Friday, December 24, 2010

ജാത്യാചാരങ്ങള്‍ക്ക് വിരോധം

കോരപ്പുഴ കടന്നാല്‍ ജാത്യാചാരങ്ങള്‍ക്ക് ലംഘനം. ശിക്ഷ ഉറപ്പ് -ഭ്രഷ്ട്.

    കോങ്കോത്ത് പുത്തന്‍മഠത്തില്‍ രാവുണ്ണിമേനോന്‍ 1074-ാമാണ്ട് "ജാത്യാചാരങ്ങള്‍ക്ക് വിരോധം നേരിടാതിരിക്കുവാന്‍ തരമില്ലാത്തവിധത്തില്‍'' വിദ്യാഭ്യാസത്തിനുവേണ്ടി ഇംഗ്ളണ്ടില്‍പോയി അധികകാലം താമസിച്ചു. ഖ്യാതിനേടി തിരികെ വന്നപ്പോള്‍ ക്ഷേത്രവിരോധം ചെയ്തു. ജാതി ഭ്രഷ്ടനാക്കി.

    കൊച്ചിരാജാവുതന്നെയാണിത് ചെയ്തത്. അതിന് അന്നത്തെ ദിവാന്‍ജിക്ക് അദ്ദേഹം കത്തെഴുതി.

    കത്തു നോക്കുക:

    എന്തെന്നാല്‍ കൊങ്കോത്ത് പുത്തന്‍മഠത്തില്‍ രാവുണ്ണിമേനോന്‍ എന്നാള്‍ ജാത്യാചാരങ്ങള്‍ക്ക് വളരെ ലംഘനം സംഭവിക്കാതിരിപ്പാന്‍ നിര്‍വാഹമുണ്ടെന്നു തോന്നുവാന്‍ മാര്‍ഗം കുറവാകുംവിധത്തില്‍ ബഹുകാലം ഇംഗ്ളണ്ടില്‍പോയി താമസിക്കയാല്‍ ജാതിഭ്രംശംകൂടി സംശയിക്കേണ്ടവനായിത്തീരുകയും അയാള്‍ ഇയ്യിടയില്‍ വടക്കേ കുറുപ്പത്തു നാലുകെട്ട് എന്ന വീട്ടില്‍ സംബന്ധം തുടങ്ങുകയും ചെയ്തിരിക്കുന്നതിനാല്‍ തന്നിമിത്തമുള്ള ദോഷം ഈ രണ്ടു വീട്ടുകാര്‍ക്കും പൊതുവില്‍ സംഭവിക്കുന്നതും ആ ദോഷം ഇനിയും അധികം വ്യാപിക്കാതിരിക്കുന്നതിനുവേണ്ട യത്നം ഉടനെ ചെയ്യുന്നതാവശ്യമാണെന്ന് ഇവിടെ തോന്നിയിരിക്കുന്നതും ആകയാല്‍ ഈ കാര്യത്തില്‍ വേണ്ടവരുമായി ആലോചിച്ചു തീര്‍ച്ചയാക്കി വിവരത്തിന് എഴുതി അയക്കുന്നതുവരെ കീഴ്നടപ്പനുസരിച്ചു മേല്‍പ്പറഞ്ഞ രാവുണ്ണിമേന്നും അയാള്‍ സംബന്ധം തുടങ്ങിയിരിക്കുന്ന സ്ത്രീയും ക്ഷേത്രത്തില്‍ കടക്കാതെയും കുളം കിണര്‍ തൊടാതെയും കെങ്കോത്ത് പുത്തന്‍മഠം നാലുകെട്ട് ഈ രണ്ടു വീട്ടുകാരും ക്ഷേത്രത്തില്‍ കടക്കാതെയും ഇരിക്കുന്നതിനു നിദാനംവരുത്തി വിവരത്തിനു എഴുതി അയപ്പാന്‍ കല്‍പനയായിരിക്കകൊണ്ടു വിവരം അറിവാനായി എഴുതിയിരിക്കുന്നു.''

    ഇതിനോടൊപ്പം ദിവാന്‍ജിക്ക് ഇംഗ്ളീഷില്‍ ഒരു മെമ്മോറാണ്ടവും അയച്ചിരുന്നു. അതില്‍ ഇങ്ങനൊരു താല്‍ക്കാലിക കല്‍പന കൊടുക്കേണ്ടത് ആവശ്യമാണെന്നു പറഞ്ഞിരുന്നു. ഈ കാര്യത്തില്‍ ആധികാരികമായി അഭിപ്രായം പറയാന്‍ കഴിവുള്ളവരുമായി ആലോചിക്കുന്നുണ്ട് എന്നും അതില്‍ പറഞ്ഞിരുന്നു.

    അങ്ങനെ പ്രാപ്തരായവര്‍ അഭിപ്രായം പറഞ്ഞാലും രാജാവിനുതന്നെയാണ് പരമാധികാരം എന്ന് ചരിത്രകാരന്‍ പറയുന്നു.

    കെ പി പത്മനാഭമേനോന്‍ എന്ന ചരിത്രകാരന്‍ മറ്റൊന്നുകൂടി പറയുന്നുണ്ട്.

    നിയമത്തില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്തുവാന്‍ കാലംവൈകിയിരിക്കുന്നു; ഇംഗ്ളണ്ട്, അമേരിക്ക, ജര്‍മനി, ജപ്പാന്‍ മുതലായ രാജ്യങ്ങളില്‍ വിദ്യാഭ്യാസത്തിനും മറ്റുമായി പോകേണ്ടത് അത്യാവശ്യമായിത്തീര്‍ന്നിരിക്കുന്നു; നായര്‍ സമുദായത്തിന്റെ അഭിവൃദ്ധിക്കും ഐശ്വര്യത്തിനും അത് ആവശ്യവുമാണ്.

    പത്മനാഭമേനോന്റെ ഈ ദീര്‍ഘവീക്ഷണം ശരിയായിരുന്നു എന്നു കാണിക്കുന്ന ഒരു ഉദാഹരണവും അദ്ദേഹം കൊച്ചിരാജ്യ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

    ബിലാത്തിയില്‍പോയി താമസിച്ചു പഠിച്ചു തിരിച്ച ആള്‍ക്കാണാ യോഗം കിട്ടിയത്- കെങ്കോത്തു പുത്തന്‍പുരയില്‍ രാവുണ്ണിമേനോന്റെ തിരിച്ചുവരവിനുശേഷം 14 വര്‍ഷം കഴിഞ്ഞ് 1088-ല്‍. പൂതാമ്പിള്ളി നീലകണ്ഠമേനോനാണാ വ്യക്തി. അദ്ദേഹത്തെക്കൊണ്ടു പ്രായശ്ചിത്തം ചെയ്യിച്ച് ശുദ്ധംവരുത്തി ജാതിയില്‍ ചേര്‍ത്തു.

    ഇതെങ്ങനെയാണു സംഭവിച്ചത്?

    "1899-ല്‍ ശീമയാത്രയെപ്പറ്റി ഒരു തീരുമാനമുണ്ടാക്കുവാന്‍ ഭാഷ്യമയ്യങ്കാര്‍, വൈദികന്മാര്‍, ആഢ്യന്മാര്‍ മുതലായ പല യോഗ്യന്മാരെയും വരുത്തി തൃശ്ശിവപേരൂര്‍വെച്ചു ഒരു സഭകൂടിയ സമയം ചെയ്ത നിശ്ചയമായിരിക്കാം.''

    'രാമ'വിലക്ക്

    പഴയ കൊച്ചിയില്‍ നടപ്പാക്കിയിരുന്ന ജപ്തി സമ്പ്രദായം പില്‍ക്കാലത്ത് കേരളത്തിലെ ജന്മികള്‍ പകര്‍ത്തിയതാവാം തോല്‍കെട്ടല്‍.

    കൊച്ചിയിലെ സമ്പ്രദായം: ജപ്തി ചെയ്യേണ്ട സാധനത്തില്‍ ഒരു കശുമാവിന്റെയോ മറ്റു വൃക്ഷത്തിന്റെയോ കുറെ ഇലകള്‍ കെട്ടിയിടുന്നു. ഭൂമിയാണ് ജപ്തി ചെയ്യുന്നതെങ്കില്‍ ആ ഭൂമിയുടെ ഒരു ഭാഗത്ത് ഒരു കോലിന്മേല്‍ ഇലകള്‍ കെട്ടി കുത്തിനിര്‍ത്തും.

    അതോടൊപ്പം ജപ്തി ചെയ്യുന്നവന്‍ വിളിച്ചു പറയും:

    "ഇത് തമ്പുരാന്റെ ജപ്തി അല്ലെങ്കില്‍  'രാമ'വിലക്ക് ആണ്.''

    അതിനുശേഷം അതു മാറ്റിക്കളയാനോ ആ ഭൂമിയില്‍ പ്രവേശിച്ചു ഫലങ്ങള്‍ എടുക്കുവാനോ ഒരാള്‍ക്കും കഴിയില്ല. അങ്ങനെ ചെയ്യുന്നത് രാജദ്രോഹമായിട്ടാണ് കണക്കാക്കിയിരുന്നത്.

    ഡച്ച് ഈസ്റ്റിന്ത്യാ കമ്പനിയും ഈ അധികാരം പ്രയോഗിച്ചിരുന്നു. അവര്‍ അവരുടെ കൊടി ജപ്തി സ്ഥലത്ത് നാട്ടും. എന്നാല്‍ കുമുദവരുടെ കല്പന കൂടാതെ അതു ചെയ്യാന്‍ പാടില്ലായിരുന്നു. കമ്പനിയുടെ അധീനതയിലുള്ള ഭൂമിയില്‍ നാട്ടുകാര്‍ ഇടുന്ന 'രാമ'നീക്കം ചെയ്യുവാന്‍ കുമുദവര്‍ക്ക് അധികാരമുണ്ട്. എന്നാല്‍ പുറദിക്കിലുള്ള റസിഡന്റുമാര്‍ മലയാളികളുടെ 'രാമ'യെ ആദരിക്കുകതന്നെ വേണം. അവര്‍ക്കും'രാമ'കെട്ടുവാന്‍ അധികാരമുണ്ട്.

    'രാമ'യുടെ ബലാബലം മനസ്സിലാക്കാന്‍ വിഷ്ഷര്‍ രേഖപ്പെടുത്തിയ സംഭവം നോക്കുക:

    പുറക്കാട്ടിലെ റസിഡന്റ് അവിടത്തെ പാണ്ടികശാല കേടുതീര്‍ക്കുന്നതിനുവേണ്ടി കൂലിക്കാരെക്കൊണ്ടു ഒരു കഴുക്കോല്‍ എടുപ്പിച്ചു വരികയായിരുന്നു. അവര്‍ പാണ്ടികശാലയുടെ അരികില്‍ എത്തിയപ്പോള്‍ ഒരു നായര്‍ വന്നു അതിന്മേല്‍ 'രാമ'കെട്ടി. ആ കഴുക്കോല്‍ ചുമന്നിരുന്ന കൂലിക്കാര്‍ അതവിടെ ഇട്ടിട്ടു ഓടിപ്പോയി.

    അതുകേട്ട് റസിഡന്റ് ഉടനെ സ്ഥലത്തെത്തി. അയാള്‍ കമ്പനിയുടെ 'രാമ' അവിടെ നാട്ടി. ഇതിന്റെ അര്‍ഥം മുന്‍ ജപ്തിക്കാരെതന്നെ തടങ്കല്‍ ചെയ്യുകയായിരുന്നു.

    ഒന്നാമത്തെ 'രാമ'യെ രാജാവിന്റെ കല്‍പനപ്രകാരം നീക്കുന്നതുവരെ അതു കെട്ടിയവന്‍ ഒരടിപോലും നീങ്ങാതെ ആ വെയിലത്തുതന്നെ നില്‍ക്കാന്‍ നിര്‍ബന്ധിതനായി.

    ഒന്നാമത്തെ 'രാമ'യെ മാറ്റിയപ്പോള്‍ റസിഡന്റ് അവരെ മോചിപ്പിച്ചു.

    ഒരു രാജാവ് ഒരു ബ്രാഹ്മണന് കടം കൊടുത്തുതീര്‍ക്കാനുണ്ടെങ്കില്‍ ആ ബ്രാഹ്മണന്‍ കടം തീര്‍ത്തുകിട്ടണമെന്നു മൂന്നു പ്രാവശ്യം പറയും. എന്നിട്ടും കൊടുത്തുതീര്‍ത്തില്ലെങ്കില്‍ ആ ബ്രാഹ്മണന്‍ ഒരു ക്ഷേത്രത്തിലെ 'രാമ'കൊണ്ടുവരും. അങ്ങനെ ചെയ്താല്‍ ആ സംഖ്യ തീര്‍ത്തു കൊടുത്തു 'രാമ'യെ നീക്കം ചെയ്യുന്നതുവരെ രാജാവിന് ഊണ്, ഉറക്കം, കുളി മുതലായവ ഒന്നും പാടില്ല!

    പ്രധാനപ്പെട്ട ക്ഷേത്രങ്ങള്‍ക്കും "വിലക്കധികാരം'' ഉണ്ടായിരുന്നു

ആണ്ടലാട്ട് ദേശാഭിമാനി വാരിക 191210

1 comment:

  1. പഴയ കൊച്ചിയില്‍ നടപ്പാക്കിയിരുന്ന ജപ്തി സമ്പ്രദായം പില്‍ക്കാലത്ത് കേരളത്തിലെ ജന്മികള്‍ പകര്‍ത്തിയതാവാം തോല്‍കെട്ടല്‍.

    കൊച്ചിയിലെ സമ്പ്രദായം: ജപ്തി ചെയ്യേണ്ട സാധനത്തില്‍ ഒരു കശുമാവിന്റെയോ മറ്റു വൃക്ഷത്തിന്റെയോ കുറെ ഇലകള്‍ കെട്ടിയിടുന്നു. ഭൂമിയാണ് ജപ്തി ചെയ്യുന്നതെങ്കില്‍ ആ ഭൂമിയുടെ ഒരു ഭാഗത്ത് ഒരു കോലിന്മേല്‍ ഇലകള്‍ കെട്ടി കുത്തിനിര്‍ത്തും.

    അതോടൊപ്പം ജപ്തി ചെയ്യുന്നവന്‍ വിളിച്ചു പറയും:

    "ഇത് തമ്പുരാന്റെ ജപ്തി അല്ലെങ്കില്‍ 'രാമ'വിലക്ക് ആണ്.''

    ReplyDelete