Friday, December 24, 2010

നരകത്തിലേക്ക് ഒരു ചൂളം വിളി ദൂരം 2

അഹമ്മദ് അറിയുമോ മലബാറിന്റെ ദുരിതം

ഒന്നാം ഭാഗം ബജറ്റിന്റെ പച്ചവെളിച്ചത്തിന് റെഡ് സിഗ്നല്‍

കോഴിക്കോട്- കണ്ണൂര്‍ ട്രെയിന്‍യാത്രപോലെ ഇഴഞ്ഞുള്ള പോക്കാണ് മലബാറിലെ റെയില്‍വികസനവും എന്നൊരു ചൊല്ലുതന്നെയുണ്ട്. 90 കിലോമീറ്ററുള്ള കണ്ണൂര്‍- കോഴിക്കോട് ദൂരം പിന്നിടാന്‍ റെയില്‍വേ നിയമം അനുസരിച്ച് ഒരുമണിക്കൂര്‍ മതി (മണിക്കൂറില്‍ 100 കിലോമീറ്റര്‍ എന്നാണ് കണക്ക്). എന്നാല്‍, സൂപ്പര്‍ ഫാസ്റുമുതല്‍ പാസഞ്ചര്‍വരെ രണ്ടേകാല്‍ മണിക്കൂറില്‍ അധികം എടുത്താണ് ഓടുന്നത്. മലബാര്‍ ഉള്‍പ്പെടുന്ന പാലക്കാട് ഡിവിഷനില്‍ 1132 കിലോമീറ്ററാണുണ്ടായിരുന്നത്. വെട്ടിച്ചുരുക്കി ഇപ്പോള്‍ 588 കിലോമീറ്ററാക്കി. 2007ല്‍ പാലക്കാട് വെട്ടിമുറിച്ചുണ്ടാക്കിയ സേലം ഡിവിഷന് 843 കിലോമീറ്ററുണ്ട്. ചെറുവത്തൂര്‍മുതല്‍ മംഗളൂരുവരെ പിടിച്ചെടുത്ത് മംഗളൂരു ഡിവിഷന്‍ ഉണ്ടാക്കാനും അണിയറയില്‍ നീക്കമുണ്ട്. ഡിവിഷനില്‍ കിലോമീറ്റര്‍ ചുരുങ്ങിയതുപോലെ വികസനപ്രവര്‍ത്തനവും വല്ലാതെ ചുരുങ്ങി. ഷൊര്‍ണൂര്‍-മംഗളൂരു വൈദ്യുതീകരണത്തിന്റെ കാര്യമാണ് ബഹുരസം. അഞ്ചുവര്‍ഷത്തിനകം പൂര്‍ത്തിയാക്കേണ്ട പദ്ധതിക്ക് തുച്ഛമായ ബജറ്റ് വിഹിതമാണ് എന്നും ലഭിക്കുന്നത്. കഴിഞ്ഞ ബജറ്റില്‍ കിട്ടിയത് വെറും 87.11 കോടി രൂപ മാത്രം.

കാലങ്ങളായി മലബാറിലെ ട്രെയിന്‍ യാത്രക്കര്‍ നിരത്തുന്ന പരാതികള്‍ സംഗ്രഹിച്ചാല്‍

* ബാംഗളൂരു രാത്രിയാത്ര നിരോധനം മാറില്ലെന്ന് ഉറപ്പായതോടെ ബംഗളൂരുവിലേക്ക് തീവണ്ടി മാത്രമാണ് ആശ്രയം. ഇതിന് കൂടുതല്‍ വണ്ടി വേണമെന്ന ആവശ്യത്തിന് പഴക്കമേടെ. കണ്ണൂരില്‍ നിന്ന് കോഴിക്കോടു വഴിയും മംഗളൂരു വഴിയും പ്രതിദിന വണ്ടിയാണ് ഇപ്പോഴുള്ളത്. മംഗളൂരു വഴിയൂള്ള 6517-6518 എക്സ്പ്രസ് കോഴിക്കോടു വരെ നീട്ടുക, എറണാകുള - ബംഗളൂരു ഇന്റര്‍സിറ്റി എക്സ്പ്രസിന്റെ സമയം നേരത്തെയാക്കി മലബാറില്‍ നിന്ന് ഈ ട്രെയിനിനുള്ള കണക്ടിവിറ്റി പുന:സ്ഥാപിക്കുക എന്നിവ കൂടുതല്‍ ബാധ്യതയില്ലാതെ റെയില്വേക്ക് നടപ്പാക്കാനാകും. കണ്ണൂരുകാരനായ റെയില്‍മന്ത്രി മാത്രം വിചാരിച്ചാല്‍ മതി. ചെന്നൈ, മുംബൈ, ഹൈദരാബാദ്, ഡല്‍ഹി, കൊല്‍ക്കത്ത എന്നീ നഗരങ്ങളിലേക്ക് കൂടുതല്‍ വണ്ടികള്‍ വേണം.

* മലബാരില്‍ നിന്നു പുറപ്പെടുന്ന വണ്ടികളില്‍ കമ്പാര്‍ട്ട്മെന്റുകളുടെ എണ്ണം  കൂട്ടുകയെന്നതും നിരന്തരം ആവശ്യമാണ്. ഇപ്പോള്‍ 17 വരെ കമ്പാര്‍ട്ട്മെന്റാണുല്ലത്. (തെക്കന്‍ കേരളത്തിലെ ദീര്‍ഘദൂരവണ്ടിക്ക് കോച്ച് പൊതുവെ 23ല്‍ കുറയാറില്ല) ഇന്റര്‍സിറ്റി, പാസഞ്ചര്‍, പരശുറാം എന്നിവയിലെ തിരക്ക് അനുസ്മരിപ്പിക്കുന്നത് വാഗണ്‍ ട്രാജഡിയെയാണ്.

* പുതുതായി തുടങ്ങിയ ട്രെയിനുകളുടേ സമയം പോലും മലബാറുകാര്‍ക്ക് ഗുണകരമല്ല. പകല്‍ പോകുന്ന 14 ട്രെയിനില്‍ നാലെണ്ണവും ഉച്ചക്കാണ് കോഴിക്കോട്ടെത്തുനന്ത്. നാഗര്‍കോവില്‍-മംഗളൂരു ഏരണാട് എക്സ്പ്രസ് (12.40), പാസഞ്ചര്‍ (1 മണി), ജനശതാബ്ദി (1.05) ഇന്റര്‍സിറ്റി(1.40) എന്നിവയാണിവ.

* കോഴിക്കോട്, കണ്ണൂര്‍ പിറ്റ്ലൈന്‍(അറ്റകുറ്റപണികേന്ദ്രം) 540 മീറ്റര്‍ നീളത്തില്‍ സ്ഥലസൌകര്യം, അതേ നീളത്തില്‍ കേബിള്‍ ലൈന്‍, ഓഫീസ് ജീവനക്കാര്‍ എന്നീ സൌകര്യമാണ് പിറ്റ്ലൈനിനു വേണ്ടത്. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച തിരുവനന്തപുരം - കോഴിക്കോട് ജനശതാബ്ദി ഇനിയും വന്നിട്ടില്ല. വന്നാല്‍ ആഴ്ചയില്‍ അഞ്ചുദിവസമുണ്ടാകും. കോഴിക്കോട്ട് പിറ്റ്ലൈനില്ലാത്തതിനാലാണിത്. ഇപ്പോള്‍ തിരുവനന്തപുരത്താണ്  ഈ ട്രെയിനിന്റെ പിറ്റ്ലൈന്‍. കോഴിക്കോട്ടു നിന്ന് പുതിയ ട്രെയിന്‍ തുടങ്ങാനും പിറ്റ്ലൈനില്ലാത്തതിനാല്‍ കഴിയില്ല. വെസ്റ്റ് ഹില്ലില്‍ പിറ്റ്ലൈനുണ്ടാക്കാനുള്ള ശ്രമം എവിടെയും എത്തിയിട്ടില്ല. കണ്ണൂരില്‍ 2009 ജൂണില്‍ 20 കോടി ചെലവില്‍ പിറ്റ്ലൈനിനുള്ള ഭരണാനുമതി ലഭിച്ചു. മംഗളൂരുവിലാണ് ഇപ്പോള്‍ പിറ്റ്ലൈനുള്ളത്. അതിലാകട്ടെ, വണ്ടികളുടെ ബാഹുല്യവും.

* കോഴിക്കോട്ടു നിന്ന് രാവിലെ എറണാകുളത്ത് എത്താന്‍ ഇപ്പോള്‍ വണ്ടിയില്ല. എക്സിക്യൂറ്റീവ് എന്ന് പേരുണ്ടായിരുന്ന കണ്ണൂര്‍ - ആലപ്പുഴ വണ്ടി രാവിലെ 6.40നാണ് പുറപ്പെടുന്നത്. അത് എറണാകുളത്തെത്തുമ്പോള്‍ 11.30 ആകും. യാത്രക്കാര്‍ ഈ വണ്ടിയെ കാളവണ്ടി എന്നാണ് വിളിക്കുന്നത്. ഷൊര്‍ണ്ണൂരിലെത്തിയാല്‍ ഇരുപതു മിനിറ്റിലധികം അവിടെ കിടക്കും. നിര്‍ദ്ദിഷ്ട ജനശതാബ്ദി വനാല്‍ ഈ പ്രശ്നത്തിന് പരിഹാരമാകും.

* കോഴിക്കോട് കേന്ദ്രീകരിച്ച് സബര്‍ബന്‍ ട്രെയിന്‍, കണ്ണൂര്‍-കുറ്റിപ്പുറം-, ഷൊര്‍ണ്ണൂര്‍-തൃശൂര്‍, തൃശൂര്‍‍-ഗുരുവായൂര്‍, തൃശൂര്‍-എറണാകുളം, എറണാകുളം‌-കോട്ടയം റൂട്ടുകളില്‍ അരമണിക്കൂര്‍ ഇടവിട്ട് സര്‍വീസ് നടത്താനാണ് ലക്ഷ്യം. (2007 ഒക്ടോബറില്‍ ഇതിന്റെ റിപ്പോര്‍ട്ട് ഡെല്‍ഹി മെട്രോ കോര്‍പ്പറേഷന് സമര്‍പ്പിച്ചിട്ടുണ്ട്.)

* കാഞ്ഞങ്ങാട്- കാണിയൂര്‍ പാത നിര്‍മാണം ( ബംഗളൂരുവിലേക്ക് 100 കിലോമീറ്റര്‍ ദൂരം കുറയും), മംഗളൂരു-ഹാസന്‍ പാത വഴി മലബാരില്‍ നിന്ന് സര്‍വീസ് ആരംഭിക്കുക.

* മേല്‍പ്പാലങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കുക.

* മംഗളൂരുവില്‍ നിന്ന് നേരിട്ട് കൊല്‍ക്കത്ത ട്രെയിന്‍, മംഗളൂരുവിലെ അസൌകര്യം, മറ്റു സോണ്‍ കൂടി ഉള്‍പ്പെടുന്ന സര്‍വീസ് എന്നീ കാരണത്താല്‍ ഇക്കാ‍ര്യം നടപ്പില്ലെന്നാണ് റെയില്വേയുടെ നിലപാട്.

ഒന്നര ശതാബ്ദം മുമ്പ് തുടങ്ങിയ മംഗളൂരു- ഷൊര്‍ണ്ണൂര്‍ പാത ഇരട്ടിപ്പിക്കല്‍ ഇനിയും പൂര്‍ത്തിയായില്ല. ചില കഷണങ്ങള്‍ ഇനിയും ബാക്കി.

മന്ത്രി പറഞ്ഞതും ഓടിയ വണ്ടിയും

ആഴ്ച വണ്ടിയെ പ്രതിദിനമാക്കി പുതിയ വണ്ടി നല്‍കിയെന്ന പ്രഖ്യാപനമാണ് മന്ത്രി ഇ അഹമ്മദ് നടത്തിയത്. മംഗലാപുരം- ചെന്നൈ പ്രതിവാര ട്രെയിന്‍ ദിവസേന ആക്കിയപ്പോള്‍ 0619 ചെന്നൈ- മംഗളൂരു, 0625 ചെന്നൈ-കണ്ണൂര്‍, 0627 ചെന്നൈ-മംഗളൂരു ട്രെയിനുകള്‍ ഇല്ലാതെയായി. എറണാകുളം - ഗോവ(മൂന്നു ദിവസം) പുതിയതായി അനുവദിച്ചപ്പോള്‍ എറണാകുളം-ദാദര്‍ ട്രെയിന്‍ നിര്‍ത്തിയും മലബാറുകാരെ പറ്റിച്ചു. രാത്രിയും പകലുമില്ലാതെ ഓടുന്ന ഏറനാട് എക്സ്പ്രസ് രാത്രിയാക്കിയാല്‍ പുതിയ തീവണ്ടിയുടെ പ്രയോജനം മലബാറുകാര്‍ക്ക് കിട്ടും.

സിബി ജോര്‍ജ്ജ് ദേശാഭിമാനി 241210

മൂന്നാം ഭാഗം ഇവിടെ

1 comment:

  1. ആഴ്ച വണ്ടിയെ പ്രതിദിനമാക്കി പുതിയ വണ്ടി നല്‍കിയെന്ന പ്രഖ്യാപനമാണ് മന്ത്രി ഇ അഹമ്മദ് നടത്തിയത്. മംഗലാപുരം- ചെന്നൈ പ്രതിവാര ട്രെയിന്‍ ദിവസേന ആക്കിയപ്പോള്‍ 0619 ചെന്നൈ- മംഗളൂരു, 0625 ചെന്നൈ-കണ്ണൂര്‍, 0627 ചെന്നൈ-മംഗളൂരു ട്രെയിനുകള്‍ ഇല്ലാതെയായി. എറണാകുളം - ഗോവ(മൂന്നു ദിവസം) പുതിയതായി അനുവദിച്ചപ്പോള്‍ എറണാകുളം-ദാദര്‍ ട്രെയിന്‍ നിര്‍ത്തിയും മലബാറുകാരെ പറ്റിച്ചു. രാത്രിയും പകലുമില്ലാതെ ഓടുന്ന ഏറനാട് എക്സ്പ്രസ് രാത്രിയാക്കിയാല്‍ പുതിയ തീവണ്ടിയുടെ പ്രയോജനം മലബാറുകാര്‍ക്ക് കിട്ടും.

    ReplyDelete