Thursday, December 30, 2010

'ഇടതുപക്ഷ ഏകോപന'ത്തില്‍ തമ്മില്‍തല്ല് തുടങ്ങി

യുഡിഎഫുമായി അധികാരം പങ്കിട്ട എം ആര്‍ മുരളി ഇടതുപക്ഷ ഏകോപന സമിതി സെക്രട്ടറിസ്ഥാനം ഒഴിയണമെന്ന ആവശ്യം ശക്തമായി. ഇടതുപക്ഷമെന്ന പേരുനല്‍കിയ സംഘടന യുഡിഎഫുമായി സഹകരിച്ച് തദ്ദേശസ്ഥാപനങ്ങളില്‍ ഭരണം കൈയാളുന്നത് രാഷ്ട്രീയവഞ്ചനയാണെന്നും സംസ്ഥാന കണ്‍വന്‍ഷനില്‍ വിമര്‍ശമുയര്‍ന്നു. നേതൃത്വത്തിലുള്‍പ്പെടെ ഭിന്നത ശക്തമായതോടെ പല പ്രവര്‍ത്തകരും രാജിക്കൊരുങ്ങുകയാണ്. യുഡിഎഫുമായി ചേര്‍ന്ന് നിയമസഭാതെരഞ്ഞെടുപ്പില്‍ രണ്ടു സീറ്റിലെങ്കിലും മത്സരിച്ച് ജയിക്കണമെന്നുമുള്ള നിര്‍ദേശം യോഗത്തില്‍ ഒരുനേതാവ് മുന്നോട്ടുവച്ചു. എന്നാല്‍ ഇത്തരം നാണംകെട്ട കൂട്ടുകെട്ട് വേണ്ടെന്ന് ഒരു വിഭാഗം പ്രവര്‍ത്തകര്‍ വാദിച്ചു. ഒടുവില്‍ കാര്യമായ തീരുമാനമെടുക്കാനാവാതെ കണ്‍വന്‍ഷന്‍ പിരിച്ചുവിട്ടു. കുന്നംകുളത്ത് ചേര്‍ന്ന സംസ്ഥാന ഏകോപന സമിതിയുടെ കണ്‍വന്‍ഷനില്‍ ഭിന്നിപ്പ് തുറന്ന പോരിലെത്തുകയായിരുന്നു.

യുഡിഎഫ് സഹായത്തോടെ ഷൊര്‍ണൂര്‍ നഗരസഭാ ചെയര്‍മാനായ എം ആര്‍ മുരളിയെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റുമെന്നാണ് നേതാക്കള്‍ ആദ്യം പ്രഖ്യാപിച്ചിരുന്നത്. മുരളിയെ മാറ്റി ഒഞ്ചിയത്തുനിന്നുള്ള ടി പി ചന്ദ്രശേഖരനെ സെക്രട്ടറിയാക്കാനും കഴിഞ്ഞ സംസ്ഥാന കമ്മിറ്റിയോഗത്തില്‍ ധാരണയായിരുന്നു. ഇതുസംബന്ധിച്ച് സംഘടന രേഖ അച്ചടിച്ച് പ്രതിനിധികള്‍ക്ക് നല്‍കുമെന്നും അറിയിച്ചു. എന്നാല്‍ രേഖ നല്‍കിയില്ല. മാറ്റാന്‍ നിശ്ചയിച്ച എം ആര്‍ മുരളി പ്രസംഗരൂപത്തില്‍ രേഖ അവതരിപ്പിക്കുകയും ചെയ്തു. എന്നാല്‍ സെക്രട്ടറി മാറ്റം പരാമര്‍ശിച്ചില്ല. ഇതേ തുടര്‍ന്നാണ് കണ്‍വന്‍ഷനില്‍ ബഹളമുണ്ടായത്. മിക്ക പ്രതിനിധികളും രോഷാകുലരായി. ഒഞ്ചിയത്തേയും തളിക്കുളത്തേയും പ്രതിനിധികള്‍ പൊട്ടിത്തെറിച്ചു. ഇടതുപക്ഷത്തിന് വിപ്ളവം കുറവാണെന്നുപറഞ്ഞ് രൂപീകരിച്ച ഏകോപനസമിതിയെ വലതുപാളയത്തിലേക്ക് മുരളി നയിക്കുകയാണെന്ന് ഒഞ്ചിയം പ്രതിനിധി സുരേഷ്കുമാര്‍ പറഞ്ഞു. ഷൊര്‍ണൂരില്‍ രണ്ടരവര്‍ഷം വീതം യുഡിഎഫുമായി ഭരണം പങ്കിടാന്‍ തീരുമാനിച്ച മുരളി സ്വാര്‍ഥതാല്‍പ്പര്യത്തിനും അധികാരത്തിനുംവേണ്ടി പാര്‍ടിയെ ബലികഴിച്ചതായും ആരോപണം ഉയര്‍ന്നു. മുരളിയെ മാറ്റണമെന്ന് രേഖാമൂലം സുരേഷ്കുമാര്‍ ആവശ്യപ്പെട്ടു. പ്രതിനിധികളില്‍ ഭൂരിഭാഗവും മുരളിയെ മാറ്റണമെന്ന ആവശ്യത്തോട് യോജിക്കുന്നവരായിരുന്നു. മുരളി വഴങ്ങിയില്ല. തുടര്‍ന്ന് കണ്‍വന്‍ഷന്‍ തീരുമാനമൊന്നുമെടുക്കാതെ പിരിഞ്ഞു.

ദേശാഭിമാനി 311210

1 comment:

  1. യുഡിഎഫുമായി അധികാരം പങ്കിട്ട എം ആര്‍ മുരളി ഇടതുപക്ഷ ഏകോപന സമിതി സെക്രട്ടറിസ്ഥാനം ഒഴിയണമെന്ന ആവശ്യം ശക്തമായി. ഇടതുപക്ഷമെന്ന പേരുനല്‍കിയ സംഘടന യുഡിഎഫുമായി സഹകരിച്ച് തദ്ദേശസ്ഥാപനങ്ങളില്‍ ഭരണം കൈയാളുന്നത് രാഷ്ട്രീയവഞ്ചനയാണെന്നും സംസ്ഥാന കണ്‍വന്‍ഷനില്‍ വിമര്‍ശമുയര്‍ന്നു. നേതൃത്വത്തിലുള്‍പ്പെടെ ഭിന്നത ശക്തമായതോടെ പല പ്രവര്‍ത്തകരും രാജിക്കൊരുങ്ങുകയാണ്. യുഡിഎഫുമായി ചേര്‍ന്ന് നിയമസഭാതെരഞ്ഞെടുപ്പില്‍ രണ്ടു സീറ്റിലെങ്കിലും മത്സരിച്ച് ജയിക്കണമെന്നുമുള്ള നിര്‍ദേശം യോഗത്തില്‍ ഒരുനേതാവ് മുന്നോട്ടുവച്ചു. എന്നാല്‍ ഇത്തരം നാണംകെട്ട കൂട്ടുകെട്ട് വേണ്ടെന്ന് ഒരു വിഭാഗം പ്രവര്‍ത്തകര്‍ വാദിച്ചു. ഒടുവില്‍ കാര്യമായ തീരുമാനമെടുക്കാനാവാതെ കണ്‍വന്‍ഷന്‍ പിരിച്ചുവിട്ടു. കുന്നംകുളത്ത് ചേര്‍ന്ന സംസ്ഥാന ഏകോപന സമിതിയുടെ കണ്‍വന്‍ഷനില്‍ ഭിന്നിപ്പ് തുറന്ന പോരിലെത്തുകയായിരുന്നു.

    ReplyDelete