Friday, December 24, 2010

'എന്നെ പിന്നില്‍നിന്ന് കുത്തി '

ഒളിഞ്ഞോ, അല്ലെങ്കില്‍ തെളിഞ്ഞോ, എന്റെ നിലപാടിനെ എതിര്‍ക്കുന്നവര്‍ ഒന്നുമില്ലെങ്കില്‍ കരുണാകരന്‍ പുതിയതെന്തെങ്കിലും പ്രശ്നമുണ്ടാക്കും എന്നു പറയാറുണ്ട്. ഞാനാലോചിക്കാറുമുണ്ട്, പ്രശ്നങ്ങള്‍ എന്നെ സംബന്ധിച്ചിടത്തോളം പരിഹരിക്കേണ്ടവയാണ്. ഞാന്‍ ഏതു പ്രശ്നത്തേയും തുടക്കത്തിലേ നേരിടുവാന്‍ ഇഷ്ടപ്പെടുന്നു. തുടക്കത്തില്‍ത്തന്നെ പ്രശ്നത്തെ പിടികൂടുന്നതുകൊണ്ട് പ്രശ്നങ്ങളുണ്ടാക്കുന്നു എന്ന തോന്നലുണ്ടാവും. യഥാര്‍ഥത്തില്‍ പ്രശ്നങ്ങളെ, വേഗതയോടെ നേരിടുന്നതുകൊണ്ടാണല്ലോ ഞാന്‍ ഇന്ന് പ്രശ്നക്കാരനായത്...... പ്രശ്നങ്ങളുടെ സ്വാഭാവികമായ പരിണതിക്കായി വിടുമ്പോള്‍, കൂടെയുണ്ടാകുന്ന മറ്റു പ്രതിസന്ധികളെപ്പറ്റി ആരും ആലോചിക്കാറില്ല. ഈ പ്രശ്നങ്ങള്‍ ഒടുവില്‍ ഒരുമിച്ചുകൂടും. അനിവാര്യമായതു സംഭവിക്കും. 96ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ ഇതാണ് സംഭവിച്ചത്. ഭരണയന്ത്രത്തിന് വേഗത ഇല്ലാതായതുപോകട്ടെ. യന്ത്രത്തിനുതന്നെ ചലനശേഷി നഷ്ടപ്പെട്ടാല്‍ എന്താണ് സ്ഥിതി? തമിഴ്നാട്ടില്‍ അണ്ണാ ഡിഎംകെയുമായി പാര്‍ടി സഖ്യമുണ്ടാക്കിയപ്പോള്‍ ജി കെ മൂപ്പനാര്‍ പാര്‍ടി വിട്ടുപോയി തമിഴ്മാനില കോണ്‍ഗ്രസ് ഉണ്ടാക്കി. പ്രത്യക്ഷത്തില്‍ കോണ്‍ഗ്രസിന് ശക്തിക്ഷയം തോന്നിത്തുടങ്ങി. ഈ ഘട്ടംമുതല്‍, കേരളത്തിലായാലും കേന്ദ്രത്തിലായാലും, രാഷ്ട്രീയത്തിന്റെ പൊതുവായ ചില സങ്കല്‍പങ്ങളില്‍ മാറ്റം വരുന്നതായി തോന്നി. ആ തെരഞ്ഞെടുപ്പു കാലത്ത് ആരോഗ്യംപോലും നോക്കാതെ ഓടേണ്ടിവന്നു.

ഫലമോ, ഞാന്‍ സഹപ്രവര്‍ത്തകരെ വിശ്വസിച്ചേല്‍പിച്ച തൃശൂരില്‍ തോല്‍ക്കേണ്ടതായും വന്നു. തൃശൂരില്‍ യഥാര്‍ഥത്തില്‍ തോറ്റതാണോ? ഇന്നും എന്റെ വിശ്വാസം അങ്ങനെയല്ല എന്നുതന്നെയാണ്. ആയിരത്തിയഞ്ഞൂറു വോട്ടുകള്‍ക്കാണ് തോറ്റത്. വോട്ടുകളല്ല എന്നെ ദുഃഖിപ്പിച്ചത്. മറ്റുള്ളവര്‍ക്കുവേണ്ടി ഞാന്‍ രാവും പകലും ഓടി. സ്വന്തം പാര്‍ടിക്കാര്‍ കാലുവാരി തോല്‍പിച്ചു. ഞാന്‍ അന്ന് വേദനയോടെ ഇത്രമാത്രമേ പറഞ്ഞുള്ളൂ- എന്നെ പിന്നില്‍നിന്ന് കുത്തി. ആരൊക്കെ കുത്തിയെന്ന് എനിക്കിന്നറിയാം. അതവര്‍ക്കും അറിയാം. അതുകൊണ്ട് ചെറിയ ലാഭം കിട്ടിയവരുണ്ട്. വര്‍ഷങ്ങളായി കൂടെ നില്‍ക്കുകയും 'ഡബിള്‍റോള്‍' കളിക്കുകയും ചെയ്തവരെ,•ഞാന്‍ മനസ്സില്‍നിന്ന് പടിയിറക്കിവിട്ടു.....

ഈ സന്ദര്‍ഭങ്ങളിലെല്ലാം ഞാന്‍ ആലോചിച്ചുകൊണ്ടിരുന്ന ഒരു വിഷയമുണ്ട്. പ്രധാന കക്ഷികളുടെ ദര്‍ശനങ്ങള്‍ അപ്രസക്തമാവുന്നു. ചെറിയ കക്ഷികള്‍ രംഗത്തുവന്നു. ഇത്തരത്തില്‍ പൊട്ടിമുളച്ചുവന്ന ഘടകകക്ഷികള്‍ അമിതമായ ഇടപെടലുകള്‍ നടത്തുന്നു. ഇതുപോലുള്ള ചില കക്ഷിനേതാക്കളുടെ രാഷ്ട്രീയഗൂഢാലോചനയുടെ ഭാഗമായല്ലേ എനിക്ക് ഇറങ്ങിപ്പോകേണ്ടിവന്നത്? ആലോചിക്കുംതോറും അതു ശരിയാണെന്നുവന്നു. ഐക്യജനാധിപത്യ മുന്നണിക്ക് ഇപ്പോള്‍ മുപ്പത്തിയഞ്ച് വയസ്സാണ്. ഇന്ദിരാജി ആശീര്‍വദിച്ച ഒരു മുന്നണിയാണ്. അതിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടവും എനിക്ക് മനഃപാഠമാണ്. ആ മുന്നണിയുടെ വളര്‍ച്ചയില്‍ ഞാന്‍ എന്റെ ജീവിതവും നിക്ഷേപിച്ചിട്ടുണ്ട്. അതിന്റെ ജൈത്രയാത്ര ആരംഭിക്കുമ്പോള്‍, സി അച്യുതമേനോന്‍ എന്ന അച്ചുമ്മാനോടൊപ്പം ഞാനുമുണ്ടായിരുന്നു. പലരും വിട്ടുപോയപ്പോഴും ഞാന്‍ കൂടെനിന്നു. ഉള്ളവരെ പിടിച്ചുനിര്‍ത്തിയും പുതിയ ചങ്ങാതിമാരെ കൊണ്ടുവന്നും അതിന്റെ ശക്തി ക്ഷയിക്കാതിരിക്കാന്‍ യത്നിച്ചിരുന്നു. നാലുതവണ മുഖ്യമന്ത്രിയായപ്പോഴും ആ മുന്നണി സംവിധാനത്തിന്റെ ഭദ്രതയായിരുന്നു എനിക്ക് കൂടുതല്‍ പ്രധാനം. അതു നിലനില്‍ക്കാന്‍ ഞാന്‍ മാറിനിന്നിട്ടുമുണ്ട്.

കഴിഞ്ഞ പത്തുകൊല്ലംകൊണ്ട് ഘടകകക്ഷികളുടെ മുഖം മിനുങ്ങി. അത് അംഗത്വംകൊണ്ടോ അപാരമായ ജനപിന്തുണകൊണ്ടോ അല്ലെന്ന് എല്ലാവര്‍ക്കുമറിയാം. പാര്‍ടികള്‍ വലിയ എസ്റ്റാബ്ളിഷ്മെന്റുകളായി മാറി. ഇതൊരു കുഴപ്പത്തിലേക്കാണ് നയിച്ചത്. പാര്‍ടി ഫോറങ്ങളുടെ പ്രധാന്യം പിന്നീട് കുറഞ്ഞുവന്നു. പാര്‍ടി നേതൃത്വത്തിന്റെ വാക്കുകളേക്കാള്‍ ശക്തി ഭരിക്കുന്നവര്‍ക്ക് കൈവന്നു. പാര്‍ടിയുടെ പേരില്‍ മന്ത്രിമാരായപ്പോള്‍ അധികാരകേന്ദ്രങ്ങള്‍ മാറുന്നതു നാം കണ്ടു. മന്ത്രിമാര്‍ പിന്നീട് പാര്‍ടിയെ നയിച്ചു. നിലപാടുകളുടെ പേരില്‍ 'ഉറച്ചു'നിന്നവര്‍ ഇരിപ്പിടത്തിനുവേണ്ടി നിലപാടുകള്‍ കീശയിലാക്കുന്നതും നാം കണ്ടു. പാര്‍ടിയെത്തന്നെ വിലക്കുവാങ്ങി സ്വന്തമായ സാമ്രാജ്യങ്ങളുണ്ടാക്കിയവര്‍ക്ക് ഐക്യജനാധ്യപത്യമുന്നണിയുടെ വിലയറിയുമോ?.....

(മാതൃഭൂമി വാരാന്തപ്പതിപ്പ് പ്രസിദ്ധീകരിച്ച പതറാതെ മുന്നോട്ട്’ എന്ന കെ.കരുണാകരന്റെ ആത്മകഥാ പരമ്പരയില്‍ നിന്ന്)

ദേശാഭിമാനി 241210

1 comment:

  1. ഒളിഞ്ഞോ, അല്ലെങ്കില്‍ തെളിഞ്ഞോ, എന്റെ നിലപാടിനെ എതിര്‍ക്കുന്നവര്‍ ഒന്നുമില്ലെങ്കില്‍ കരുണാകരന്‍ പുതിയതെന്തെങ്കിലും പ്രശ്നമുണ്ടാക്കും എന്നു പറയാറുണ്ട്. ഞാനാലോചിക്കാറുമുണ്ട്, പ്രശ്നങ്ങള്‍ എന്നെ സംബന്ധിച്ചിടത്തോളം പരിഹരിക്കേണ്ടവയാണ്. ഞാന്‍ ഏതു പ്രശ്നത്തേയും തുടക്കത്തിലേ നേരിടുവാന്‍ ഇഷ്ടപ്പെടുന്നു. തുടക്കത്തില്‍ത്തന്നെ പ്രശ്നത്തെ പിടികൂടുന്നതുകൊണ്ട് പ്രശ്നങ്ങളുണ്ടാക്കുന്നു എന്ന തോന്നലുണ്ടാവും. യഥാര്‍ഥത്തില്‍ പ്രശ്നങ്ങളെ, വേഗതയോടെ നേരിടുന്നതുകൊണ്ടാണല്ലോ ഞാന്‍ ഇന്ന് പ്രശ്നക്കാരനായത്...... പ്രശ്നങ്ങളുടെ സ്വാഭാവികമായ പരിണതിക്കായി വിടുമ്പോള്‍, കൂടെയുണ്ടാകുന്ന മറ്റു പ്രതിസന്ധികളെപ്പറ്റി ആരും ആലോചിക്കാറില്ല. ഈ പ്രശ്നങ്ങള്‍ ഒടുവില്‍ ഒരുമിച്ചുകൂടും. അനിവാര്യമായതു സംഭവിക്കും. 96ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ ഇതാണ് സംഭവിച്ചത്. ഭരണയന്ത്രത്തിന് വേഗത ഇല്ലാതായതുപോകട്ടെ. യന്ത്രത്തിനുതന്നെ ചലനശേഷി നഷ്ടപ്പെട്ടാല്‍ എന്താണ് സ്ഥിതി? തമിഴ്നാട്ടില്‍ അണ്ണാ ഡിഎംകെയുമായി പാര്‍ടി സഖ്യമുണ്ടാക്കിയപ്പോള്‍ ജി കെ മൂപ്പനാര്‍ പാര്‍ടി വിട്ടുപോയി തമിഴ്മാനില കോണ്‍ഗ്രസ് ഉണ്ടാക്കി. പ്രത്യക്ഷത്തില്‍ കോണ്‍ഗ്രസിന് ശക്തിക്ഷയം തോന്നിത്തുടങ്ങി

    ReplyDelete