Monday, December 27, 2010

എങ്ങനെ ജീവിക്കും?

വിലക്കയറ്റം എല്ലാ വേലിയും തകര്‍ത്ത് മുന്നോട്ട് കുതിക്കുകയാണ്. പ്രധാനമന്ത്രി കൃഷിമന്ത്രിയെ വിളിച്ചുവരുത്തി വിലകുറയ്ക്കണമെന്ന് ആവശ്യപ്പെട്ടാല്‍ ശമിക്കുന്നതല്ല വിലക്കയറ്റം. സവാള എന്ന ഒരൊറ്റ ഇനത്തിന്റെ വില പരിശോധിച്ചാലറിയാം ഇന്ത്യക്കാര്‍ അനുഭവിക്കുന്ന വിലക്കയറ്റത്തിന്റെ തീവ്രത. വിപണിയില്‍ സവാളയ്ക്ക് തീവില തുടരുകയാണ്. ഇറക്കുമതിത്തീരുവ പൂര്‍ണമായും ഒഴിവാക്കിയെങ്കിലും വിലയില്‍ കാര്യമായ വ്യത്യാസം വന്നിട്ടില്ല. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ഒരു കിലോ സവാളയ്ക്ക് 100 രൂപ വരെയെത്തിയിരുന്നു. വിലക്കയറ്റം മൂന്നുമാസംവരെ തുടരുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്.

കാലം തെറ്റി പെയ്ത മഴയെത്തുടര്‍ന്ന് കൃഷി നശിച്ചതാണ് വില വര്‍ധിക്കാന്‍ ഇടയായത്. രാജ്യത്തെ സവാളയുടെ 20 ശതമാനവും ഉല്‍പ്പാദിപ്പിക്കുന്നത് മഹാരാഷ്ട്രയിലും ഗുജറാത്തിലുമാണ്. ഉത്തര്‍പ്രദേശ്, കര്‍ണാടകം, ഒറീസ എന്നിവിടങ്ങളിലും കാര്യമായ ഉല്‍പ്പാദനമുണ്ട്. എന്നാല്‍, നവംബറില്‍ പെയ്ത മഴ ഉല്‍പ്പാദനത്തെ പ്രതികൂലമായി ബാധിച്ചു. സവാളയുടെ ദൌര്‍ലഭ്യം മുതലെടുക്കാന്‍ പൂഴ്ത്തിവയ്പ്പുകാരും കരിഞ്ചന്തക്കാരും ശ്രമിച്ചതോടെ വില ക്രമാതീതമായി വര്‍ധിച്ചു.

വില കുറയ്ക്കാന്‍ കാര്യമായ നടപടികളൊന്നും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇതുവരെയുണ്ടായില്ല. സംസ്ഥാന സര്‍ക്കാരുകളാണ് വില കുറയ്ക്കാന്‍ നടപടിയെടുക്കേണ്ടതെന്നുപറഞ്ഞ് കൈകഴുകുകയാണ് രണ്ടാം യുപിഎ സര്‍ക്കാര്‍. സവാള നേരിട്ട് ഇറക്കുമതിചെയ്യാന്‍ ഒരു നടപടിയും ഉണ്ടായിട്ടില്ല. സവാള ഉല്‍പ്പാദിപ്പിക്കുന്നതില്‍ മുന്നിലുള്ള ചൈന, തുര്‍ക്കി, അമേരിക്ക, റഷ്യ എന്നീ രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി നടത്താനുള്ള നടപടിയൊന്നും ആയിട്ടില്ല. സര്‍ക്കാര്‍തലത്തില്‍ ഇതേക്കുറിച്ച് ചര്‍ച്ചപോലും നടക്കുന്നില്ല. ഇപ്പോള്‍ പാകിസ്ഥാനില്‍നിന്ന് സവാള ഇറക്കുമതി ചെയ്യുന്നത് സ്വകാര്യ കമ്പനികളാണ്. വന്‍ ലാഭം നേടുന്നതിനാണ് ഈ ഇറക്കുമതി. സര്‍ക്കാര്‍തലത്തില്‍ നേരിട്ട് ഇറക്കുമതി ചെയ്തില്ലെങ്കില്‍ വില വീണ്ടും ഉയരാനാണ് സാധ്യത. മൊത്ത വിലയില്‍ നേരിയ കുറവുണ്ടായിട്ടുണ്ടെങ്കിലും ഇത് ചില്ലറവിപണിയില്‍ പ്രതിഫലിച്ചിട്ടില്ല.

ഇന്ത്യന്‍ ഭക്ഷ്യവിഭവങ്ങളില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഘടകമാണ് സവാള. പ്രത്യേകിച്ചും ഉത്തരേന്ത്യക്കാര്‍ക്ക്. സവാളയുടെ വിലക്കയറ്റം ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഭാഗധേയംതന്നെ പലതവണ മാറ്റിമറിച്ചിട്ടുണ്ട്. 1980ലെ പൊതുതെരഞ്ഞെടുപ്പില്‍ ചരസിങ് സര്‍ക്കാരിനെതിരെ ഇന്ദിരാഗാന്ധിയുടെ പ്രധാന പ്രചാരണായുധം സവാള വിലക്കയറ്റമായിരുന്നു. സവാളയുടെ പ്രഭാവം കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കുകയും ചെയ്തു. 1998ല്‍ ഡല്‍ഹി, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ ബിജെപിക്ക് അധികാരം നഷ്ടപ്പെടാനിടയാക്കിയത് സവാളയുടെ വിലക്കയറ്റമാണ്. കനത്ത മഴയെ തുടര്‍ന്ന് വിള നശിച്ചപ്പോള്‍ 1998 നവംബറില്‍ സവാളവില കിലോയ്ക്ക് 60 രൂപവരെ ഉയര്‍ന്നിരുന്നു. ഈ വിലക്കയറ്റം കോണ്‍ഗ്രസ് പ്രചാരണായുധമാക്കുകയും സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ ബിജെപിയെ തറപറ്റിക്കുകയും ചെയ്തു.

ഏഷ്യയിലെ ഏറ്റവും വലിയ പഴം-പച്ചക്കറി കമ്പോളമായ ആസാദ്പുരില്‍ സവാളയ്ക്ക് ഇപ്പോഴത്തെ വില ക്വിന്റലിന് 3550 രൂപയാണ്. ഇത് ഒരുഘട്ടത്തില്‍ 5000 രൂപവരെ ഉയര്‍ന്നു. ദക്ഷിണേന്ത്യയിലും സവാളവില ഉയര്‍ന്നുതന്നെ നില്‍ക്കുകയാണ്. ഇറക്കുമതിത്തീരുവ കുറച്ചത് ദക്ഷിണേന്ത്യയില്‍ ഒരു ചലനവും സൃഷ്ടിച്ചിട്ടില്ല. സവാളയ്ക്ക് മാത്രമല്ല മറ്റ് പച്ചക്കറികള്‍ക്കും വന്‍വിലയാണ്. എണ്ണവില വര്‍ധിച്ചത് പച്ചക്കറിമേഖലയിലാണ് കൂടുതല്‍ പ്രകടമായത്. ഡല്‍ഹിയില്‍ ഒരുകിലോ തക്കാളിക്ക് 60 രൂപയുണ്ട്. വെളുത്തുള്ളിവിലയാകട്ടെ കിലോയ്ക്ക് 320 രൂപവരെയെത്തി. പാകിസ്ഥാനിലേക്ക് വന്‍തോതില്‍ കള്ളക്കടത്തായി തക്കാളിയും ഉള്ളിയും ഉള്‍പ്പെടെയുള്ളവ കടത്തുന്നതും വില വര്‍ധിക്കുന്നതിന് കാരണമായിട്ടുണ്ട്. വാഗാ അതിര്‍ത്തിയിലൂടെയാണ് കള്ളക്കടത്ത് വ്യാപകമായി നടക്കുന്നത്. ഇത് തടയുന്നതിന് ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.

കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളാണ് ഇപ്പോഴുണ്ടായ രൂക്ഷമായ വിലക്കയറ്റത്തിന് കാരണമെന്നത് നിസ്തര്‍ക്കമാണ്. ഭക്ഷ്യസുരക്ഷയോ പൊതുവിതരണമോ സര്‍ക്കാരിന്റെ ഉത്തരവാദിത്തമായി യുപിഎ നേതൃത്വം കാണുന്നില്ല. ഈ ഉത്തരവാദിത്തരാഹിത്യം സ്വകാര്യകുത്തകകള്‍ക്ക് പൂഴ്ത്തിവയ്ക്കാനും കരിഞ്ചന്തയില്‍ വില്‍ക്കാനും അവസരം നല്‍കുന്നു. അത് അവര്‍ പൂര്‍ണമായും ഉപയോഗിക്കുകയും കൃത്രിമ വിലക്കയറ്റം സൃഷ്ടിച്ച് ജനങ്ങളുടെ ജീവിതം ദുരിതമയമാക്കുകയും ചെയ്യുന്നു. സ്വകാര്യവല്‍ക്കരണത്തിന്റെ ഭാഗമായി കമ്പോളത്തില്‍ ഇടപെടുന്നത് സര്‍ക്കാര്‍ നിര്‍ത്തിയതും വിലക്കയറ്റം രൂക്ഷമാക്കാന്‍ ഇടയാക്കിയിട്ടുണ്ട്.

വിലക്കയറ്റം ഉള്‍പ്പെടെ സാധാരണക്കാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്കുനേരെ കേന്ദ്രസര്‍ക്കാര്‍ മുഖംതിരിച്ചുനില്‍ക്കുമ്പോള്‍ കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ വില കുറയ്ക്കുന്നതിനാവശ്യമായ എല്ലാ നടപടിയും എടുക്കുന്നുണ്ട്. വിലക്കയറ്റത്തിന്റെ രൂക്ഷത കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ 250 കോടി രൂപയുടെ നിത്യോപയോഗസാധനങ്ങളാണ് സപ്ളൈകോയിലൂടെയും കസ്യൂമര്‍ഫെഡിലൂടെയും വിപണിയിലെത്തിക്കുന്നത്. പൊതുകമ്പോളത്തേക്കാള്‍ 10 മുതല്‍ 65 ശതമാനംവരെ വില കുറച്ചാണ് സപ്ളൈകോയും കണ്‍സ്യൂമര്‍ഫെഡും സാധനങ്ങള്‍ വില്‍ക്കുന്നത്. നിലവിലുള്ള 1370 വിപണനകേന്ദ്രങ്ങള്‍ക്ക് പുറമേ താലൂക്ക് തലത്തില്‍ 56 പ്രത്യേക ബസാറുകളും തുറന്ന് വിലക്കയറ്റം നിയന്ത്രിക്കാനുള്ള തീവ്രശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്ക് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് രൂക്ഷമായ വിലക്കയറ്റം. ലക്ഷക്കണക്കിന് ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ ഗോഡൌണില്‍ കെട്ടിക്കിടന്ന് നശിച്ചിട്ടും അത് പാവപ്പെട്ടവര്‍ക്ക് നല്‍കാന്‍ വിസമ്മതിച്ച സര്‍ക്കാരില്‍നിന്ന് അതല്ലേ പ്രതീക്ഷിക്കേണ്ടൂ.

ദേശാഭിമാനി മുഖപ്രസംഗം 271210

1 comment:

  1. വില കുറയ്ക്കാന്‍ കാര്യമായ നടപടികളൊന്നും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇതുവരെയുണ്ടായില്ല. സംസ്ഥാന സര്‍ക്കാരുകളാണ് വില കുറയ്ക്കാന്‍ നടപടിയെടുക്കേണ്ടതെന്നുപറഞ്ഞ് കൈകഴുകുകയാണ് രണ്ടാം യുപിഎ സര്‍ക്കാര്‍. സവാള നേരിട്ട് ഇറക്കുമതിചെയ്യാന്‍ ഒരു നടപടിയും ഉണ്ടായിട്ടില്ല. സവാള ഉല്‍പ്പാദിപ്പിക്കുന്നതില്‍ മുന്നിലുള്ള ചൈന, തുര്‍ക്കി, അമേരിക്ക, റഷ്യ എന്നീ രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി നടത്താനുള്ള നടപടിയൊന്നും ആയിട്ടില്ല. സര്‍ക്കാര്‍തലത്തില്‍ ഇതേക്കുറിച്ച് ചര്‍ച്ചപോലും നടക്കുന്നില്ല. ഇപ്പോള്‍ പാകിസ്ഥാനില്‍നിന്ന് സവാള ഇറക്കുമതി ചെയ്യുന്നത് സ്വകാര്യ കമ്പനികളാണ്. വന്‍ ലാഭം നേടുന്നതിനാണ് ഈ ഇറക്കുമതി. സര്‍ക്കാര്‍തലത്തില്‍ നേരിട്ട് ഇറക്കുമതി ചെയ്തില്ലെങ്കില്‍ വില വീണ്ടും ഉയരാനാണ് സാധ്യത. മൊത്ത വിലയില്‍ നേരിയ കുറവുണ്ടായിട്ടുണ്ടെങ്കിലും ഇത് ചില്ലറവിപണിയില്‍ പ്രതിഫലിച്ചിട്ടില്ല.

    ReplyDelete