തൊഴിലുറപ്പു പദ്ധതി പ്രകാരമുള്ള 'രാജീവ്ഗാന്ധി സേവാഖര്‍' നിര്‍മാണം സംസ്ഥാന സര്‍ക്കാരിന് പുലിവാലായി. കേന്ദ്ര വ്യവസ്ഥകള്‍ പാലിച്ച് കെട്ടിടം പണിയാന്‍ കഴിയില്ല. കെട്ടിടം പണിതില്ലെങ്കില്‍ അതിന്റെ പേരില്‍ കേന്ദ്രം തൊഴിലുറപ്പു പദ്ധതിയുടെ ഫണ്ട് മുടക്കുകയും ചെയ്യും. 'ഭാരത് നിര്‍മാണ്‍ രാജീവ്ഗാന്ധി സേവാഖര്‍' എന്ന മുഴുവന്‍ പേരുള്ള പദ്ധതി ദേശീയ തൊഴിലുറപ്പു പദ്ധതിയില്‍ പുതുതായി ഉള്‍പ്പെടുത്തിയതാണ്. തൊഴിലുറപ്പു പദ്ധതി ഓഫീസിനും ഗ്രാമസഭായോഗങ്ങള്‍ക്കുമായി എല്ലാ പഞ്ചായത്തിലും സേവാഭവനം പണിയണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. സ്വന്തമായി ആസ്ഥാനമില്ലാത്ത പഞ്ചായത്തുകള്‍ക്ക് ഓഫീസായി ഈ കെട്ടിടം ഉപയോഗിക്കാമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. പത്തുലക്ഷം രൂപവരെ ഇതിനായി ഉപയോഗിക്കാനും സമ്മതിച്ചു. പദ്ധതിയിലെ വ്യവസ്ഥകളാണ് പഞ്ചായത്തിനെ വട്ടം കറക്കുന്നത്. 60 ശതമാനം തുകയും കൂലിയിനത്തില്‍ വിനിയോഗിക്കണമെന്നാണ് പ്രധാന വ്യവസ്ഥ. ബാക്കി 40 ശതമാനമേ നിര്‍മാണ സാമഗ്രികള്‍ക്ക് വിനിയോഗിക്കാവൂ. മണലിനും സിമന്റിനും കമ്പിക്കും തീവിലയുള്ളപ്പോള്‍ ഇതെങ്ങനെ കഴിയുമെന്ന ചോദ്യം ബാക്കി. കെട്ടിടം പണിക്ക് പോകുന്ന തൊഴിലാളിക്ക് കേരളത്തില്‍ ദിവസം കിട്ടുന്നത് 350 രൂപയാണ്. തൊഴിലുറപ്പു പദ്ധതിയിലെ ഈ പണിക്ക് പോയാല്‍ ലഭിക്കുന്നത് 125 രൂപയും. ഈ സാഹചര്യത്തില്‍, പണിനടത്താന്‍ തൊഴിലാളികളെ കിട്ടില്ല.
കേരളത്തില്‍ പഞ്ചായത്തിലെ ശരാശരി ജനസംഖ്യ 23,700 ആണ്. ആയിരമാണ് വാര്‍ഡിലെ ജനസംഖ്യയുടെ ശരാശരി. ഗ്രാമസഭകള്‍ ഇപ്പോള്‍ ചേരുന്നത് ഓരോ വാര്‍ഡിലെയും സ്കൂള്‍ കെട്ടിടങ്ങളിലും മറ്റുമാണ്. ഗ്രാമസഭയ്ക്കായി പഞ്ചായത്തില്‍ ഒറ്റ കെട്ടിടം മതിയെങ്കില്‍ മറ്റു വാര്‍ഡുകളില്‍ താമസിക്കുന്നവരെയെല്ലാം ലോറിയിലോ ബസിലോ എത്തിച്ചാലേ യോഗം നടക്കൂ. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ പഞ്ചായത്തുകളെ മുന്നില്‍ക്കണ്ട് പദ്ധതിയുടെ ചട്ടങ്ങളുണ്ടാക്കിയതാണ് കേരളത്തിന് വിനയായത്. കേരളത്തിലെ ഒരു വാര്‍ഡിലുള്ളതിനേക്കാള്‍ കുറവാണ് അവിടെ ഒരു പഞ്ചായത്തിലെ ജനസംഖ്യ. കേരളത്തില്‍ എല്ലാ പഞ്ചായത്തുകള്‍ക്കും സ്വന്തമായി ഓഫീസുണ്ട്. ഉത്തരേന്ത്യയില്‍ അതല്ല സ്ഥിതി. കേരളത്തിന്റെ ബുദ്ധിമുട്ടു മനസ്സിലാക്കി വ്യവസ്ഥകളില്‍ കേന്ദ്രം ചില ഇളവനുവദിച്ചു. സേവാഖര്‍ നിര്‍മാണത്തിനു തരുന്ന തുകയുപയോഗിച്ച് നിലവിലുള്ള പഞ്ചായത്ത് കെട്ടിടത്തില്‍ കൂട്ടിച്ചേര്‍ക്കല്‍ വേണമെങ്കില്‍ നടത്തിക്കോ എന്നായി കേന്ദ്രസര്‍ക്കാര്‍.
അതോടെ പുതിയ പ്രശ്നങ്ങളായി. കേരളത്തില്‍ പഞ്ചായത്ത് കെട്ടിടങ്ങള്‍ സ്ഥിതിചെയ്യുന്നത് നാമമാത്രഭൂമിയിലാണ്. അതിന്റെ വശങ്ങളില്‍ കൂട്ടിച്ചേര്‍ക്കല്‍ നടക്കില്ല. വേറൊരു നിലകൂടി നിര്‍മിക്കുകയാണ് പോംവഴി. നിര്‍മാണ സാമഗ്രികളുടെ വില പദ്ധതിത്തുകയുടെ 40 ശതമാനമേ ആകാവൂ എന്നതിനാല്‍ ചെളിയും മറ്റും ഉപയോഗിച്ച് നിര്‍മാണം നടത്തേണ്ടി വരും. 125 രൂപയ്ക്ക് പണിയാന്‍ വരുന്ന അവിദഗ്ധ തൊഴിലാളികളെക്കൊണ്ട് ഇത് നിര്‍മിക്കുകയുംകൂടി ചെയ്താല്‍ എപ്പോള്‍ വേണമെങ്കിലും നിലംപൊത്താം. കേരളത്തിനുള്ള ഫണ്ട് മുടക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ പറയുന്ന കാരണങ്ങളിലൊന്ന് രാജീവ്ഗാന്ധി സേവാഖര്‍ പണിതില്ലെന്നതാണ്. അതേസമയം, രാജ്യത്താകെ 10 സേവാഖര്‍ മാത്രമേ നിര്‍മിച്ചിട്ടുള്ളൂവെന്ന് ദേശിയ തൊഴിലുറപ്പു പദ്ധതിയുടെ വെബ്സൈറ്റ് വ്യക്തമാക്കുന്നു. മറ്റൊരു സംസ്ഥാനത്തിനും ഇതിന്റെ പേരില്‍ ഫണ്ട് നിഷേധിച്ചിട്ടുമില്ല.
(ആര്‍ സാംബന്‍)
ദേശാഭിമാനി 211210
No comments:
Post a Comment