Monday, December 27, 2010

റാഡിയ ബന്ധം : കോണ്‍ഗ്രസ്-ബിജെപി പോര് മുറുകുന്നു

ന്യൂഡല്‍ഹി: കോര്‍പറേറ്റ് ഇടനിലക്കാരി നിര റാഡിയയുമായി കൂടുതല്‍ ബന്ധം ആര്‍ക്ക് എന്നതിനെ ചൊല്ലി കോണ്‍ഗ്രസ്-ബിജെപി തര്‍ക്കം മുറുകുന്നു. മുന്‍ വ്യോമയാന മന്ത്രിയും ബിജെപി ജനറല്‍സെക്രട്ടറിയുമായ അനന്തകുമാറിനു റാഡിയയുമായി അടുത്തബന്ധമുണ്ടെന്നും മുതിര്‍ന്നനേതാവ് എല്‍ കെ അദ്വാനി, ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി എന്നിവരും റാഡിയയുടെ അടുപ്പക്കാരാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. റാഡിയയുമായി നേതാക്കള്‍ക്കാര്‍ക്കും ബന്ധമില്ലെന്ന് ബിജെപിഅവകാശപ്പെട്ടു. കേന്ദ്രമന്ത്രിമാരുടെയും കോണ്‍ഗ്രസ് നേതാക്കളുടെയും റാഡിയബന്ധം വ്യക്തമാണെന്നും ബിജെപിക്കെതിരെ ആരോപണമുന്നയിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ കോടതി കയറേണ്ടിവരുമെന്നും വക്താവ് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. സ്പെക്ട്രം അഴിമതിക്ക് കൂട്ടുനിന്ന പ്രധാനമന്ത്രി രാജിവയ്ക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടതിനു പിന്നാലെയാണ് പോര് മുറുകിയത്.
റാഡിയയുടെ 'സ്വന്തം' നേതാവായിരുന്നു അനന്തകുമാറെന്ന് ചില ദേശീയ മാധ്യമങ്ങള്‍ക്കു നല്‍കിയ അഭിമുഖത്തില്‍ അവരുടെ മുന്‍ ബിസിനസ് പങ്കാളി റാവു ധീരജ്സിങ് നടത്തിയ വെളിപ്പെടുത്തലാണ് കോണ്‍ഗ്രസിന്റെ ആയുധം. റാഡിയയുടെ മകനെ തട്ടിക്കൊണ്ടുപോയ കേസില്‍ ധീരജ്സിങ് രണ്ടുവര്‍ഷം ജയിലിലായിരുന്നു. അനന്തകുമാര്‍, ഗഡ്കരി, അദ്വാനി എന്നിവരുമായി റാഡിയക്ക് ബന്ധമുണ്ടെന്നാണ് ധീരജ്സിങ്ങിന്റെ വെളിപ്പെടുത്തല്‍. അനന്തകുമാര്‍ വ്യോമയാനമന്ത്രിയായിരിക്കേ ബന്ധം സ്ഥാപിച്ച റാഡിയ ക്യാബിനറ്റ് രേഖകള്‍ പോലും ചോര്‍ത്തിയതായി ധീരജ്സിങ് പറയുന്നു. പല ഇടപാടിലും റാഡിയയുടെ പങ്കാളിയായിരുന്നു അനന്തകുമാര്‍. ഇങ്ങനെ ലഭിച്ച പണം സ്വിസ് ബാങ്കിലാണ് അനന്തകുമാര്‍ നിക്ഷേപിച്ചത്.

കര്‍ണാടക, മഹാരാഷ്ട്ര സര്‍ക്കാരുകള്‍ക്ക് ഹെലികോപ്ടറുകള്‍ നല്‍കുന്നതിനുള്ള കരാറുകള്‍ നിതിന്‍ ഗഡ്കരി വഴി റാഡിയ സ്വന്തം കക്ഷികള്‍ക്കായി നേടിയെടുത്തിരുന്നു. ഇതിനായി പലവട്ടം നാഗ്പുരില്‍ പോയി ഗഡ്കരിയെ കണ്ടു. റാഡിയക്ക് അടുപ്പമുള്ള ഉഡുപ്പിയിലെ പേജാവാര്‍ മഠം ട്രസ്റിനായി എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് ഡല്‍ഹിയിലെ വസന്ത്കുഞ്ചില്‍ സ്ഥലം അനുവദിച്ചിരുന്നു. ട്രസ്റിന് തറക്കല്ലിട്ടത് എല്‍ കെ അദ്വാനിയാണ്. റാഡിയ വഴിയാണ് അദ്വാനി ചടങ്ങിനെത്തിയത്-ധീരജ്സിങ് പറഞ്ഞു. താന്‍ റാഡിയയെ കണ്ടിട്ടില്ലെന്നും ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഗഡ്കരി പറഞ്ഞു. ഡല്‍ഹിയില്‍ സ്ഥലം അനുവദിച്ചത് നരസിംഹറാവു സര്‍ക്കാരാണെന്ന് പേജാവാര്‍ മഠം അവകാശപ്പെട്ടു. തറക്കല്ലിടല്‍ ചടങ്ങില്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത്തും പങ്കെടുത്തിട്ടുണ്ടെന്നും റാഡിയയുമായി ബന്ധമില്ലെന്നും മഠം പ്രസ്താവനയില്‍ പറഞ്ഞു.

ആരോപണങ്ങളോട് അനന്തകുമാര്‍ പ്രതികരിച്ചട്ടില്ല. എന്നാല്‍,അരുജെയ്റ്റ്ലി, വെങ്കയ്യനായിഡു തുടങ്ങിയ മുതിര്‍ന്നനേതാക്കള്‍ അനന്തകുമാറിനുവേണ്ടി രംഗത്തെത്തി. അനന്തകുമാറിന് സ്വിസ് ബാങ്കില്‍ അക്കൌണ്ടുണ്ടെന്ന ആക്ഷേപം അടിസ്ഥാനരഹിതമാണെന്നും ധീരജ്സിങ്ങിന്റെ അഭിമുഖം പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്കെതിരെ കോടതിയെ സമീപിക്കാന്‍ അനന്തകുമാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജെയ്റ്റ്ലി പറഞ്ഞു. ട്രസ്റിന് ഭൂമി അനുവദിച്ച സംഭവത്തില്‍ അദ്വാനിയുടെ പേര് വലിച്ചിഴച്ച കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്വി മാപ്പുപറയണമെന്ന് ബിജെപി വക്താവ് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. എന്നാല്‍, റാഡിയ ബന്ധത്തില്‍ നിന്ന് ബിജെപിക്ക് ഒളിച്ചോടാനാവില്ലെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി പറഞ്ഞു.
(എം പ്രശാന്ത്)

സ്പെക്ട്രം: സിഎജി ഇന്ന് മൊഴിനല്‍കും

2 ജി സ്പെക്ട്രം കുംഭകോണവുമായി ബന്ധപ്പെട്ട് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) വിനോദ് റായ് തിങ്കളാഴ്ച പാര്‍ലമെന്റിന്റെ പബ്ളിക് അക്കൌണ്ട്സ് കമ്മിറ്റിക്ക് (പിഎസി) മുമ്പാകെ ഹാജരാകും. സ്പെക്ട്രം അഴിമതിയിലൂടെ രാജ്യത്തിന് 1.76 ലക്ഷം രൂപയുടെ നഷ്ടമുണ്ടെന്ന് സിഎജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് ടെലികോം മന്ത്രിയായിരുന്നു എ രാജ രാജിവച്ചത്. ബിജെപി നേതാവ് മുരളി മനോഹര്‍ ജോഷി തലവനായ പിഎസിക്ക് മുന്നില്‍ തന്റെ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെ സാധൂകരിക്കുന്ന നിലപാട് സിഎജി അവതരിപ്പിക്കും.

പ്രശ്നത്തിന്റെ പ്രാധാന്യവും ദേശീയ താല്‍പ്പര്യവും പരിഗണിച്ചാണ് വിവിധ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും മറ്റും നിലപാടും നിര്‍ദേശങ്ങളും അറിയാന്‍ പിഎസി തീരുമാനിച്ചതെന്ന് ലോക്സഭാ സെക്രട്ടറിയറ്റ് വിജ്ഞാപനത്തില്‍ പറഞ്ഞു. 2 ജി, 3 ജി സ്പെക്ട്രം വിതരണത്തിന്റെ നടപടിക്രമങ്ങളടക്കം ടെലികോം മേഖലയിലെ സമീപകാല സംഭവവികാസങ്ങളെല്ലാം പിഎസി പരിശോധിക്കുകയാണ്. ടെലികോം വകുപ്പ്, ധനമന്ത്രാലയം, ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) തുടങ്ങിയവയില്‍നിന്ന് പിഎസി വിവരങ്ങള്‍ ശേഖരിച്ചു. സ്പെക്ട്രം വിതരണവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എ രാജ നേരിട്ടാണെടുത്തതെന്നും താന്‍ ഉത്തരവ് നടപ്പാക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നുമാണ് മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ഥ് ബഹുറ പിഎസിക്ക് മൊഴിനല്‍കിയത്.

ദേശാഭിമാനി 271210

1 comment:

  1. കോര്‍പറേറ്റ് ഇടനിലക്കാരി നിര റാഡിയയുമായി കൂടുതല്‍ ബന്ധം ആര്‍ക്ക് എന്നതിനെ ചൊല്ലി കോണ്‍ഗ്രസ്-ബിജെപി തര്‍ക്കം മുറുകുന്നു. മുന്‍ വ്യോമയാന മന്ത്രിയും ബിജെപി ജനറല്‍സെക്രട്ടറിയുമായ അനന്തകുമാറിനു റാഡിയയുമായി അടുത്തബന്ധമുണ്ടെന്നും മുതിര്‍ന്നനേതാവ് എല്‍ കെ അദ്വാനി, ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി എന്നിവരും റാഡിയയുടെ അടുപ്പക്കാരാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. റാഡിയയുമായി നേതാക്കള്‍ക്കാര്‍ക്കും ബന്ധമില്ലെന്ന് ബിജെപിഅവകാശപ്പെട്ടു.

    ReplyDelete