Wednesday, December 22, 2010

പാവങ്ങളുടെ പേരില്‍ വീണ്ടും മുതലക്കണ്ണീര്‍

നൂറ്റിരുപത്തഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് (ഇന്ദിര) അതിന്റെ എണ്‍പത്തി മൂന്നാമത് പ്ളീനറി സമ്മേളനം ഡല്‍ഹിയില്‍ ബുറാഡിയില്‍ സമ്മേളിച്ച് ആകര്‍ഷകമായ ഏതാനും പ്രമേയങ്ങള്‍ പാസാക്കി പതിവുപോലെ പിരിഞ്ഞു. പ്രമേയവും പ്രവൃത്തിയും തമ്മില്‍ ഒരു പൊരുത്തവും ഇല്ലാത്ത ചരിത്രമാണ് കോണ്‍ഗ്രസിനുള്ളത്. ആവഡിസോഷ്യലിസം കോണ്‍ഗ്രസുകാര്‍തന്നെ എന്നേ മറന്നു. കുറ്റം പറയരുതല്ലോ, സോഷ്യലിസം എന്ന മഹത്തായ പദം ഇന്ത്യയുടെ ഭരണഘടനയില്‍ തങ്കലിപികളില്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്. ആരുടെ തലയ്ക്കും ചേരുന്ന തൊപ്പിയാണതെന്ന് പണ്ടാരോ പറഞ്ഞിട്ടുണ്ട്. ഗാന്ധിയന്‍ സോഷ്യലിസം, നെഹ്റുവിന്റെ സോഷ്യലിസം, സോണിയാ സോഷ്യലിസം, അംബാനി സോഷ്യലിസം, സാങ്കല്‍പ്പിക സോഷ്യലിസം എന്നൊക്കെ പേരുള്ളതാണ് സോഷ്യലിസം. ശാസ്ത്രീയ സോഷ്യലിസം എന്നുമാത്രം ഉച്ചരിച്ചുകൂടെന്ന് നിര്‍ബന്ധമുണ്ട്.

ഇന്ത്യയില്‍ ഇപ്പോള്‍ കാണുന്ന ശതകോടീശ്വരന്മാര്‍ എണ്ണത്തിലും വലുപ്പത്തിലും ദ്രുതവേഗത്തില്‍ വളരുന്ന സാമ്പത്തിക ക്രമത്തിനാണ് ഇവിടെ സോഷ്യലിസമെന്ന പേരിട്ടു വിളിക്കുന്നത്. 2004ല്‍ യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ഇന്ത്യയില്‍ ശതകോടീശ്വരന്മാരുടെ എണ്ണം വെറും ഒമ്പത് ആയിരുന്നു. 2008ല്‍ ശതകോടീശ്വരന്മാര്‍ 53 ആയി. അവരുടെ ആസ്തിയും ഹിമാലയംപോലെ ഉയര്‍ന്നുനില്‍ക്കുന്നു. ഇന്ത്യയിലെ ശതകോടീശ്വരന്മാര്‍ വിദേശരാഷ്ട്രങ്ങളില്‍ 1,28,000 കോടി രൂപ മുതല്‍മുടക്കിയിട്ടുണ്ട്. ലക്ഷണമൊത്ത ഇന്ത്യന്‍കുത്തക ബഹുരാഷ്ട്രകുത്തകയായി വളര്‍ന്നുവരുന്ന കാഴ്ചയാണ് നാം കാണുന്നത്.

ഇന്ദിരാഗാന്ധിയുടെ കാലത്താണ് ഒരു തെരഞ്ഞെടുപ്പ് വേളയില്‍ ഗരീബി ഹഠാവോ (ദാരിദ്ര്യം അകറ്റുക) എന്ന മുദ്രാവാക്യം ചുമരുകളായ ചുമരുകളിലൊക്കെ മൂവര്‍ണത്തില്‍ മനോഹരമായി എഴുതിവച്ചത്. ഒപ്പം മകന്റെ ബേക്കാരി ഹഠാവോ (തൊഴിലില്ലായ്മ അകറ്റുക) എന്നതും സ്ഥാനംപിടിച്ചു. പിന്നീടെന്തുണ്ടായി എന്ന് എല്ലാവര്‍ക്കും അറിയാം. ഒരു വീട്ടില്‍ ഒരാള്‍ക്ക് തൊഴില്‍, പഞ്ചസാരയുടെയും സ്വര്‍ണത്തിന്റെയും വില കുറയ്ക്കും എന്നൊക്കെയുള്ള മുദ്രാവാക്യങ്ങളും കേട്ടുമടുത്തതാണ്. അടിയന്തരാവസ്ഥക്കാലത്ത് ഇരുപതിനപരിപാടി കൊട്ടിഘോഷിച്ചു. അന്നും മകന്റെ വക അഞ്ചിനപരിപാടിയും ഉണ്ടായിരുന്നു. 'അറബിക്കടലിന് പാലം കെട്ടാന്‍ പ്രമേയമെഴുതും യൂത്തന്മാരെ' എന്ന് കേരളത്തിലെ തെരുവുകളില്‍ ഉയര്‍ന്നുകേട്ട മുദ്രാവാക്യം ഓര്‍മയില്‍ വരുന്നു.

എണ്‍പത്തിമൂന്നാം പ്ളീനറി സമ്മേളനത്തിന്റെ പ്രമേയത്തിന് കോണ്‍ഗ്രസിനെ 101 ശതമാനം പിന്തുണയ്ക്കുന്ന ഒരു പത്രം നല്‍കിയ തലക്കെട്ട് പാവങ്ങളെയോര്‍ത്ത് കോണ്‍ഗ്രസ് പ്രമേയം എന്നാണ്. അറിഞ്ഞോ അറിയാതെയോ പരിഹാസം വേണ്ടത്ര ചാലിച്ചുചേര്‍ത്തതാണ് ഈ തലക്കെട്ട്. ഉള്ളവനും ഇല്ലാത്തവനും തമ്മിലെ അന്തരം ഇല്ലാതാക്കുന്നതിനുള്ള സമഗ്ര സാമ്പത്തികനയങ്ങള്‍ പിന്തുടരാന്‍ പ്ളീനറി സമ്മേളനം തീരുമാനിച്ചതായിട്ടാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി കാണുന്നത്.

1951 ല്‍ ആരംഭം കുറിച്ച ഒന്നാം പഞ്ചവത്സരപദ്ധതിയുടെ ലക്ഷ്യപ്രഖ്യാപനം ഓര്‍ക്കേണ്ടതാണ്. സമ്പന്നരും ദരിദ്രരും തമ്മിലുള്ള സാമ്പത്തിക അസമത്വം പടിപടിയായി കുറച്ചുകൊണ്ടുവരണമെന്നായിരുന്നു മുഖ്യലക്ഷ്യമായി എഴുതിച്ചേര്‍ത്തിരുന്നത്. നീണ്ട 60 സംവത്സരം കടന്നുപോയി. ശതകോടീശ്വരന്മാരുടെ ആസ്തിയിലുണ്ടായ വര്‍ധന 600 മടങ്ങാണെന്നാണ് ഒരു കണക്ക്. കേന്ദ്രസര്‍ക്കാര്‍തന്നെ നിയോഗിച്ച അര്‍ജുന്‍ സെന്‍ഗുപ്ത കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നത് ഇന്ത്യയിലെ 77 ശതമാനം ജനങ്ങള്‍ക്ക് ശരാശരി വരുമാനം ദിവസം 20 രൂപ മാത്രമാണെന്നാണ്. അതായത് പ്രഖ്യാപനത്തിന്റെ വിപരീതദിശയിലാണ് കാര്യങ്ങള്‍ നീങ്ങിയത്. സാമ്പത്തിക അസമത്വം പടിപടിയായി കുറയുകയല്ല ക്രമാതീതമായി കുതിച്ചുകയറി അകല്‍ച്ച വന്‍തോതില്‍ വര്‍ധിക്കുകയാണുണ്ടായത്. കോണ്‍ഗ്രസ് സമ്മേളനം പാസാക്കുന്ന പ്രമേയങ്ങളുടെയും തെരഞ്ഞെടുപ്പ് വേളയില്‍ ജനങ്ങള്‍ക്ക് നല്‍കുന്ന മോഹനവാഗ്ദാനങ്ങളുടെയും പൊള്ളത്തരവും ആത്മാര്‍ഥതയുടെ തരിമ്പുപോലും ഇല്ലാതായിരിക്കുന്നതിന്റെയും തെളിവിനായി ഇതിലധികം ഉദാഹരണങ്ങള്‍ തേടിപ്പോകേണ്ടതില്ല.

പ്ളീനറി സമ്മേളനം പാസാക്കിയ മറ്റൊരു പ്രമേയം വിലക്കയറ്റം നിയന്ത്രിക്കണമെന്നാണ്. വിലക്കയറ്റം ഉണ്ടെന്നും അത് നിയന്ത്രിക്കേണ്ടതാണെന്നുമുള്ള ബോധം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുമ്പോഴെങ്കിലും ഓര്‍ത്തതിന് കോണ്‍ഗ്രസ് നേതാക്കളോട് നന്ദി പറയണം. വിലക്കയറ്റം നിയന്ത്രിക്കണമെന്ന് പാര്‍ലമെന്റില്‍ പ്രതിപക്ഷം ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും ഒന്നും ചെയ്യാത്ത കേന്ദ്രസര്‍ക്കാരിനെ നയിക്കുന്ന കോണ്‍ഗ്രസാണ് ഇപ്പോള്‍ വിലക്കയറ്റം നിയന്ത്രിക്കണമെന്നാവശ്യപ്പെടുന്നത്. എന്നാല്‍, പ്രമേയം പാസാക്കിയ അതേ നിമിഷത്തില്‍തന്നെ പാചകവാതകത്തിന് സിലിണ്ടറിന് 100 രൂപ വര്‍ധിപ്പിക്കുമെന്നും ഡീസലിന് ലിറ്ററിന് രണ്ടുരൂപ വര്‍ധിപ്പിക്കുമെന്നും വാര്‍ത്തയുണ്ട്. പെട്രോളിന്റെ വിലനിയന്ത്രണം നീക്കംചെയ്യുകയും സ്വകാര്യകുത്തകകള്‍ക്ക് ജനങ്ങളെ കൊള്ളയടിക്കാന്‍ അവസരം സൃഷ്ടിക്കുകയും ചെയ്തതിനു പിറകെയാണ് മൂന്നുമാസത്തിനകം ഒരു ലിറ്റര്‍ പെട്രോളിന് ഒരു രൂപ നാല്‍പ്പത്തെട്ട് പൈസ വര്‍ധിപ്പിച്ചത്. വീണ്ടും മൂന്നുരൂപ കൂടി ഒറ്റയടിക്ക് വര്‍ധിപ്പിച്ചിരിക്കുന്നു.

വിലക്കയറ്റം തടയാന്‍ സാര്‍വത്രികമായ പൊതുവിതരണസമ്പ്രദായം നടപ്പാക്കണമെന്നും ഒരു കിലോ അരിയ്ക്ക് രണ്ട് രൂപ എന്ന തോതില്‍ 35 കിലോ അരി പ്രതിമാസം എല്ലാ കാര്‍ഡ് ഉടമകള്‍ക്കും നല്‍കണമെന്നും ഇടതുപക്ഷ മതനിരപേക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടു. അതേപ്പറ്റി പ്രമേയത്തില്‍ ഒരക്ഷരവും പറയുന്നില്ല. ഉള്ളിയുടെ വില ഒരു കിലോയ്ക്ക് 100 രൂപയായി ഉയര്‍ന്ന ഘട്ടത്തിലാണ് വില നിയന്ത്രിക്കണമെന്ന പ്രമേയം പാസാക്കി പിരിഞ്ഞ് സായുജ്യമടയുന്നത്.

അഴിമതിക്കെതിരെയും കോണ്‍ഗ്രസ് പ്ളീനറി സമ്മേളനം പ്രമേയം പാസാക്കാന്‍ തയ്യാറായത് തൊലിക്കട്ടി കാണ്ടാമൃഗത്തെ വെല്ലുന്നതായതുകൊണ്ട് മാത്രമാണ്. 2ജി സ്പെക്ട്രം അഴിമതി രണ്ടരവര്‍ഷം പ്രോത്സാഹിപ്പിച്ച ആളാണ് പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതൃത്വവും. 1.76 ലക്ഷം കോടി രൂപ കേന്ദ്രഖജനാവിന് നഷ്ടം വന്നതായി സിഎജി ചൂണ്ടിക്കാണിച്ചിട്ടും പ്രതിപക്ഷം പാര്‍ലമെന്റിന്റെ പ്രവര്‍ത്തനം സ്തംഭിപ്പിക്കുന്നതുവരെ കാഴ്ചക്കാരായി പ്രധാനമന്ത്രിയും കൂട്ടരും നോക്കിനിന്നു. കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയും മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന അശോക് ചവാന്റെ ആദര്‍ശ് സൊസൈറ്റി ഫ്ളാറ്റ് അഴിമതിയുമൊക്കെ പ്രോത്സാഹിപ്പിക്കുകയും പങ്ക് പറ്റുകയും ചെയ്തവരുടെ അഴിമതിവിരുദ്ധപ്രമേയം ചിരിക്കാന്‍ വകനല്‍കുന്നതാണെന്നേ പറയാനുള്ളൂ. കോണ്‍ഗ്രസിന്റെ വാക്കും പഴയ ചാക്കും സമമാണെന്ന നിഗമനത്തിലേ ജനങ്ങള്‍ക്കെത്താന്‍ കഴിയൂ.

ദേശാഭിമാനി  മുഖപ്രസംഗം 221210

2 comments:

  1. നൂറ്റിരുപത്തഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് (ഇന്ദിര) അതിന്റെ എണ്‍പത്തി മൂന്നാമത് പ്ളീനറി സമ്മേളനം ഡല്‍ഹിയില്‍ ബുറാഡിയില്‍ സമ്മേളിച്ച് ആകര്‍ഷകമായ ഏതാനും പ്രമേയങ്ങള്‍ പാസാക്കി പതിവുപോലെ പിരിഞ്ഞു. പ്രമേയവും പ്രവൃത്തിയും തമ്മില്‍ ഒരു പൊരുത്തവും ഇല്ലാത്ത ചരിത്രമാണ് കോണ്‍ഗ്രസിനുള്ളത്. ആവഡിസോഷ്യലിസം കോണ്‍ഗ്രസുകാര്‍തന്നെ എന്നേ മറന്നു. കുറ്റം പറയരുതല്ലോ, സോഷ്യലിസം എന്ന മഹത്തായ പദം ഇന്ത്യയുടെ ഭരണഘടനയില്‍ തങ്കലിപികളില്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്. ആരുടെ തലയ്ക്കും ചേരുന്ന തൊപ്പിയാണതെന്ന് പണ്ടാരോ പറഞ്ഞിട്ടുണ്ട്. ഗാന്ധിയന്‍ സോഷ്യലിസം, നെഹ്റുവിന്റെ സോഷ്യലിസം, സോണിയാ സോഷ്യലിസം, അംബാനി സോഷ്യലിസം, സാങ്കല്‍പ്പിക സോഷ്യലിസം എന്നൊക്കെ പേരുള്ളതാണ് സോഷ്യലിസം. ശാസ്ത്രീയ സോഷ്യലിസം എന്നുമാത്രം ഉച്ചരിച്ചുകൂടെന്ന് നിര്‍ബന്ധമുണ്ട്.

    ReplyDelete
  2. പാവങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നു എന്ന “ഭാവി” പ്രധാനമന്ത്രിയുടെ ഏറ്റ് പറച്ചില്‍ സെല്‍ഫ് ഗോളാണ് എന്ന് പാവം തിരിച്ചറിയുവാന്‍ സമയം എടുക്കും :)

    ReplyDelete