Wednesday, December 29, 2010

തൊട്ടതെല്ലാം പിഴച്ച് പ്രതിപക്ഷം

ഉപധനാഭ്യര്‍ഥന ചര്‍ച്ചയും വോട്ടെടുപ്പും ആയിരുന്നു കാര്യപരിപാടിയിലെ മുഖ്യയിനം. ചര്‍ച്ചയില്‍ കാര്‍ഗില്‍ ഫ്ളാറ്റ് തട്ടിപ്പും രണ്ട് ജി സ്പെക്ട്രം അഴിമതിയുമൊക്കെ ഭരണപക്ഷം എടുത്തിട്ടപ്പോള്‍ പ്രതിപക്ഷത്ത് ജാള്യതയായി. പഴകിയ ലോട്ടറി വിവാദത്തില്‍ത്തന്നെ അഭയം കണ്ടെത്താമെന്ന് കണക്കുകൂട്ടിയെങ്കിലും ചുവട് ഒന്നൊന്നായി പിഴച്ചു. ലോട്ടറി തട്ടിപ്പിനെക്കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി എഴുതിയ കത്ത് അടിയന്തരപ്രമേയത്തിനു വിഷയമാക്കിയത് ഒരു മുഴംമുമ്പേയായിരുന്നു. അത് ഏശിയില്ലെന്നു കണ്ടപ്പോള്‍ ഇറങ്ങിപ്പോക്കേ നിര്‍വാഹമുണ്ടായിരുന്നുള്ളൂ. ചര്‍ച്ചയ്ക്കൊടുവില്‍ ധനമന്ത്രിയെ ഉന്നമിട്ട് ആര്യാടന്‍ മുഹമ്മദ് അഴിമതി ആരോപണവുമായി രംഗത്തിറങ്ങിയെങ്കിലും അതും ചീറ്റി. മന്ത്രിയുടെ കുറിക്കുകൊള്ളുന്ന ചോദ്യങ്ങള്‍ കൂടിയായപ്പോള്‍ പിടിച്ചുനില്‍ക്കാനാകാതെ രണ്ടാമതും ഇറങ്ങിപ്പോയി.

മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ലോട്ടറി തട്ടിപ്പിനെക്കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെടാതിരുന്നത് എന്തുകൊണ്ടെന്നായിരുന്നു ഉമ്മന്‍ചാണ്ടിയോട് ധനമന്ത്രിയുടെ ചോദ്യം. 544 കേസ് പിന്‍വലിച്ച് ലോട്ടറി മാഫിയയെ സഹായിച്ചത് യുഡിഎഫ് സര്‍ക്കാരല്ലേ എന്നായിരുന്നു മന്ത്രിയുടെ അടുത്ത ചോദ്യം. കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരം ലോട്ടറിക്കാര്‍ക്കു വേണ്ടി കോടതിയില്‍ ഹാജരായിട്ടില്ലെന്ന പ്രതിപക്ഷനേതാവിന്റെ വാദവും മന്ത്രി ഖണ്ഡിച്ചു. നളിനി ഹാജരായ നാല് കേസിന്റെ നമ്പര്‍ സഹിതം ധനമന്ത്രി വിശദീകരിച്ചു. ഏതു പ്രതിക്കു വേണ്ടിയും വക്കീലിന് ഹാജരാകാമെന്ന വാദമുയര്‍ത്തി കെ എം മാണി രംഗത്തുവന്നെങ്കിലും ആ തുണ ഉമ്മന്‍ചാണ്ടി സ്വീകരിച്ചില്ല. സാന്റിയാഗോമാര്‍ട്ടിനു വേണ്ടി നളിനി ഹാജരായിട്ടില്ലെന്നാണ് താന്‍ പറഞ്ഞതെന്നായി ഉമ്മന്‍ചാണ്ടി. തോമസ് ഐസക്കും ഉമ്മന്‍ചാണ്ടിയും കൊമ്പുകോര്‍ത്തതോടെ ആര്യാടന്‍ മുഹമ്മദിന്റെ അഴിമതി ആരോപണം ഉണ്ടയില്ലാ വെടിയായി. ധനമന്ത്രി 80,000 കോടിയുടെ അഴിമതി നടത്തിയെന്നായിരുന്നു ആര്യാടന്‍ സ്പീക്കര്‍ക്ക് എഴുതിനല്‍കി ഉന്നയിച്ചത്. അത് ചെവിക്കൊള്ളാന്‍ പ്രതിപക്ഷനേതാവ് പോലും തയ്യാറായില്ലെന്ന് തുടര്‍ന്ന് അരങ്ങേറിയ വാഗ്വാദം തെളിയിച്ചു. ചോദിച്ചതിന് മന്ത്രി മറുപടി പറഞ്ഞില്ലെന്നു കുറ്റപ്പെടുത്തി പ്രതിപക്ഷനേതാവും കൂട്ടരും ഇറങ്ങിപ്പോയി. ആര്യാടന്റെ ആരോപണത്തെ നടുത്തളത്തില്‍ തള്ളിയായിരുന്നു അത്.

ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റമെന്ന മട്ടിലാണ് സര്‍ക്കാരിനോട് ചില മാധ്യമങ്ങള്‍ നിലപാടെടുത്തിരിക്കുന്നതെന്ന് ഉപധനാഭ്യര്‍ഥന ചര്‍ച്ചയില്‍ എം പ്രകാശന്‍ ചൂണ്ടിക്കാട്ടി. സുനാമി ഫണ്ടില്‍ 8.2 ശതമാനം ചെലവഴിച്ചില്ലെന്നായിരുന്നു കെ എം മാണിയുടെ പരാതി. 91 ശതമാനം ചെലവഴിച്ചതായി സമ്മതിച്ചതില്‍ മന്ത്രി ജി സുധാകരന്‍ സന്തുഷ്ടനായി. യുഡിഎഫ് ഭരിച്ചപ്പോള്‍ റേഷന്‍ കടയില്‍ എലി പ്രസവിച്ചത് കെ രാജുവിന് ഓര്‍മയുണ്ട്. ഭരണനൈപുണ്യത്തിന് തെളിവായി ഒന്നുമില്ലെന്നു പരാതിപ്പെട്ട കുട്ടി അഹമ്മദുകുട്ടിയെ നേരിട്ട അയിഷാപോറ്റി തന്റെ മണ്ഡലത്തില്‍ വന്നാല്‍ നിരവധി ഉദാഹരണം കാട്ടാമെന്ന് വെല്ലുവിളിച്ചു. അലിഗഢ് സര്‍വകലാശാലാ ക്യാമ്പസിന് സ്ഥലം അനുവദിച്ചതിലുള്ള സന്തോഷവും കുട്ടി മറച്ചുവച്ചില്ല. ബിഹാറില്‍ കോണ്‍ഗ്രസിന്റെ ഒമ്പതു സീറ്റ് നാലായി കുറഞ്ഞ അഭ്യാസമായിരിക്കും ഇവിടെയുമെന്ന് എ എ അസീസ് മുന്നറിയിപ്പു നല്‍കി. കേന്ദ്രസര്‍ക്കാരിന്റെ അഴിമതികളായിരുന്നു എം ചന്ദ്രന്‍ കരുതിവച്ചത്. ലോട്ടറിക്കാരുടെ കേസ് നടത്തുന്നത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെയാണെന്ന് കെ കെ ജയചന്ദ്രന്‍. ഭരണനിപുണതയ്ക്ക് തെളിവില്ലെന്നും അലിഗഢ് ക്യാമ്പസിന് ഭൂമി നല്‍കിയെന്നും കുട്ടി അഹമ്മദുകുട്ടി ഒരേ ശ്വാസത്തിലാണ് പറഞ്ഞതെന്ന് പി ടി എ റഹിം നിരീക്ഷിച്ചു. എ സി മൊയ്തീന്‍, കെ എസ് സലീഖ, കെ കുഞ്ഞിരാമന്‍, കെ കെ ഷാജു, പി സി വിഷ്ണുനാഥ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
(കെ ശ്രീകണ്ഠന്‍)

1 comment:

  1. ഉപധനാഭ്യര്‍ഥന ചര്‍ച്ചയും വോട്ടെടുപ്പും ആയിരുന്നു കാര്യപരിപാടിയിലെ മുഖ്യയിനം. ചര്‍ച്ചയില്‍ കാര്‍ഗില്‍ ഫ്ളാറ്റ് തട്ടിപ്പും രണ്ട് ജി സ്പെക്ട്രം അഴിമതിയുമൊക്കെ ഭരണപക്ഷം എടുത്തിട്ടപ്പോള്‍ പ്രതിപക്ഷത്ത് ജാള്യതയായി. പഴകിയ ലോട്ടറി വിവാദത്തില്‍ത്തന്നെ അഭയം കണ്ടെത്താമെന്ന് കണക്കുകൂട്ടിയെങ്കിലും ചുവട് ഒന്നൊന്നായി പിഴച്ചു. ലോട്ടറി തട്ടിപ്പിനെക്കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി എഴുതിയ കത്ത് അടിയന്തരപ്രമേയത്തിനു വിഷയമാക്കിയത് ഒരു മുഴംമുമ്പേയായിരുന്നു. അത് ഏശിയില്ലെന്നു കണ്ടപ്പോള്‍ ഇറങ്ങിപ്പോക്കേ നിര്‍വാഹമുണ്ടായിരുന്നുള്ളൂ. ചര്‍ച്ചയ്ക്കൊടുവില്‍ ധനമന്ത്രിയെ ഉന്നമിട്ട് ആര്യാടന്‍ മുഹമ്മദ് അഴിമതി ആരോപണവുമായി രംഗത്തിറങ്ങിയെങ്കിലും അതും ചീറ്റി. മന്ത്രിയുടെ കുറിക്കുകൊള്ളുന്ന ചോദ്യങ്ങള്‍ കൂടിയായപ്പോള്‍ പിടിച്ചുനില്‍ക്കാനാകാതെ രണ്ടാമതും ഇറങ്ങിപ്പോയി.

    ReplyDelete