Thursday, December 30, 2010

25 ലക്ഷം ടണ്‍ ഭക്ഷ്യധാന്യം അധികം നല്‍കും

സംസ്ഥാനങ്ങള്‍ക്ക് ബി പി എല്‍ നിരക്കില്‍ 25 ലക്ഷം ടണ്‍ അരിയും ഗോതമ്പും നല്‍കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ ഉപസമിതി യോഗത്തില്‍ തീരുമാനമായി. സംസ്ഥാനങ്ങള്‍ക്ക് ഇതിന് പുറമെ അരിയും ഗോതമ്പും ആവശ്യമുണ്ടെങ്കില്‍ 25 ടണ്‍ കൂടി എ പി എല്‍ നിരക്കില്‍ അനുവദിക്കാനും യോഗം തീരുമാനിച്ചു. പയര്‍ വര്‍ഗങ്ങളുടെ ഇറക്കുമതിക്ക് നല്‍കിയിരുന്ന ഇറക്കുമതി തീരുവ ഇളവ് തുടരും.

രാജ്യത്ത് വിലകയറ്റം രൂക്ഷമായ സാഹചര്യത്തിലാണ് ഇന്നലെ കേന്ദ്ര മന്ത്രിസഭാ ഉപസമിതിയുടെ ഉന്നതാധികാര യോഗം ധനമന്ത്രി പ്രണബ് കുമാര്‍ മുഖര്‍ജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നത്. നിത്യേപയോഗ സാധനങ്ങളുടെ വിലയിലുണ്ടായ വന്‍വര്‍ധന യോഗം വിലയിരുത്തിയെങ്കിലും ഇതിന് തടയിടാന്‍ യോഗത്തില്‍ കാര്യമായ തീരുമാനങ്ങളുണ്ടായില്ല. ഉള്ളിവില കുതിച്ചുയര്‍ന്ന് കിലോയ്ക്ക് 80 രൂപയിലെത്തിയത് കുറവു വന്നെങ്കിലും വെളുത്തുള്ളിയുടെയും തക്കാളിക്കയുടെയും വിലയില്‍ വന്‍ കുതിച്ചുകയറ്റമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഇതിന് പുറമെ പച്ചകറി പാല്‍ വിലയിലും വര്‍ധന ഉണ്ടായിട്ടുണ്ട്. പച്ചക്കറി, പാല്‍ വിലകള്‍ നിയന്ത്രിക്കേണ്ടത് സംസ്ഥാനങ്ങളാണെന്ന് കേന്ദ്ര കൃഷിമന്ത്രി ശരദ് പവാര്‍ യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കോണ്‍ഗ്രസ് ഭരിക്കുന്ന ഡല്‍ഹിയില്‍ പാല്‍ വില ലിറ്ററിന് ഒരു രൂപ കഴിഞ്ഞ ദിവസം വര്‍ധിപ്പിച്ചിരുന്നു. മന്ത്രിസഭാ ഉപസമിതി യോഗത്തിന് മുമ്പ് ക്യാബിനറ്റ് സെക്രട്ടറിയേറ്റ് വിളിച്ചു ചേര്‍ന്ന വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരുടെ യോഗം വില കയറ്റം ചര്‍ച്ച ചെയ്തു. പഞ്ചസാരയ്ക്ക് ഇറക്കുമതി ചുങ്കം ചുമത്തുന്നതും പൊതു വിതരണ സംവിധാനത്തിലൂടെ വിതരണം ചെയ്യുന്ന പഞ്ചസാരയുടെ വില വര്‍ധിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.

janayugom 301210

1 comment:

  1. സംസ്ഥാനങ്ങള്‍ക്ക് ബി പി എല്‍ നിരക്കില്‍ 25 ലക്ഷം ടണ്‍ അരിയും ഗോതമ്പും നല്‍കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ ഉപസമിതി യോഗത്തില്‍ തീരുമാനമായി. സംസ്ഥാനങ്ങള്‍ക്ക് ഇതിന് പുറമെ അരിയും ഗോതമ്പും ആവശ്യമുണ്ടെങ്കില്‍ 25 ടണ്‍ കൂടി എ പി എല്‍ നിരക്കില്‍ അനുവദിക്കാനും യോഗം തീരുമാനിച്ചു. പയര്‍ വര്‍ഗങ്ങളുടെ ഇറക്കുമതിക്ക് നല്‍കിയിരുന്ന ഇറക്കുമതി തീരുവ ഇളവ് തുടരും.

    ReplyDelete