Thursday, December 23, 2010

വാദിച്ചുതോറ്റ പ്രതിപക്ഷം

'ഈ യൂണിവേഴ്‌സിറ്റി ആര്‍ക്കും എതിരല്ല. പശുവിന്റെയും ആടിന്റെയും മറ്റ് ജീവജാലങ്ങളുടേയും ഭാവിക്ക് വേണ്ടിയുള്ളതാണീ യൂണിവേഴ്‌സിറ്റി. ഇതിനെ എതിര്‍ക്കരുത്'' ഭക്ഷ്യമന്ത്രി സി ദിവാകരന്റെ ഈ അഭ്യര്‍ഥന വെറ്ററിനറി സര്‍വകലാശാല ബില്ലിന്റെ ചര്‍ച്ചയ്ക്ക് മറുപടി പറയുമ്പോഴാണ്. വെറ്ററിനറി സര്‍വകലാശാല എന്ന ആശയത്തെക്കുറിച്ച് പഠിക്കാന്‍ വിദഗ്ധ സമിതിയെ വച്ചത് യു ഡി എഫ് സര്‍ക്കാരാണെന്നറിയാത്തവരല്ല പ്രതിപക്ഷം.
പക്ഷേ യൂണിവേഴ്‌സിറ്റി യാഥാര്‍ഥ്യമാക്കിയത് എല്‍ ഡി എഫ് സര്‍ക്കാരാണെന്നതുകൊണ്ട് തന്നെ അതിനെ എതിര്‍ക്കാതിരിക്കാന്‍ പ്രതിപക്ഷത്തിനായില്ല, അവര്‍ ശക്തിയായി എതിര്‍ത്തു. കെ ബാബു, സി പി മുഹമ്മദ്, എ പി അനില്‍കുമാര്‍ എന്നിവരൊക്കെ ശക്തിയുക്തം സര്‍വകലാശാലയെ എതിര്‍ത്തു. മലയാളം യൂണിവേഴ്‌സിറ്റി എന്ന നിരന്തരമായ തന്റെ ആവശ്യം അംഗീകരിക്കാതെ വെറ്ററിനറി സര്‍വകശാല ആരംഭിക്കാന്‍ തീരുമാനിച്ചുവെന്നതാണ് സി പി മുഹമ്മദിന്റെ പ്രകോപനത്തിന് ഹേതു. തെങ്ങിന്റെ മണ്ടരിക്ക് മരുന്ന് കണ്ടുപിടിക്കാനാകാത്ത കാര്‍ഷിക സര്‍വകലാശാലയുടെ സ്ഥിതിയാണ് വെറ്ററിനറി സര്‍വകലാശാലയ്ക്കും എന്ന പ്രവചനവും അദ്ദേഹം നടത്തിക്കളഞ്ഞു.

വെറ്ററിനറി സര്‍വകലാശാല ബില്ലാണെങ്കിലും കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ ഒഴിവാക്കി പ്രസംഗിക്കാന്‍ എം പ്രകാശനായില്ല. ആദര്‍ശ് ഫ്‌ളാറ്റ്, ടു ജി സ്‌പെക്ട്രം, കോമണ്‍വെല്‍ത്ത് അഴിമതി-കണക്കുകള്‍ നിരത്തി അദ്ദേഹം കോണ്‍ഗ്രസിനെ കടന്നാക്രമിച്ചു. നാണക്കേടിന്റെ പേരാണ് കോണ്‍ഗ്രസ് എന്ന് അദ്ദേഹം ഉറപ്പിച്ച് പറഞ്ഞു.

പ്രതിപക്ഷം ഇത് കേട്ടതായി നടിച്ചില്ല. തുടര്‍ന്ന് പ്രസംഗിച്ച എ പി അനില്‍കുമാര്‍ അഴിമതിയെക്കുറിച്ച് അധികം പറയാന്‍ നിന്നില്ല. പഞ്ചായത്ത് തിരഞ്ഞെടുപ്പിനെക്കുറിച്ച് പറയാനാണ് അനില്‍കുമാര്‍ ശ്രമിച്ചത്. വെറ്ററിനറി സര്‍വകലാശാലയുടെ പ്രസക്തിയെക്കുറിച്ച് മന്ത്രി സി ദിവാകരന്‍ വാചാലനായി. യാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കി ബില്ലിനെ എതിര്‍ക്കരുതെന്ന് അദ്ദേഹം പ്രതിപക്ഷത്തോടഭ്യര്‍ഥിച്ചു. ജന്തു ജീവജാലങ്ങളുടെ ഭാവിയെക്കുറിച്ചുള്ള മന്ത്രിയുടെ ഉത്കണ്ഠ പക്ഷേ പ്രതിപക്ഷത്തിന് മനസ്സിലായില്ല. അവര്‍ സര്‍വകലാശാലയ്ക്ക് എതിരു തന്നെ. ബില്‍ സബ്ജറ്റ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടു.

സപ്ലൈകോ വില്‍ക്കുന്ന ഭക്ഷ്യ സാധനങ്ങളില്‍ മായം കലര്‍ത്തുന്നു എന്ന ആക്ഷേപമുന്നയിച്ച് രാവിലെ കെ എം മാണി അടിയന്തര പ്രമേയത്തിന് അനുമതി തേടി ഇക്കാര്യത്തില്‍ കൈക്കൊണ്ട നടപടികള്‍ മന്ത്രി സി ദിവാകരന്‍ വിശദീകരിച്ചു.

കര്‍ശനമായ നടപടികള്‍ തുടരുമെന്ന് മന്ത്രി പ്രസ്താവിച്ചെങ്കിലും മാണി തൃപ്തനായില്ല. സാധനങ്ങള്‍ വാങ്ങുന്നതില്‍ ക്രമക്കേടുണ്ടെന്നും മാണി വാദിച്ചു. യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് സപ്ലൈകോയില്‍ നടന്ന ക്രമക്കേടുകളെയും അതിന്‍മേല്‍ ഈ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും വിശദീകരിച്ച് മന്ത്രി സി ദിവാകരന്‍ പ്രതിപക്ഷത്തെ നേരിട്ടു.

മായം ചേര്‍ത്തു എന്ന് പറയുന്ന ഒരു ഭക്ഷ്യ വസ്തുവും കേരളത്തില്‍ ഒരിടത്തും വിതരണം ചെയ്തില്ലെന്ന് മന്ത്രി സ്ഥാപിച്ചു. തുടര്‍ന്ന് സംസാരിച്ച പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രി അഭിപ്രായം പറയണമെന്ന് വാശിപിടിച്ചു. കുറ്റക്കാരെ കര്‍ശനമായി കൈകാര്യം ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞെങ്കിലും പ്രതിപക്ഷം ഇറങ്ങിപ്പോക്ക് ഒഴിവാക്കിയില്ല.

അഭിഭാഷക ക്ഷേമനിധി ഭേദഗതി ബില്‍ സഭയില്‍ അവതരിപ്പിച്ചു. ബില്‍ സബ്ജക്ട് കമ്മിറ്റിക്ക് വിടാന്‍ സഭ തീരുമാനിച്ചു.

ഗ്യാലറിയില്‍നിന്ന്/കെ എസ് അരുണ്‍ ജനയുഗം 231210

1 comment:

  1. ഈ യൂണിവേഴ്‌സിറ്റി ആര്‍ക്കും എതിരല്ല. പശുവിന്റെയും ആടിന്റെയും മറ്റ് ജീവജാലങ്ങളുടേയും ഭാവിക്ക് വേണ്ടിയുള്ളതാണീ യൂണിവേഴ്‌സിറ്റി. ഇതിനെ എതിര്‍ക്കരുത്'' ഭക്ഷ്യമന്ത്രി സി ദിവാകരന്റെ ഈ അഭ്യര്‍ഥന വെറ്ററിനറി സര്‍വകലാശാല ബില്ലിന്റെ ചര്‍ച്ചയ്ക്ക് മറുപടി പറയുമ്പോഴാണ്.

    ReplyDelete