അലിഗഢ് മുസ്ളിം സര്‍വകലാശാലാ മലപ്പുറം കേന്ദ്രത്തിനായുള്ള രണ്ടാംഘട്ട ഭൂമിയുടെ രേഖകള്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. പി കെ അബ്ദുള്‍ അസീസിന് കൈമാറി. 214.99 ഏക്കര്‍ ഭൂമി ഏറ്റെടുത്തതിന്റെ രേഖകളാണ് നല്‍കിയത്. ഒന്നാം ഘട്ടത്തില്‍ 122 ഏക്കര്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് സര്‍വകലാശാലയെ ഏല്‍പ്പിച്ചിരുന്നു. ന്യൂനപക്ഷ വിദ്യാഭ്യാസ താല്‍പ്പര്യം സംരക്ഷിക്കാന്‍ അലിഗഢ് കേന്ദ്രം ഫലപ്രദമാകുമെന്ന് മുഖ്യമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ ഭൂമി ഏറ്റെടുത്ത സര്‍ക്കാരിന്റെ ശുഷ്കാന്തി അഭിനന്ദനീയമാണെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി പറഞ്ഞു. മന്ത്രി എം എ ബേബി അധ്യക്ഷനായി.
പുതിയ അഞ്ചു കേന്ദ്രത്തില്‍ മലപ്പുറത്തേതിനാണ് ആദ്യമായി സൌജന്യ ഭൂമി ലഭിച്ചതെന്ന് വി സി പറഞ്ഞു. പശ്ചിമബംഗാളിലും നടപടിക്രമങ്ങള്‍ വേഗത്തിലാണ്. ബിഹാറിലും മഹാരാഷ്ട്രയിലും മധ്യപ്രദേശിലുമാണ് മറ്റ് കേന്ദ്രങ്ങള്‍ വരുന്നത്. മസ്കറ്റ് ഹോട്ടലില്‍ നടന്ന യോഗത്തില്‍ മന്ത്രിമാരായ പാലോളി മുഹമ്മദുകുട്ടി, കെ പി രാജേന്ദ്രന്‍, ഇ ടി മുഹമ്മദ് ബഷീര്‍ എം പി, മുന്‍മന്ത്രി നാലകത്ത് സൂപ്പി തുടങ്ങിയവരും സന്നിഹിതരായി. വി ശശികുമാര്‍ എംഎല്‍എ സ്വാഗതവും ഉന്നതവിദ്യാഭ്യാസ സെക്രട്ടറി കുരുവിള ജോ നന്ദിയും പറഞ്ഞു. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള കേരള പ്രതിനിധികള്‍ക്ക് സര്‍വകലാശാലയുടെ ഉപഹാരം വി സി കൈമാറി. പെരിന്തല്‍മണ്ണയ്ക്കടുത്താണ് പുതിയ സര്‍വകലാശാലയ്ക്ക് സ്ഥലമേറ്റെടുത്ത് നിര്‍മാണപ്രവര്‍ത്തനം പുരോഗമിക്കുന്നത്. നേഴ്സറി മുതല്‍ പ്രൊഫഷണല്‍ കോഴ്സും പിഎച്ച്ഡി പഠനം വരെ ഈ ക്യാമ്പസിലുണ്ടാകും. ജനുവരിയില്‍ ക്ളാസ് ആരംഭിക്കാനാകുമെന്ന് വി സി പറഞ്ഞു. മൊത്തം 1600 കോടി രൂപയുടെ പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. സ്ഥലത്തിനു മാത്രം 40 കോടിയോളമായി.
അലിഗഡ്: ഭൂമി കൈമാറ്റം റെക്കോഡ് വേഗത്തില്‍; സര്‍ക്കാര്‍ മാതൃകയായി
പെരിന്തല്‍മണ്ണ: കുടിയൊഴിപ്പിക്കലില്ലാതെ പെരിന്തല്‍മണ്ണയില്‍ അലിഗഡ് സര്‍വകലാശാല സ്പെഷ്യല്‍ സെന്ററിന് ഭൂമി റെക്കോഡ് വേഗത്തില്‍ ഏറ്റെടുത്ത് കേരള സര്‍ക്കാര്‍ മാതൃകയായി. ആനമങ്ങാട്, ഏലംകുളം, പാതായ്ക്കര വില്ലേജുകളില്‍നിന്നായി 334 ഏക്കര്‍ ഭൂമിയാണ് 13 മാസംകൊണ്ട് ഏറ്റെടുത്തത്. ഇതിനായി കേരള സര്‍ക്കാര്‍ 39,50,81,987 രൂപ ചെലവഴിച്ചു. ആദ്യഘട്ടത്തില്‍ 121 ഏക്കര്‍ ഭൂമിക്ക് ഭൂവില വന്നത് 13,13,41,762 രൂപയും രണ്ടാംഘട്ടത്തില്‍ 214 ഏക്കറിന് 26,37,40,225 രൂപയുമാണ് വേണ്ടത്. ഇതിന് പുറമെ 30 മീറ്റര്‍ വീതിയില്‍ ക്യാമ്പസിലേക്കുള്ള മെയിന്‍ റോഡിന് ഏഴ് ഏക്കറോളം ഭൂമി ഇനിയും ഏറ്റെടുക്കണം. 2008 ഫെബ്രുവരി 21 നാണ് സ്പെഷ്യല്‍ തഹസില്‍ദാര്‍ ഉള്‍പ്പെടെ 40 പേരടങ്ങുന്ന റവന്യു സംഘത്തെ സ്ഥലമെടുപ്പിന് ചുമതലപ്പെടുത്തിയത്. ജൂ 19ന് പെരിന്തല്‍മണ്ണ താലൂക്ക് ഓഫീസ് കെട്ടിടത്തില്‍ മന്ത്രി കെ പി രാജേന്ദ്രന്‍ ഓഫീസ് ഉദ്ഘാടനംചെയ്തു. ആഗസ്ത് 31ന്റെ സര്‍ക്കാര്‍ സ്പെഷ്യല്‍ ഉത്തരവ് പ്രകാരം സെപ്തംബര്‍ 18ന് സ്ഥലമെടുപ്പും തുടങ്ങി. മാര്‍ച്ചില്‍ ഒന്നാംഘട്ട സ്ഥലം കൈമാറ്റവും നടന്നു. രണ്ടാംഘട്ടമായി ഏറ്റെടുത്ത 214 ഏക്കര്‍ സ്ഥലമാണ് ചൊവ്വാഴ്ച തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ യൂണിവേഴ്സിറ്റി വൈസ്ചാന്‍സലര്‍ പി കെ അബ്ദുള്‍അസീസിന് കൈമാറിയത്. യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തിയ സ്ഥലമെടുപ്പില്‍ റവന്യു അധികൃതരുടെ 40 അംഗ സംഘത്തിന്റെ പ്രവര്‍ത്തനവും മാതൃകയായി. പെരിന്തല്‍മണ്ണയിലെ സ്ഥല ഉടമകളിലും ഉദ്യോഗസ്ഥരിലും തിരുവനന്തപുരത്തെ റവന്യു, വിദ്യാഭ്യാസ മന്ത്രിമാരുടെ ഓഫീസുകളിലും വി ശശികുമാര്‍ എംഎല്‍എ നടത്തിയ നിരന്തര ഇടപെടലുകളും സ്ഥലമേറ്റെടുക്കല്‍ വേഗത്തിലാക്കി.
deshabhimani 301210
No comments:
Post a Comment