ന്യൂഡല്‍ഹി: സ്വാഭാവിക റബറിന്റെ ഇറക്കുമതി തീരുവ കേന്ദ്ര സര്‍ക്കാര്‍ ഏഴര ശതമാനമായി വെട്ടിക്കുറച്ചു. 40,000 ടണ്‍ വരെയുള്ള ഇറക്കുമതിക്കാണ് മാര്‍ച്ച് 31 വരെ തീരുവ കുറച്ചിരിക്കുന്നത്. ടയര്‍ വ്യവസായികളില്‍നിന്നുള്ള സമ്മര്‍ദത്തെ തുടര്‍ന്നാണ് നടപടി.
ഇരുപതു ശതമാനമോ കിലോയ്ക്ക് ഇരുപതു രൂപയോ എന്നതാണ് നിലവില്‍ റബറിന്റെ ഇറക്കുമതി തീരുവ. ഇതില്‍ കുറവ് ഏതാണോ അതാണ് ഈടാക്കുക. മാര്‍ച്ച് 31നു ശേഷം ഇതേ നിരക്ക് പുനസ്ഥാപിക്കുമെന്ന് ഔദ്യോഗിക വിജ്ഞാപനത്തില്‍ അറിയിച്ചിട്ടുണ്ട്.
റബറിന്റെ വില ഉയര്‍ന്ന സാഹചര്യത്തില്‍ തീരുവ വെട്ടിക്കുറയ്ക്കാന്‍ ടയര്‍ ലോബി കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തിവരികയായിരുന്നു. ലോകത്തെ നാലാമത്തെ ഏറ്റവും വലിയ, സ്വാഭാവിക റബര്‍ ഉല്‍പ്പാദന രാഷ്ട്രമാണ് ഇന്ത്യ. കഴിഞ്ഞ ഏപ്രില്‍ നവംബര്‍ കാലയളവില്‍ 143468 ടണ്‍ റബരാണ് ഇന്ത്യയിലേയ്ക്ക് ഇറക്കുമതി ചെയ്തത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂന്നു ശതമാനം മാത്രം കൂടുതലാണിത്. ആവശ്യം ഇതിന്റെ പല മടങ്ങ് കൂടിയിട്ടും ഇറക്കുമതി വര്‍ധിക്കാത്തതിനു കാരണം ഉയര്‍ന്ന തീരുവയാണെന്നാണ് വ്യവസായികള്‍ ചൂണ്ടിക്കാട്ടുന്നത്. ഉയര്‍ന്ന ആവശ്യവും ഇറക്കുമതി കുറഞ്ഞതും രാജ്യത്ത് സ്വാഭാവിക റബറിന്റെ വിലയില്‍ വര്‍ധനയുണ്ടാക്കിയിരുന്നു. ഇതില്‍ നേട്ടമുണ്ടാക്കിയ കര്‍ഷകര്‍ക്കു തിരിച്ചടിയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഇപ്പോഴത്തെ തീരുമാനം. ഇറക്കുമതി ചുങ്കം 300 ശതമാനം വരെയാക്കാവുന്നത് നേരത്തെ പടിപടിയായി കുറച്ച് 20 ശതമാനമാക്കിയിരുന്നു. ഇതിനെതിരെ കര്‍ഷകരില്‍നിന്ന് വന്‍ പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു. പ്രതിഷേധം ശക്തമായപ്പോഴാണ് ഇരുപതു ശതമാനമോ കിലോയ്ക്ക് ഇരുപതു രൂപയോ എന്ന നിലയില്‍ ചെറിയൊരു മാറ്റം വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായത്. തീരുവ കുറയ്ക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന് കേരളത്തില്‍നിന്നുള്ള പ്രതിനിധികളോട് കേന്ദ്രമന്ത്രി ആനന്ദ് ശര്‍മ വ്യക്തമാക്കുകയും ചെയ്തിരുന്നു. കര്‍ഷകരുടെ താല്‍പ്പര്യം പോലെ തന്നെ വ്യവസായികളുടെയും താല്‍പ്പര്യം കണക്കിലെടുക്കേണ്ടതുണ്ടെന്നാണ് ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട്.
തായ്‌ലാന്‍ഡ്, മലേഷ്യ, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍നിന്നാണ് പ്രധാനമായും ഇന്ത്യയിലേയ്ക്ക് റബര്‍ ഇറക്കുമതി ചെയ്യുന്നത്. സ്വാഭാവിക റബറിന്റെ വില കഴിഞ്ഞ ദിവസം കേരളത്തില്‍ കിലോയ്ക്ക് 207 രൂപ വരെ എത്തിയിരുന്നു. സര്‍വകാല റെക്കോഡാണിത്. രാജ്യാന്തര വിപണിയില്‍ സ്വാഭാവിക റബറിന് 222 രൂപ വരെ എത്തിയിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ ഇറക്കുമതി തീരുമാനം കാര്യമായ മാറ്റമുണ്ടാക്കില്ലെന്നുമാണ് വ്യവസായ രംഗത്തുള്ളവര്‍ പറയുന്നത്.
ലോകത്തെ ഏറ്റവും വലിയ റബര്‍ ഉല്‍പ്പാദകരായ തായ്‌ലാന്‍ഡില്‍ കൃഷിനാശമുണ്ടായതും ചൈനയില്‍നിന്നുള്ള ആവശ്യം വര്‍ധിച്ചതുമാണ് രാജ്യാന്തര വിപണിയില്‍ സ്വാഭാവിക റബറിന്റെ വില ഉയരാന്‍ ഇടയാക്കിയതെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. കനത്ത മഴ ടാപ്പിംഗിനെ പ്രതികൂലമായി ബാധിച്ചത് കേരളത്തിലും റബര്‍ ഉല്‍പ്പാദനത്തില്‍ കുറവുണ്ടാക്കിയിട്ടുണ്ട്.
ജനയുഗം 271210
സ്വാഭാവിക റബറിന്റെ ഇറക്കുമതി തീരുവ കേന്ദ്ര സര്‍ക്കാര്‍ ഏഴര ശതമാനമായി വെട്ടിക്കുറച്ചു. 40,000 ടണ്‍ വരെയുള്ള ഇറക്കുമതിക്കാണ് മാര്‍ച്ച് 31 വരെ തീരുവ കുറച്ചിരിക്കുന്നത്. ടയര്‍ വ്യവസായികളില്‍നിന്നുള്ള സമ്മര്‍ദത്തെ തുടര്‍ന്നാണ് നടപടി.
ReplyDeleteഇരുപതു ശതമാനമോ കിലോയ്ക്ക് ഇരുപതു രൂപയോ എന്നതാണ് നിലവില്‍ റബറിന്റെ ഇറക്കുമതി തീരുവ. ഇതില്‍ കുറവ് ഏതാണോ അതാണ് ഈടാക്കുക. മാര്‍ച്ച് 31നു ശേഷം ഇതേ നിരക്ക് പുനസ്ഥാപിക്കുമെന്ന് ഔദ്യോഗിക വിജ്ഞാപനത്തില്‍ അറിയിച്ചിട്ടുണ്ട്.