുവരുത്തുകയാണ് വകുപ്പ് രൂപീകരണത്തിന്റെ ലക്ഷ്യം. കേരളത്തിലെ മതന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനാവശ്യമായ നടപടികള്‍ വകുപ്പ് സ്വീകരിക്കും. സച്ചാര്‍ കമീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രൂപീകരിച്ച പാലോളി കമ്മിറ്റി റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദേശങ്ങളിലൊന്നാണ് ന്യൂനപക്ഷ വകുപ്പ് രൂപീകരിക്കുക എന്നത്. പാലോളി കമ്മിറ്റി റിപ്പോര്‍ട്ട് നിര്‍വഹണത്തിനായി ഇതിനകം 52 തസ്തിക അംഗീകരിച്ചിട്ടുണ്ട്. വകുപ്പ് ആസ്ഥാന ഓഫീസിലേക്കായി സൃഷ്ടിക്കുന്ന എട്ട് തസ്തിക ഉള്‍പ്പെടെ 60 തസ്തിക പുതിയ വകുപ്പിന് കീഴില്‍ വരും.

    ReplyDelete