Thursday, December 30, 2010

മത്സ്യോല്‍പാദനത്തില്‍ കണ്ണൂര്‍ ജില്ലയില്‍ 288 ടണ്‍ വര്‍ധന

കണ്ണൂര്‍: മത്സ്യ കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 288 ടണ്‍ മത്സ്യോല്‍പാദനം വര്‍ധിച്ചതായി ഫിഷറീസ് മന്ത്രി എസ് ശര്‍മ നിയമസഭയില്‍ അറിയിച്ചു. എം പ്രകാശന്‍ എംഎല്‍എയുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇതിനായി ജില്ലയില്‍ 6708586 രൂപ ചെലവഴിച്ചു. തളിപ്പറമ്പ്, പയ്യന്നൂര്‍, തലശേരി നഗരസഭകളിലും കുഞ്ഞിമംഗലം, രാമന്തളി, കരിവെള്ളൂര്‍-പെരളം, എരമം-കുറ്റൂര്‍, പെരിങ്ങോം-വയക്കര, ചെറുപുഴ, ചെറുതാഴം, ഏഴോം, മാടായി, മാട്ടൂല്‍, ചെറുകുന്ന്, കല്യാശേരി, കണ്ണപുരം, നാറാത്ത്, പട്ടുവം, പാപ്പിനിശേരി, ചെങ്ങളായി, കുറുമാത്തൂര്‍, പരിയാരം, ചപ്പാരപ്പടവ്, നടുവില്‍, ഉദയഗിരി, ആലക്കോട്, ഏരുവേശി, പയ്യാവൂര്‍, കൊളച്ചേരി, കുറ്റ്യാട്ടൂര്‍, മയ്യില്‍, പടിയൂര്‍-കല്യാട്, ശ്രീകണ്ഠപുരം, ഉളിക്കല്‍, അഴീക്കോട്, അഞ്ചരക്കണ്ടി, എടക്കാട്, കടമ്പൂര്‍, പെരളശേരി, ധര്‍മടം, എരഞ്ഞോളി, പിണറായി, പന്ന്യന്നൂര്‍, അയ്യന്‍കുന്ന്, കീഴല്ലൂര്‍, പായം, കീഴൂര്‍-ചാവശേരി, കണിച്ചാര്‍, കൊട്ടിയൂര്‍, കേളകം, മാലൂര്‍ എന്നീ പഞ്ചായത്തുകളിലുമാണ് പദ്ധതി നടപ്പിലാക്കിയത്.

ജില്ലയില്‍ കല്ലുമ്മക്കായ കൃഷി വ്യാപിപ്പിക്കുന്നു

കണ്ണൂര്‍: മത്സ്യ കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ കല്ലുമ്മക്കായ കൃഷി വ്യാപിപ്പിക്കും. ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയില്‍ ഒന്നാം ഘട്ടം 2500 ടണ്ണും രണ്ടാം ഘട്ടം 3500 ട കല്ലുമ്മക്കായയും ഉല്‍പാദിപ്പിച്ചിരുന്നു. മൂന്നാം ഘട്ടത്തില്‍ അയ്യായിരം ടണ്ണാണ് ലക്ഷ്യം. സംസ്ഥാനത്ത് ഇരുപതിനായിരം ടണ്ണാണ് ഉല്‍പാദനം. നവംബര്‍- ഡിസംബര്‍ മാസമാണ്് വിളവിറക്കാന്‍ പറ്റിയ സമയം. കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം വികസിപ്പിച്ചെടുത്ത കല്ലുമ്മക്കായ് കൃഷിയുടെ സാങ്കേതിക വിദ്യയിലാണ് മത്സ്യ വകുപ്പ് കേരള തീരത്ത് കൃഷി നടത്തുന്നത്. 1996ല്‍ കാസര്‍കോടും തലശേരിയിലും ഓരു ജലാശയങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ കൃഷി പിന്നീട് കേരളത്തില്‍ വ്യാപകമായി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൃഷി നടത്തുന്നത് കാസര്‍കോടാണ്. ചെറുകുന്ന്, താവം, മാട്ടൂല്‍, ഇരിണാവ് തുടങ്ങിയ മേഖലകളില്‍ വന്‍ തോതില്‍ കൃഷി ചെയ്യുന്നുണ്ട്. കുടുംബശ്രീ, സ്വയംസഹായസംഘം, ക്ളബ്ബുകള്‍ എന്നിവയും കൃഷി ചെയ്യുന്നു. ശാസ്ത്രീയമായി കൃഷി നടത്തിയാല്‍ പാരിസ്ഥിതിക പ്രശ്നം ഉണ്ടാവില്ല. തൊഴിലും വരുമാനവും വര്‍ധിപ്പിക്കുന്നതില്‍ കല്ലുമ്മക്കായ കൃഷിക്ക് വലിയ പങ്കുണ്ട്. ഫിഷറീസ് വകുപ്പിന്റെ മത്സ്യഭവന്‍ കര്‍ഷകര്‍ക്ക് സഹായവും പരിശീലനവും നല്‍കും.

മത്സ്യമില്ല: ബോട്ടുകള്‍ തീരത്ത്

പൊന്നാനി: മത്സ്യ ലഭ്യതയില്‍ ഗണ്യമായ കുറവുണ്ടായതിനെത്തുടര്‍ന്ന് മത്സ്യബന്ധന ബോട്ടുകള്‍ രണ്ടാഴ്ചയായി കടലില്‍പോയില്ല. നാടന്‍ വള്ളങ്ങളില്‍ മത്സ്യബന്ധനത്തിന് പോകുന്നവര്‍ക്കും പേരിന് മാത്രമാണ് മീന്‍ കിട്ടുന്നത്. ഇതോടെ തീരദേശം വറുതിയുടെ പിടിയിലായി. പൊന്നാനിയില്‍ മാത്രം ഇരുന്നൂറോളം മത്സ്യബന്ധന ബോട്ടുകളാണ് രണ്ടാഴ്ചയായി കരയില്‍ നങ്കൂരമിട്ടത്. ഒരു ബോട്ടില്‍ ആറുമുതല്‍ 10 പേര്‍ വരെയാണ് തൊഴിലെടുക്കുന്നത്. ഏകദേശം 2000 മത്സ്യബന്ധന തൊഴിലാളികളും അനുബന്ധ ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന രണ്ടായിരത്തി അഞ്ഞൂറോളം തൊഴിലാളികളും ഇതോടെ പട്ടിണിയിലായി.

ഒരു ബോട്ട് കടലില്‍ മത്സ്യബന്ധനത്തിന് പോകണമെങ്കില്‍ ഡീസലിന് മാത്രം 12,000 രൂപ വേണം. ഐസ്, ഭക്ഷണം, തൊഴിലാളികളുടെ കൂലി എന്നിവയെല്ലാം ചേര്‍ത്താല്‍ ഇരുപതിനായിരം രൂപയോളം ചെലവ് വരും. ഇത്രയും തുക ചെലവിട്ട് കടലില്‍ രണ്ടുദിവസം മത്സ്യബന്ധനം നടത്തി തിരിച്ചെത്തിയാല്‍ കിട്ടുന്നത് 8000 മുതല്‍ 10,000 രൂപക്കുള്ള മീനാണ്. ഒരു ബോട്ടിന് മാത്രം പതിനായിരത്തോളം രൂപ നഷ്ടംവരും. കാലാവസ്ഥയിലെ വ്യതിയാനമാണ് മത്സ്യ ലഭ്യതയില്‍ കുറവിന് കാരണമെന്ന് തൊഴിലാളികളും വിദഗ്ധരും പറയുന്നു. എന്നാല്‍ ഇതിന്റെ കൃത്യമായ കാരണം കണ്ടെത്താന്‍ ഇനിയും പഠനങ്ങള്‍ ആവശ്യമാണ്. വലിയ മാന്തള്‍, നാരന്‍, ചെമ്മീന്‍, കൂന്തള്‍ തുടങ്ങിയ വിലപിടിപ്പുള്ള മത്സ്യങ്ങള്‍ ലഭിക്കുന്ന കാലമാണിത്. എന്നാല്‍ ഇവയൊക്കെ പേരിന് മാത്രമാണ് കിട്ടുന്നത്.

ദേശാഭിമാനി ജില്ലാ വാര്‍ത്തകള്‍

1 comment:

  1. മത്സ്യ കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 288 ടണ്‍ മത്സ്യോല്‍പാദനം വര്‍ധിച്ചതായി ഫിഷറീസ് മന്ത്രി എസ് ശര്‍മ നിയമസഭയില്‍ അറിയിച്ചു. എം പ്രകാശന്‍ എംഎല്‍എയുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്

    ReplyDelete