Thursday, December 23, 2010

ഫാക്ടിനെ രക്ഷിക്കാന്‍ വീണ്ടും പ്രക്ഷോഭം

കളമശേരി: ഫാക്ടിന്റെ രക്ഷയ്ക്കായി വീണ്ടും സേവ് ഫാക്ട് പ്രക്ഷോഭത്തിലേക്ക്. കേന്ദ്രസര്‍ക്കാരിന്റെ രാസവള സബ്സിഡിനയംമൂലം സബ്സിഡിയിലെ കുറവും വിതരണത്തിലെ കാലതാമസവും പ്രവര്‍ത്തനമൂലധനത്തിന്റെ കുറവും ഫാക്ടിനെ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന സാഹചര്യത്തിലാണ് വീണ്ടും പ്രക്ഷോഭത്തിന് സേവ് ഫാക്ട് ആക്ഷന്‍ കമ്മിറ്റി ആലോചിക്കുന്നത്. നിലവിലെ സബ്സിഡിനയം അനുസരിച്ച് മെച്ചപ്പെട്ട ഉല്‍പ്പാദനം ഉണ്ടായാല്‍ 100 കോടിയിലധികം ലാഭമുണ്ടാകുന്ന സാഹചര്യം നടപ്പ് സാമ്പത്തികവര്‍ഷത്തില്‍ ഉണ്ടായിരുന്നു. മാനേജ്മെന്റിന്റെ കെടുകാര്യസ്ഥത കമ്പനിയെ നഷ്ടത്തിലാക്കുമെന്ന ആശങ്ക ജീവനക്കാരിലുണ്ടെന്ന് ആക്ഷന്‍ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

പരമാവധി ഉല്‍പ്പാദനത്തിന് ആവശ്യമായ അസംസ്കൃത വസ്തു സംഭരണ ആസൂത്രണം ഇല്ലാതിരുന്നത് ഉല്‍പ്പാദനത്തില്‍ തടസമുണ്ടാക്കി. കൊച്ചിന്‍ ഡിവിഷനിലെ സള്‍ഫ്യൂറിക് ആസിഡ് പ്ളാന്റിലെ ബോയ്ലര്‍ ചോര്‍ച്ച മാനേജ്മെന്റിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. 100 ശതമാനം അധികലോഡില്‍ പ്രവര്‍ത്തിക്കാനാവാത്ത സാഹചര്യത്തിലും 120 ശതമാനം ലോഡില്‍ പ്രവര്‍ത്തിപ്പിച്ചത് ഉല്‍പ്പാദനസ്തംഭനത്തിന് ഇടയാക്കി. അനുവദിച്ച പ്ളാന്‍ ഫണ്ട് ഉപയോഗിച്ച് വിവിധ പ്ളാന്റുകളിലെ അറ്റകുറ്റപ്പണി പൂര്‍ത്തീകരിച്ചിരുന്നുവെങ്കില്‍ ഉല്‍പ്പാദനക്കുറവും സാമ്പത്തികനഷ്ടവും ഒഴിവാക്കാമായിരുന്നു. രാസവളക്ഷാമം നിലവിലുള്ളപ്പോള്‍ പരമാവധി വിപണനംനടത്താനുള്ള അവസരം മാര്‍ക്കറ്റിങ് വിഭാഗം പ്രയോജനപ്പെടുത്തിയില്ലെന്നും പ്രസ്താവനയില്‍ കുറ്റപ്പെടുത്തുന്നു.

ഫാക്ടിന് 450 കോടി രൂപ പ്രവര്‍ത്തനമൂലധനം അനുവദിക്കുക, നാഫ്ത കണ്‍വര്‍ഷന്‍ കോസ്റ്റ് വര്‍ധിപ്പിക്കുക, ഉദ്യോഗമണ്ഡലില്‍ പ്രതിദിനം 1500 ടണ്‍ ഉല്‍പ്പാദനശേഷിയുള്ള യൂറിയ പദ്ധതിക്കും ഫാക്ടംഫോസ് പദ്ധതിക്കും അംഗീകാരം നല്‍കുക, വൈവിധ്യവല്‍ക്കരണപദ്ധതികള്‍ നടപ്പാക്കുക, ഫാക്ട്ഭൂമി സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നല്‍കാതിരിക്കുക, ഫാക്ട് സ്കൂളുകള്‍ സഹകരണസംഘത്തെ ഏല്‍പ്പിക്കുക, ഫാക്ടിന്റെ ഡയറക്ടര്‍ ബോര്‍ഡിലെ ഒഴിവുകള്‍ നികത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് 29ന് ഉദ്യോഗമണ്ഡലിലും അമ്പലമേടിലും ജീവനക്കാര്‍ കൂട്ടധര്‍ണ നടത്തുമെന്ന് ആക്ഷന്‍ കമ്മിറ്റി അറിയിച്ചു.

ദേശാഭിമാനി വാര്‍ത്ത എറണാകുളം ജില്ല

1 comment:

  1. ഫാക്ടിന്റെ രക്ഷയ്ക്കായി വീണ്ടും സേവ് ഫാക്ട് പ്രക്ഷോഭത്തിലേക്ക്. കേന്ദ്രസര്‍ക്കാരിന്റെ രാസവള സബ്സിഡിനയംമൂലം സബ്സിഡിയിലെ കുറവും വിതരണത്തിലെ കാലതാമസവും പ്രവര്‍ത്തനമൂലധനത്തിന്റെ കുറവും ഫാക്ടിനെ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന സാഹചര്യത്തിലാണ് വീണ്ടും പ്രക്ഷോഭത്തിന് സേവ് ഫാക്ട് ആക്ഷന്‍ കമ്മിറ്റി ആലോചിക്കുന്നത്. നിലവിലെ സബ്സിഡിനയം അനുസരിച്ച് മെച്ചപ്പെട്ട ഉല്‍പ്പാദനം ഉണ്ടായാല്‍ 100 കോടിയിലധികം ലാഭമുണ്ടാകുന്ന സാഹചര്യം നടപ്പ് സാമ്പത്തികവര്‍ഷത്തില്‍ ഉണ്ടായിരുന്നു. മാനേജ്മെന്റിന്റെ കെടുകാര്യസ്ഥത കമ്പനിയെ നഷ്ടത്തിലാക്കുമെന്ന ആശങ്ക ജീവനക്കാരിലുണ്ടെന്ന് ആക്ഷന്‍ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

    ReplyDelete