രാജ്യത്തെ മികച്ച പാര്‍ലമെന്റേറിയന്‍മാരില്‍ പ്രധാനിയായിരുന്നു ഹിരണ്‍ മുഖര്‍ജി. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയുടെ പ്രതിനിധികളായി ആദ്യ ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരില്‍ പലരും പാര്‍ലമെന്ററി പ്രവര്‍ത്തനത്തില്‍ തങ്ങളുടേതായ ഇടം നേടിയവരാണ്. ആദ്യ ലോകസഭയിലെ പ്രതിപക്ഷനേതാവായിരുന്ന എ കെ ജിയുടെ പ്രസംഗം കേള്‍ക്കാന്‍ നെഹ്റു പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ആംഗലേയത്തില്‍ പ്രസംഗിക്കുന്നതില്‍ അസാധാരണമായ മികവൊന്നും സാധാരണ കുടുംബ പശ്ചാത്തലത്തില്‍നിന്ന് വന്ന എ കെ ജിക്കുണ്ടായിരുന്നില്ല. എന്നാല്‍, ആ പ്രസംഗത്തില്‍ നാടിന്റെ ജീവിതമുണ്ടായിരുന്നു. ദുരിതം അനുഭവിക്കുന്ന മഹാഭൂരിപക്ഷം വരുന്ന ജനതയുടെ കണ്ണീരുണ്ടായിരുന്നു. അഴിമതിക്കെതിരായ പോരാട്ടത്തിന്റെ വീറുണ്ടായിരുന്നു. അവകാശങ്ങള്‍ക്ക്വേണ്ടി പൊരുതുന്നവന്റെ നിശ്ചയദാര്‍ഢ്യമുണ്ടായിരുന്നു. ഇതിനെല്ലാംമുമ്പില്‍ ഭാഷയും വ്യാകരണവും അപ്രസക്തമായിരുന്നു. അദ്ദേഹം വന്നിരുന്നത് നേരറിവുകളുടെ അനുഭവ കരുത്തുമായിട്ടായിരുന്നു. ഡല്‍ഹിയിലെ ജീവിതകാലത്ത് രാവിലത്തെ പത്രവായനയില്‍ കടന്നുവരുന്ന വിവിധ പ്രദേശങ്ങളിലെ സമരങ്ങളുടെ ചെറിയ വാര്‍ത്തകള്‍പോലും അദ്ദേഹത്തെ അസ്വസ്ഥമാക്കാറുണ്ടായിരുന്നെന്ന് ഹര്‍കിഷന്‍സിങ് സുര്‍ജിത്ത് ഒരിക്കല്‍ സൂചിപ്പിക്കുകയുണ്ടായി. ആ വാര്‍ത്തയുടെ പിറകിലേക്ക് ബാഗുമായി എ കെ ജി അന്നുതന്നെ യാത്രയാകുമായിരുന്നു. തീര്‍ത്തും അപരിചിതമായ ഇടങ്ങളിലേക്കുള്ള യാത്രയില്‍ തന്നെക്കുറിച്ചുള്ള ഉത്ക്കണ്ഠകളൊന്നും എ കെ ജിയെ അലട്ടിയിരുന്നില്ല. സമരഭൂമിയില്‍നിന്ന് തിരിച്ചെത്തുന്ന എ കെ ജി പാര്‍ലമെന്റിനെ പ്രക്ഷോഭത്തിന്റെ വേദിയാക്കി മാറ്റി. പാര്‍ലമെന്ററി, പാര്‍ലമെന്റേതര സമരങ്ങളുടെ കൂട്ടിച്ചേര്‍ക്കലിന് എ കെ ജി സ്വന്തം ജീവിതംകൊണ്ട് പുതിയ വ്യാഖ്യാനങ്ങള്‍ തീര്‍ത്തു. എ കെ ജിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച പാര്‍ലമെന്റ് അംഗങ്ങള്‍ ഇന്ത്യയുടെ പാര്‍ലമെന്ററി ചരിത്രത്തിലേക്ക് സുപ്രധാനമായ സംഭാവനകള്‍ നല്‍കിയവരായിരുന്നു. അക്കൂട്ടത്തില്‍ ഹിരണ്‍ മുഖര്‍ജിക്ക് പ്രത്യേകമായ ഇടമുണ്ട്.
ബംഗാളിലും ഓക്സ്ഫഡിലും പഠിച്ച് ഏറ്റവും തിളക്കമേറിയ വിജയത്തോടെ ബിരുദങ്ങള്‍ നേടിയ വ്യക്തിയായിരുന്നു ഹിരണ്‍മുഖര്‍ജി. നാട്ടിലേക്ക് തിരിച്ചെത്തിയതോടെ കമ്യൂണിസ്റ്റ് പാര്‍ടിയില്‍ അംഗമായി. അന്നു നിരോധിക്കപ്പെട്ട പാര്‍ടിയുടെ പുറത്തെ പ്രവര്‍ത്തനത്തിന്റെ മുഖമായി ഹിരണ്‍മുഖര്‍ജി മാറി. വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിലും പ്രവര്‍ത്തിച്ചു. ആദ്യ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കെപ്പെട്ട മുഖര്‍ജി 1977 വരെ പാര്‍ലമെന്റ് അംഗമായി തുടര്‍ന്നു. പാര്‍ലമെന്ററി ചട്ടങ്ങളില്‍ അസാധാരണമായ അറിവുണ്ടായിരുന്ന മുഖര്‍ജി മികച്ച വാഗ്മിയുമായിരുന്നു. വിവിധ വിഷയങ്ങളില്‍ അഗാധമായ പാണ്ഡിത്യവുമുണ്ടായിരുന്നത് പ്രസംഗങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് നല്‍കി. സര്‍ക്കാരിന്റെ നയസമീപനങ്ങള്‍ തുറന്നുകാണിക്കുന്നതില്‍ പാര്‍ലമെന്ററി സംവിധാനം തുറന്നുതരുന്ന എല്ലാ സാധ്യതകളെയും നന്നായി ഉപയോഗിച്ചു. ചോദ്യത്തോരവേളയും ശൂന്യവേളയും ശ്രദ്ധക്ഷണിക്കല്‍ പ്രമേയങ്ങളും അരമണിക്കൂര്‍ ചര്‍ച്ചയും ഹ്രസ്വമായ ചര്‍ച്ചയും എന്നു തുടങ്ങി പിരിച്ചുവിടല്‍ പ്രമേയമുള്‍പ്പെടെ ചട്ടങ്ങള്‍ നല്‍കുന്ന എല്ലാ സാധ്യതയും അസാധാരണമായ മികവോടെ ഉപയോഗിക്കുന്നതില്‍ ഹിരണ്‍ മുഖര്‍ജിയോളം മികവ് പ്രകടിപ്പിച്ചവര്‍ വളരെ കുറവാണ്.
പാര്‍ലമെന്റില്‍നിന്ന് വിരമിച്ചതിനുശേഷം പാര്‍ലമെന്റിന്റെ ഭാഗമായ പഠനസംവിധാനത്തിന്റെ ചുമതലക്കാരനായി പ്രവര്‍ത്തിച്ചു. ഗവേഷണത്തിന്റെയും പഠനത്തിന്റെയും അതിരുകളില്ലാത്ത സാധ്യതകളാണ് ഇന്ന് പാര്‍ലമെന്റിലുള്ളത്. അതിന് അടിത്തറയിടുന്നതില്‍ ഹിരണ്‍ മുഖര്‍ജി വഹിച്ച പങ്ക് എടുത്തുപറയേണ്ടതാണ്. 2004ലാണ് ഹിരണ്‍ മുഖര്‍ജി ജീവിതത്തില്‍നിന്ന് വിടവാങ്ങിയത്. അതിനുശേഷം അദ്ദേഹത്തിന്റെ സ്മരണ നിലനിര്‍ത്തുന്നതിന് എല്ലാ വര്‍ഷവും അനുസ്മരണപ്രഭാഷണം സംഘടിപ്പിക്കാന്‍ അന്നു സ്പീക്കറായിരുന്ന സോമനാഥ് ചാറ്റര്‍ജി മുന്‍കൈയെടുത്തു. ആദ്യ വര്‍ഷത്തെ പ്രഭാഷണം നടത്തിയത് അമര്‍ത്യസെന്നായിരുന്നു. കഴിഞ്ഞവര്‍ഷം മറ്റൊരു നൊബേല്‍ സമ്മാനിതനായ മുഹമ്മദ് യൂനസായിരുന്നു പ്രഭാഷകന്‍. ഇത്തവണ പ്രഭാഷണത്തിന് എത്തിയത് പ്രൊഫസര്‍ ഭഗവതിയായിരുന്നു. കോളേജില്‍ മന്‍മോഹന്‍സിങ്ങിന്റെ സീനിയറായിരുന്നു അദ്ദേഹം. ഇദ്ദേഹത്തിന്റെ ജ്യേഷ്ഠനാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന പി എന്‍ ഭഗവതി. പൊതുതാല്‍പ്പര്യ ഹര്‍ജികളുടെ പുതിയ നീതിവ്യവസ്ഥ രാജ്യത്തിന് സംഭാവന ചെയ്യുന്നതില്‍ പ്രധാനപങ്ക് വഹിച്ചു. ജസ്റ്റിസ് കൃഷ്ണയ്യരെല്ലാം പ്രതിനിധാനം ചെയ്യുന്ന പുരോഗമന നീതിന്യായവ്യവസ്ഥയുടെ പ്രതീകം.
എന്നാല്‍, സഹോദരന്‍ അതില്‍നിന്നെല്ലാം വ്യത്യസ്തനാണ്. ഗാട്ടിന്റെ പ്രധാന ഉപദേഷ്ടാവായിരുന്നു. ഗാട്ട് കരാര്‍ എഴുതി തയ്യാറാക്കുന്നതില്‍ പ്രധാനപങ്ക് വഹിച്ചത് പ്രൊഫസര്‍ ഭഗവതിയാണെന്നാണ് പറയുന്നത്. ലോകവ്യാപാര സംഘടനയുടെ പ്രധാന ഉപദേഷ്ടാവായാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ആഗോളവല്‍ക്കരണത്തിന്റെ ഏറ്റവും ശക്തനായ വക്താക്കളില്‍ പ്രധാനിയായ ഒരാളെ എങ്ങനെയാണ് ഹിരണ്‍മുഖര്‍ജിയെ അനുസ്മരിക്കുന്ന പ്രഭാഷണം നടത്തുന്നതിനു ക്ഷണിക്കുന്നത്? അനുസ്മരിക്കപ്പെടുന്ന വ്യക്തി ജീവിതത്തില്‍ ഉടനീളം പിന്തുടര്‍ന്ന ചിന്താധാരക്ക് കടകവിരുദ്ധമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരാളെ പ്രഭാഷണം നടത്താന്‍ ക്ഷണിക്കുകവഴി ആ ഓര്‍മകളെ അപമാനിക്കുകയാണ് യഥാര്‍ഥത്തില്‍ ചെയ്യുന്നത്.
പ്രഭാഷണമാകട്ടെ അങ്ങേയറ്റം അരോചകമായിരുന്നു. ഇന്ത്യയിലെ പരിഷ്കാരങ്ങളുടെ ഇന്നലെയും നാളെയുമായിരുന്നു വിഷയം. ഉദാരവല്‍ക്കരണ നയങ്ങളുടെ കാര്യത്തില്‍ മന്‍മോഹന്‍സിങ്ങിനേക്കാളും കടുപ്പക്കാരനായ ഭഗവതിക്ക് ആ നയങ്ങള്‍ സൃഷ്ടിച്ച അവസ്ഥയെക്കുറിച്ച് വിശദീകരിക്കാന്‍ കഴിഞ്ഞില്ല. ലോകത്ത് ഏറ്റവും ശക്തമായ അസമത്വം നിലനില്‍ക്കുന്ന രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിയിരിക്കുന്നു. ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ ലോകത്ത് മൂന്നാം സ്ഥാനമാണ് ഇന്ന് നമ്മുടെ രാജ്യത്തിനുള്ളത്. ആദ്യ പത്തു ശതകോടീശ്വരന്മാരുടെ ആസ്തി ഇന്ത്യയുടെ ജിഡിപിയുടെ 12 ശതമാനമാണ്. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണത്. ഇതേ രാജ്യത്താണ് 77 ശതമാനം ജനങ്ങളും 20 രൂപയില്‍ താഴെ മാത്രം ഉപഭോഗമുള്ളവരായി ജീവിതം തള്ളിനീക്കുന്നത്.
ഇത്തരം പ്രശ്നങ്ങളൊന്നും പരാമര്‍ശിക്കാത്ത ഭഗവതി അടുത്ത ഘട്ടം ഉദാരവല്‍ക്കരണം ശക്തിപ്പെടുത്തണമെന്നാണ് ആഹ്വാനം ചെയ്തത്. അമേരിക്കയിലേതുപോലെ വന്‍കിട കോര്‍പറേറ്റുകളില്‍നിന്ന് ആവശ്യാനുസരണം പണം പിരിക്കുന്നതിന് രാഷ്ട്രീയ പാര്‍ടികള്‍ക്ക് നിയമപരമായി അവസരമില്ലാത്തതാണ് അഴിമതിക്ക് കാരണമെന്നും ഈ മോഡല്‍ അംഗീകരിച്ചാല്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്ന കണ്ടുപിടുത്തവും ഭഗവതി നടത്തുകയുണ്ടായി. പ്രസംഗം കഴിഞ്ഞപ്പോള്‍ ഒറ്റപ്പെട്ട കൈയടിശബ്ദം മാത്രം ഉയര്‍ന്നു. ഹിരണ്‍മുഖര്‍ജിയെ ഇങ്ങനെ അപമാനിക്കാന്‍ പാടില്ലായിരുന്നുവെന്ന പൊതു പ്രതികരണമാണ് സെന്‍ട്രല്‍ ഹാളില്‍നിന്ന് ഉയര്‍ന്നത്.
വാല്‍ക്കഷ്ണം
ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിനു വേദിയായ സെന്‍ട്രല്‍ ഹാളിന്റെ ഇപ്പോഴത്തെ യോഗം ഇങ്ങനെയൊക്കെയാണ്. ഒബാമ പ്രസംഗിച്ചപ്പോള്‍ സദസ്സില്‍ നല്ലൊരു പങ്കും അമേരിക്കയിലേയും ഇന്ത്യയിലേയും കുത്തകകളായിരുന്നു. ഭഗവതി പ്രസംഗിക്കുമ്പോഴും ഇത്തരക്കാരുടെ സാന്നിധ്യം പ്രകടം. മാറുന്ന ഇന്ത്യയുടെ നേര്‍ചിത്രം തന്നെ.
പി രാജീവ് ദേശാഭിമാനി വാരിക
രാജ്യത്തെ മികച്ച പാര്‍ലമെന്റേറിയന്‍മാരില്‍ പ്രധാനിയായിരുന്നു ഹിരണ്‍ മുഖര്‍ജി. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയുടെ പ്രതിനിധികളായി ആദ്യ ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരില്‍ പലരും പാര്‍ലമെന്ററി പ്രവര്‍ത്തനത്തില്‍ തങ്ങളുടേതായ ഇടം നേടിയവരാണ്. ആദ്യ ലോകസഭയിലെ പ്രതിപക്ഷനേതാവായിരുന്ന എ കെ ജിയുടെ പ്രസംഗം കേള്‍ക്കാന്‍ നെഹ്റു പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ആംഗലേയത്തില്‍ പ്രസംഗിക്കുന്നതില്‍ അസാധാരണമായ മികവൊന്നും സാധാരണ കുടുംബ പശ്ചാത്തലത്തില്‍നിന്ന് വന്ന എ കെ ജിക്കുണ്ടായിരുന്നില്ല. എന്നാല്‍, ആ പ്രസംഗത്തില്‍ നാടിന്റെ ജീവിതമുണ്ടായിരുന്നു
ReplyDelete