Friday, December 24, 2010

തോലുകെട്ടുക

ഈ വികാരങ്ങള്‍ ചരിത്രത്തില്‍ കാണാനാവില്ല. അവക്ക് അവിടെ പ്രവേശനം കൊടുത്തിട്ടില്ല. ഈ വികാരങ്ങളെ വഹിക്കുന്ന പദങ്ങള്‍ നിഘണ്ടുക്കളിലും കാണില്ല.

    ആ വികാരങ്ങള്‍ ചരിത്രത്തില്‍ വിലയംപ്രാപിക്കുകയും ചെയ്തു. അതുകൊണ്ടൊക്കെ പുതിയ തലമുറക്ക് അവ പരിചയിക്കാനും ഇടയില്ല.

    എന്നാല്‍ അവ കേവലവികാരമല്ല, ചരിത്രമാണ്; കേരളീയ ജീവിതത്തിന്റെ കണ്ണാടിയാണ്. ഇന്ന് അവിശ്വസനീയമായി തോന്നുന്ന ജീവിതാനുഭവങ്ങള്‍.

    അന്നു ഭൂമിയും ഭൂമിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുമായിരുന്നു കേരളീയന്റെ നിലനില്‍പ്പിനു അടിസ്ഥാനം. കാര്‍ഷിക ജീവിതവുമായി ബന്ധപ്പെട്ട ചില പദങ്ങള്‍ അന്നത്തെ കര്‍ഷകന്റെ ജീവിതം ആണ് തെളിയിച്ചുതരുന്നത്. അവന്‍ എങ്ങനെയെല്ലാം പീഡിപ്പിക്കപ്പെട്ടിരുന്നു! ചൂഷണം ചെയ്യപ്പെട്ടിരുന്നു! എത്ര ദുരിതപൂര്‍ണമായിരുന്നു അവരുടെ ജീവിതം! ജന്മിത്തത്തിന്റെ ദയാരഹിതവും ക്രൂരവുമായ ചൂഷണത്തിന്റെ കഥ അവ പറഞ്ഞുതരും.

    മലബാറിലെ കര്‍ഷക ജീവിതവുമായി ബന്ധപ്പെട്ട ചില പദങ്ങളാണ് താഴെ ചേര്‍ക്കുന്നത്.

    'തോലുകെട്ടുക' 

അരനൂറ്റാണ്ടുമുമ്പുവരെ മലബാറില്‍ കര്‍ഷകനെതിരായി ജന്മിക്ക് എപ്പോഴും എന്തിനും ഉപയോഗിച്ചിരുന്ന വലിയൊരായുധമായിരുന്നു.

    കുടിയാന്റെ ഏതെങ്കിലും പ്രവൃത്തി തനിക്കിഷ്ടമല്ലെങ്കില്‍ അയാള്‍ക്കെതിരെ പ്രയോഗിക്കുന്നതാണ് "തോലുകെട്ടുക'' എന്ന നടപടി. ജന്മി മാത്രമല്ല ജന്മിയുടെ കാര്യസ്ഥനും ഇത് ചെയ്യും.

    അന്നത് എത്ര വലിയൊരായുധമായിരുന്നു എന്ന് ഇന്നുള്ളവരോടു പറഞ്ഞാല്‍ വിശ്വാസം വരില്ല. അന്നത്തെ അതിന്റെ ശക്തി നോക്കുക:

    ജന്മി ഒരു കുടിയാന്റെ കുടിലിന്റെ വാതിലിനു മുമ്പില്‍ ഒരു പച്ചിലതോപ്പ് ഒടിച്ചുവയ്ക്കുന്നുവെന്നു കരുതുക. അങ്ങനെ വച്ചുകഴിഞ്ഞാല്‍ ആ കുടിലിനുള്ളിലുള്ളവര്‍ക്ക് പുറത്തു കടക്കാനോ പുറത്തുള്ളവര്‍ക്ക് അകത്തു കടക്കാനോ പാടില്ല.

    ആ വിലക്ക് മാറ്റണമെങ്കിലോ ജന്മി പറയുന്ന പിഴ ഒടുക്കണം. അതിനുശേഷമേ പുറത്തിറങ്ങാനും അകത്തു കയറാനും കഴിയൂ.

    ജന്മിയുടെ ഈ നടപടിയെ ലംഘിക്കാനോ ചോദ്യം ചെയ്യാനോ ഒരാള്‍ക്കും കഴിയുമായിരുന്നില്ല.

    അങ്ങനെ വല്ലതുമുണ്ടായാല്‍ ജന്മികള്‍ തീറ്റിപ്പോറ്റുന്ന ഗുണ്ടകള്‍ അവരുടെ കഥ കഴിക്കും. പഴശ്ശായി കണ്ടത്തിലോ ഓടോത്തുംചാലിലോ അവരുടെ ശവം മറയും.

    ആരും ചോദ്യം ചെയ്യില്ല.

    അന്നു നിയമം ജന്മി പറയുന്നത്;

    അതു നടപ്പിലാക്കുന്നതും ജന്മിതന്നെ.

    ചൂരിക്കാടന്‍ കൃഷ്ണന്‍നായര്‍ പറയുന്നു:

    "ജന്മിമാരെ അനുസരിക്കാത്ത കൃഷിക്കാരെ ഉടയന്മാരുടെ വീട്ടില്‍ വിളിച്ചുവരുത്തി മര്‍ദിപ്പിക്കുന്ന പതിവും അക്കാലത്തുണ്ടായിരുന്നു. അല്ലെങ്കില്‍ കൃഷിക്കാരന്റെ വീട്ടില്‍ ജന്മിയുടെ കാര്യസ്ഥന്‍ വാതില്‍പ്പടിക്കു പച്ചിലകെട്ടും. തോലുകെട്ടുകയെന്നു ഇതിനെ പറയപ്പെടുന്നു. ഈ കൃത്യം നിര്‍വഹിച്ചു കഴിഞ്ഞാന്‍ വാതില്‍ തുറക്കണമെങ്കില്‍ ജന്മിയെ കണ്ടു പിഴവെച്ചു സമ്മതം വാങ്ങണം.''

    കര്‍ഷകപ്രസ്ഥാനം ശക്തിപ്രാപിച്ചതോടെ ജന്മിമാരുടെ മറ്റു പല അക്രമങ്ങളും സ്വയം അവസാനിച്ചു; അതോടൊപ്പം തോലുകെട്ടലും അപ്രത്യക്ഷമായി.

    ദേശവിരോധം

    ദേശവിരോധം, സ്വജനവിരോധം- ഇവ ജന്മിക്കെതിരെ തെറ്റു ചെയ്താലുള്ള ഭ്രഷ്ടാണ്.

    രണ്ടു വിധത്തിലായിരുന്നു അത് പ്രയോഗിച്ചിരുന്നത്. ഒന്ന് ദേശത്തിലുള്ള മുഴുവന്‍ പേരുടെയും വിരോധം; രണ്ട് സ്വജാതിക്കിടയില്‍ മാത്രമുള്ള വിരോധം.

    കല്ലും തോലും വെച്ചാണ് നിരോധനോത്തരവും നടപ്പാക്കുന്നത്.

    അവര്‍ക്ക് മണ്ണാത്തി മാറ്റ് കിട്ടില്ല. പെണ്ണുങ്ങളുടെ തീണ്ടാരിക്കും പേറിനും മണ്ണാത്തി മാറ്റ് കിട്ടാതെ ശുദ്ധമാവാന്‍ പറ്റില്ല.

    അതുപോലെ ക്ഷുരകന്റെ സേവനവും അവര്‍ക്ക് കിട്ടില്ല.

    ഭ്രഷ്ടരായവരെ സഹായിക്കുന്നവരെയും ഭ്രഷ്ടരാക്കും. അല്ലെങ്കില്‍ പിഴയിടീക്കും.

    അതൊന്നും ഒരു കൃഷിക്കാരനും ചോദ്യം ചെയ്യാന്‍ ധൈര്യപ്പെട്ടില്ല. ജന്മി വളര്‍ത്തുന്ന ഗുണ്ടാപ്പട അവനെ ശരിപ്പെടുത്തും. നിയമം ഇവിടെ വിറങ്ങലിച്ചുനിന്നു. അഥവാ ജന്മിക്കുവേണ്ടി നിലകൊണ്ടു. പക്ഷേ കര്‍ഷകസംഘം വളരുകയും ഗ്രാമങ്ങളില്‍നിന്നു ഗ്രാമങ്ങളിലേക്ക് വ്യാപിക്കുകയും ശക്തിപ്രാപിക്കുകയും ചെയ്തതോടെ സ്ഥിതിയാകെ മാറി. സംഘത്തിന്റെ വളര്‍ച്ചയിലൂടെ പകര്‍ന്നുകിട്ടിയ ശക്തി ഒരു തിരിച്ചടിക്ക് പ്രേരണയായി. ജന്മിക്ക് തിരിച്ചടി. ജന്മിയെ അനുകൂലിക്കുന്നവര്‍ക്ക് തിരിച്ചടി.

    ഒരു കാലത്ത് ജന്മി കുടിയാനെതിരെ പ്രയോഗിച്ച അതേ വിലക്ക് ജന്മിക്കെതിരെ അവര്‍ പ്രയോഗിച്ചു. സംഘം പ്രവര്‍ത്തകരുടെ ചോദ്യം ലളിതമായിരുന്നു. ക്ഷുരകനോട് അവര്‍ ചോദിച്ചു.

    "നിങ്ങള്‍ക്ക് ജന്മിയുടെ ഒരു തല വേണോ, അതോ ഞങ്ങളുടെ ആയിരം തല വേണോ?''

    സംഘത്തില്‍ ചേരാത്ത കര്‍ഷകരോട് പോരിനു ചെന്നപ്പോള്‍ ചില സ്ഥലങ്ങളില്‍ ഉരസലിനു ഇടയാക്കി. പലടത്തും കേസായി. മത്സരമായി.

    നേതാക്കള്‍ വിവരമറിഞ്ഞു. കൃഷ്ണപിള്ളതന്നെ ഓടിയെത്തി. പുലിയന്നൂര്‍ കര്‍ഷകസംഘം പ്രവര്‍ത്തകരുടെ യോഗം ചേര്‍ന്നു പ്രശനം ചര്‍ച്ചചെയ്തു. എല്ലാം ശ്രദ്ധിച്ചു കേട്ടു കൃഷ്ണപിള്ള നിര്‍ദേശിച്ചു:

    "എതിരാളിയായ കൃഷിക്കാരോടു പകവെച്ചു. സംസാരിക്കരുത്. ആരെയും നിര്‍ബന്ധിച്ചു സംഘത്തില്‍ ചേര്‍ക്കരുത്. അഥവാ ചേര്‍ക്കുകയാണെങ്കില്‍ ശത്രുവിനെ പാളയത്തില്‍ കയറ്റുകയാണ്.''

    സംഘം പ്രവര്‍ത്തകര്‍ക്ക് അത് ബോധ്യമായി. അവര്‍ അത് അംഗീകരിച്ചു.

    പുതിയ സമീപനം നടപ്പാക്കിയപ്പോള്‍ അത് വലിയ വിജയമായി അവര്‍ക്കനുഭവപ്പെട്ടു. എന്നാല്‍ ജന്മിമാര്‍ക്ക് ശക്തമായ തിരിച്ചടിതന്നെ കര്‍ഷകര്‍ നല്‍കുകയുണ്ടായി.

    അത് എപ്പോള്‍, എന്തുകൊണ്ട്, എങ്ങനെ എന്നൊക്കെ വിഷ്ണുഭാരതീയന്‍ വിശദമായിത്തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. അത് താഴെ ചേര്‍ക്കുന്നു:

    "പിന്നീടു കുറുമാത്തൂര്‍ നമ്പൂതിരിപ്പാട്, നരിക്കോട്ടു നമ്പൂതിരിപ്പാട്, കല്ല്യാട്ട്, കരയ്ക്കാട്ടിടം, കൂടാളി, ചിറയ്ക്കല്‍ രാജാവ് മുതലായവരെ കുടിയാന്‍ പ്രതിനിധികളോടുകൂടി സമീപിക്കുകയും കള്ളപ്പറ, വാശി, നുരി, പൊളിച്ചെഴുത്ത്, മുക്കാല്‍, തിരുമുല്‍ക്കാഴ്ച, കളിപ്പണം, ആനപ്പണം എന്നീ കാര്യങ്ങളെപ്പറ്റി ചര്‍ച്ച നടത്തുകയും ഇതിലെല്ലാം കാലോചിതമായ മാറ്റം വരുത്തുവാന്‍ ആവശ്യപ്പെടുകയും ചെയ്തു. പക്ഷേ അതെല്ലാം മൌനാനുവാദത്തോടുകൂടി തല്‍ക്കാലം സമ്മതിച്ചിരുന്നുവെങ്കിലും സ്വകാര്യമായി എതിര്‍ക്കുകതന്നെയാണ് ജന്മിമാര്‍ ചെയ്തത്. അതില്‍ കല്ല്യാട്ട്, കരയ്ക്കാട്ടിടം ഈരണ്ടു സംഘട്ടനം കൂടിനടന്നു. അവര്‍ നമ്മുടെ പ്രവര്‍ത്തകരുടെ പേരില്‍ കള്ളക്കേസുകള്‍ കൊടുത്തുകൊണ്ടേയിരുന്നു. സൌകര്യമുള്ളപ്പോഴെല്ലാം ദേഹോപദ്രവം ചെയ്യാന്‍ തുടങ്ങി.

    പക്ഷേ ആ അവസരം ഞങ്ങളങ്ങോട്ടും ചില പ്രതികാര നടപടികള്‍ സ്വീകരിച്ചു. അത് മഹാത്മജി സ്വീകരിച്ചതായ നിസ്സഹകരണ പ്രസ്ഥാനത്തിന്റെ മാതൃകയിലായിരുന്നു. വിറകുവെട്ടല്‍, മുറ്റംപണി, പന്തല്‍പണി മുതലായവക്ക് ആരും പോകാതെയായി. പാത്രം കഴുകുക, നെല്ലുകുത്തുക മുതലായ ജോലിയില്‍നിന്ന് കര്‍ഷകസ്ത്രീകള്‍ വിരമിച്ചു. മഞ്ചല്‍ ചുമക്കുവാനുംകൂടി ആളില്ല. മാത്രമല്ല ഈ ജന്മിമാരുടെ ഗൃഹങ്ങളില്‍ പ്രധാനപ്പെട്ട അടിയന്തിരങ്ങള്‍ക്ക് ഉണ്ണുവാന്‍പോലും പോകാതെയായി. പാട്ടം കൊടുക്കാതെയായി. ഇത്യാദി കാരണങ്ങളാല്‍ ജന്മിമാര്‍ക്ക് ശ്വാസംമുട്ടാന്‍ തുടങ്ങി. അങ്ങനെ ജന്മിഗൃഹങ്ങളിലെ സ്ത്രീകള്‍തന്നെ പാത്രം മോറുക, നെല്ലുകുത്തുക, മുറ്റമടിക്കുക എന്നീ ജോലികള്‍ ചെയ്യേണ്ടിവന്നു.''

    വാശി, നുരി

    പത്തറുപതുകൊല്ലംമുമ്പ് കൃഷിക്കാരന്‍ ഉല്‍പ്പാദിപ്പിക്കുന്ന വിളകള്‍ തട്ടിപ്പറിച്ചെടുക്കാനും കര്‍ഷകന്റെ ജീവിതം ദുരിതപൂര്‍ണമാക്കാനും ജന്മി ഒട്ടേറെ പേരുകളില്‍ പിരിവുകള്‍ നടത്തിയിരുന്നു. കള്ളപ്പറ സാര്‍വത്രികമായിരുന്നു. കൂടാതെ വാശി, നുരി, മുക്കാല്‍, വെച്ചുകാണല്‍ കാഴ്ച, പൊലി, ശീലക്കാശ് തുടങ്ങി പലതും. ഇതൊക്കെ പാട്ടത്തിനു പുറമെയാണ്.

    വാശി, മുക്കാല്‍ തുടങ്ങിയ പദങ്ങള്‍ നിഘണ്ടുവില്‍ കാണാം. എന്നാല്‍ കാര്‍ഷികബന്ധത്തില്‍ ആ പദത്തിനു അര്‍ഥം വേറെ. ജന്മിക്കു പാട്ടം അളക്കുമ്പോള്‍ പത്തുപറക്ക് ഉണക്കുവാശിയായി മൂന്നുപറ കൂടി കൊടുക്കണം. ഒരു പറ അളന്നാല്‍ ഒരു പിടിനെല്ലും പത്തുപറ അളക്കുമ്പോള്‍ രണ്ടു കുമ്പിള്‍ നെല്ലും കൂനവെക്കും. ഇത് കണക്ക് തെറ്റാതിരിക്കാനാണ് എന്നാണ് പറച്ചില്‍. ഇത് ജന്മിക്കുള്ളതാണ്. ഇതാണ് നുരി.

    പാട്ടം അളന്നു കഴിഞ്ഞാല്‍ അളവുകാരനും കൊടുക്കണം, കുടിയാന്‍ നെല്ല്. അതാണ് മുക്കാല്‍. വിളഞ്ഞുകിടക്കുന്ന നെല്ല് കൊയ്യണമെങ്കില്‍ ജന്മിക്ക് കാഴ്ചവെക്കണം. അനുവാദം വാങ്ങണം.

    കാഴ്ച: കാല്‍കുറ്റി നെയ്യ്, ഒരുകെട്ടു വെറ്റില, പത്തടക്ക, ഒന്നേകാല്‍ മുതല്‍ അഞ്ചുവരെ പണം.

    1938ല്‍ ചിറയ്ക്കല്‍ താലൂക്ക് കര്‍ഷകസംഘം പാസാക്കിയ പ്രമേയം നോക്കുക:

    "കൃത്യമായി വാരപാട്ടപൊറപ്പാടിനു പുറമെ വാശി, നുരി, മുക്കാല്‍, വെച്ചുകാണാല്‍, കാഴ്ച, പൊലി, ശീലക്കാശ് എന്നിവ വകവെച്ചുകൊടുക്കുവാന്‍ കൃഷിക്കാര്‍ക്ക് നിവൃത്തിയില്ലെന്നുള്ള അനേകം പ്രാദേശിക കര്‍ഷക സമ്മേളനങ്ങളുടെയും താലൂക്ക് സമ്മേളനങ്ങളുടെയും തീരുമാനത്തെ നടപ്പില്‍വരുത്തുവാന്‍ കൃഷിക്കാരും എല്ലാ പ്രാദേശിക സംഘങ്ങളും അടിയന്തരമായി പ്രക്ഷോഭം നടത്തണം.''

    (മാതൃഭൂമി, ആഗസ്ത് 19. 1938)

    പ്രമേയം പ്രായോഗികമാക്കി. അവയൊക്കെ ചരിത്രത്തില്‍ വിലയംപ്രാപിച്ചു.

ആണ്ടലാട്ട് ദേശാഭിമാനി വാരിക 121210

1 comment:

  1. അരനൂറ്റാണ്ടുമുമ്പുവരെ മലബാറില്‍ കര്‍ഷകനെതിരായി ജന്മിക്ക് എപ്പോഴും എന്തിനും ഉപയോഗിച്ചിരുന്ന വലിയൊരായുധമായിരുന്നു.

    കുടിയാന്റെ ഏതെങ്കിലും പ്രവൃത്തി തനിക്കിഷ്ടമല്ലെങ്കില്‍ അയാള്‍ക്കെതിരെ പ്രയോഗിക്കുന്നതാണ് "തോലുകെട്ടുക'' എന്ന നടപടി. ജന്മി മാത്രമല്ല ജന്മിയുടെ കാര്യസ്ഥനും ഇത് ചെയ്യും.

    അന്നത് എത്ര വലിയൊരായുധമായിരുന്നു എന്ന് ഇന്നുള്ളവരോടു പറഞ്ഞാല്‍ വിശ്വാസം വരില്ല. അന്നത്തെ അതിന്റെ ശക്തി നോക്കുക:

    ജന്മി ഒരു കുടിയാന്റെ കുടിലിന്റെ വാതിലിനു മുമ്പില്‍ ഒരു പച്ചിലതോപ്പ് ഒടിച്ചുവയ്ക്കുന്നുവെന്നു കരുതുക. അങ്ങനെ വച്ചുകഴിഞ്ഞാല്‍ ആ കുടിലിനുള്ളിലുള്ളവര്‍ക്ക് പുറത്തു കടക്കാനോ പുറത്തുള്ളവര്‍ക്ക് അകത്തു കടക്കാനോ പാടില്ല.

    ആ വിലക്ക് മാറ്റണമെങ്കിലോ ജന്മി പറയുന്ന പിഴ ഒടുക്കണം. അതിനുശേഷമേ പുറത്തിറങ്ങാനും അകത്തു കയറാനും കഴിയൂ.

    ReplyDelete