Tuesday, December 21, 2010

അമേരിക്കന്‍ രോഷം അംഗീകാരം

ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ അമേരിക്ക നടത്തുന്ന കൈകടത്തലുകള്‍ ആശങ്കാജനകമായ മാനങ്ങളിലേക്ക് വളരുകയാണ്. ഒരേപോലെ കോണ്‍ഗ്രസിനെയും ബിജെപിയെയും മാറ്റിനിര്‍ത്തി ഇടതുപക്ഷ പിന്തുണയോടെ മതനിരപേക്ഷ ജനാധിപത്യശക്തികളുടെ സംവിധാനം കേന്ദ്രത്തില്‍ ഭരണത്തില്‍ വരുന്നത് തടയാന്‍ അമേരിക്ക നടത്തിയ ഇടപെടലുകളാണ് വിക്കിലീക്സ് ഏറ്റവും ഒടുവില്‍ പുറത്തുകൊണ്ടുവന്നത്. 2009ലെ പൊതുതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് സ്വാധീനമില്ലാത്ത ഭരണസംവിധാനമേ കേന്ദ്രത്തിലുണ്ടാകാവൂ എന്ന കാര്യത്തില്‍ അമേരിക്ക പ്രത്യേക ശ്രദ്ധ വച്ചിരുന്നതായും ഇടതുപക്ഷത്തിന് സ്വാധീനമുള്ള ഭരണസംവിധാനമുണ്ടാകുമോ എന്ന കാര്യത്തില്‍ അമേരിക്ക ആശങ്കപ്പെട്ടിരുന്നതായും വിക്കിലീക്സ് പുറത്തുവിട്ട രേഖകള്‍ വെളിവാക്കുന്നു.

ഇന്ത്യന്‍ രാഷ്ട്രീയത്തെ അമേരിക്കയുടെ താല്‍പ്പര്യത്തിന്റെ വഴിയേ നയിച്ചുകൊണ്ടുപോകാന്‍ ഇടതുപക്ഷത്തിന് സ്വാധീനമുള്ള ഭരണസംവിധാനം തടസ്സമാകുമെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണത്രേ അമേരിക്ക ഇടപെട്ടത്. ആണവകരാര്‍ അടക്കമുള്ള കാര്യങ്ങളില്‍ അമേരിക്കയുടെ ദുഷ്ടലാക്ക് തുറന്നുകാണിക്കുകയും അത് മുന്‍നിര്‍ത്തി ജനങ്ങളെ ബോധവല്‍ക്കരിക്കുകയും ചെയ്തത് കമ്യൂണിസ്റ് പാര്‍ടികളാണ്. അതുകൊണ്ടുതന്നെ കമ്യൂണിസ്റ് പാര്‍ടികള്‍ക്ക് സ്വാധീനം ചെലുത്താന്‍ കഴിയാത്ത ഭരണസംവിധാനമുണ്ടാക്കാന്‍ 2009ലെ തെരഞ്ഞെടുപ്പു പ്രചാരണഘട്ടത്തില്‍ അമേരിക്ക വന്‍തോതില്‍ പണമൊഴുക്കിയിരുന്നു. കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും വിദേശനയങ്ങള്‍ തമ്മില്‍ വ്യത്യാസമില്ല. ഇരുകൂട്ടരും അമേരിക്കയുടെ താല്‍പ്പര്യങ്ങള്‍ ഇന്ത്യയില്‍ നിര്‍വഹിച്ചുകൊടുക്കാന്‍ തയ്യാറാണ്. അതിനു തയ്യാറില്ലാത്തതും അമേരിക്കന്‍ സ്വാധീനങ്ങള്‍ക്കെതിരെ ഇഞ്ചോടിഞ്ച് പൊരുതുന്നതും ഇടതുപക്ഷ പാര്‍ടികളാണ്. ആ പാര്‍ടികളെ ഇടപെടുത്തിക്കൊണ്ടല്ലാതെ അമേരിക്കയ്ക്ക് ആണവകരാര്‍ അടക്കമുള്ള കാര്യങ്ങളുമായി മുന്നോട്ടുപോകാന്‍ കഴിയില്ല.

ഈ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്നത്തെ അമേരിക്കന്‍ അംബാസഡസര്‍ ഡേവിഡ് മുള്‍ഫോര്‍ഡ് അമേരിക്കയുടെ പ്രത്യേക ദൂതന്‍ റിച്ചാര്‍ഡ് ഹോള്‍ബ്രൂക്കിന് ഇന്ത്യന്‍ സ്ഥിതിഗതികള്‍ വിലയിരുത്തി സന്ദേശമയച്ചത്. ഈ സന്ദേശമാണ് വിക്കിലീക്സ് ഇപ്പോള്‍ പുറത്തുകൊണ്ടുവന്നത്. ഇതിന് അനുബന്ധമായി കാണേണ്ടതാണ്, സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെതിരായ രോഷം ജ്വലിച്ചുനില്‍ക്കുന്ന അമേരിക്കന്‍ രേഖകള്‍. ആണവകരാറിന്റെ ഘട്ടത്തില്‍ ഇന്ത്യയിലെ അമേരിക്കന്‍ സ്ഥാനപതിയായിരുന്ന തിമോത്തി റോമര്‍ വാഷിങ്ടണിലേക്ക് അയച്ച സന്ദേശത്തില്‍ പ്രകാശ് കാരാട്ടിനെ 'പിടിച്ചുപറിക്കാരന്‍' എന്നാണ് വിശേഷിപ്പിച്ചത്. ഇടതുപക്ഷത്തിന്റെ ആവശ്യങ്ങള്‍ ഒന്നാം യുപിഎ മന്ത്രിസഭയില്‍നിന്ന് പിടിച്ചുപറിക്കാന്‍ പ്രകാശ് ശ്രമിക്കുന്നു എന്നതായിരുന്നു ആക്ഷേപം.

അമേരിക്കയ്ക്ക് അടിയറവയ്ക്കാന്‍ യുപിഎ സര്‍ക്കാര്‍ ശ്രമിച്ചത് ഇന്ത്യയുടെ അടിസ്ഥാന ദേശീയതാല്‍പ്പര്യങ്ങളെയാണ്. ആ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ച് ജനങ്ങളില്‍ നിക്ഷിപ്തമാക്കാന്‍ പ്രകാശ് കാരാട്ടും സിപിഐ എമ്മും ശ്രമിച്ചു. ആണവനിര്‍വ്യാപന കരാറിലും സമഗ്ര ആണവപരീക്ഷണ നിരോധനകരാറിലും ഒക്കെ ഒപ്പുവയ്ക്കണമെന്ന അമേരിക്കന്‍ നിര്‍ബന്ധത്തെ തുറന്നുകാട്ടി. ഇന്ത്യയെ നിര്‍ദിഷ്ട ഇറാന്‍ ആക്രമണമടക്കമുള്ള അമേരിക്കന്‍ സൈനികതന്ത്രങ്ങളിലെ ജൂനിയര്‍ പങ്കാളിയാക്കാനുള്ള ശ്രമത്തിനെതിരെ ജാഗ്രതപ്പെടുത്തി. ഇന്ത്യയില്‍ ആണവദുരന്തമുണ്ടായാല്‍, അതുണ്ടാക്കുന്ന അമേരിക്കന്‍ കമ്പനികള്‍ക്ക് നഷ്ടപരിഹാരംപോലും നല്‍കാതെ രക്ഷപ്പെടാമെന്ന വ്യവസ്ഥയ്ക്കെതിരെ പ്രതിഷേധമുയര്‍ത്തി. ഇസ്രയേലും നാറ്റോയും ചേര്‍ന്നുള്ള സംയുക്ത സൈനികാഭ്യാസം നടത്തുന്നതിനുള്ള ഇന്ത്യയുടെ നീക്കത്തിനു പിന്നിലെ ആപത്ത് തുറന്നുകാട്ടി. മുംബൈ കൂട്ടക്കൊല ആസൂത്രണംചെയ്ത സിഐഎയുടെയും ലഷ്കര്‍ ഇ തോയ്ബയുടെയും ഇരട്ട ചാരനായ ഹെഡ്ലിയെ അമേരിക്കയില്‍നിന്ന് വിട്ടുകിട്ടുന്നത് സംബന്ധിച്ച് സമ്മര്‍ദംചെലുത്തണമെന്നാവശ്യപ്പെട്ടു. യൂണിയന്‍ കാര്‍ബൈഡിനെ ഏറ്റെടുത്ത ഡൌ കമ്പനിയില്‍നിന്ന് ഭോപാല്‍ വാതകദുരന്തം മുന്‍നിര്‍ത്തി നഷ്ടപരിഹാരം വാങ്ങിയെടുക്കണമെന്നാവശ്യപ്പെട്ടു. ഇത്തരം കാര്യങ്ങളിലെല്ലാം ദേശീയതാല്‍പ്പര്യവും ജനതാല്‍പ്പര്യവും മുന്‍നിര്‍ത്തിയാണ് സിപിഐ എമ്മും പ്രകാശ് കാരാട്ടും പ്രവര്‍ത്തിച്ചത്. ഇതുതന്നെയാണ് അമേരിക്കയെ പ്രകോപിപ്പിക്കുന്നതും.

കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പു പ്രചാരണവേളയില്‍ത്തന്നെ അമേരിക്കന്‍ എംബസി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ വ്യക്തമായി ഇടപെട്ടു. വോട്ടെടുപ്പിനും വോട്ടെണ്ണലിനും ഇടയിലുള്ള ഘട്ടത്തില്‍ ചെറുകക്ഷികളെയും പ്രാദേശികകക്ഷികളെയും സ്വാധീനിക്കാന്‍ ശ്രമിച്ചു. തെരഞ്ഞെടുപ്പുഫലം വരുമ്പോള്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷമില്ലാത്ത അവസ്ഥയുണ്ടായാല്‍ ഇടതുപക്ഷത്തിനൊപ്പം നില്‍ക്കരുതെന്ന് പറയാന്‍ ചെറുകക്ഷികളുടെയും പ്രാദേശിക കക്ഷികളുടെയും നേതാക്കന്മാരെ അമേരിക്കന്‍ നയതന്ത്രപ്രതിനിധികള്‍ കണ്ട് ചര്‍ച്ച നടത്തി. ഇതിനെല്ലാം പുറമെ, ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്താന്‍ തെരഞ്ഞെടുപ്പില്‍ പണമൊഴുക്കുകവരെചെയ്തു. ഇങ്ങനെയെല്ലാം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍, ഇന്ത്യന്‍ ആഭ്യന്തരകാര്യങ്ങളില്‍ അമേരിക്ക ഇടപെട്ടുകൊണ്ടിരുന്നപ്പോഴൊന്നും അരുത് എന്ന് പറയാനുള്ള ധൈര്യം യുപിഎ സര്‍ക്കാരോ മന്‍മോഹന്‍സിങ്ങോ കാട്ടിയില്ല. അതിന്റെ ഫലമായി, ഇന്ത്യയെ ഛിദ്രീകരിക്കാന്‍ ശ്രമിക്കുന്ന ദേശവിരുദ്ധശക്തികളുമായിപ്പോലും ചങ്ങാത്തം സ്ഥാപിക്കുന്ന നിലയിലേക്ക് അമേരിക്കയുടെ ഇടപെടല്‍ വളര്‍ന്നു. അരാജകവാദ സംഘടനകള്‍ക്കു മുതല്‍ മാവോയിസ്റ് സംഘങ്ങള്‍ക്കുവരെ അവര്‍ പണം നല്‍കുന്നു. വര്‍ഗീയവാദികള്‍ മുതല്‍ തീവ്രവാദികള്‍ വരെയുള്ളവരെ അമേരിക്കന്‍ എംബസി സ്വീകരിച്ച് സല്‍ക്കരിക്കുന്നു. ഇതൊക്കെ പകല്‍പോലെ വ്യക്തമായിട്ടും ഒരു പ്രതിഷേധവാക്കുപോലും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങില്‍നിന്ന് ഉയരുന്നില്ല. ദേശീയതാല്‍പ്പര്യങ്ങള്‍ അടിയറവച്ച് അമേരിക്കയുടെ ദാസ്യം സ്വീകരിക്കുന്നതിനെതിരെ സര്‍വശക്തിയും ഉപയോഗിച്ച് പൊരുതുന്ന പ്രസ്ഥാനമാണ് സിപിഐ എമ്മും ഇടതുപക്ഷമാകെയും. അതുകൊണ്ടുതന്നെ ഇടതുപക്ഷത്തിനെതിരെ അമേരിക്ക പ്രകടിപ്പിക്കുന്ന രോഷം, ആ പ്രസ്ഥാനങ്ങളുടെ ദേശാഭിമാനത്തിനുള്ള ഏറ്റവും വലിയ അംഗീകാരമാകുന്നു.

ദേശാഭിമാനി മുഖപ്രസംഗം 211210

1 comment:

  1. ഇന്ത്യന്‍ രാഷ്ട്രീയത്തെ അമേരിക്കയുടെ താല്‍പ്പര്യത്തിന്റെ വഴിയേ നയിച്ചുകൊണ്ടുപോകാന്‍ ഇടതുപക്ഷത്തിന് സ്വാധീനമുള്ള ഭരണസംവിധാനം തടസ്സമാകുമെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണത്രേ അമേരിക്ക ഇടപെട്ടത്. ആണവകരാര്‍ അടക്കമുള്ള കാര്യങ്ങളില്‍ അമേരിക്കയുടെ ദുഷ്ടലാക്ക് തുറന്നുകാണിക്കുകയും അത് മുന്‍നിര്‍ത്തി ജനങ്ങളെ ബോധവല്‍ക്കരിക്കുകയും ചെയ്തത് കമ്യൂണിസ്റ് പാര്‍ടികളാണ്. അതുകൊണ്ടുതന്നെ കമ്യൂണിസ്റ് പാര്‍ടികള്‍ക്ക് സ്വാധീനം ചെലുത്താന്‍ കഴിയാത്ത ഭരണസംവിധാനമുണ്ടാക്കാന്‍ 2009ലെ തെരഞ്ഞെടുപ്പു പ്രചാരണഘട്ടത്തില്‍ അമേരിക്ക വന്‍തോതില്‍ പണമൊഴുക്കിയിരുന്നു. കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും വിദേശനയങ്ങള്‍ തമ്മില്‍ വ്യത്യാസമില്ല. ഇരുകൂട്ടരും അമേരിക്കയുടെ താല്‍പ്പര്യങ്ങള്‍ ഇന്ത്യയില്‍ നിര്‍വഹിച്ചുകൊടുക്കാന്‍ തയ്യാറാണ്. അതിനു തയ്യാറില്ലാത്തതും അമേരിക്കന്‍ സ്വാധീനങ്ങള്‍ക്കെതിരെ ഇഞ്ചോടിഞ്ച് പൊരുതുന്നതും ഇടതുപക്ഷ പാര്‍ടികളാണ്. ആ പാര്‍ടികളെ ഇടപെടുത്തിക്കൊണ്ടല്ലാതെ അമേരിക്കയ്ക്ക് ആണവകരാര്‍ അടക്കമുള്ള കാര്യങ്ങളുമായി മുന്നോട്ടുപോകാന്‍ കഴിയില്ല.

    ReplyDelete