Saturday, December 25, 2010

നരകത്തിലേക്ക് ഒരു ചൂളംവിളി ദൂരം 3

ഒന്നാം ഭാഗം, രണ്ടാം ഭാഗം

വേണ്ടത് 700 കോടി; തന്നത് 200 കോടി - ഇഴഞ്ഞിഴഞ്ഞ് ഇരട്ടപ്പാത; മെമുവും ഉറപ്പായില്ല

കേരളത്തിലെ പാതയിരട്ടിപ്പിക്കല്‍ പണിയുടെ മഹിമ കാണാന്‍ ഷൊര്‍ണൂരില്‍ പോകണം. മംഗളൂരു പാതയില്‍ ഷൊര്‍ണൂര്‍-കാരയ്ക്കാട് പാത ഇരട്ടിപ്പിക്കല്‍ തുടങ്ങിയിട്ട് പത്തുവര്‍ഷം കഴിഞ്ഞു. വെറും നാലര കിലോമീറ്ററാണ് ഇതിന്റെ ദൈര്‍ഘ്യം. ഇതേ പോലെ തന്നെയാണ് കോഴിക്കോട്-വെസ്റ്റ് ഹില്‍ റൂട്ടും. ഇതിനു കേവലം ഒരു കിലോമീറ്റര്‍ മാത്രം.

അനന്തമായി നീളുകയാണ് കേരളത്തിലെ പാത ഇരട്ടിപ്പിക്കല്‍. പുതിയ വണ്ടി അനുവദിച്ചാലും പാതയില്ലാതെ പ്രയോജനമില്ലാത്ത അവസ്ഥ. തിരുവനന്തപുരം ഡിവിഷനില്‍ 20 കോടിയും പാലക്കാട് ഡിവിഷനില്‍ 13 കോടിയും യാത്രക്കാര്‍ കഴിഞ്ഞ വര്‍ഷം സഞ്ചരിച്ചു. കേരളത്തിലെ പാളങ്ങളുടെ ഉപയോഗം 150 ശതമാനം വര്‍ദ്ധിച്ചതായി റെയില്‍‌വേ തന്നെ സമ്മതിക്കുന്നു. പാത ഇരട്ടിപ്പിക്കാതെ ഇനി റെയില്‍ സഞ്ചാരം സുഗമമാകില്ലെന്നര്‍ത്ഥം.

പാത ഇരട്ടിപ്പിക്കലിന് കേരളത്തിന് ആവശ്യമായ തുകയുടെ നാലിലൊന്നുപോലും ബജറ്റ് വിഹിതമായി ലഭിക്കുന്നില്ല. എന്നിട്ടും സംസ്ഥാന സര്‍ക്കാര്‍ സ്ഥലം നല്‍കാത്തതാണ് ഇരട്ടിപ്പിക്കാന്‍ തടസ്സമെന്നാണ് കേന്ദ്രമന്ത്രി ഇ അഹമ്മദ് പറയുന്നത്. പുതിയ കണക്കുപ്രകാരം ഒരു കിലോമീറ്റര്‍ പാളമിടാന്‍ രണ്ടര കോടിയാണ് ചെലവ്. സ്ഥലമെടുപ്പും പാലം പണിയും വേറെ. ഏതാണ്ട് 700 കോടി രൂപയിലേറെ പാതയിരട്ടിപ്പിക്കലിനു മാത്രമായി വേണ്ടിവരും. നാലു വര്‍ഷമായി കിട്ടിയത് ഇരുനൂറ് കോടി തികയില്ല. പ്രതിവര്‍ഷം 1300 കോടിയിലേറെ വരുമാനം നല്‍കുന്ന സംസ്ഥാനത്തോടാണ് കേന്ദ്രത്തിന്റെ ഈ കാട്ടുനീതി.

മുളന്തുരുത്തി- കുറുപ്പന്തറ പാതയ്ക്ക് 79.94 കോടിയാണ് ചെലവ്. ഇപ്പോള്‍ അനുവദിച്ച 20 കോടി ചേര്‍ത്താലും അത് സ്ഥലമെടുപ്പിനുപോലും തികയില്ല. ചെങ്ങന്നൂര്‍-ചിങ്ങവനം ഇരട്ടിപ്പിക്കലിന് 99.69 കോടി വേണം. ഇതുവരെ കിട്ടിയത് 70 കോടി. 96 കോടി ആവശ്യമായ കുറുപ്പന്തറ-ചിങ്ങവനം റൂട്ടിന് 15 കോടികൊണ്ട് സ്ഥലമെടുപ്പിനും തികയില്ല. കായംകുളം-മാവേലിക്കര റൂട്ടില്‍ നിര്‍മാണം തീര്‍ന്നെങ്കിലും സുരക്ഷാപരിശോധന കഴിഞ്ഞില്ല. തൃപ്പൂണിത്തുറ-മുളന്തുരുത്തി പാത ഏതാനും മാസം മുമ്പാണ് തുറന്നത്.

അമ്പലപ്പുഴ- ഹരിപ്പാട് പാത തീര്‍ക്കാന്‍ 48.38 കോടി വേണം. ആകെ 25 കോടിയാണ് ലഭിച്ചത്. അടിയന്തര പ്രാധാന്യമുള്ള തിരുവനന്തപുരം-കന്യാകുമാരി പാത ഇരട്ടിപ്പിക്കല്‍ കഴിഞ്ഞ ബജറ്റിലും ഒഴിവാക്കി. എട്ടു കോടി അനുവദിച്ച ചേപ്പാട്-കായംകുളം പണി എന്നു തീരുമെന്ന് ആര്‍ക്കും ഉറപ്പില്ല. കായംകുളം-ആലപ്പുഴ-എറണാകുളം റൂട്ടില്‍ 100.34 കിലോമീറ്ററും കോട്ടയം റൂട്ടില്‍ 107.02 കിലോമീറ്ററും തിരുവനന്തപുരം- നാഗര്‍കോവില്‍ റൂട്ടില്‍ 72.05 കിലോമീറ്ററും ഇരട്ടിപ്പിക്കാന്‍ ബാക്കിയുണ്ട്.

പുതിയ പാതയും കേരളത്തിന് സ്വപ്നംമാത്രം. അങ്കമാലി- ശബരി, തിരുനാവായ- ഗുരുവായൂര്‍ പാതകള്‍ തുടങ്ങാന്‍ നാമമാത്ര തുകയാണ് അനുവദിച്ചത്. പുനലൂര്‍-ചെങ്കോട്ട പാത ചെന്നൈ- മധുര സര്‍വീസ് എളുപ്പമാക്കുന്നതാണ്. മീറ്റര്‍ഗേജ് മാറ്റി ബ്രോഡ്ഗേജാക്കാന്‍ അടച്ച ഈ പാതയില്‍ എന്നു പണി പൂര്‍ത്തിയാകുമെന്ന് പറയാനാവില്ല.

മെമു: നടക്കാത്ത സ്വപ്നം

കഴിഞ്ഞ ബജറ്റിലാണ് ഹ്രസ്വദൂര യാത്രയ്ക്ക് മെമു (മെയിന്‍ ലൈന്‍ ഇലക്ട്രിക്കല്‍ മള്‍ട്ടിപ്പിള്‍ യൂണിറ്റ്) ട്രെയിന്‍ എറണാകുളം മുതല്‍ കൊല്ലം വരെ കോട്ടയം വഴി ഓടിക്കുമെന്ന് പ്രഖ്യാപിച്ചത്. ഷൊര്‍ണൂര്‍-പാലക്കാട്‌-കോയമ്പത്തൂര്‍ റൂട്ടിലാണ് കേരളത്തിലെ ഏക മെമു സര്‍വീസ് ഇപ്പോഴുള്ളത്. പാസഞ്ചര്‍ ട്രെയിനുകളേക്കാള്‍ ഇരട്ടി യാത്രക്കാരെ ഉള്‍ക്കൊള്ളാവുന്ന മെമു യാത്രാക്ലേശം ഏറെ പരിഹരിക്കും. പക്ഷേ, പ്രഖ്യാപനമല്ലാതെ ഒന്നും നടന്നില്ല. കൊല്ലത്ത് മെമുവിന്റെ വര്‍ക്‍ഷോപ്പും യാര്‍ഡും പൂര്‍ത്തിയാകാതെ വണ്ടി ഓടില്ല. മാത്രമല്ല, പാത ഇരട്ടിപ്പിക്കാത്തതും തടസ്സമാണ്. മെമുവിനു വേണ്ട ബോഗി ലെവല്‍ പ്ലാറ്റ്ഫോമും നിര്‍മിക്കണം.

യാത്രാദുരിതം അധികമുള്ള കൊല്ലം-തിരുവനന്തപുരം, എറണാകുളം-ആലുവ റൂട്ടുകളില്‍ മെമു അനുവദിക്കണമെന്ന ആവശ്യം ഇതിനിടയിലുണ്ട്. നിലവിലുള്ള പാസഞ്ചര്‍ ട്രെയിനുകള്‍ മെമു ആക്കാനാണ് നീക്കം. അങ്ങനെ വന്നാല്‍ യാത്രാക്ലേശം പരിഹരിക്കാനാവില്ല. വൈദ്യുതീകരിക്കാത്ത മലബാര്‍ മേഖലയില്‍ ഡീസല്‍ മള്‍ട്ടിപ്പിള്‍ യൂണിറ്റുകള്‍ (ഡി.എം.യു) ഓടിക്കുന്നത് നന്നാവും. മുന്‍ സഹമന്ത്രി ആര്‍. വേലു തമിഴ്നാട്ടില്‍ ഇത്തരം വണ്ടി ഓടിക്കുന്നുണ്ട്. ഇവിടത്തെ മന്ത്രിമാര്‍ക്ക് ആരോടെങ്കിലും മമതയുണ്ടെങ്കിലല്ലേ ഇതൊക്കെ കേരളത്തില്‍ ഓടൂ.

സിബി ജോര്‍ജ്ജ് ദേശാഭിമാനി 251210

5 comments:

  1. കേരളത്തിലെ പാതയിരട്ടിപ്പിക്കല്‍ പണിയുടെ മഹിമ കാണാന്‍ ഷൊര്‍ണൂരില്‍ പോകണം. മംഗളൂരു പാതയില്‍ ഷൊര്‍ണൂര്‍-കാരയ്ക്കാട് പാത ഇരട്ടിപ്പിക്കല്‍ തുടങ്ങിയിട്ട് പത്തുവര്‍ഷം കഴിഞ്ഞു. വെറും നാലര കിലോമീറ്ററാണ് ഇതിന്റെ ദൈര്‍ഘ്യം. ഇതേ പോലെ തന്നെയാണ് കോഴിക്കോട്-വെസ്റ്റ് ഹില്‍ റൂട്ടും. ഇതിനു കേവലം ഒരു കിലോമീറ്റര്‍ മാത്രം.

    ReplyDelete
  2. റഫറല്‍ സൌകര്യമുള്ള ആശുപത്രികളുമായുണ്ടായിരുന്ന കരാര്‍ റെയില്‍വേ പുതുക്കാത്തത് ജീവനക്കാരെ ദുരിതത്തിലാക്കുന്നു. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച തിരുവനന്തപുരത്തെ റെയില്‍വേ മെഡിക്കല്‍ കോളേജ്, കൊല്ലത്തെ നേഴ്സിങ് കോളേജ്, തിരുവനന്തപുരം പേട്ട റെയില്‍വേ ആശുപത്രി സൂപ്പര്‍ സ്പെഷ്യാലിറ്റിയായി ഉയര്‍ത്തല്‍ എന്നിവ വാഗ്ദാനങ്ങളായി തുടരവേയാണ് ജീവനക്കാര്‍ക്ക് ആശ്വാസമായിരുന്ന റഫറല്‍ സംവിധാനത്തിനും റെയില്‍വേ ചുവപ്പു സിഗ്നല്‍ നല്‍കിയത്. എറണാകുളം ലക്ഷ്മി ആശുപത്രി, തൃപ്പൂണിത്തുറ വിജയകുമാരമേനോന്‍ ആശുപത്രി, കൊല്ലത്തെ ബെനസിഗര്‍ ആശുപത്രി എന്നിവയുമായാണ് കരാര്‍ പുതുക്കാത്തത്. ജീവനക്കാരും കുടുംബാംഗങ്ങളും വിരമിച്ചവരുമടക്കം പതിനായിരത്തിലേറെപ്പേര്‍ ആശ്രയിച്ചിരുന്ന എറണാകുളത്തെ ലക്ഷ്മി ആശുപത്രിയില്‍ ചികിത്സാ ആനുകൂല്യം ഇല്ലാതായിട്ട് മൂന്നുമാസത്തോളമായി. തിരുവനന്തപുരം ഡിവിഷനുകീഴില്‍ അനന്തപുരി ആശുപത്രിയിലും തൃശൂര്‍ ഹാര്‍ട്ട് ആശുപത്രിയിലുമേ റഫറല്‍ സൌകര്യം നിലവിലുള്ളൂ. മറ്റിടങ്ങളിലെ ജീവനക്കാരും വിദഗ്ധ ചികിത്സയ്ക്ക് ഈ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. ഇവിടങ്ങളിലെയും കരാര്‍ അവസാനിപ്പിക്കാന്‍ റെയില്‍വേ ശ്രമിക്കുന്നതായി സൂചനയുണ്ട്.

    ReplyDelete
  3. തമിഴ്നാട്ടിലെ പെരമ്പൂരിലേതുപോലെ എല്ലാ സൌകര്യങ്ങളുമുള്ള ആശുപത്രി കേരളത്തിലും വേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. മറ്റു സ്വകാര്യ ആശുപത്രികളില്‍ റെയില്‍വേ ഡോക്ടറുടെ നിര്‍ദേശപ്രകാരം ചികിത്സ തേടുന്നവര്‍ക്ക് മെഡിക്കല്‍ റീ ഇംബേഴ്സ്മെന്റ് ലഭിക്കാന്‍ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ട അവസ്ഥയുമുണ്ട്. 197 പേര്‍ക്കായി ഒരുകോടിയിലധികം രൂപയാണ് ഈയിനത്തില്‍ നല്‍കാനുള്ളത്. ഹൃദ്രോഗ- അര്‍ബുദ ബാധിതര്‍, ജോലിക്കിടെയുണ്ടാകുന്ന അപകടങ്ങളില്‍ പരിക്കേറ്റ് ശസ്ത്രക്രിയ വേണ്ടിവരുന്നവര്‍, ഡയാലിസിസിന് വിധേയരാകുന്നവര്‍ തുടങ്ങിയവര്‍ക്കാണ് റീ ഇംബേഴ്സ്മെന്റ് നിഷേധിക്കുന്നത്. മൂവായിരത്തോളം തൊഴിലാളികള്‍ ജോലിചെയ്യുന്ന എറണാകുളം മേഖലയില്‍ നിലവില്‍ ഒരു ഹെല്‍ത്ത് യൂണിറ്റാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ കിടത്തിചികിത്സയില്ല. എറണാകുളം ഹെല്‍ത്ത് യൂണിറ്റ് സബ്ഡിവിഷണല്‍ ആശുപത്രിയായി ഉയര്‍ത്താമെന്ന് ജനറല്‍ മാനേജര്‍ ഉറപ്പുനല്‍കിയിരുന്നു. അതും നടപ്പായില്ലെന്ന് ജീവനക്കാര്‍ പറയുന്നു. ഈ ആവശ്യങ്ങളുന്നയിച്ച് ബുധനാഴ്ച രാവിലെ 10ന് ഡിആര്‍ഇയു നേതൃത്വത്തില്‍ വിവിധ സംഘടനകള്‍ പേട്ട റെയില്‍വേ ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തും.

    ReplyDelete
  4. റെയില്‍വേ ബജറ്റ് അവതരിപ്പിച്ചിട്ട് ഒരു വര്‍ഷമായിട്ടും കേരളത്തിന് പുതിയതായി അനുവദിച്ച ട്രെയിനുകളില്‍ ജനശതാബ്ദി എക്സ്പ്രസ് ഉള്‍പ്പെടെയുള്ള നാല് ട്രെയിന്‍ ഇനിയും ഓടിത്തുടങ്ങാത്തതില്‍ റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന്‍ പ്രതിഷേധിച്ചു. കോഴിക്കോട് - തിരുവനന്തപുരം, കോട്ടയം വഴി ജനശതാബ്ദി (ആഴ്ചയില്‍ അഞ്ച് ദിവസം), എറണാകുളം-ലോകമാന്യതിലക് തുരന്തോ (ആഴ്ചയില്‍ രണ്ട് ദിവസം), കൊല്ലം-എറണാകുളം മെമു സര്‍വീസ്, കോഴിക്കോട്-കണ്ണൂര്‍ പാസഞ്ചര്‍ എന്നീ ട്രെയിനുകളാണ് ഇനിയും സര്‍വീസ് ആരംഭിച്ചിട്ടില്ലാത്തത്.

    ReplyDelete
  5. റെയില്‍വേ വികസനത്തിന് കേരളം ഭൂമി ഏറ്റെടുത്ത് നല്‍കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുമ്പോഴും ഏറ്റെടുത്ത് നല്‍കിയ ഭൂമിയില്‍ ഒന്നും ചെയ്യുന്നില്ലെന്ന് എ സമ്പത്ത് എംപി പറഞ്ഞു. നേമത്ത് വര്‍ക്ക്ഷോപ്പ് പണിയുന്നതിന് 70 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് നല്‍കിയത് ഒന്നും ചെയ്യാതെ കാടും പടര്‍പ്പും പിടിച്ചുകിടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നേമം റെയില്‍വേസ്റേഷന്റെ ദുരവസ്ഥയെക്കുറിച്ചുള്ള പരാതികള്‍ നേരില്‍ക്കണ്ട് മനസിലാക്കുന്നതിന് എത്തിയ എ സമ്പത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേസ്റേഷന്‍ അന്താരാഷ്ട്ര നിലവാരത്തില്‍ ഉയര്‍ത്തുമെന്നും കുടിവെള്ളബോട്ടില്‍ ഉണ്ടാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും കഴിഞ്ഞ റെയില്‍വേ ബജറ്റില്‍ വാഗ്ദാനം ചെയ്തെങ്കിലും ഒന്നും നടന്നില്ല. തിരുവനന്തപുരത്ത് റെയില്‍വേ മെഡിക്കല്‍കോളേജ് അനുവദിച്ചുകൊണ്ടുള്ള പ്രഖ്യാപനം വന്നെങ്കിലും അത് ചെന്നൈയിലേക്ക് മാറ്റാനുള്ള അണിയറശ്രമങ്ങള്‍ നടക്കുകയാണ്. കോച്ചുകള്‍ റിപ്പയര്‍ ചെയ്യാന്‍ ചെന്നൈയിലാണ് അയക്കുന്നത്. പുതിയകോച്ച് അയച്ചാല്‍ പകരം കേരളത്തിന് ലഭിക്കുന്നത് തുരുമ്പിച്ച പഴയ കോച്ചുകളാണെന്നും സമ്പത്ത് പറഞ്ഞു. വ്യാഴാഴ്ച വൈകിട്ട് നാലരയോടെ നേമം റെയില്‍വേസ്റേഷനില്‍ എത്തിച്ചേര്‍ന്ന സമ്പത്ത് എംപി കാടും പടര്‍പ്പും പിടിച്ചുകിടക്കുന്ന 70 ഏക്കര്‍ ചുറ്റിനടന്ന് കണ്ടു.

    ReplyDelete