Wednesday, December 22, 2010

ചെന്നിത്തലയ്ക്ക് വീണ്ടും തിരിച്ചടി

കൊച്ചി: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള എ ഗ്രൂപ്പ് പിടിച്ചെടുത്തു. മുന്‍ പ്രസിഡന്റ് എം ലിജുവിനെ 113 വോട്ടിന് തോല്‍പ്പിച്ച് പി സി വിഷ്ണുനാഥ് എംഎല്‍എ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പ് മാനദണ്ഡപ്രകാരം എം ലിജു വൈസ് പ്രസിഡന്റായി. എന്നാല്‍, തെരെഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ സംസ്ഥാന സമിതി ഇല്ലാത്ത അവസ്ഥയായി. പ്രസിഡന്റ്സ്ഥാനം പിടിച്ചെടുക്കാന്‍ ഇരുഗൂപ്പുകളും പരമാവധി വോട്ട് പ്രസിഡന്റിനായി ചെയ്തു. ഇതോടെ പത്തംഗ ഭാരവാഹികളടങ്ങുന്ന സംസ്ഥാന സമിതി പ്രസിഡന്റും വൈസ് പ്രസിഡന്റുമടക്കം ആറായി ചുരുങ്ങി.

ജനറല്‍ സെക്രട്ടറിമാരായി എ ഗ്രൂപ്പിലെ വി ടി ബലറാം, മനോജ് മൂത്തേടന്‍ എന്നിവരും ഐ ഗ്രൂപ്പിലെ മാത്യു കുഴല്‍നാടനും വിമത ഐ വിഭാഗത്തിലെ (കെ വി തോമസ്) വിനോദ് കൃഷ്ണയും ജയിച്ചു. പത്തംഗ കമ്മിറ്റിയില്‍ വനിത (ജനറല്‍-2), എസ്സി വനിത, എസ്സി ജനറല്‍ എന്നീ നാലു സംവരണ ജനറല്‍ സെക്രട്ടറി സ്ഥാനങ്ങളിലേക്ക് ആരെയും തെരഞ്ഞെടുക്കാനായില്ല. വിഷ്ണുനാഥ് 796 വോട്ട് നേടിയപ്പോള്‍ എ ഗ്രൂപ്പിന്റെ ഔദ്യോഗിക ഭാരവാഹികളായി മത്സരിച്ച ജെബി മേത്തര്‍, ശിവരാമന്‍ (എസ്സി സംവരണം) എന്നിവര്‍ക്ക് കുറഞ്ഞ യോഗ്യതയ്ക്ക് വേണ്ട 20 വോട്ടുപോലും നേടാനായില്ല. ഐ വിഭാഗത്തിലെ ഔദ്യോഗിക സ്ഥാനാര്‍ഥി അസീന്‍ ബെന്‍ മാത്യുവും തോറ്റ പ്രമുഖരില്‍പ്പെടും. പ്രസിഡന്റ്സ്ഥാനം പിടിച്ചെടുക്കാന്‍ ഇവരെ ബലിനല്‍കുകയായിരുന്നു. തെരഞ്ഞെടുക്കപ്പെട്ട 20 ലോക്സഭാമണ്ഡലം കമ്മിറ്റി പ്രസിഡന്റുമാരില്‍ 12ഉം എ ഗ്രൂപ്പ് നേടി. വിശാല ഐ ഗ്രൂപ്പിന് എട്ടു പ്രസിഡന്റ്സ്ഥാനം കിട്ടി. പാര്‍ലമെന്റ് കമ്മിറ്റികളിലും നിശ്ചിത എണ്ണം ഭാരവാഹികളെ തെരഞ്ഞെടുക്കാനായില്ല.

ഹക്കീം കുന്നേല്‍- കാസര്‍കോട്, രാജേഷ് കീഴരിയൂര്‍- വടകര, ആദം മുല്‍സി- കോഴിക്കോട്, കെ ഇ വിനയന്‍- വയനാട്, പി ജെ സനീഷ്കുമാര്‍- തൃശൂര്‍, കെ എസ് ബിനീഷ്കുമാര്‍- ചാലക്കുടി, ആര്‍ കെ സുരേഷ്ബാബു- എറണാകുളം, ഡീന്‍ കുര്യാക്കോസ്- ഇടുക്കി, ജൊബോയി ജോര്‍ജ്- കോട്ടയം, വിപിന്‍ മാമന്‍- മാവേലിക്കര, എം ജി കണ്ണന്‍- പത്തനംതിട്ട, അനസാര്‍ തോട്ടുങ്കല്‍- ആറ്റിങ്ങല്‍ എന്നിവരാണ് എ വിഭാഗം പ്രസിഡന്റുമാര്‍, ഐ ഗ്രൂപ്പില്‍നിന്ന് എം എം സഞ്ജീവ് കുമാര്‍ (കൊല്ലം), എം മുഹമ്മദ് ബ്ളാത്തൂര്‍ (കണ്ണൂര്‍), സി സുകുമാരന്‍ (മലപ്പുറം), നന്ദപാലന്‍ (പാലക്കാട്), സിദ്ദിഖ് പന്താവൂര്‍ (പൊന്നാനി), ലെനിന്‍ (തിരുവനന്തപുരം), ബിജോയ് ബാബു (ആലത്തൂര്‍) എന്നിവരും പാര്‍ലമെന്റ് മണ്ഡലം ഭാരവാഹികളായി. ഫെയിം എന്ന ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പിനായിരുന്നു തെരഞ്ഞെടുപ്പു നടത്തിപ്പിന്റെ ചുമതല.

ചെന്നിത്തലയ്ക്ക് വീണ്ടും തിരിച്ചടി

യൂത്ത് കോണ്‍ഗ്രസ് നേതൃത്വം പിടിച്ചെടുക്കാന്‍ നടത്തിയ ജീവന്‍മരണ പോരാട്ടത്തില്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്ക് കനത്ത തിരിച്ചടി. ഉമ്മന്‍ചാണ്ടിക്കെതിരെ വിശാല ഐ ഗ്രൂപ്പിന്റെ ബാനറില്‍ രംഗത്തിറങ്ങിയിട്ടും ചെന്നിത്തല പക്ഷത്തിന് പിടിച്ചുനില്‍ക്കാനായില്ല. കെ.എസ്.യുതെരഞ്ഞെടുപ്പിലേറ്റ പരാജയത്തിനു പിന്നാലെ യൂത്ത് കോണ്‍ഗ്രസ് നേതൃത്വവും കൈവിട്ടതോടെ ചെന്നിത്തലയ്ക്കൊപ്പം നിന്നവരില്‍ പലരും കാലുമാറാനുള്ള ഒരുക്കത്തിലാണ്. നേരത്തെ കെ.എസ്.യു തെരഞ്ഞെടുപ്പില്‍ എ ഗ്രൂപ്പിനെതിരെ ഭിന്നിച്ചുനിന്നു മത്സരിച്ചതുകൊണ്ടാണ് പരാജയപ്പെട്ടതെന്നാണ് ചെന്നിത്തല വിഭാഗം ന്യായംപറഞ്ഞത്. ഈ പരാജയം മറികടക്കാന്‍വിശാല ഐ ഗ്രൂപ്പ് രൂപീകരിച്ചിട്ടും രക്ഷയുണ്ടായില്ല.

തെരഞ്ഞെടുപ്പ് യൂത്ത് കോണ്‍ഗ്രസിലായിരുന്നെങ്കിലും മത്സരംകോണ്‍ഗ്രസിലായിരുന്നു. വിശാല ഐഗ്രൂപ്പിനു വേണ്ടി ചെന്നിത്തലയുടെയും എ ഗ്രൂപ്പിനു വേണ്ടി ഉമ്മന്‍ചാണ്ടിയുടെയും ആശീര്‍വാദത്തോടെ പ്രധാന നേതാക്കള്‍ തന്നെ രംഗത്തിറങ്ങി. പലേടത്തും സംഘര്‍ഷവും ബൂത്തുപിടിത്തവും കള്ളവോട്ട് ചേര്‍ക്കലും നടന്നു. ഇടുക്കി ജില്ലയില്‍ ഉള്‍പ്പെടെ വ്യാപകമായ അക്രമം നടന്നു. പണമൊഴുക്കിയും പ്രലോഭനങ്ങള്‍ നടത്തിയും ഭീഷണി മുഴക്കിയും വോട്ടുപിടിച്ചതായി ഇരുവിഭാഗവും പരസ്പരം ആരോപിച്ചു. ഈ പോരാട്ടത്തിനൊടുവിലാണ് എ ഗ്രൂപ്പ് നേതൃത്വം പിടിച്ചത്. നേരത്തെ പ്രസിഡന്റായിരുന്ന ലിജു വൈസ് പ്രസിഡന്റാകേണ്ടി വരുന്നത് ഐ വിഭാഗത്തിനു താങ്ങാന്‍ കഴിയുന്നതല്ല.

ഉമ്മന്‍ചാണ്ടിപക്ഷക്കാരനായ ടി സിദ്ദിഖിനെ ഒഴിവാക്കിയാണ് നേരത്തേ ലിജുവിനെ സംസ്ഥാന പ്രസിഡന്റാക്കിയത്. ഇതിനെതിരെ ഉമ്മന്‍ചാണ്ടി പരസ്യമായി രംഗത്തിറങ്ങിയിരുന്നു. വൈസ് പ്രസിഡന്റിനെ കൂടാതെ പത്തംഗ സമിതിയില്‍ ഒരു ജനറല്‍ സെക്രട്ടറി സ്ഥാനം മാത്രമാണ് ഐ ഗ്രൂപ്പിനുള്ളത്. എ ഗ്രൂപ്പിനാകട്ടെ പ്രസിഡന്റിനെ കൂടാതെ രണ്ടു ജനറല്‍ സെക്രട്ടറിമാരുണ്ട്. കെ വി തോമസിന്റെ അനുയായിയെന്ന പേരില്‍ മത്സരിച്ചു ജയിച്ച വിനോദ് കൃഷ്ണയും എ ഗ്രൂപ്പിനൊപ്പമാണ്. ഭാരവാഹികളാകാന്‍ ആവശ്യമായ ചുരുങ്ങിയ വോട്ട് 20 ആയിരുന്നു. ഇത് കിട്ടാത്തതിന്റെ പേരില്‍ നാലു ഭാരവാഹി സ്ഥാനം ഒഴിഞ്ഞുകിടക്കും. പാര്‍ലമെന്റ് മണ്ഡലം, അസംബ്ളി മണ്ഡലം, പഞ്ചായത്ത്, ബൂത്തു തലത്തിലും ഇതേ രീതിയില്‍ പകുതിയോളം ഭാരവാഹി സ്ഥാനം ഒഴിഞ്ഞുകിടക്കുന്നുണ്ട്. അധികാരസ്ഥാനത്തിനു വേണ്ടി കടിപിടി കൂടുന്ന യൂത്ത് കോണ്‍ഗ്രസില്‍ നാലു ഭാരവാഹി സ്ഥാനം ഒഴിഞ്ഞുകിടക്കുമെന്നത് മറ്റൊരു വിരോധാഭാസം.

ദേശാഭിമാനി 221210

1 comment:

  1. അധികാരസ്ഥാനത്തിനു വേണ്ടി കടിപിടി കൂടുന്ന യൂത്ത് കോണ്‍ഗ്രസില്‍ നാലു ഭാരവാഹി സ്ഥാനം ഒഴിഞ്ഞുകിടക്കുമെന്നത് മറ്റൊരു വിരോധാഭാസം.

    ReplyDelete