Monday, December 27, 2010

എ ഐ സി സി സമ്മേളനത്തിലെ ഫലിതവും...

എ ഐ സി സി സമ്മേളനത്തിലെ ഫലിതവും യൂത്ത് കോണ്‍ഗ്രസിലെ തിരഞ്ഞെടുപ്പ് മഹാമഹവും

ജനാധിപത്യം എന്നത് സമസ്ത കോണ്‍ഗ്രസുകാരനും ജീവനേക്കാള്‍ പ്രധാനമായി കരുതുന്ന ഒന്നാണ്. അതുകൊണ്ടാണ് പി സി സി അധ്യക്ഷന്‍മാരെ ദേശീയ പ്രസിഡന്റ് നാമനിര്‍ദേശം ചെയ്ത് ജനാധിപത്യത്തിന്റെ പുഷ്‌കലകാലം കോണ്‍ഗ്രസിനുള്ളില്‍ ആവര്‍ത്തിച്ച് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ദേശീയ പ്രസിഡന്റിനാല്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട പി സി സി പ്രസിഡന്റുമാര്‍ ഡി സി സി പ്രസിഡന്റുമാരെയും അതേ മാതൃകയില്‍ നിയമിക്കണം. ഡി സി സി പ്രസിഡന്റുമാരും മാതൃക പിന്തുടരണം. ഇല്ലെങ്കില്‍ അച്ചടക്ക ലംഘനമാവും. കാരണം അച്ചടക്കത്തിനും പേരുകേട്ട രാഷ്ട്രീയ കക്ഷിയാണ് കോണ്‍ഗ്രസെന്ന് എല്ലാ ഭാരതീയര്‍ക്കും അറിയാവുന്നതാണ്. സോഡാകുപ്പിയേറും കസേരകൊണ്ടടിയും ഉടുമുണ്ടഴിക്കലും പരസ്യവിഴുപ്പലക്കലും വഴി അച്ചടക്കത്തിന്റെ നവമാതൃകകള്‍ സൃഷ്ടിച്ച കക്ഷിയാണ് കോണ്‍ഗ്രസ്  എന്ന് ഏവര്‍ക്കും ബോധ്യമുണ്ട്.

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ പദവിയിലേയ്ക്കുള്ള തിരഞ്ഞെടുപ്പില്‍ ഒരേയൊരാളിനു വേണ്ടി മാത്രം ഓരോ പി സി സിയും ഒന്നിലേറെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചുകൊണ്ട്, പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ തീര്‍ത്തും ജനാധിപത്യവല്‍ക്കരിക്കും. പട്ടാഭി സീതാരാമയ്യയും സുഭാഷ് ചന്ദ്രബോസും തമ്മില്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് നടന്ന മത്സരമൊക്കെ ഒരേയൊരു പേരെഴുതി പത്രിക സമര്‍പ്പിക്കുന്ന കോണ്‍ഗ്രസിലെ ഇന്നത്തെ മഹാമല്ലന്‍മാര്‍ക്ക് പിടിയുണ്ടാവുകയില്ല. ഏത് പട്ടാഭി, ഏത് സുഭാഷ് എന്നൊക്കെ അവര്‍ ചോദിച്ചു കളയും. കോണ്‍ഗ്രസ് ചരിത്രമെഴുതിയ പട്ടാഭി എന്നാരെങ്കിലും പറഞ്ഞാല്‍ 'അതെവിടെ കിട്ടും?' എന്ന് തിരിഞ്ഞുനിന്ന് ചോദിക്കും. ഇത്തരത്തിലുള്ള അധികം ചോദ്യങ്ങള്‍ ഉണ്ടാവാതിരിക്കാനാണ് രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ ദേശീയ സമ്മേളനമൊക്കെ ഒന്നര ദിവസം കൊണ്ട് അവസാനിപ്പിക്കുന്നത്. ഉദ്ഘാടന പ്രസംഗവും രാഷ്ട്രീയ-സാമ്പത്തിക-സംഘടനാ പ്രമേയങ്ങളും ചര്‍ച്ചകളുമൊക്കെ നിമിഷനേരം കൊണ്ടു കഴിയും. എല്ലാവര്‍ക്കും ഒരേ രാഗത്തില്‍ സൃഷ്ടിക്കപ്പെട്ട സ്തുതിഗീതമല്ലാതെ മറ്റൊന്നും പാടാനാവാത്തത് കോണ്‍ഗ്രസുകാര്‍ അത്രമേല്‍ ഐക്യമുള്ളവരും ഒരുപോലെ ചിന്തിക്കുന്നവരും ആയതുകൊണ്ടാണ്. അതിവേഗതയില്‍ അവസാനിച്ച സമ്പൂര്‍ണ പ്ലീനറി സമ്മേളനത്തില്‍ കുറച്ച് സമയം തമ്മില്‍ തല്ലും ഉന്തും തള്ളും മൂലം നഷ്ടപ്പെട്ടെങ്കിലും കുണ്ഠിതമില്ല. കാരണം ആഗോള പ്രശ്‌നങ്ങള്‍ മുതല്‍ ഗ്രാമതല വിഷയങ്ങള്‍ വരെ ചര്‍ച്ച ചെയ്ത് പരിഹാരം കണ്ടെത്തിയാണ് പിരിഞ്ഞത്. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സോണിയാഗാന്ധിയുടെ ഒറ്റ പ്രസംഗം കൊണ്ടു സാധിച്ചു. അതുകൊണ്ട് സവാളയും തക്കാളിയും വെളുത്തുള്ളിയും കണ്ടാല്‍ ഭാരതീയര്‍ ഓടിരക്ഷപ്പെടുന്ന നിലവന്നു.

അഴിമതി എന്നു കേട്ടാല്‍ അറയ്ക്കുന്ന, അപ്പോള്‍ തന്നെ ആട്ടുന്ന കക്ഷിയാണ് കോണ്‍ഗ്രസ്. അതുകൊണ്ടു മാത്രം ഒരു ലക്ഷത്തി എഴുപത്തിയാറായിരം കോടി രൂപയുടെ ടെലികോം അഴിമതി അറിഞ്ഞില്ലെന്നു നടിച്ചു. പഴയ ടെലികോം കുംഭകോണത്തിന്റെ ഭാഗമായി, തലയണയ്ക്കടിയില്‍ നിന്ന് കോടിക്കണക്കിന് രൂപ കണ്ടെടുക്കപ്പെട്ട് ജയിലിലടയ്ക്കപ്പെട്ട സുഖ്‌റാം കോണ്‍ഗ്രസ് നേതാവാണെന്ന വസ്തുത ഓര്‍ക്കാതെ പോയി. കോമണ്‍വെല്‍ത്ത് ഗെയിംസ് കുംഭകോണവും ആദര്‍ശ് ഫ്‌ളാറ്റ് അഴിമതിയും ബഡാ പ്രശ്‌നങ്ങളല്ലാതായി. സോണിയ പറഞ്ഞതുപോലെ അഴിമതിക്കാര്‍ക്കെതിരെ അപ്പപ്പോള്‍ കോണ്‍ഗ്രസ് നടപടിയെടുത്ത് ഞെട്ടിച്ചുകളഞ്ഞു. പക്ഷേ രാജയുടെ ടെലികോം കുംഭകോണം അറിഞ്ഞിട്ടും അറിഞ്ഞില്ലെന്നു നടിച്ച മന്‍മോഹന്‍സിംഗ് വേദിയില്‍ മുന്‍നിരയിലും ആദര്‍ശ് ഫ്‌ളാറ്റ് കുംഭകോണത്തില്‍ പെട്ട കേന്ദ്രമന്ത്രിമാരായ വിലാസ് റാവു ദേശ്മുഖും സുശീല്‍ കുമാര്‍ ഷിന്‍ഡയും വേദിയുടെ പിന്‍നിരയിലും അശോക് ചവാന്‍ സദസ്സിലും കോണ്‍വെല്‍ത്ത് ഗെയിംസില്‍ കുറ്റം ചാര്‍ത്തപ്പെട്ട ഷീലാദീഷിത് വേദിയിലും സുരേഷ് കല്‍മാഡി സദസ്സിലും ഇരിക്കുമ്പോഴായിരുന്നൂ സോണിയയുടെ അഴിമതി വിരുദ്ധ പ്രസംഗം എന്നതുകൊണ്ട് തന്നെ അത് അക്ഷരാര്‍ഥത്തില്‍ അന്വര്‍ഥമായി എന്ന് കോണ്‍ഗ്രസുകാര്‍ അഭിമാനിച്ചു. തെറ്റ് പറയരുതല്ലോ, കോണ്‍ഗ്രസുകാര്‍ക്ക് എന്തും ഏതും അഭിമാനത്തിനു വക നല്‍കുന്നതാണ്. അതുകൊണ്ട് മാത്രമാണ് ബിഹാര്‍ നിയമസഭാ സീറ്റുകള്‍ മുകുള്‍വാസ്‌നിക്ക് എന്ന ചുമതലക്കാരന്‍ വിറ്റഴിച്ചു എന്ന് പറഞ്ഞ് ബിഹാറിലെ കോണ്‍ഗ്രസുകാര്‍ തല്ലുണ്ടാക്കുകയും സമ്മേളനം നിര്‍ത്തിവെയ്പ്പിക്കുകയും ചെയ്ത കാര്യം പോലും അതിരറ്റ അഭിമാനമാണ് സമ്മാനിച്ചതെന്ന് ഖദര്‍ധാരികള്‍ വ്യക്തമാക്കുന്നത്.

അടിമുതല്‍ മുടിവരെ ജനാധിപത്യം ഈ വിധം പൂത്തുനില്‍ക്കുന്നതിന്റെ ഭാഗമായാണ് കേരളത്തിലെ യൂത്ത് കോണ്‍ഗ്രസില്‍ 'യുവരാജാവ്' രാഹുല്‍ഗാന്ധിയുടെ നിര്‍ദേശപ്രകാരം സംഘടനാ തിരഞ്ഞെടുപ്പ് നടത്തിയത്. അംഗത്വ വിതരണ ഘട്ടത്തില്‍ തന്നെ അതു നിരീക്ഷിക്കാന്‍ ഖജനാവിലെ പണം ചെലവഴിച്ച് രാഹുലന്‍ കേരളത്തില്‍ വരുകയും ടാലന്റ് ഹണ്ട് നടത്തുകയും ചെയ്തു. കേരളത്തിലുള്ളവരാകെ ടാലന്റുള്ളവരായതുകൊണ്ട് കേരളത്തിലുള്ള യുവാക്കളുടെ ഇരട്ടിയിലധികം പേര്‍ യൂത്ത് കോണ്‍ഗ്രസ് അംഗങ്ങളായി.  എയും ഐയും വിശാല ഐയും മൂന്ന്, നാല്, അഞ്ച്, ആറ്... എന്നിങ്ങനെ നീളുന്ന ഗ്രൂപ്പുകളുമായി കേരള ജനസംഖ്യയുടെ മൂന്നില്‍ രണ്ടുപേരെ യൂത്ത് കോണ്‍ഗ്രസ് അംഗങ്ങളാക്കി. യുവാക്കള്‍ക്കുവേണ്ടി ശബ്ദിച്ചും സമരം ചെയ്തും തളര്‍ന്നുപോയ, പാര്‍ട്ടി ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും തമ്പടിച്ച് വിശ്രമിക്കുന്ന യൂത്ത് കോണ്‍ഗ്രസുകാരോട് കേരളത്തിലെ യുവാക്കള്‍ക്കും വൃദ്ധര്‍ക്കും ആഭിമുഖ്യം ഉണ്ടാവുന്നതിലും അംഗത്വമെടുക്കുന്നതിലും അദ്ഭുതമില്ല തന്നെ.
പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളില്‍ പത്രിക നല്‍കിയവര്‍ കേരളക്കരയാകെ കാലുപിടിച്ചു നടന്നു. വോട്ടര്‍മാരെ കണ്ടു കാലുപിടിച്ചു. വാഗ്ദാനങ്ങളില്‍ തെല്ലും കുറവുവരുത്തിയില്ല. അത്യാവശ്യം നല്‍കേണ്ടതൊക്കെ നല്‍കി. ഒടുവില്‍ തിരഞ്ഞെടുപ്പ് മഹാമഹം അരങ്ങേറുന്നതിനു തൊട്ടു മുമ്പ് ഐക്യം പൂത്തുലഞ്ഞു നില്‍ക്കുന്ന കോണ്‍ഗ്രസിലെ ബഹുവിധ ഗ്രൂപ്പുകാര്‍ തങ്ങളുടെ കൈവശമാണ് ഏറ്റവും അധികം വോട്ടെന്ന് പത്രദ്വാര്വാ മാലോകരെ അറിയിച്ചു.

ഇത്തരം മഹോത്സവങ്ങള്‍ നടത്താന്‍ ഇപ്പോള്‍ കമ്പനികളുള്ളതുകൊണ്ട് യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് സ്ഥാനാര്‍ഥികളുടെ ബോര്‍ഡ് വെയ്ക്കുന്നതിനോ പോസ്റ്റര്‍ ഒട്ടിക്കുന്നതിനോ ആയാസപ്പെടേണ്ടിവന്നില്ല. കോടിക്കണക്കിനു രൂപ നല്‍കി ഈവന്റ് മാനേജ്‌മെന്റുകളെ ഏര്‍പ്പിച്ചു. ഗാന്ധിയന്‍ ശൈലിയുള്ള പ്രവര്‍ത്തനം. തിരഞ്ഞെടുപ്പ് മഹാമഹം സംഘടിപ്പിച്ചതും ഇത്തരത്തില്‍ ഒരു കമ്പനിതന്നെ.

സ്ഥാനാര്‍ഥികള്‍ക്ക് അനുവദിച്ചു നല്‍കിയ ചിഹ്നങ്ങളുടെ പട്ടിക കാണുമ്പോഴാണ് കോണ്‍ഗ്രസിന്റെ മഹത്വം കൂടുതല്‍ മനസ്സിലാകുക. കത്തുന്ന ടോര്‍ച്ച് ലൈറ്റ്, ടൂത്ത് ബ്രഷ്, വടി, ബലൂണ്‍, പമ്പരം എന്നിത്യാദിയായിരുന്നൂ അടയാളങ്ങള്‍. വടി ഉള്‍പ്പെടുത്തിയതിന് പ്രത്യേക കാരണമുണ്ട്. അവശ്യം വരുന്ന സന്ദര്‍ഭത്തില്‍, വിശേഷിച്ചും തിരഞ്ഞെടുപ്പാകയാല്‍ ഒഴിവാക്കാനാവാത്ത ഒന്നാണ് വടി. സോഡാക്കുപ്പി, പിച്ചാത്തി, കോടാലി, വെട്ടുകത്തി എന്നിവ കൂടി ഉള്‍പ്പടുത്തേണ്ടതായിരുന്നൂ.

പ്രസിഡന്റ് സ്ഥാനാര്‍ഥികള്‍ പ്രസംഗിച്ചപ്പോള്‍ കത്തുന്ന ടോര്‍ച്ച് ലൈറ്റിന്റെ പ്രതിനിധി അനുയായികളുടെ കരഘോഷത്തിന്റെ പിന്‍ബലത്തോടെ പറഞ്ഞുവത്രേ; ഇപ്പോള്‍ ഇരുട്ടാണ്. പക്ഷേ വെളിച്ചം പകരാന്‍ എന്റെ കൈയില്‍ കത്തുന്ന ടോര്‍ച്ച് ലൈറ്റുണ്ട്. ബ്രഷ് ചിഹ്നമായി കിട്ടിയ സ്ഥാനാര്‍ഥി പറഞ്ഞത് മാലിന്യങ്ങളാകെ തുടച്ചുനീക്കാന്‍ ബ്രഷ് വേണം. ഇപ്പോള്‍ തന്റെ കൈയില്‍ ചെറിയ ബ്രഷുണ്ട്. പക്ഷേ ഇതു പോരാ. മാലിന്യങ്ങള്‍ തുടച്ചുമാറ്റാന്‍ എനിക്ക് വലിയൊരു ബ്രഷ് വേണം.

അനുയായികളില്‍ കൂടുതല്‍ പേര്‍ ബ്രഷിന് വോട്ടു ചെയ്തു. കാരണം മറ്റൊന്നുമല്ല, അഴിമതിയുടെ ചളിക്കുണ്ടില്‍ കഴുത്തറ്റം മുങ്ങി നില്‍ക്കുന്ന കോണ്‍ഗ്രസ് നേതാക്കളെ തുടച്ചു വൃത്തിയാക്കാന്‍ വലിയ ബ്രഷ് വേണമെന്ന തിരിച്ചറിവ് അവര്‍ക്കുണ്ടായി. വെളിച്ചമില്ലെങ്കിലും കുഴപ്പമില്ല, സ്വന്തം നേതാക്കളുടെ മേല്‍പുരണ്ട അഴിമതിക്കറ തുടച്ചു വൃത്തിയാക്കി സുമുഖരാക്കുകയാണ് അടിയന്തര കടമയെന്ന് അവര്‍ക്ക് ബോധ്യമുണ്ട്. ആ ഉദ്യമത്തില്‍ അവര്‍ വിജയിക്കട്ടെ.

ദിഗംബരന്‍ ജനയുഗം 271210

2 comments:

  1. ജനാധിപത്യം എന്നത് സമസ്ത കോണ്‍ഗ്രസുകാരനും ജീവനേക്കാള്‍ പ്രധാനമായി കരുതുന്ന ഒന്നാണ്. അതുകൊണ്ടാണ് പി സി സി അധ്യക്ഷന്‍മാരെ ദേശീയ പ്രസിഡന്റ് നാമനിര്‍ദേശം ചെയ്ത് ജനാധിപത്യത്തിന്റെ പുഷ്‌കലകാലം കോണ്‍ഗ്രസിനുള്ളില്‍ ആവര്‍ത്തിച്ച് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ദേശീയ പ്രസിഡന്റിനാല്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട പി സി സി പ്രസിഡന്റുമാര്‍ ഡി സി സി പ്രസിഡന്റുമാരെയും അതേ മാതൃകയില്‍ നിയമിക്കണം. ഡി സി സി പ്രസിഡന്റുമാരും മാതൃക പിന്തുടരണം. ഇല്ലെങ്കില്‍ അച്ചടക്ക ലംഘനമാവും. കാരണം അച്ചടക്കത്തിനും പേരുകേട്ട രാഷ്ട്രീയ കക്ഷിയാണ് കോണ്‍ഗ്രസെന്ന് എല്ലാ ഭാരതീയര്‍ക്കും അറിയാവുന്നതാണ്. സോഡാകുപ്പിയേറും കസേരകൊണ്ടടിയും ഉടുമുണ്ടഴിക്കലും പരസ്യവിഴുപ്പലക്കലും വഴി അച്ചടക്കത്തിന്റെ നവമാതൃകകള്‍ സൃഷ്ടിച്ച കക്ഷിയാണ് കോണ്‍ഗ്രസ് എന്ന് ഏവര്‍ക്കും ബോധ്യമുണ്ട്.

    ReplyDelete
  2. സമ്മതം ചോദിച്ചില്ല, അല്ല അതിന്റെ ആവശ്യമില്ല.
    ഈ പോസ്റ്റ് കോപി ചെയ്ത് ഒരു മഹാചിന്തകന്റെ ബ്ലോഗിലും ബസ്സിലും പേസ്റ്റ് ചെയ്തിട്ടുണ്ട്.

    http://kpsukumaran.blogspot.com/ << ഇവിടെ.

    ReplyDelete