Thursday, December 30, 2010

സംസ്ഥാന വാര്‍ത്തകള്‍ 6

സ്ത്രീകളുടെ അവകാശസംരക്ഷണത്തില്‍ കേരളം മാതൃക: ഗിരിജാവ്യാസ്

കൊച്ചി: ചെറിയ ന്യൂനത പരിഹരിച്ചാല്‍ സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ കേരളം മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാവുമെന്ന് ദേശീയ വനിതാകമീഷന്‍ അധ്യക്ഷ ഗിരിജാവ്യാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യയിലെ വിവാഹപ്രായം ഏകീകരിക്കാന്‍ വനിതാ കമീഷന്‍ വിവിധ സംസ്ഥാനങ്ങളില്‍ നടത്തിയ ശില്‍പ്പശാലയില്‍ കേരളത്തിലെ സ്ത്രീകളില്‍നിന്നാണ് പക്വതയുള്ള അഭിപ്രായം ലഭിച്ചത്. സ്ത്രീകള്‍ക്ക് 21ഉം പുരുഷന്മാര്‍ക്ക് 24ഉം വയസ്സാണ് കേരളത്തിലെ സ്ത്രീകളും പുരുഷന്മാരും നിര്‍ദേശിച്ചത്- അവര്‍ പറഞ്ഞു.

ശിക്ഷയുടെ കാഠിന്യം വര്‍ധിപ്പിച്ചാലേ രാജ്യത്ത് സ്ത്രീപീഡനക്കേസുകളുടെ എണ്ണം കുറയ്ക്കാന്‍ സാധിക്കൂ. സ്ത്രീപീഡനക്കേസുകള്‍ പരിഗണിക്കാന്‍ അതിവേഗ കോടതികളുടെ ശൃംഖല വ്യാപിപ്പിക്കേണ്ടത് ആവശ്യമാണ്. മലപ്പുറത്തും കാസര്‍കോടും നേരിയതോതില്‍ ബാലവിവാഹം നിലനില്‍ക്കുന്ന കാര്യം ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ട്. സ്ത്രീകളെ തുല്യതയോടെ കാണാന്‍ പുരുഷന്മാര്‍ക്കും വ്യക്തിത്വം കാത്തുസൂക്ഷിക്കാന്‍ സ്ത്രീകള്‍ക്കും അവബോധം നല്‍കാനുള്ള പദ്ധതിക്ക് ദേശീയ വനിതാ കമീഷന്‍ രൂപം നല്‍കിയിട്ടുണ്ട്. മഅ്ദനി കേസില്‍ ഇടപെട്ട മാധ്യമപ്രവര്‍ത്തകയ്ക്കുനേരെ കേസെടുത്ത സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കാര്യങ്ങള്‍ പഠിച്ചശേഷം ആവശ്യമായ ഇടപെടല്‍ നടത്തും. മക്കള്‍ ബാധ്യതയാണെന്ന സുപ്രീം കോടതി ജഡ്ജി ഗ്യാന്‍സുധാമിശ്രയുടെ വെളിപ്പെടുത്തലിനെക്കുറിച്ച് വ്യക്തത ലഭിച്ചശേഷം പ്രതികരിക്കുമെന്നും ഗിരിജാവ്യാസ് പറഞ്ഞു.

അധ്യാപകര്‍ക്കും നാലുഗ്രേഡ് ശുപാര്‍ശ

സംസ്ഥാനത്ത് എല്‍ഡി ക്ളര്‍ക്കുവരെയുള്ള തസ്തികകളിലും അധ്യാപകര്‍ക്കും നിലവിലുള്ള മൂന്നു ഗ്രേഡിനുപകരം നാലുഗ്രേഡ് അനുവദിക്കാന്‍ ശമ്പളപരിഷ്കരണ കമീഷന്‍ ശുപാര്‍ശ. ഇപ്പോള്‍ പ്യൂ, അറ്റന്‍ഡര്‍, എല്‍ഡി ക്ളര്‍ക്ക് എന്നീ തസ്തികകളിലും അധ്യാപക തസ്തികയിലും 8-15-23 എന്നീ കാലാവധിയിലാണ് ഗ്രേഡ് അനുവദിക്കുന്നത്. ഇതിനുപകരം 8-15-22-28 എന്നവിധം ഗ്രേഡ് അനുവദിക്കാനാണ് ഒമ്പതാം ശമ്പളകമീഷന്‍ റിപ്പോര്‍ട്ടില്‍ ശുപാര്‍ശചെയ്യുന്നത്. ഇതുപ്രകാരം ഈ വിഭാഗം ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഒരുഗ്രേഡ് അധിക ആനുകൂല്യം ലഭിക്കും. രണ്ടു ഇന്‍ക്രിമെന്റാണ് ഒരുഗ്രേഡായി പരിഗണിക്കുന്നത്.

പെന്‍ഷന്‍കാര്‍ക്കുള്ള മെഡിക്കല്‍ ആനുകുല്യം നിലവിലുള്ള 100 രൂപയില്‍നിന്നും 300 രൂപയാക്കി ഉയര്‍ത്തണമെന്നും ശുപാര്‍ശയുണ്ട്. പെന്‍ഷന്‍കാര്‍ക്ക് ഓള്‍ഡ് ഏജ് പെന്‍ഷന്‍സ്കീം നടപ്പിലാക്കണമെന്നും ജസ്റിസ് രാജേന്ദ്രബാബു ചെയര്‍മാനായ കമീഷന്‍ നിര്‍ദ്ദേശിക്കുന്നു. 80 വയസ്സുമുതല്‍ അഞ്ചുശതമാനവും 85വയസ്സുവരെ പത്തുശതമാനവും 90വയസ്സുവരെ 20ശതമാനവും 100വയസ്സുകാര്‍ക്ക് 50ശതമാനവുമാണ് വര്‍ധനക്ക് ശുപാര്‍ശ. പെന്‍ഷന്‍കാരുടെ ഗ്രാറ്റ്വിറ്റി പരിധി 3.5ലക്ഷം രൂപയില്‍നിന്നും ഏഴുലക്ഷം രൂപയാക്കി ഉയര്‍ത്തും. പെന്‍ഷന്‍കാരുടെയും ജീവനക്കാരുടെയും എണ്ണം ഏകദേശം തുല്യമായി നില്‍ക്കുന്ന സാഹചര്യത്തില്‍ പെന്‍ഷന്‍കാരുടെ പെന്‍ഷന്‍വിതരണവും മറ്റും ചിട്ടപ്പെടുത്താന്‍ പെന്‍ഷന്‍വകുപ്പ് രുപീകരിക്കണമെന്ന നിര്‍ദേശവും കമീഷന്‍ മുന്നോട്ടുവയ്ക്കുന്നു.

വനിതാ ജീവനക്കാരുടെ പ്രസവ അവധി ഒരുവര്‍ഷമാക്കി ഉയര്‍ത്തുക, പ്രൊഫഷണല്‍ ഉദ്യോഗസ്ഥരുടെ സ്കെയില്‍ സെക്രട്ടറിയറ്റ് ഡെപ്യൂട്ടി സെക്രട്ടറിമാരുടേതിന് തുല്യമാക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്നും കമീഷന്‍ ശുപാര്‍ശചെയ്യുന്നുണ്ട്. റിപ്പോര്‍ട്ട് വെള്ളിയാഴ്ച വൈകിട്ട് 3.30ന് മുഖ്യമന്ത്രിക്കു സമര്‍പ്പിക്കും.

പൊലീസ്: എല്ലാ നിയമനവും പിഎസ്സിക്ക്, വനിതകള്‍ക്ക് അതത് ജില്ല


എട്ടുമണിക്കൂര്‍ ഡ്യൂട്ടി കൂടുതല്‍ പൊലീസ് സ്റേഷനുകളിലേക്ക് വ്യാപിപ്പിക്കുമെന്ന് മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നിയമസഭയില്‍ പറഞ്ഞു. ഇപ്പോള്‍ 51 സ്റേഷനില്‍ നടപ്പിലാക്കിയിട്ടുണ്ട്. ഡ്രൈവര്‍ തസ്തിക ഉള്‍പ്പെടെയുള്ള മുഴുവന്‍ നിയമനങ്ങളും പിഎസ്സിക്ക് വിടും. നിലവില്‍ വര്‍ഷംതോറും നാലായിരത്തോളം നിയമന ഒഴിവുകള്‍ പൊലീസ് സേനയില്‍ ഉണ്ടാകുന്നുണ്ട്. പുതിയതായി രൂപീകരിച്ച ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്റെ ഉദ്ഘാടനം അടുത്തമാസം നടക്കും. വനിതാ പൊലീസുകാരുടെ ഡ്യൂട്ടിസംബന്ധമായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിച്ചു. അവരെ കഴിവതും അതതു ജില്ലകളില്‍ത്തന്നെ നിയമിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് എ എം ആരിഫിനെ മന്ത്രി അറിയിച്ചു. വനിതാ പൊലീസുകാര്‍ക്ക് വിശ്രമസ്ഥലമടക്കമുള്ള സൌകര്യങ്ങള്‍ പുതിയ പോലീസ് സ്റ്റേഷനുകളുടെ കെട്ടിടങ്ങളില്‍ ഉണ്ടാകുമെന്ന് കെ എസ് സലീഖയെ മന്ത്രി അറിയിച്ചു. പൊലീസുകാര്‍ക്ക് മെഡിക്കല്‍ റീ ഇംബേഴ്സ്മെന്റ് അനുവദിക്കുന്നതിലെ കാലതാമസം ഒഴിവാക്കും.

ഈ വര്‍ഷം 64 പേരെ സ്പോര്‍ട്സ് ക്വോട്ടയില്‍ നിയമിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി. അടുത്തവര്‍ഷം 100 പേരെക്കൂടി നിയമിക്കും. സൈനിക ആശുപത്രിയുടെ മാതൃകയില്‍ പൊലീസുകാര്‍ക്ക് പ്രത്യേക ആശുപത്രി തുടങ്ങുന്ന കാര്യം ആലോചിക്കും. പത്തനംതിട്ടയില്‍ ഡ്യൂട്ടിക്കിടെ അപകടമരണം സംഭവിച്ച വനിതാ കോസ്റബിളിന്റെ ആശ്രിത നിയമനം താമസിയാതെ നടത്തും. ഡ്യൂട്ടിക്കിടയില്‍ വാഹനം ഇടിച്ചു മരിച്ച ബാലരാമപുരം എഎസ്ഐയുടെ കുടുംബത്തിന് സാമ്പത്തികസഹായം നല്‍കും. വി എസ് സുനില്‍കുമാര്‍, വി ശിവന്‍കുട്ടി, ടി പി കുഞ്ഞുണ്ണി, ബാബു എം പാലിശ്ശേരി, മുരളി പെരുന്നെല്ലി, ഇ എസ് ബിജിമോള്‍ എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.

റെയില്‍വേയില്‍ പ്രഖ്യാപനങ്ങളും തറക്കല്ലിടലും മാത്രം: ബസുദേവാചാര്യ


പ്രഖ്യാപനങ്ങളല്ലാതെ റെയില്‍വേയില്‍ പദ്ധതികളൊന്നും നടപ്പാകുന്നില്ലെന്ന് ബസുദേവ് ആചാര്യ എം പി. തിരുവനന്തപുരത്ത് റെയില്‍വേ മെഡിക്കല്‍ കോളേജ് സ്ഥാപിക്കുക, പേട്ടയിലെ റെയില്‍വേ ആശുപത്രി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയാക്കി ഉയര്‍ത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് റെയില്‍വേ ജീവനക്കാരുടെ വിവിധ സംഘടനകള്‍ പേട്ട റെയില്‍വേ ആശുപത്രിയിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

റെയില്‍വേയില്‍ പ്രഖ്യാപനങ്ങളും തറക്കല്ലിടലും മാത്രമാണ് നടക്കുന്നത്. പുതിയ പദ്ധതികളുടെ തറക്കല്ലിടലിന്റെ മുഴുപേജ് പരസ്യങ്ങള്‍ക്ക് ലക്ഷങ്ങളാണ് ചെലവിടുന്നത്. എന്നാല്‍, ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികളൊന്നും നടപ്പാകുന്നുമില്ല. റെയില്‍വേ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ലക്ഷക്കണക്കിന് ഒഴിവുകളാണ് നികത്താതെ കിടക്കുന്നത്. 10 ശതമാനം ഒഴിവുകള്‍ നികത്താന്‍ ഇപ്പോള്‍ സോണല്‍ ജനറല്‍ മാനേജര്‍മാര്‍ക്ക് അധികാരം നല്‍കിയിരിക്കയാണ്. റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് വഴിയോ റിക്രൂട്ട്മെന്റ് സെല്‍ വഴിയോ നിയമനം നടത്തണം. നിയമനങ്ങളില്‍ സുതാര്യത ഉറപ്പുവരുത്തണം. തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കുന്ന നിയമങ്ങള്‍ പൊളിച്ചെഴുതുന്നത് ജീവനക്കാരുടെ ആരോഗ്യസംരക്ഷണത്തിന് വിഘാതമാകുന്നു. റെയില്‍വേ ആശുപത്രികളില്‍ മികച്ച സൌകര്യങ്ങള്‍ ഒരുക്കുന്നതിലും റെയില്‍വേ വീഴ്ച വരുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഡിആര്‍ഇയു, എഐഎല്‍ആര്‍എസ്എ, എഐജിസി, റെയില്‍വേ പെന്‍ഷനേഴ്സ് എന്നീ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. സ്റ്റേഷന്‍ മാസ്റ്റേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് ഡി എസ് കര്‍ത്ത അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍, എ സമ്പത്ത് എം പി, സിഐടിയു ജില്ലാ സെക്രട്ടറി എസ് എസ് പോറ്റി, ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം എസ് പി ദീപക്, സിഐടിയു ജില്ലാ കമ്മിറ്റി അംഗം കല്ലറ മധു, ഡിആര്‍ഇയു ഡിവിഷണല്‍ സെക്രട്ടറി കെ ശശിധരന്‍, സോണല്‍ വൈസ് പ്രസിഡന്റ് ജാഫര്‍കുട്ടി, ആര്‍ ജി പിള്ള, എം എം റോളി, എന്‍ പത്മകുമാര്‍ എന്നിവര്‍ സംസാരിച്ചു.

ദേശാഭിമാനി 301210

1 comment:

  1. ചെറിയ ന്യൂനത പരിഹരിച്ചാല്‍ സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ കേരളം മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാവുമെന്ന് ദേശീയ വനിതാകമീഷന്‍ അധ്യക്ഷ ഗിരിജാവ്യാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യയിലെ വിവാഹപ്രായം ഏകീകരിക്കാന്‍ വനിതാ കമീഷന്‍ വിവിധ സംസ്ഥാനങ്ങളില്‍ നടത്തിയ ശില്‍പ്പശാലയില്‍ കേരളത്തിലെ സ്ത്രീകളില്‍നിന്നാണ് പക്വതയുള്ള അഭിപ്രായം ലഭിച്ചത്. സ്ത്രീകള്‍ക്ക് 21ഉം പുരുഷന്മാര്‍ക്ക് 24ഉം വയസ്സാണ് കേരളത്തിലെ സ്ത്രീകളും പുരുഷന്മാരും നിര്‍ദേശിച്ചത്- അവര്‍ പറഞ്ഞു.

    ReplyDelete