Thursday, December 30, 2010

പ്രതിപക്ഷത്തിന് ഐസക്കിന്റെ 'ബംബര്‍'

ലോട്ടറി വിവാദത്തില്‍ കാടടച്ച് വെടിയുതിര്‍ത്ത പ്രതിപക്ഷത്തിന് ധനമന്ത്രി തോമസ് ഐസക്കില്‍നിന്ന് 'ബംബര്‍' തന്നെ കിട്ടി. ധനവിനിയോഗ ബില്‍ ചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞ മന്ത്രിയുമായി കൊമ്പുകോര്‍ത്തത് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയായിരുന്നു. രണ്ടു വര്‍ഷം മുഖ്യമന്ത്രിസ്ഥാനത്തിരുന്ന ഉമ്മന്‍ചാണ്ടി ലോട്ടറി മാഫിയക്ക് നല്‍കിയ ഒത്താശ ഐസക് അക്കമിട്ട് നിരത്തിയപ്പോള്‍ തുളവീണ ഗ്രാമഫോ റെക്കോഡ് പോലെ പ്രതിപക്ഷത്ത് ഞരങ്ങലും മൂളലും മാത്രമായി. തര്‍ക്കത്തിന് വിരാമമായപ്പോള്‍ ഉയര്‍ന്നത് മന്ത്രിയുടെ സ്കോര്‍. ഐസക്കിന്റെ തകര്‍പ്പന്‍ പ്രകടനത്തില്‍ മൂക്കുകുത്തി വീണ പ്രതിപക്ഷം ധനവിനിയോഗ ബില്ലിന് പോളും ആവശ്യപ്പെട്ടില്ല. ബില്‍ ഏകകണ്ഠമായി പാസായതും ശ്രദ്ധേയമായി.

കോണ്‍ഗ്രസിന്റെ സഹായത്തോടെ കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ ലോട്ടറി മാഫിയ തട്ടിയ തുക കണക്കുകൂട്ടിയാല്‍ സ്പെക്ട്രം അഴിമതി ഒന്നുമല്ലെന്നായിരുന്നു ധനമന്ത്രിയുടെ വാദം. പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയോട് മൂന്ന് ചോദ്യങ്ങളാണ് മന്ത്രി ഉന്നയിച്ചത്.

ഒന്ന്: മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ലോട്ടറിക്കാരില്‍നിന്ന് നികുതി പിരിക്കാന്‍ ഒരുനോട്ടീസും നല്‍കാത്തതെന്ത്?
രണ്ട്: 544 കേസ് പിന്‍വലിച്ചത് ലോട്ടറിക്കാരുമായി നടത്തിയ ഗൂഢാലോചനയുടെ ഭാഗമല്ലേ?
മൂന്ന്: മാര്‍ട്ടിന് ലോട്ടറി വില്‍ക്കാന്‍ രജിസ്ട്രേഷന്‍ നല്‍കിയത് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തായിരുന്നില്ലേ?

മൂന്ന് ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാനാകാതെ കുഴങ്ങിയ പ്രതിപക്ഷ നേതാവിനോട് ഇവിടെ വന്ന് 'അഴിഞ്ഞാടരുത്' എന്ന മുന്നറിയിപ്പും മന്ത്രി നല്‍കി. ഇസ്തിരിയിട്ട ഖദര്‍ചിരിക്ക് അത്രയേ വിലയുള്ളൂവെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് കര്‍ക്കശ്യത്തിന്റെ സ്വരമായിരുന്നു.

ഇതിനകം ചെലവഴിച്ച 64 കോടിയുടെ ധനവിനിയോഗ ബില്ലാണ് ധനമന്ത്രി അനുവദിച്ചത്. പക്ഷേ, സര്‍ക്കാരിന് പണം അനുവദിച്ചിട്ട് കാര്യമില്ലെന്ന വാദമാണ് ചര്‍ച്ചയില്‍ പ്രതിപക്ഷത്തെ കെ ബാബുവും പുതുശ്ശേരിയും ഉന്നയിച്ചത്. പ്രതിപക്ഷത്തിന്റെ അജ്ഞതയില്‍ നിസ്സഹായനാകാതെ തരമില്ലെന്ന് മന്ത്രിയും. ആരോഗ്യ സര്‍വകലാശാല ബില്‍, സാംസ്കാരിക പ്രവര്‍ത്തക ക്ഷേമനിധി ബില്‍, അഭിഭാഷക ക്ഷേമനിധി ഭേദഗതി ബില്‍. ധനവിനിയോഗ ബില്ലിന് പുറമെ ഈ മൂന്ന് ബില്ലും കാര്യപരിപാടിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ധനവിനിയോഗ ബില്ലിനെ പ്രതിപക്ഷം എതിര്‍ത്തെങ്കിലും മറ്റു ബില്ലുകളോടുള്ള മനോഭാവം വ്യത്യസ്തമായിരുന്നു. ബില്ല് കൊണ്ടുവന്നതില്‍ മന്ത്രിമാരെ അകമഴിഞ്ഞ് അഭിനന്ദിക്കാനും അവര്‍ സന്നദ്ധരായി.

ആരോഗ്യ സര്‍വകലാശാല ബില്ലിന് 92 വകുപ്പാണ് ഉണ്ടായിരുന്നത്. മന്ത്രി പി കെ ശ്രീമതിയാണ് ബില്‍ അവതരിപ്പിച്ചത്. സാംസ്കാരിക പ്രവര്‍ത്തക ക്ഷേമനിധി ബില്‍ മന്ത്രി എം എ ബേബിയും അഭിഭാഷക ക്ഷേമനിധി ഭേദഗതി ബില്‍ മന്ത്രി എം വിജയകുമാറും അവതരിപ്പിച്ചു. സര്‍വകലാശാലകള്‍ പ്രയോജനംചെയ്യില്ലെന്നാണ് എം എ വാഹീദിന്റെ നിലപാട്. കാര്‍ഷിക സര്‍വകലാശാല മണ്ഡരിക്ക് പ്രതിരോധ മരുന്ന് കണ്ടുപിടിച്ചില്ലെന്നതാണ് അദ്ദേഹത്തിന്റെ ഈ വാദഗതിക്ക് കാരണമത്രേ. ധനമന്ത്രിക്കെതിരെ ആര്യാടന്‍ മുഹമ്മദ് ഉന്നയിച്ച അഴിമതി ആരോപണം വലിയ തമാശയെന്നാണ് വി ശിവന്‍കുട്ടിയുടെ പക്ഷം. പ്രതിപക്ഷത്തെ നേരിടുന്ന ധനമന്ത്രിയെ വാലുകുത്തി ചീറിയടുക്കുന്ന മൂര്‍ഖന്‍ പാമ്പിനോടാണ് ഇ എസ് ബിജിമോള്‍ ഉപമിച്ചത്. എല്ലാ രംഗത്തും സര്‍ക്കാര്‍ നേട്ടങ്ങള്‍ കൈവരിച്ചെന്ന് വി എന്‍ വാസവന്‍. എ എ അസീസ്, കെ ടി ജലീല്‍, എന്നിവരും ധനവിനിയോഗ ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്തു. സി എം ദിനേശ്മണി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ ആരോഗ്യ സര്‍വകലാശാല ബില്ലിന് ഭേദഗതി അവതരിപ്പിച്ചു. എം ഉമ്മര്‍, പി സി വിഷ്ണുനാഥ്, ബാബു എം പാലിശ്ശേരി എന്നിവര്‍ സാംസ്കാരിക ക്ഷേമനിധി ബില്‍ കൊണ്ടുവന്നതില്‍ മന്ത്രി എം എ ബേബിയെ അഭിനന്ദിച്ചു.
(കെ ശ്രീകണ്ഠന്‍)

deshabhimani 301210

1 comment:

  1. ലോട്ടറി വിവാദത്തില്‍ കാടടച്ച് വെടിയുതിര്‍ത്ത പ്രതിപക്ഷത്തിന് ധനമന്ത്രി തോമസ് ഐസക്കില്‍നിന്ന് 'ബംബര്‍' തന്നെ കിട്ടി. ധനവിനിയോഗ ബില്‍ ചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞ മന്ത്രിയുമായി കൊമ്പുകോര്‍ത്തത് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയായിരുന്നു. രണ്ടു വര്‍ഷം മുഖ്യമന്ത്രിസ്ഥാനത്തിരുന്ന ഉമ്മന്‍ചാണ്ടി ലോട്ടറി മാഫിയക്ക് നല്‍കിയ ഒത്താശ ഐസക് അക്കമിട്ട് നിരത്തിയപ്പോള്‍ തുളവീണ ഗ്രാമഫോ റെക്കോഡ് പോലെ പ്രതിപക്ഷത്ത് ഞരങ്ങലും മൂളലും മാത്രമായി. തര്‍ക്കത്തിന് വിരാമമായപ്പോള്‍ ഉയര്‍ന്നത് മന്ത്രിയുടെ സ്കോര്‍. ഐസക്കിന്റെ തകര്‍പ്പന്‍ പ്രകടനത്തില്‍ മൂക്കുകുത്തി വീണ പ്രതിപക്ഷം ധനവിനിയോഗ ബില്ലിന് പോളും ആവശ്യപ്പെട്ടില്ല. ബില്‍ ഏകകണ്ഠമായി പാസായതും ശ്രദ്ധേയമായി.

    ReplyDelete