Wednesday, December 22, 2010

ഡോ. ഹനീഫിന് ഓസ്ട്രേലിയ വന്‍ തുക നഷ്ടപരിഹാരം നല്‍കും

മെല്‍ബണ്‍: അന്യായമായി തടങ്കലില്‍ പാര്‍പ്പിച്ചതിന് ഇന്ത്യന്‍ ഡോക്ടര്‍ മുഹമ്മദ് ഹനീഫിന് ഓസ്ട്രേലിയ വന്‍ തുക നഷ്ടപരിഹാരം നല്‍കും. സംഭവം നടന്ന് മൂന്നു വര്‍ഷത്തിനുശേഷമാണ് ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകുന്നത്. എന്നാല്‍, ഉഭയകക്ഷി ധാരണപ്രകാരം തുക വെളിപ്പെടുത്തിയിട്ടില്ല. നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കായി കഴിഞ്ഞദിവസം ഹനീഫ് ഓസ്ട്രേലിയയില്‍ എത്തിയിരുന്നു. അനുകൂല തീരുമാനം ഉണ്ടായതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഹനീഫ് പ്രതികരിച്ചു. ഈ തുക ലഭിക്കുന്നതോടെ തനിക്ക് ജോലിയില്‍ വീണ്ടും സജീവമാകാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഹനീഫിന്റെ അഭിഭാഷകരും സര്‍ക്കാര്‍ അധികൃതരുമായി ബ്രിസ്ബണില്‍ നടത്തിയ രണ്ടു ദിവസത്തെ ചര്‍ച്ചയ്ക്കൊടുവിലാണ് തീരുമാനം.

നഷ്ടപരിഹാരത്തിന്റെ വിശദാംശങ്ങള്‍ ഇരുകക്ഷികളും രഹസ്യമായി സൂക്ഷിക്കണമെന്നാണ് ധാരണയെന്നും എങ്കിലും വലിയ തുകയാണ് ലഭിക്കുകയെന്നും ഹനീഫിന്റെ അഭിഭാഷകനായ റോഡ് ഹോഡ്ജ്സന്‍ പറഞ്ഞു. ഒത്തുതീര്‍പ്പിനെത്തുടര്‍ന്ന്, മുന്‍ കുടിയേറ്റ മന്ത്രി കെവിന്‍ ആന്‍ഡ്രൂസിനെതിരായ നിയമനടപടി വേണ്ടെന്നുവച്ചു. ജോലി പോയതിനെത്തുടര്‍ന്നുണ്ടായ വരുമാന നഷ്ടവും സംഭവം ഹനീഫിനുണ്ടാക്കിയ ചീത്തപ്പേരും മാനസിക ബുദ്ധിമുട്ടുകളും മുന്‍നിര്‍ത്തിയാണ് നഷ്ടപരിഹാരത്തിനായി വാദിച്ചത്. ഓസ്ട്രേലിയന്‍ നിയമചരിത്രത്തില്‍ അപൂര്‍വസംഭവമാണിതെന്ന് അഭിഭാഷകര്‍ പറഞ്ഞു. പത്തു ലക്ഷം ഡോളര്‍വരെ നഷ്ടപരിഹാരം ലഭിക്കുമെന്നാണ് അഭിഭാഷകര്‍ നേരത്തെ പറഞ്ഞിരുന്നത്.

ഓസ്ട്രേലിയയിലേക്കു തിരിച്ചുവരാന്‍ താനും കുടുംബവും ആഗ്രഹിക്കുന്നതായി ഹനീഫ് പറഞ്ഞു. ഓസ്ട്രേലിയിലെ ഗോള്‍ഡ് കോസ്റ്റിലുള്ള ആശുപത്രിയിലെ ജോലിക്കായി വീണ്ടും അപേക്ഷിക്കും. ഹനീഫും ഭാര്യയും മകളും പത്തു ദിവസത്തിനുശേഷം ഓസ്ട്രേലിയയില്‍നിന്ന് മടങ്ങും. ഇപ്പോള്‍ യുഎഇയിലാണ് ഹനീഫ് ജോലി നോക്കുന്നത്. 2007ല്‍ നടന്ന ഗ്ളാസ്ഗോ സ്ഫോടനശ്രമവുമായി ബന്ധമുണ്ടെന്നു സംശയിച്ചാണ് ഓസ്ട്രേലിയന്‍ പൊലീസ് ഹനീഫിനെ അറസ്റ്റ് ചെയ്തത്.

ദേശാഭിമാനി 221210

1 comment:

  1. അന്യായമായി തടങ്കലില്‍ പാര്‍പ്പിച്ചതിന് ഇന്ത്യന്‍ ഡോക്ടര്‍ മുഹമ്മദ് ഹനീഫിന് ഓസ്ട്രേലിയ വന്‍ തുക നഷ്ടപരിഹാരം നല്‍കും. സംഭവം നടന്ന് മൂന്നു വര്‍ഷത്തിനുശേഷമാണ് ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകുന്നത്. എന്നാല്‍, ഉഭയകക്ഷി ധാരണപ്രകാരം തുക വെളിപ്പെടുത്തിയിട്ടില്ല. നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കായി കഴിഞ്ഞദിവസം ഹനീഫ് ഓസ്ട്രേലിയയില്‍ എത്തിയിരുന്നു. അനുകൂല തീരുമാനം ഉണ്ടായതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഹനീഫ് പ്രതികരിച്ചു. ഈ തുക ലഭിക്കുന്നതോടെ തനിക്ക് ജോലിയില്‍ വീണ്ടും സജീവമാകാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഹനീഫിന്റെ അഭിഭാഷകരും സര്‍ക്കാര്‍ അധികൃതരുമായി ബ്രിസ്ബണില്‍ നടത്തിയ രണ്ടു ദിവസത്തെ ചര്‍ച്ചയ്ക്കൊടുവിലാണ് തീരുമാനം.

    ReplyDelete